Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലയാളികൾക്ക് ലോട്ടറി; എയർ ഇന്ത്യക്ക് ബുക്കിങ് പെരുമഴ; കൊച്ചി - ഗാറ്റ്‌വിക്ക് സർവീസിനെ ഇരുകയ്യും നീട്ടി നെഞ്ചിൽ ചേർത്ത് യുകെ മലയാളികൾ; വേനൽക്കാല ടിക്കറ്റുകൾ ഇന്നലെ മുതൽ വിൽപന തുടങ്ങിയത് 700 പൗണ്ടിന് മുകളിൽ; ഏപ്രിൽ യാത്രയ്ക്ക് വെറും 560 പൗണ്ട്; എയർ ഇന്ത്യയുടെ വഴിയേ ഗൾഫ് എയർലൈനുകൾ പറന്നു തുടങ്ങുമോ?

മലയാളികൾക്ക് ലോട്ടറി; എയർ ഇന്ത്യക്ക് ബുക്കിങ് പെരുമഴ; കൊച്ചി - ഗാറ്റ്‌വിക്ക് സർവീസിനെ ഇരുകയ്യും നീട്ടി നെഞ്ചിൽ ചേർത്ത് യുകെ മലയാളികൾ; വേനൽക്കാല ടിക്കറ്റുകൾ ഇന്നലെ മുതൽ വിൽപന തുടങ്ങിയത് 700 പൗണ്ടിന് മുകളിൽ; ഏപ്രിൽ യാത്രയ്ക്ക് വെറും 560 പൗണ്ട്; എയർ ഇന്ത്യയുടെ വഴിയേ ഗൾഫ് എയർലൈനുകൾ പറന്നു തുടങ്ങുമോ?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: യുകെ മലയാളികൾക്ക് ലോട്ടറിയടിച്ച ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെയിൽ നിന്നും നാട്ടിൽ നേരിട്ടെത്താൻ സാധിക്കുമായിരുന്ന എയർ ഇന്ത്യ ലണ്ടൻ - കൊച്ചി വിമാനം തികച്ചും അപ്രതീക്ഷിതമായി നിർത്തലാക്കിയപ്പോൾ ഉയർന്ന ആശങ്ക ഇല്ലാതാക്കി വീണ്ടും വിമാനം ഗാറ്റ്‌വികിൽ നിന്നും പറക്കും എന്ന വാർത്ത എത്തിയതായിരുന്നു ലോട്ടറിയായി മാറിയത്.

നിരക്ക് കൂടുതലായിട്ടും സമയ ലാഭം നോക്കി എയർ ഇന്ത്യയെ നെഞ്ചോട് ചേർത്ത് യാത്ര ചെയ്തു തുടങ്ങിയ യുകെ മലയാളികൾക്ക് പുതിയ വിമാനം വരുന്നതോടെ നിരക്കിളവും ലഭ്യമാകും എന്ന സൂചനയാണ് ഇന്നലത്തെ ബുക്കിങ് ട്രെൻഡ് സൂചിപ്പിക്കുന്നത്. വിമാനം മടങ്ങി എത്തുന്നതായി വാർത്ത വന്നു അധികം സമയം കഴിയും മുൻപേ ഓൺലൈൻ ബുക്കിങ് പ്ലാറ്റുഫോമുകളിൽ ഈ വിമാനത്തിലേക്ക് ഉള്ള ടിക്കറ്റ് വിൽപനയും ആരംഭിച്ചു.

ടിക്കറ്റ് ബുക്കിങ്ങിനു കൂട്ടയിടി, ഡിമാൻഡ് കൂടിയതോടെ നിരക്കും ഉയർന്നു തുടങ്ങി

ഇതോടെ മലയാളികൾ അടക്കമുള്ള ഏജൻസികൾക്ക് തിരക്കോടു തിരക്കായി. മധ്യ വേനൽ അവധിക്കാല യാത്രക്ക് പ്ലാനുകൾ തയ്യാറാക്കിയിരുന്ന യുകെ മലയാളികൾ ഈ വിമാനത്തെക്കുറിച്ചുള്ള അന്തിമ അറിയിപ്പിനായി കാത്തിരിക്കുക ആയിരുന്നു എന്നാണ് ഇന്നലെ ബുക്കിങ്ങിനു ഉണ്ടായ തിരക്ക് നൽകുന്ന സൂചന. ബ്രിട്ടീഷ് മലയാളി അടക്കമുള്ള മാധ്യമങ്ങൾ രാവിലെ പത്തു മണിയോടെ തന്നെ ബ്രേക്കിങ് ന്യൂസ് നൽകിയതോടെ സോഷ്യൽ മീഡിയയിലും വിവരമെത്തി.

ഇതോടെ കൂട്ടത്തോടെ ഏപ്രിൽ മുതൽ ഉള്ള ബുക്കിങ് ആരംഭിക്കുക ആയിരുന്നു. വിമാനം വരുന്ന അറിയിപ്പ് ലഭിച്ചപ്പോൾ തന്നെ യുകെ മലയാളികൾ ആവേശത്തോടെ ടിക്കറ്റുകൾ വാരിക്കൂട്ടിയത് എയർ ഇന്ത്യ കൊമേഴ്ഷ്യൽ വിഭാഗത്തെയും സന്തോഷിപ്പിച്ചിരിക്കുകയാണ്. ഈ സന്തോഷം ഇന്നലെ എയർ ഇന്ത്യയെ ബന്ധപ്പെട്ട ഒന്നിലേറെ യുകെ മലയാളികളോട് ഉയർന്ന ഉദ്യോഗസ്ഥർ പങ്കിടുകയും ചെയ്തു.

ഇന്നലെ ബുക്കിങ് ആരംഭിച്ചപ്പോൾ ഏപ്രിൽ ആദ്യ ആഴച്ചക്കുള്ള ടിക്കറ്റിനു 560 പൗണ്ടിന് ടിക്കറ്റ് സ്വന്തമാക്കിയ ഭാഗ്യശാലികളും യുകെ മലയാളികൾക്കിടയിൽ ഉണ്ട്. എന്നാൽ സാവധാനം ഈ നിരക്കിന് പിന്നീട് വർധന സംഭവിച്ചിട്ടുണ്ട്. പക്ഷെ വേനൽ അവധി ആരംഭിക്കുന്ന ജൂലൈ ടിക്കറ്റുകൾ 700 പൗണ്ടിന് മുകളിൽ വിൽപന ആരംഭിച്ചെങ്കിലും പിന്നീട് അത് ക്രമേണ ഉയർന്നു 800 പൗണ്ടിന് മുകളിലെത്തി. എന്നാൽ സ്‌കൈ സ്‌കാനർ പോലെയുള്ള സൈറ്റുകളിൽ അൽപം വില കുറച്ചു ടിക്കറ്റുകൾ വന്നതോടെ മലയാളികൾ അടക്കമുള്ള ടിക്കറ്റ് വിൽപന ഏജൻസികൾക്ക് എതിരെ സോഷ്യൽ മീഡിയയിൽ അമിത നിരക്കെന്ന ആരോപണവും ഉയർന്നു. ഇതേതുടർന്ന് ഏജൻസികളെ ബ്രിട്ടീഷ് മലയാളി ബന്ധപ്പെട്ടപ്പോൾ അൽപം കൂടിയ നിരക്ക് ഈടാക്കാൻ ഉള്ള കാരണവും അവർ വെളിപ്പെടുത്തി.

ഓൺലൈൻ ടിക്കറ്റിൽ അൽപം നിരക്ക് കുറഞ്ഞാലും റിസ്‌ക് കൂടുതൽ തന്നെ

സാധാരണ ഓൺലൈൻ ടിക്കറ്റിൽ ലഭിക്കുന്ന ടിക്കറ്റുകളിൽ യാത്രക്കാർ തന്നെ അത്യാവശ്യ കാരണങ്ങളാൽ ക്യാൻസലേഷൻ നടത്തിയാൽ ടിക്കറ്റിൽ തിയതി മാറ്റം സംഭവിക്കുക സാധ്യമല്ല. എയർലൈനുകളുടേത് അല്ലാത്ത കാരണങ്ങളാൽ യാത്ര മുടങ്ങുന്ന സാഹചര്യത്തിലും ഇത്തരം ടിക്കറ്റുകൾ വഴി ഒന്നും ചെയ്യാനാകില്ല, മുടക്കിയ മുഴുവൻ പണവും നഷ്ടമാകും. പല സന്ദർഭങ്ങളിലും ടിക്കറ്റ് വിൽപന കഴിഞ്ഞാൽ ഓൺലൈൻ സൈറ്റുകളിൽ നിന്നും കസ്റ്റമർ കെയർ സേവനം ലഭ്യമാകില്ല. എന്നാൽ എല്ലാ ഏജൻസികളും ഈ സേവനം നൽകാൻ മത്സര ബുദ്ധിയോടെ പ്രവർത്തിക്കുന്നതിൽ തയ്യാറാണ് താനും. ഏതു പാതിരാത്രി വിളിച്ചാലും കോൾ എടുക്കാൻ സംവിധാനം ഉള്ളതും ഏജൻസികൾക്ക് തന്നെയാണ്.

ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നും വിവിധ വെബ്‌സൈറ്റിലേക്ക് കസ്റ്റമറെ തിരിച്ചു വിടുന്നതിനാൽ വ്യാജ ഓൺലൈൻ ടിക്കറ്റ് വിൽപനക്കാരെ തിരിച്ചറിയാൻ കഴിഞ്ഞെന്നും വരില്ല. ഓരോ സീസണ് വേണ്ടി മാത്രം തട്ടിക്കൂട്ടുന്ന വെബ്‌സൈറ്റും ആയി എത്തി നിലവിൽ ഇല്ലാത്ത വിധം കുറഞ്ഞ നിരക്കിട്ടു പരമാവധി വിൽപന നടത്തി കിട്ടിയ പണവുമായി മുങ്ങുന്ന രീതിയാണ് ഓൺലൈൻ ടിക്കറ്റ് വിൽപ്പനയിലെ ഏറ്റവും പ്രധാന ചതിക്കുഴി. വിൽപന നടത്തിയ ടിക്കറ്റുകൾ യാത്രക്കാർ അറിയാതെ ക്യാൻസൽ ചെയ്യുന്ന ചതിയും ഇത്തരം തട്ടിപ്പു വെബ്‌സൈറ്റുകളുടെ പതിവാണ്. ഇത്തരത്തിൽ ഓരോ അവധിക്കാലത്തും നൂറുകണക്കിന് മലയാളി കുടുബങ്ങളുടെ ആയിരക്കണക്കിന് പൗണ്ട് നഷ്ടമാകുന്നതും പതിവ് കാഴ്ചയാണ്.

തിരക്ക് കൂടിയ റൂട്ടിൽ യാത്ര ചെയ്യുമ്പോൾ നിരക്കും കൂടും

യാത്രക്കാരുടെ തിരക്കേറെയുള്ള കൊച്ചി റൂട്ടിലേക്കു സ്വാഭാവികമായും നിരക്കും കൂടുതലായിരിക്കും. എന്നാൽ തിരക്ക് കുറവുള്ള ഗോവ, അഹമ്മദാബാദ് തുടങ്ങിയ റൂട്ടിൽ നിരക്ക് കുറവുള്ളത് യാത്രക്കാരുടെ തിക്കും തിരക്കും ഇല്ലാത്തതിനാലാണ്. ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്ക് യാത്ര നിരക്ക് കുറവുള്ളപ്പോൾ കൊച്ചിയിലെ നിരക്ക് ഉയർത്തി നിർത്തുന്നത് ഏജൻസികൾ ആണെന്ന ആരോപണത്തിനുള്ള മറുപടിയായി ഈ വിശദീകരണമാണ് ഈ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.

മാത്രമല്ല, ഏജൻസികൾ നൽകുന്ന നിരക്കിനേക്കാൾ കൂടിയ നിരക്കിലായിരിക്കും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികളുടെ വെബ് സൈറ്റിൽ നിന്നും നേരിട്ട് ടിക്കറ്റെടുക്കുമ്പോഴെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും കോസ്റ്റ് സെല്ലിങ് (കിട്ടിയ കാശിനു വിൽക്കുന്ന രീതി) ആണ് മിക്ക ഏജൻസികളും ചെയ്യുന്നതെന്നും അവർ പറയുന്നു. ബിസിനസ് ലാഭത്തിൽ പോകാൻ ടിക്കറ്റുകൾ മൊത്തമായി എടുക്കുമ്പോൾ വൻകിട മൊത്ത വിൽപ്പനക്കാർ നൽകുന്ന ഇൻസന്റീവുകളാണ് മലയാളി ഉടമസ്ഥതിൽ ഉള്ള ചെറുകിട ഏജൻസികൾക്ക് സഹായമായി മാറുന്നതും. യുകെയിൽ ഒരു മലയാളി സ്ഥാപനവും ടിക്കറ്റുകൾ മൊത്തമായി എടുക്കുന്ന വൻകിട ഏജൻസിയുടെ ലേബലിൽ പ്രവർത്തിക്കുന്നുമില്ല.

നന്ദി പറയേണ്ടത് എയർ ഇന്ത്യയോട് മാത്രം

അതിനിടെ ഗൾഫ് അയർലൈനുകൾ കുത്തകയാക്കി വച്ചിരുന്ന കേരളത്തിലേക്കുള്ള റൂട്ടിലേക്കു യുകെയിൽ നിന്നും എയർ ഇന്ത്യ കടന്നുവന്നതോടെ മറ്റു സ്വകാര്യ കമ്പനികളുടെ ബിസിനസിനെ പ്രതികൂലമായി ബാധിക്കും എന്നുറപ്പാണ്. എയർ ഇന്ത്യ പുതിയ ഷെഡ്യൂളിൽ അധികമായി ഹീത്രോവിലേക്കു അഞ്ചു സർവീസുകളിലും ഗാറ്റ്‌വിക്കിലേക്കും 12 സർവീസും പ്രഖ്യാപിച്ചതോടെ യുകെയിൽ എയർ ഇന്ത്യയുടെ സാന്നിധ്യം വർധിക്കുകയാണ്. ഇപ്പോൾ ലഭ്യമായ ഷെഡ്യൂൾ പ്രകാരം ആഴ്ചയിൽ 50 ലേറെ വിമാനങ്ങളാണ് ഇന്ത്യയിൽ നിന്നും എയർ ഇന്ത്യ യുകെയിലേക്കു പറത്തുന്നത്.

ഈ സാഹചര്യത്തിൽ, എയർ ഇന്ത്യ സാന്നിധ്യം വർധിപ്പിച്ചതോടെ ഗൾഫ് എയർലൈനുകൾ കൂടി മത്സരത്തിന് തയ്യാറായാൽ യുകെയിൽ നിന്നും ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുറയാൻ കാരണമായേക്കും. അന്തരാഷ്ട്ര വിപണിയിൽ ഇന്ധന വില കുറഞ്ഞു നിൽക്കുന്നതും ടിക്കറ്റ് നിരക്കുകൾ താഴ്‌ത്തി നിർത്താൻ വിമാനക്കമ്പനികളെ സഹായിക്കുന്ന ഘടകമാണ്. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിഞ്ഞാൽ നിരക്ക് താഴ്‌ത്തുക എന്നത് ഈ വർഷത്തെ കച്ചവട തന്ത്രമായി മാറിയാലും അത്ഭുതമില്ല. അങ്ങനെ സംഭവിച്ചാൽ യുകെ മലയാളികൾ മനസ് കൊണ്ടെങ്കിലും നന്ദി പറയേണ്ടത് എയർ ഇന്ത്യയോട് മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP