Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'രൂപയുടെ മൂല്യതകർച്ച തടയാൻ വന്ന അവതാരം; ഐൻസ്റ്റീന് തുല്യനായ ശാസ്ത്രജ്ഞൻ'; സ്വന്തം പേരു പോലും കൃത്രിമമായി ഉണ്ടാക്കിയ വ്യാജ ഡോക്ടർ; ലൈഫ് ഡോക്ടർ എന്ന സ്യൂഡോ സയൻസും സൃഷ്ടിച്ചു; കള്ളന്റെ സിനിമയെടുത്തത് പൊലീസ്; തട്ടിപ്പ് പൊളിച്ചത് മറുനാടൻ; ബഡായി പറഞ്ഞ് അടിച്ച് മാറ്റിയത് നൂറുകോടി! കിങ് ലയർ പ്രവീൺ റാണയുടെ കഥ

'രൂപയുടെ മൂല്യതകർച്ച തടയാൻ വന്ന അവതാരം; ഐൻസ്റ്റീന് തുല്യനായ ശാസ്ത്രജ്ഞൻ'; സ്വന്തം പേരു പോലും കൃത്രിമമായി ഉണ്ടാക്കിയ വ്യാജ ഡോക്ടർ; ലൈഫ് ഡോക്ടർ എന്ന സ്യൂഡോ സയൻസും സൃഷ്ടിച്ചു; കള്ളന്റെ സിനിമയെടുത്തത് പൊലീസ്; തട്ടിപ്പ് പൊളിച്ചത് മറുനാടൻ; ബഡായി പറഞ്ഞ് അടിച്ച് മാറ്റിയത് നൂറുകോടി! കിങ് ലയർ പ്രവീൺ റാണയുടെ കഥ

എം റിജു

''എന്റെ കഴുത്തിന് മുകളിൽ തലയുണ്ടെങ്കിൽ ഒരുരൂപ സമം നൂറുഡോളർ എന്നത് യാഥാർഥ്യമാക്കും.''- ഇപ്പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, ധനമന്ത്രി നിർമ്മലാ സീതാരാമനോ ഒന്നുമല്ല. അതൊന്നും കഴിയില്ലെന്നും, അങ്ങനെ പറഞ്ഞാൽ ജനം പരിഹസിക്കുമെന്നും അവർക്കും നന്നായി അറിയാം. പക്ഷേ ഈ അത്ഭുദ സാമ്പത്തിക ശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഒരു കെ പി പ്രവീൺ ആണ്. അങ്ങനെ പറഞ്ഞാൽ ആർക്കും അറിയാൻ വഴിയില്ല. കൈപ്പുള്ളി പുഷ്‌ക്കരൻ പ്രവീൺ എന്ന അയാളുടെ പൂർണ്ണ പേരും കേരളം അറിയാൻ വഴിയില്ല. പക്ഷേ ഡോ പ്രവീൺ റാണയെ കേരളം നന്നായി അറിയും. നാലുവർഷത്തിനുള്ളിൽ നൂറുകോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി, ഇപ്പോൾ, മുങ്ങി നടക്കുന്ന ഈ വ്യാജഡോക്ടറുടേതാണ് ഈ മൊഴി മുത്തുകൾ!

ഇത് അച്ചടിച്ച് വന്നതാവട്ടെ, കേരളത്തിലെ നമ്പർ വൺ കുടുംബ പ്രസിദ്ധീകരണമായ, 'വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായ', മനോരമ ഗ്രൂപ്പിന്റെ വനിതയിലാണ്. 2021 ഏപ്രിൽ 15 ന് വനിതയിൽ വന്ന ഒരു ഐറ്റത്തിൽ ചില്ലറ തള്ളല്ല റാണ നടത്തുന്നത്. തന്റെ ശ്രമഫലമായി ഒരു രുപ സമം നൂറുഡോളറാക്കാക്കും എന്നാണ് ഇയാൾ പറയുന്നത്. ഒറ്റ നോട്ടത്തിൽതന്നെ ഒന്നുകിൽ തലക്ക് സുഖമില്ലാത്ത വ്യക്തി, അല്ലെങ്കിൽ പക്കാ ഫ്രോഡ് എന്ന് വ്യക്തം. എന്നിട്ടും എത്രമാത്രം വലിയ സ്പേസാണ് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ, ഈ തട്ടിപ്പുകളുടെ തമ്പുരാന് അനുവദിച്ചത് എന്നോർക്കണം.

ശരിക്കും കേരളത്തിലെ മാധ്യമങ്ങൾ വളർത്തി വലുതാക്കിയ, ഒരു തട്ടിപ്പുകാരനാണ്, നൂറുകോടി തട്ടിയ ഡോ പ്രവീൺ റാണ. നാട്ടിലെ ആശാരിയെക്കൊണ്ട് ഉണ്ടാക്കിപ്പിച്ച മോശയുടെ അംശവടിയും, നബിയുടെ വിളക്കും, ഖുറാന്റെ ഏറ്റവും ചെറിയ കോപ്പിയുമൊക്കെയായി, ഡിജിപിതൊട്ട് സിനിമാ നടന്മാരെവരെ പറ്റിച്ച, നമ്മുടെ മോൺസൻ മാവുങ്കലിന്റെ പുതിയ പതിപ്പ്. മോൺസനെ പൊക്കിയടിക്കുന്നതിൽ യൂട്ഊബർമാരും ഡിജിറ്റൽ പത്രങ്ങളും മാത്രമല്ല, പ്രമുഖ ചാനലുകളും ഉണ്ടായിരുന്നുവെന്ന് ഓർക്കണം.

കൈപ്പുള്ളി പുഷ്‌ക്കരൻ പ്രവീൺ എന്ന തൃശൂരുകാരന്റെ മൂലധനം ബഡായി പറയാനുള്ള കഴിവ് ഒന്ന് മാത്രമായിരുന്നു. അതും ഒട്ടും വിശ്വസനീയമായിരുന്നില്ല. ലോകത്തിലെ പല തട്ടിപ്പുകാർക്കും വല്ലാത്ത വാക്ചാതുരി ആയിരിക്കും. അവരുടെ ബിസിനസ് പ്രോപ്പോസലുകൾക്കും, ഉണ്ടാക്കുന്ന വ്യാജ സാധനങ്ങളും ഒറിജിനലിനേക്കാളും ക്ലാരിറ്റി ഉണ്ടായിരിക്കും. എന്നാൽ നമ്മുടെ റാണയുടെ, പ്രസംഗം അഞ്ചു മിനിട്ട് കേട്ടാൽ തന്നെ അറിയാം ഇയാൾ ആ സബ്ജക്്റ്റിൽ യതൊരു അറിവുമില്ലാത്ത പടു വിഡ്ഡിയാണെന്ന്! എന്നിട്ടും അയാൾ വളർന്നു പന്തലിച്ചു. ആയിരക്കണക്കിന് ആളുകളെ പറ്റിച്ചു. സിനിമാ നടനായി, കൊച്ചിയിൽ പബ്ബു തുടങ്ങി, ലൈഫ് ഡോക്ടറായി, ഐൻസ്റ്റീനെപ്പോലെ ശാസ്ത്രജ്ഞനാണെന്ന് പ്രചരിപ്പിച്ചു... നാട്ടുകാരിൽനിന്ന് നൂറുകോടിയിലേറെ തട്ടി. ഇപ്പോഴിതാ കൊച്ചിയിലെ ഫ്ളാറ്റിൽ പൊലീസ് എത്തിയപ്പോൾ, പിടി തരാതെ മുങ്ങിയിരിക്കുന്നു.

മണിചെയിൻ മോഡലിൽ പതിവ് തട്ടിപ്പ്

തൃശൂരിലെ സ്വകാര്യ എഞ്ചിനിയറിങ് കോളേജിൽ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം തെക്ക് വടക്ക് നടക്കുകയായരുന്നു ഇയാൾ. പഠിക്കാനും മോശമായിരുന്നു. തോറ്റ്തോറ്റ് എങ്ങനെയൊക്കെയാണ് ബി ടെക്ക് എടുത്തത്. പിന്നീട് ഇയാൾ സുഹൃത്തുക്കൾക്ക് ഒപ്പം ഒരു ഹോട്ടൽ ബിസിനിസ് നടത്തി. അതും പൊളിഞ്ഞു. അങ്ങനെ കുത്തുപാളയെടുത്ത് നിൽക്കുമ്പോഴാണ്, മണി ചെയിൻ മോഡലിൽ പണം സമാഹരിച്ച്, നിക്ഷേപ തട്ടിപ്പിന് ഇറങ്ങിപ്പുറപ്പെട്ടത്. അതിനായി ആദ്യം ചെയ്തത് കെ പി പ്രവീൺ എന്ന പേര് പരിഷ്‌ക്കരിച്ച് സ്വയം പ്രവീൺ റാണയായി മാറുകയായിരുന്നു. പിന്നെ അതിനുമുന്നിൽ ഒരു ഡോക്ടർ കൂടിവെച്ചു.

നിക്ഷേപ തട്ടിപ്പുകാർ സ്വീകരിച്ച അതേ പരിപാടി. ഉയർന്ന പലിശക്ക് നിക്ഷേപങ്ങൾ സ്വീകരിക്കുക. എന്നിട്ട് അത് എടുത്ത് അടിച്ചുപൊളിച്ച് ജീവിക്കുക. ഒരാളുടെ പണം എടുത്ത് അടുത്തയാൾക്ക് കൊടുക്കുക. പണം പുതിയ പുതിയ ഇരകളിലൂടെ വന്നുകൊണ്ടിരിക്കും എന്നാണ് ഇവർ കരുതിയത്. മോൺസനും ഇതേ ചൂണ്ടയാണിട്ടത്. എവിടെയോയുള്ള നിധി കാണിച്ചായിരുന്നു അയാളുടെ പ്രലോഭനം.

പത്തുവർഷംമുമ്പ്, സേഫ് ആൻഡ് സ്‌ട്രോങ്ങ് നിധിയെന്ന സാമ്പത്തിക സ്ഥാപനം ഉണ്ടാക്കിക്കൊണ്ടാണ് റാണ തന്റെ തട്ടിപ്പിന് തുടക്കമിടുന്നത്. തൃശൂർ, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുണ്ടായിരുന്നത്. നൂറിലേറെ ജീവനക്കാരാണ് അവിടെ പ്രവർത്തിച്ചിരുന്നത്. ഹോട്ടൽ ആൻഡ് ടൂറിസം മേഖലയിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചത്. നിധിയിലെ നിക്ഷേപത്തിന് പലിശ പന്ത്രണ്ട് ശതമാനമായിരുന്നു. പക്ഷേ സേഫ് ആൻഡ് സ്‌ട്രോങ് കൺസൾട്ടന്റ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 48 ശതമാനമായിരുന്നു വാഗ്ദാനം.

ഫിനാൻസ് സ്ഥാപനങ്ങൾക്കുള്ള കേന്ദ്ര നിയമങ്ങൾ മറികടക്കാൻ ഉഡായിപ്പിലൂടെ ആയിരുന്നു റാണയുടെ നീക്കം. നിധി കമ്പനിയെ മറയാക്കി പ്രവീൺ നിക്ഷേപം സ്വീകരിക്കുന്നതിൽ 80 ശതമാനവും ഫ്രാഞ്ചൈസി എഗ്രിമെന്റിലൂടെയാണ്. നിക്ഷേപത്തിന്റെ പലിശയ്ക്ക് പകരം ലാഭം അല്ലെങ്കിൽ വരുമാനം എന്ന വാക്കാണ് ഇത്തരം എഗ്രിമെന്റുകളിൽ ഉപയോഗിക്കുന്നത്. നിക്ഷേപകരുടെ പണം, റാണയുടെ വിവിധ ബിസിനികളിൽ നിക്ഷേപിക്കുന്നു. എന്നിട്ട് അതിന്റെ ലാഭം കൊടുക്കുന്നുവെന്ന് പറയുന്നു. പക്ഷേ വാചകമടിയല്ലാതെ റാണക്ക് കാര്യമായ ഒരു ബിസിനിസും ഇല്ലായിരുന്നു. തുടക്കത്തിൽ പലിശ മുടക്കമില്ലാതെ കിട്ടിയതോടെ നിക്ഷേപകരും ജീവനക്കാരും പരിചയത്തിലുള്ളവരെയെല്ലാം റാണയുടെ ഫ്രാഞ്ചൈസിയിൽ നിക്ഷേപകരാക്കി. ഇതോടെ വമ്പൻ പ്രചരണങ്ങളും പരസ്യങ്ങളുമായി റാണ അരങ്ങ് കൊഴുപ്പിച്ചു. പൂണെയിലും കൊച്ചിയിലും ഡാൻസ് ബാറുകളും തുടങ്ങി. കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നവർക്ക് വമ്പൻ സമ്മാനങ്ങളും നൽകി.

ഏകദേശം 100 കോടി രൂപയെങ്കിലും പ്രവീൺ റാണ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്തിരിക്കാമെന്നാണ് പൊലീസ് കണക്ക്കൂട്ടുന്നത്. ഒരു ലക്ഷം മുതൽ 20 ലക്ഷം വരെയന്ന തോതിലായിരുന്നു ഇയാൾ നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചത്. കിട്ടിയ പണമെല്ലാം ധൂർത്തടിച്ചും, റഷ്യൻ സുന്ദരികളെകൊണ്ടുവന്ന് ഡാൻസ് പാർട്ടി നടത്തിയുമെല്ലാം റാണ തീർത്തു. ഒടുവിൽ പലിശപോയിട്ട് മുതൽ പോലും തിരികെ ലഭിക്കാതായതോടെയാണ് നിക്ഷേപകർ നിയമ നടപടികളിലേക്കു നീങ്ങി. ഇപ്പോൾ റാണയുടെ പേരിൽ തൃശൂർ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനിലായി 22 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ലൈഫ് ഡോക്ടറായി വളരുന്നു

തന്റെ മുഖം പ്രേക്ഷകരിലേക്ക് സ്റ്റാമ്പ് ചെയ്യുന്നതിനായി പ്രവീൺ റാണ മാധ്യമങ്ങളെ നന്നായി ഉപയോഗിച്ചു. ചാനലുകളിൽ സ്ലോട്ടെടുത്ത് സ്വന്തം പ്രമോഷന് വേണ്ടി പരിപാടികൾ അവതരിപ്പിക്കുകയും പരസ്യങ്ങൾ നൽകുകയും ചെയ്തു. കൗമുദി ടീവിയിലുടെ ലൈഫ് ഡോക്ടർ എന്ന പരിപാടിയായിരുന്നു ഇതിൽ പ്രധാനം. മൊത്തം മോട്ടിവേഷനാണെന്നാണ് പറയുന്നത്. പക്ഷേ അതിലെ ചർച്ചകൾ കണ്ടാൽ ചിരിച്ചുപോകും. തെറ്റുചെയ്യാത്ത ഒരാളെ തെറ്റുകാരനാക്കിയാൽ ആരാണ് തെറ്റ് ചെയ്യുന്നത്' എന്നാണ് ലൈഫ് ഡോക്ടർ പരിപാടിയിലെ ഒരു എപ്പിസോഡ്. ഒരേ കാര്യം തന്നെ റാണ തിരിച്ചുമറിച്ചും പറഞ്ഞുകൊണ്ടിരിക്കും.

ലൈഫ് ഡോക്ടറെന്ന പേരും ബ്രാൻഡ് ബിൽഡിങ്ങിന്റെ ഭാഗമായിരുന്നു. ഡോ. പ്രവീൺ റാണ എന്ന പേരുകേട്ടാൽ ആരും ഡോക്ടറെന്ന് ആദ്യം വിചാരിക്കും. എന്നാൽ വൈദ്യശാസ്ത്രവുമായി പുലബന്ധം പോലും ഇയാൾക്കില്ലായിരുന്നു. പുളുവടിയാണ് പ്രധാനം. അതിൽ വീണാൽ കാശ് പോയി. എഡിസണെയും ഐൻസ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് ഇയാൾ അവകാശപ്പെട്ടൂ. ഉന്നത വ്യക്തികളുമൊത്തുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം നേടിയത്.

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കാനുള്ള വൈഡൂര്യമാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് ഈ തട്ടിപ്പുകാരൻ വിലസിയത്. ഇതിനെല്ലാം മാധ്യമങ്ങളെയും കൂട്ടുപിടിച്ചു. ലോകോത്തര പദ്ധതികളിലൂടെ 2029 നുള്ളിൽ ഇന്ത്യയിലെ ഒന്നാം നമ്പർ വ്യവസായി ആയി താൻ മറും. അതിന്റെ പ്രയോജനം നിക്ഷേപർക്കുണ്ടാകും, ഇങ്ങനെ പോകുന്നു റാണയുടെ സ്വയം പ്രഖ്യാപനങ്ങൾ. ഇതൊക്കെ കേട്ട് കോരിത്തരിച്ചാണ് നൂറുകണക്കിന് നിക്ഷേപകർ കോടികൾ നിക്ഷേപിച്ചത്. ഇദ്ദേഹത്തെ വിശ്വ പൗരനായി അവതരിപ്പിക്കാൻ ചില ജീവനക്കാർ പ്രവീൺ റാണയുടെ ചിത്രം ദേഹത്ത് പച്ചകുത്തി. അത്യാഡംബര വാഹനങ്ങളിൽ മിന്നിമറഞ്ഞ റാണ നിക്ഷേപകർക്കുമുന്നിൽ സൂപ്പർ താരമായി.


ബഡായികളുടെ രാജാവ്

അടിമുടി ഉഡായിപ്പിന്റെ ഉസ്താദായ പ്രവീൺ സ്വന്തമായ കണ്ടെത്തിയ ഒരു ശാസ്ത്രശാഖയാണ് ലൈഫ് ഡോക്ടർ. നമ്മുടെ പച്ചാളം ഭാസി സ്റ്റെൽ പോലെ.''രോഗങ്ങൾക്ക് സ്‌പെഷ്യാലിറ്റി ഡോക്ടർമാർ ഉള്ളതുപോലെ ജീവിതത്തിന്റെ നാനാതുറയിലും ഉപദേശകവൃന്ദമുണ്ട്. കാർ വാങ്ങാൻ, വീട് വയ്ക്കാൻ, വിവാഹത്തിന്, യാത്ര പോകാൻ എന്തിനും ഏതിനും കൺസൾട്ടന്റ് വേണ്ടുന്ന ഇക്കാലത്ത് ജീവിതത്തിന് ഒരു കൺസൽട്ടന്റിന്റെ ആവശ്യമില്ലേ എന്നൊരു ചോദ്യമുയരുന്നു. യഥാർത്ഥ ജീവിതം നയിക്കാൻ, ജീവിതവിജയം നേടാൻ, അതിനുള്ള വിജയമന്ത്രങ്ങൾ നിർദ്ദേശിക്കാൻ ഒരു ഡോക്ടർ എത്തുകയാണ്. അതാണ് 'ലൈഫ് ഡോക്ടർ' - കൗമുദി ടിവിയിൽ ഇതിന്റെ പരസ്യം ഇങ്ങനെയായിരുന്നു. വെറും ബഡായിയും വാചകക്കസർത്തും അല്ലാതെ കണ്ടന്റ് ഒന്നുമില്ലാത്ത ഉപദേശമായിരുന്നു ഈ ലൈഫ് ഡോക്ടർ.

എന്നിട്ടും ഈ ഉഡായിപ്പിനെക്കുറിച്ച് മാധ്യമങ്ങൾ വാർത്ത കൊടുത്തു. 'ലൈഫ് ഡോക്ടർ' എന്ന ശാസ്ത്രീയമായ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം എല്ലാവർക്കും ലഭ്യമാക്കാൻ ലൈഫ് മെഡിക്കൽ യൂണിവേഴ്സിറ്റി (ജീവിത വൈദ്യശാസ്ത്ര സർവകലാശാല) ആരംഭിക്കാനായി ഡോക്ടർ പ്രവീൺ റാണ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അപേക്ഷ സമർപ്പിച്ചു എന്നുപോലും വാർത്ത വന്നു. താൻ സ്വന്തമായി കണ്ടെത്തിയ ലൈഫ് ഡോക്ടർ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ ലൈഫ് മെഡിക്കൽ യൂണിവേഴ്‌സിറ്റി തുടങ്ങാനായിരുന്നു ശ്രമം. സർക്കാർ കേന്ദ്രങ്ങളിൽ പണമെറിഞ്ഞ് ഒരു ഡീംഡ് യൂണിവേഴ്‌സിറ്റി തട്ടിക്കൂടി അതിന്റെ തലപ്പത്തിരിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ.

ഇത് സംബന്ധിച്ച് കേരള കൗമുദി കൊടുത്ത വാർത്തയുടെ പ്രസ്തക ഭാഗങ്ങൾ ഇങ്ങനെ. ''സർവകലാശാലയിലൂടെ ശാസ്ത്രീയമായ ഗവേഷണം നടത്തി ലോകത്തിലെ ജീവന്റെ നിലനിൽപ്പിനാധാരമായ ജീവിതം സംരക്ഷിച്ച് ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് സേഫ് ആൻഡ് സ്ട്രോംഗ് ബിസിനസ് കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. പ്രവീൺ റാണ പത്രസമ്മേളനത്തിൽ പറഞ്ഞു. 'ലൈഫ് ഡോക്ടർ' എന്ന ശാസ്ത്രീയ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം ലോകജനതയ്ക്കു മുന്നിൽ എത്തിക്കാനാണ് ജീവിത വൈദ്യശാസ്ത്ര സർവകലാശാല എന്ന ആശയം.

 

ജീവൻ എന്ന അടിത്തറയിലാണ് ജീവിതം നിലനിൽക്കുന്നത്. ജീവനെ ചികിത്സിക്കുന്നതിനേക്കാൾ ജീവിതത്തെ ചികിത്സിക്കുന്നതിലാണ് കൂടുതൽ പ്രാധാന്യം. ജീവനെക്കാൾ പ്രാധാന്യം ജീവിതത്തിനുണ്ട്. ജീവൻ വ്യക്തിയെ സംബന്ധിച്ചതാണ് എന്നാൽ ജീവിതം സമൂഹത്തെ തന്നെ മലീമസപ്പെടുത്തിയേക്കാം. അതുകൊണ്ട് ജീവിതത്തിന് ശാസ്ത്രീയമായി ചികിത്സ നൽകേണ്ടത് ആവശ്യമാണ്. അതിനാണ് ലൈഫ് ഡോക്ടേഴ്സ് എന്ന ആശയമെന്നും അദ്ദേഹം പറഞ്ഞു..''- ഇങ്ങനെയാണ് വാർത്ത അവസാനിക്കുന്നത്. എന്നാൽ ലൈഫ് ഡോക്ടർ എന്ന ഒരു ശാസ്ത്രശാഖ ലോകത്ത് എവിടെയുമില്ല. അത് ഒരു മോട്ടിവേഷണൽ പദം മാത്രമാണ്. അതുപോലും അറിയാതെ കേരളത്തിലെ മാധ്യമങ്ങൾ ഇയാളെ ശാസ്ത്രജ്ഞൻ കൂടിയാക്കി.

'ഒരു രൂപ നൂറ് ഡോളറിന് തുല്യമാക്കും'

ജീവിതത്തിന്റെ നമ്പർ വൺ ആവാൻ വേണം ലക്ഷ്യബോധവും കഠിനാധ്വാനവും വേണമെന്നാണ് വനിതയോട് ഇയാൾ പറയുന്നത്. 'നത്തിങ്ങ് ഈസ് ഇമ്പോസിബിൾ എവരിത്തിങ്ങ് പോസിബിൾ. ടേംസ് ആൻഡ് കണ്ടീഷൻസ് അപ്ലെ.'- ഇതാണ് റാണയുടെ ആപ്തവാക്യം. വനിത മാസിക റാണയെ ഇങ്ങനെ പരിചയപ്പെടുത്തുന്നു.

'' പലർക്കും ജീവതം ലോട്ടറിപോലെയാണ്. ചിലോൽത് ശരിയാവും, ചിലോൽത് ശരിയാവൂല. ശരിയായാലും ശരിയായില്ലെങ്കിലും തട്ടീം മുട്ടീം, ഭാരപ്പെട്ട് ജീവിച്ചങ്ങോട്ട് തീർക്കും. ചിലർക്ക് ബംപർ അടിച്ചതുപോലെയാണ്. തൊട്ടതെല്ലാം പൊന്നാക്കി അവർ മുന്നോട്ടുപോകും. ഉയർന്ന ബിരുദങ്ങളും ബഹുമാന്യമായ കസേരകളും നേടിയവർ പോലും, ചിലപ്പോഴൊക്കെ ജീവിത്തതിന് മുന്നിൽ പകച്ച് നിൽക്കുന്നത് കാണാം. അക്കാദമിക്ക് വിജയവും ജീവിത വിജയവും തമ്മിൽ, വലിയ ബന്ധമില്ലെന്ന് ഇതിൽനിന്ന് വ്യക്തം. സ്‌കൂളുകളിൽ പഠിപ്പിക്കാത്ത ചില പാഠങ്ങളുണ്ട്. ജീവനുള്ളിടേത്തോളം ഹൃദിസ്ഥമാക്കിവെക്കേണ്ടവ. അത്തരം പാഠങ്ങളാണ് യാഥർഥത്തിൽ ജീവിത വിജയത്തിന് വേണ്ടത്. ആത്മവിശ്വാസം കുറഞ്ഞ് മുന്നോട്ട്പോകാൻ ശങ്കിച്ച് നിൽക്കുന്ന സംരഭകർക്ക്, ജീവിത വിജയത്തിലേക്കുള്ള കൈത്താങ്ങ് ആവുകയാണ് സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനായ ഡോ പ്രവീൺ റാണ. മോട്ടിവേറ്റർ, ലൈഫ് കോച്ച്, പല മേഖലകളിലും വ്യാപിച്ച് കിടക്കുന്ന സംരഭങ്ങളുടെ സാരഥി. വ്യത്യസ്ത കാഴ്ചപ്പാടുകളുടേയും ജീവിതവീക്ഷണങ്ങളുടെയും വാഗ്മി തുടങ്ങി വേഷപ്പകർച്ചകൾ ഏറെയുണ്ട് ഈ പ്രതിഭക്ക്. ''- വനിതയുടെ പൊക്കിവിടൽ ഇങ്ങനെ തുടരുന്നു.

എന്റെ കഴുത്തിന് മുകളിൽ തലയുണ്ടെങ്കിൽ ഒരുരൂപ സമം നൂറുഡോളർ എന്നത് യാഥാർഥ്യമാക്കുമെന്ന് ഈ അഭിമുഖത്തിൽ റാണ പറയുന്നുണ്ട്. ആ വാചകങ്ങൾ ഇങ്ങനെ. ''കേൾക്കുമ്പോൾ അൽപ്പം അതിശയോക്തി തോന്നുമെങ്കിലും ഡോ റാണ ഉറപ്പിച്ച് പറയുന്നു. അത് സംഭവ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു മൂൻനിര ബിസിനസുകാരനോ, രാഷ്ട്രീയ നേതാവോ നമ്മുടെ രാജ്യത്ത് ഇല്ലാത്തതുകൊണ്ടാണ്, രൂപക്ക് ഇപ്പോഴും മൂല്യം കുറവ്. കഴിവുള്ള കരുത്തനായ ഒരാൾ മതി ഇത് പരിഹരിക്കാൻ. ആർക്കുവേണമെങ്കിലും മുന്നോട്ടിറങ്ങി രാജ്യത്തിനുവേണ്ടി ഇത് ചെയ്യാവുന്നതേയുള്ളു. അങ്ങനെ ഒരാൾ മൂന്നോട്ട് വരാതിരിക്കുന്ന കാലത്തോളം എനിക്ക് ചെയ്യാതിരിക്കാൻ കഴിയില്ലല്ലോ.''- അതേ അങ്ങനെ രൂപയുടെ മൂല്യതകർച്ച തടയാൻ വന്ന അവതാരമായി മാധ്യമങ്ങൾ അവതരിപ്പിച്ച മനുഷ്യനാണ് ഇപ്പോൾ നൂറുകോടി തട്ടി മുങ്ങിയത് എന്നോർക്കണം.

ലേലം വിളിയിൽ ലുലുവിനെ തോൽപ്പിച്ചു

മൂന്നുവർഷം മുമ്പ് ഒന്നാം നമ്പർ രജിസ്‌ട്രേഷനായുള്ള ലേലം വിളിയിൽ എം എ യൂസഫലിയെ തോൽപ്പിച്ച് റാണ ഹീറോയായി. മത്സരിച്ചത് ലുലു ഗ്രൂപ്പിന്റെ റോൾസ് റോയ്‌സും, റാണയുടെ റുബികോണും. ഫാൻസി നമ്പർ കെഎൽ 08 ബിഡബ്ലിയു 1 സ്വന്തമാക്കാൻ ചെലവാക്കിയതാകട്ടെ 6.25 ലക്ഷം. ''ലേലം തുടങ്ങിയപ്പോൾ ലുലു പ്രതിനിധികൾ എത്തി. 8,000 രൂപയ്ക്കാണ് ആദ്യം വിളി തുടങ്ങിയത്. 1000 രൂപ കൂട്ടി ഒരു ലക്ഷത്തി 9,000 രൂപയ്ക്ക് ഞാൻ തുടങ്ങി. പിന്നീട് 25,000 വച്ചായി വിളി. അവർ വിളിക്കുന്നതിന് ആനുപാതികമായി തുക കൂട്ടി വിളിക്കാൻ തുടങ്ങി. അവസാനം ലുലു ഗ്രൂപ്പ് 5.45 ലക്ഷം രൂപയിൽ ലേലം വിളിച്ചു. ഞാൻ 6.25 ലക്ഷം വിളിച്ചതോടെ ലുലു ലേലത്തിൽ നിന്നും പിന്മാറുകയായിരുന്നു. പ്രതീക്ഷിച്ചതിലും കുറഞ്ഞ തുകയ്ക്കാണ് നമ്പർ സ്വന്തമാക്കാൻ കഴിഞ്ഞത്-പ്രവീൺ റാണ അന്ന് വീമ്പടിച്ചു. പക്ഷേ സത്യമമെന്താണ്. ലുലുവിന് പണത്തിന് കണക്കുണ്ട്. ഒരു ഫാൻസി നമ്പറിന് ഇത്രയേ ചെലവഴിക്കാൻ പാടൂ എന്ന് അവർക്ക് അറിയാം. പക്ഷേ റാണയുടെ കൈയിലുള്ളത് നാട്ടുകാരുടെ പണമാണ്. കാട്ടിലെ തടി തേവരുടെ ആന. അയാൾ ഒരുകോടി രൂപകൊടുത്തും ഈ ഫാൻസി നമ്പർ എടുക്കും. കാരണം അയാൾക്ക് വേണ്ടത് യൂസഫലിയെ തോൽപ്പിച്ചു എന്ന മാധ്യമ വാർത്ത മാത്രമായിരുന്നു.

അതിനിടെ കേരളത്തിലെ ആദ്യത്തെ പബ്ബ് കൊച്ചിയിൽ തുടങ്ങിയെന്നും റാണ കൊട്ടിഘോഷിച്ചു. കൊച്ചിയിലെ ഫ്‌ളൈ ഹൈ ഹോട്ടലിന്റെ തുടക്കം അങ്ങനെയാണ്. പബ്ബിലെ ഡിജെ പാർട്ടികളിൽ ലഹരി ഒഴുകി. പാതിരാവായാലും പൂട്ടാത്ത ബാർ, 2022 മാർച്ച് 11 നാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യ പബ് എന്ന തലക്കെട്ടോടെ ഹാർബർ വ്യൂവിലെ നൈറ്റ് പാർട്ടി ദൃശ്യങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതോടെ ഇവിടേക്ക് യുവാക്കളുടെയും യുവതികളുടെയും ഒഴുക്കായിരുന്നു.

ഇവിടെ നടന്ന നൈറ്റ് പാർട്ടിയിൽ പങ്കെടുക്കുന്നതിനായി സിംഗിൾ എൻട്രിക്ക് 2500 ഉം കപ്പിൾ എൻട്രിക്ക് 3500 ഉം രൂപയുമാണ് ഈടാക്കിയിരുന്നത്. ഇവിടെ റഷ്യൻ യുവതികളെ കൊണ്ടുവന്ന് നൈറ്റ് പാർട്ടി നടത്തിയെന്നും, ഡ്രഗ്സ് ഉപയോഗിക്കുന്നുവെന്നും പരാതി വന്നു. തായ്‌ലാന്റ് വനിതകളെ കൊണ്ടു വന്നകേസിലും ഇതിന്റെ പാർടണർമാർ പെട്ടു. ലഹരി ഉപയോഗത്തിന്റെ പേരിൽ ഇടക്ക് എക്സൈസ് ഹോട്ടൽ പൊലീസ് പൂട്ടിക്കയും ചെയ്തിരുന്നു. ഇതിനിടയിൽ പ്രവീൺ റാണ ഈ ഹോട്ടൽ ഷെയറുകളെല്ലാം തന്നെ വിറ്റു. നിലവിൽ ഇയാൾക്ക് ഈ ഹോട്ടലുമായി യാതൊരു ബന്ധവുമില്ല. എന്നാൽ ഈ ഹോട്ടലിന്റെ പേരു പറഞ്ഞ് പലരിൽ നിന്നും ഷെയർ വാങ്ങുന്നതായും ആരോപണം ഉയർന്നിരുന്നു.

കള്ളന്റെ സംവിധാനം പൊലീസ്!

കള്ളനെ നായകനാക്കി പൊലീസുകാരൻ സിനിമ സംവിധാനം ചെയ്ത അപൂർവ കഥകൂടിയുണ്ട് പ്രവീണിന്റെ ജീവിതത്തിൽ. റാണ നായകനായ ചോരൻ സിനിമ സംവിധാനം ചെയ്തത് തൃശൂർ റൂറൽ പൊലീസിലെ എഎസ്ഐ ആയ സാന്റോ തട്ടിലാണ്. ബിഗ് ബോസ് മലയാളം സീസൺ 3 ഫെയിം രമ്യ പണിക്കറായിരുന്നു ചിത്രത്തിലെ നായിക. സിനിമ പുറത്തുവന്നതിന് പിന്നാലെ റൂറൽ പൊലീസ് ആസ്ഥാനത്തുനിന്നും സാന്റേയെ സ്ഥലം മാറ്റി.

നന്മ നിറഞ്ഞ കള്ളന്റെ കഥയായിരുന്നു ചോരൻ. പരിചയമില്ലാത്ത സ്ഥലത്ത് അസമയത്ത് വന്നുപെടുകയും അവിടെ കാണുന്ന തിന്മകൾക്കെതിരെ പോരാടുകയും ചെയ്യുന്ന ഒരു കള്ളന്റെ കഥയായിരുന്നു അത്. നവംബർ 24-ന് ആരംഭിച്ച ഷൂട്ടിങ് രാത്രികളിൽ മാത്രമായി തുടർച്ചയായ പതിനഞ്ചു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ഇതിവൃത്തത്തിനിണങ്ങുന്ന ഡാർക്ക് മോഡ് ഉടനീളം നിലനിർത്തി. ഇന്ത്യയിൽത്തന്നെ ആദ്യമായിരിക്കും ഉടനീളം രാത്രി മാത്രം ഒരു സിനിമ ചിത്രീകരിച്ചിട്ടുണ്ടാവുകയെന്നായിരുന്നു അണിയറക്കാരുടെ അവകാശവാദം.

ഇന്ദ്രൻസ്, മണികണ്ഠൻ എന്നിവർക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിച്ച് ഡോ. പ്രവീൺ റാണ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന ത്രില്ലർ ചിത്രം അനാൻ എന്ന ചിത്രത്തെക്കുറിച്ചും അനൗൺസ്മെന്റ് ഉണ്ടായി.

വിരമിച്ച ചില ഉന്നത പൊലീസുകാരും റാണയ്ക്കൊപ്പം ജീവനക്കാരായി സേവനം അനുഷ്ഠിച്ചിരുന്നു. വിജിലൻസ് ഓഫീസർമാർ എന്ന പദവിയിലാണ് ഇവർ പ്രവീണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്ത് വന്നിരുന്നത്. പരാതികളുമായി എത്തുന്ന നിക്ഷേപരെ കൈകാര്യം ചെയ്യുന്നത് ഇവരായിരുന്നു. ഇത് മാത്രമല്ല, പൊലീസ് സ്റ്റേഷനുകളിലെത്തുന്ന പരാതികൾ ഒത്തുതീർപ്പാക്കുന്നതിലും ഇവർക്ക് പങ്കുണ്ടായിരുന്നു.പൊലീസിലെ ഉന്നത സ്വാധീനം റാണയ്ക്ക് കവചമായി നിന്നെന്ന പരാതിക്കാരുടെ വാക്കുകൾ ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. മോൺസന്റെ കാര്യത്തിലെന്നപോലെ, പ്രവീൺ റാണയുടെ ഇടപാടുകളിലും തട്ടിപ്പുണ്ടെന്ന് ഒരു കൊല്ലം മുമ്പ് തന്നെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോട്ടുണ്ടായിരുന്നു. പക്ഷേ റാണയ്‌ക്കെതിരെ കൂട്ടപ്പരാതികളെത്തുംവരെ പൊലീസ് അനങ്ങിയിരുന്നില്ല. അങ്ങനെയാണെങ്കിൽ എത്രയോ ആളുകളെ അവർക്ക് തട്ടിപ്പിൽനിന്ന് രക്ഷിക്കാമായിരുന്നു.


സ്വന്തമായി രാഷ്ട്രീയ പാർട്ടി

സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയ കഥയും റാണക്ക് പറയാനുണ്ട്.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രവീൺ മത്സരിച്ചിരുന്നു. ആയിരത്തിലധികം വോട്ടുകൾ നേടി. ഇതിന്റെ തുടർച്ചയെന്ന നിലയിലായിരുന്നു റോയൽ ഇന്ത്യ പീപ്ൾസ് എന്ന രാഷ്ട്രീയ പാർട്ടി രൂപവത്കരണത്തിലേക്ക് കടന്നത്. രാജ്യത്തെ മണി പവറിനും മസിൽ പവറിനും എതിരായ കൂട്ടായ്മ എന്ന പേരിലായിരുന്നു പാർട്ടി രൂപവത്കരണം.
നിലവിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നതോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുമെന്നും പട്ടിണിയില്ലാതാക്കുമെന്നും തുടങ്ങി സമൂഹ മാധ്യമങ്ങളിൽ വമ്പൻ വാഗ്ദാനങ്ങൾ നൽകി.

അതേസമയം റാണെ തെരഞ്ഞെടുപ്പ് കമീഷനെയും കബളിപ്പിച്ചുവെന്ന വിവരങ്ങളും പുറത്തുവന്നു. നാലുവർഷംകൊണ്ട് 100 കോടിയുടെ തട്ടിപ്പ് നടത്തിയ റാണെ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ രേഖകളനുസരിച്ച് ദരിദ്രനാണ്. ബാങ്കിൽ സ്വന്തമായുള്ളത് അഞ്ചുലക്ഷം രൂപ. ഭാര്യയുടെ പേരിൽ ഒരു ലക്ഷം. നയാപൈസയുടെ ഷെയറുകളില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിലുള്ളത്. തനിക്കും ഭാര്യക്കുംകൂടി ആകെയുള്ളത് ഏഴ് പവന്റെ സ്വർണമാണെന്നും രേഖകളിൽ കാണിച്ചിട്ടുണ്ട്്. അതോടൊപ്പം തന്നെ സേഫ് ആൻഡ് സ്‌ട്രോങ് അടക്കം നിരവധി കമ്പനികളുടെ ഡയറക്ടർ സ്ഥാനം വഹിച്ചിരുന്ന റാണ തനിക്ക് കമ്പനിയിൽ ഷെയർ ഇല്ലെന്നും കാട്ടിയിട്ടുണ്ട്. അങ്ങനെ അടിമുടി തട്ടിപ്പും വെട്ടിപ്പും ഉഡായിപ്പുമാണ് റാണയുടെ ജീവിതം.

തട്ടിപ്പ് പൊളിച്ചത് മറുനാടൻ

മോൺസൻ മാവുങ്കലിനെപോലെ മാധ്യമങ്ങളുടെ കൂട്ട് പിടിച്ചാണ് റാണയുടെയും വളർച്ച. മോൺസനെ വെല്ലുന്ന വിധത്തിലാണ് പ്രവീൺ റാണയുടെ തട്ടിപ്പുകളെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയാണ്. നിധി കമ്പനിയുടെ പേരിൽ ഇയാൾ വലിയ തോതിൽ പണപ്പിരിവ് നടത്തിയ വിവരവും നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. ഇതിന്റെ പേരിൽ മറുനാടനും ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയക്കുമെതിരെ വലിയ ഭീഷണികളും ആക്രോശങ്ങളുമായിരുന്നു റാണ ഉയർത്തിയത്. എന്നാൽ മറുനാടൻ തുടർച്ചയായി വാർത്തകൾ ചെയ്യുകയും അത് പൊതുസമൂഹത്തിൽ ചർച്ചയാവുകയും ചെയ്തതോടെ ഏഷ്യാനെറ്റ് ന്യൂസും വിഷയം ഏറ്റെടുത്തു. ഏഷ്യനെറ്റ് റിപ്പോർട്ടർ ജോഷി കുര്യൻ ഇത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകൾ പുറുത്തുവിട്ടു. ഇതോടെയാണ് അവസാനം നിമിഷംവരെ റാണയെ സംരക്ഷിക്കാനിരുന്ന പൊലീസ് കളം മറ്റിയത്.

താൻ ജയിലായാൽ നിങ്ങളുടെ ഒരു പൈസപോലും കിട്ടില്ലെന്ന് പറഞ്ഞായിരുന്നു റാണയുടെ പിന്നീടുള്ള ഭീഷണി. അതോടെ പലരും പരാതി നൽകാൻ മടിച്ചു.പക്ഷേ പീച്ചി സ്വദേശിനി ഹണി തോമസ് നൽകിയ പരാതിയിൽ പ്രവീൺ റാണയ്ക്ക് എതിരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നൽകാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നായിരുന്നു പരാതി. തൃശ്ശൂർ ആദം ബസാറിൽ പ്രവർത്തിക്കുന്ന സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൺസൾട്ടൻസിൽ ഫ്രാഞ്ചൈസിയായി പ്രവർത്തിക്കുന്നതിന് ഒരു ലക്ഷം രൂപ നിക്ഷേപം വാങ്ങി. പ്രതിമാസം രണ്ടായിരം രൂപ സ്റ്റൈപന്റ്, കാലാവധി പൂർത്തിയായാൽ നിക്ഷേപം തിരികെ എന്നായിരുന്നു വാഗ്ദാനങ്ങളിലൊന്ന്. സ്റ്റൈപന്റ് കൈപ്പറ്റിയില്ലെങ്കിൽ അഞ്ച് വർഷം പൂർത്തിയാവുമ്പോൾ ഒരു ലക്ഷത്തിന് പുറമെ രണ്ടര ലക്ഷം രൂപ കൂടി നൽകാമെന്നും പറഞ്ഞ് പറ്റിച്ചെന്നുമാണ് പരാതി. ഇതിൽ കേസ് ആയതോടെ രണ്ടു ഡസനിലേറെപ്പേർ പരാതിയുമായി എത്തി. പരാതിക്കാരുടെ എണ്ണം എത്രയോ കൂടുമെന്നാണ് അറിയുന്നത്. തട്ടിപ്പിന്റെ വ്യാപ്തി 200 കോടി കഴിയുമെന്നാണ് ഇപ്പോൾ അറിയുന്നത്.

ചുരുക്കിപ്പറഞ്ഞാൽ ആർക്കും എത് നിമിഷവും പറ്റിക്കാവുന്ന ഒരു ജനവിഭാഗമായി മലയാളികൾ മാറുകയാണ്. വെറുതെ ബഡായി മാത്രം പറഞ്ഞ് ഒരുത്തൻ ഇരുനൂറ് കോടി അടിച്ചുമാറ്റിയിരിക്കുന്നു!

വാൽക്കഷ്ണം: ആടുതേക്ക് മാഞ്ചിയം തട്ടിപ്പുകാലം തൊട്ട് മലയാളിയെ പറ്റിക്കുന്ന പതിവ് രീതിയാണിത്. ഹിമാലയ സാനുക്കളിൽ വളരുന്ന മാഞ്ചിയം കാണാതെ പെൻഷൻ പൈസ വരെ നിക്ഷേപിച്ചവരാണ് നാം. ലാബെല്ലാ രാജൻ തൊട്ട് ശബരീനാഥിന്റെ ടോട്ടൽ ഫോർ യു വരെയുള്ള എത്രയെത്ര തട്ടിപ്പുകൾ. മോൺസൻ മാവുങ്കൽ ഇങ്ങനെ വിഡ്ഡിയാക്കിയിട്ടും നാം ഒന്നും പഠിച്ചില്ല. ഇങ്ങനെ പോവുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും പറ്റിക്കപ്പെടുന്ന ജനത എന്ന ബഹുമതിയും നമുക്ക് തന്നെ ആയിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP