Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒഴിവുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഇ മെയിലുകൾ പിഎസ്‌സിക്കു കിട്ടാൻ 4 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ വൈകിയപ്പോൾ പട്ടികയുടെ കാലാവധി കഴിഞ്ഞെന്നു പറഞ്ഞു നിയമനം നിഷേധിച്ചു; ന്യായീകരണത്തിന് മന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളം; ഹൈക്കോടതിയിലെ അപ്പീലിൽ പ്രതീക്ഷ അർപ്പിച്ച് നിഷാ ബാലകൃഷ്ണൻ; നീതി നിഷേധത്തിൽ സർക്കാർ മൗനം തുടരുമ്പോൾ

ഒഴിവുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഇ മെയിലുകൾ പിഎസ്‌സിക്കു കിട്ടാൻ 4 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ വൈകിയപ്പോൾ പട്ടികയുടെ കാലാവധി കഴിഞ്ഞെന്നു പറഞ്ഞു നിയമനം നിഷേധിച്ചു; ന്യായീകരണത്തിന് മന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളം; ഹൈക്കോടതിയിലെ അപ്പീലിൽ പ്രതീക്ഷ അർപ്പിച്ച് നിഷാ ബാലകൃഷ്ണൻ; നീതി നിഷേധത്തിൽ സർക്കാർ മൗനം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി 12ന് ഒഴിവു റിപ്പോർട്ട് ചെയ്തു യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. ഉദ്യോഗസ്ഥരെ വെള്ളപൂശാൻ മന്ത്രി എം.ബി രാജേഷ് പറഞ്ഞതു ശരിയല്ലെന്നാണ് തെളിയുന്നത്. തിരുവനന്തപുരം നഗരകാര്യ ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥരുടെ 'ചതി' മൂലമാണു നിഷ ബാലകൃഷ്ണന് ഉൾപ്പെടെ ജോലി നഷ്ടമായതെന്നു തെളിയിക്കുന്ന രേഖകൾ പുറത്തു വന്നു. നിഷ ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തിയതിന്റെ പക തീർത്തതാണു നിയമന നിഷേധമെന്ന ആരോപണം തള്ളി മന്ത്രി എം.ബി രാജേഷ് നേരത്തേ രംഗത്തുവന്നിരുന്നു. നിഷ ഉൾപ്പെടെയുള്ളവർ സമരത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രം പുറത്തുവന്നതോടെ അന്നു മന്ത്രി വെട്ടിലായി. ഇതിന് ശേഷമാണ് പുതിയ തെളിവും ചർച്ചയാകുന്നത്.

2018 മാർച്ച് 31 ന് അവസാനിക്കുന്ന എൽഡി ക്ലാർക്ക് തസ്തികയിൽ എറണാകുളം ജില്ലാ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട കൊല്ലം ചവറ സ്വദേശിനി നിഷ ബാലകൃഷ്ണനു ജോലി നഷ്ടപ്പെട്ട സംഭവം ചർച്ചയായതോടെയാണ് പാർട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ മന്ത്രി രംഗത്തുവന്നത്. നിഷയ്ക്കു നിയമനം ലഭിക്കേണ്ട ഒഴിവ് നഗരകാര്യ ഡയറക്ടർ ഓഫിസിൽ നിന്നു റിപ്പോർട്ട് ചെയ്തത് 31 ന് അർധരാത്രി 12 ന്. ഇ മെയിൽ എറണാകുളം പിഎസ്‌സി ഓഫിസിൽ ലഭിച്ചത് 12.04 നും. നഗരകാര്യ ഡയറക്ടർ ഓഫിസിൽ നിന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്തു കണ്ണൂർ, എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസുകളിലേക്ക് മെയിൽ അയച്ചത് രാത്രി 12 നാണെന്നും ഇതിൽ കണ്ണൂരിലെ ഉദ്യോഗാർഥിക്കു നിയമനം നൽകിയെന്നും നിഷയ്ക്കു പിഎസ്‌സി നിയമനം നൽകിയില്ലെന്നുമായിരുന്നു പിഎസ്‌സിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാദം. കണ്ണൂർ പിഎസ്‌സി ഓഫിസിൽ മെയിൽ കിട്ടുന്നത് 12 മണി പിന്നിട്ട് ഒരു സെക്കൻഡ് ആയപ്പോഴാണ്.

ഈ ഒഴിവിൽ നിയമനം നടത്തിയതു മന്ത്രി അവകാശപ്പെട്ടതുപോലെ കാലഹരണപ്പെട്ട റാങ്ക് പട്ടികയിൽ നിന്നല്ല, 2018 ഏപ്രിൽ 2ന് നിലവിൽ വന്ന പുതിയ പട്ടികയിൽ നിന്നാണെന്നു വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. അർധരാത്രി ഒഴിവു റിപ്പോർട്ട് ചെയ്തപ്പോൾ കണ്ണൂരിലും ഒരു ഉദ്യോഗാർഥിക്കു ജോലി നഷ്ടമായി. ഈ ഉദ്യോഗാർഥി ഇതുവരെ രംഗത്തു വന്നിട്ടില്ല. അർധരാത്രി വൈകി ഒഴിവ് റിപ്പോർട്ട് ചെയ്തതോടെ ജോലി നഷ്ടമായ, കാഴ്ച പരിമിതിയുള്ള ഉദയംപേരൂർ സ്വദേശി പി.എസ്.സൈജു ഉൾപ്പെടെ ജോലി നഷ്ടപ്പെട്ടവരെ സംരക്ഷിക്കേണ്ട ബാധ്യത ഇനി സർക്കാരിനാണ്.

നിഷ ബാലകൃഷ്ണൻ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്നു പരിഗണിക്കും. സംഭവത്തിൽ വാദങ്ങളെല്ലാം പൊളിഞ്ഞിട്ടും പരിഹാര നടപടികൾക്കു സർക്കാർ തുനിയുന്നില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സെക്കൻഡുകളുടെ വ്യത്യാസത്തിൽ ജോലി നഷ്ടപ്പെട്ടവർക്കു സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചു നിയമനം നൽകാൻ സർക്കാരിനു നടപടി സ്വീകരിക്കാവുന്നതേയുള്ളൂവെന്നു പിഎസ്‌സി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട ഒഴിവുകളിൽ നിലവിലുണ്ടായിരുന്ന റാങ്ക് പട്ടികയിലെ അർഹരായവർക്കു ജോലി കിട്ടാനുള്ള അവകാശവും വ്യവസ്ഥയുമാണ് അട്ടിമറിക്കപ്പെട്ടത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്തു കൊണ്ടുള്ള ഇ മെയിലുകൾ പിഎസ്‌സിക്കു കിട്ടാൻ 4 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ വൈകിയപ്പോൾ പട്ടികയുടെ കാലാവധി കഴിഞ്ഞെന്നു പറഞ്ഞു പിഎസ്‌സി ഇവർക്കു നിയമനം നിഷേധിച്ചു.

സാങ്കേതികമായി പട്ടികയുടെ കാലാവധി കഴിഞ്ഞതു ചൂണ്ടിക്കാട്ടി അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും ഹൈക്കോടതിയും നിഷ ബാലകൃഷ്ണന്റെ കേസ് തള്ളി. ഇതിനെതിരെയാണ് അപ്പീൽ. സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കാൻ സർക്കാർ തയാറാണെങ്കിൽ നിയമനത്തിനു ശുപാർശ ചെയ്യാൻ തയാറാണെന്ന സൂചനയാണു പിഎസ്‌സി വൃത്തങ്ങളും നൽകുന്നത്. അല്ലെങ്കിൽ കോടതിയുടെ പ്രത്യേകം നിർദ്ദേശം ഉണ്ടാകണം.

നിഷ ബാലകൃഷ്ണന് മിനിട്ടുകളുടെ വ്യത്യാസത്തിൽ ജോലി നഷ്ടപ്പെടുത്തിയ അതേസാഹചര്യത്തിൽ ജോലി നഷ്ടമായ സാഹചര്യത്തെക്കുറിച്ചു പ്രതികരിക്കാനില്ലെന്ന് ഇരിട്ടി പുന്നാട് സ്വദേശി പി.രാജീവൻ പറയുന്നു. ജോലി നഷ്ടമായതിനെപ്പറ്റി രാജീവൻ അറിയുന്നതുതന്നെ കുറെ നാളുകൾ കഴിഞ്ഞാണ്. നിഷയുടെ കാര്യത്തിൽ സംഭവിച്ചതിനു സമാനമായി, നഗരകാര്യ വകുപ്പിന്റെ ഇ മെയിൽ കണ്ണൂർ പിഎസ്‌സി ഓഫിസിൽ ലഭിക്കുന്നത് 31ന് അർധരാത്രി 12.01ന്.

പട്ടികവർഗ വികസന വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരിക്കെയാണ്, എൽഡിസി റാങ്ക് പട്ടികയിൽ രാജീവൻ ഉൾപ്പെടുന്നത്. 508ാം റാങ്കായിരുന്നു. സംവരണമടക്കം പാലിച്ചുള്ള റാങ്ക് പട്ടികയിൽ, രാജീവനു തൊട്ടു മുകളിലുള്ളയാൾക്കു വരെ നിയമനം ലഭിച്ചു. 2014ൽ ആണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി കേളകത്ത് രാജീവനു ജോലി ലഭിക്കുന്നത്. നിലവിൽ, ഇരിട്ടി പ്രീമെട്രിക് ഹോസ്റ്റലിലെ ജീവനക്കാരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP