Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അബ്ദുൾ റഷീദിന് പിന്നാലെ ക്രിമിനൽ പശ്ചാത്തലമുള്ള മറ്റൊരു എസ് പിക്ക് കൂടി ഐപിഎസ് നൽകാൻ കേന്ദ്ര-കേരള സർക്കാരുകളുടെ ഒത്തുപിടി; നാലു നിരപരാധികളെ കൊലക്കേസിൽ കുടുക്കിയ കിഷോർ കുമാറിനും കിട്ടും ഐപിഎസ്; സിപിഎം നേതാവിനോട് ഇറെവറൻസ് കാട്ടിയ ബാസ്റ്റിൻ സാബു കോടതിയുടെ അനുകൂല ഉത്തരവ് ഉണ്ടായിട്ടും പുറത്തിരിക്കും: ഇതാണ് പിണറായി സർക്കാർ

അബ്ദുൾ റഷീദിന് പിന്നാലെ ക്രിമിനൽ പശ്ചാത്തലമുള്ള മറ്റൊരു എസ് പിക്ക് കൂടി ഐപിഎസ് നൽകാൻ കേന്ദ്ര-കേരള സർക്കാരുകളുടെ ഒത്തുപിടി; നാലു നിരപരാധികളെ കൊലക്കേസിൽ കുടുക്കിയ കിഷോർ കുമാറിനും കിട്ടും ഐപിഎസ്; സിപിഎം നേതാവിനോട് ഇറെവറൻസ് കാട്ടിയ ബാസ്റ്റിൻ സാബു കോടതിയുടെ അനുകൂല ഉത്തരവ് ഉണ്ടായിട്ടും പുറത്തിരിക്കും: ഇതാണ് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരു വശത്തു കൂടി പൊലീസിലെ ക്രിമിനലുകളുടെ പട്ടിക പുറത്തു വിടും. ഇവരെ വച്ചു പൊറുപ്പിക്കില്ലെന്ന് മുട്ടിന് മുട്ടിന് പ്രസ്താവന ഇറക്കും. മറുവശത്തുകൂടി ക്രിമിനലുകളെ പൊലീസിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കും. ഇതാണ് പിണറായി സർക്കാർ കേരളാ പൊലീസിൽ ചെയ്യുന്നത്. പത്രപ്രവർത്തകൻ ഉണ്ണിത്താൻ വധശ്രമക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എൻ. അബ്ദുൾ റഷീദിന് ഐപിഎസ് നൽകി 'ബഹുമാനിച്ച' കേന്ദ്ര-കേരളാ സർക്കാർ വീണ്ടും ഒത്തു പിടിക്കുകയാണ് ഇതേ ഗണത്തിൽപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥന് ഐപിഎസ് നൽകാൻ.

നടക്കാത്ത കൊലക്കേസിന്റെ പേരിൽ നാലു നിരപരാധികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ജെ. കിഷോർകുമാർ എന്ന ഉദ്യോഗസ്ഥന് ഐപിഎസ് കിട്ടാൻ വേണ്ടിയുള്ള നീക്കം കൊണ്ടു പിടിച്ചു നടക്കുന്നു. വകുപ്പ് തലത്തിലും കോടതിയിലും ഇയാൾക്ക് ക്ലീൻ ചിറ്റ് നൽകാനുള്ള ശ്രമങ്ങൾ പൂർത്തിയായി കഴിഞ്ഞു. അതേ സമയം, വേറെ യാതൊരു കുഴപ്പവുമില്ലാത്ത, കോടതി ഐപിഎസ് പട്ടികയിൽ ഉൾപ്പെടുത്താൻ ശിപാർശ ചെയ്ത ബാസ്റ്റിൻ സാബു എന്ന എസ്‌പിയെ പ്രാദേശിക സിപിഎം നേതാവിനെ ബഹുമാനിച്ചില്ല എന്ന കാരണം പറഞ്ഞ് പടിക്കു പുറത്താക്കിയിരിക്കുകയാണ്. സർക്കാരിന്റെ വീഴ്ചകൾക്കെതിരേ കോടതിയെ സമിപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചു എന്നത് മാത്രമാണ് ഈ ഉദ്യോഗസ്ഥനെതിരായ നീക്കത്തിന് പിന്നിൽ.

ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി എൻ. അബ്ദുൾ റഷീദിന് ഐപിഎസ് നൽകിയതിന് എതിരായ ഹർജി ജനുവരി ആറിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ പരിഗണനയ്ക്ക് വച്ചിരുന്നു. ഈ കേസിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഹാജരാകേണ്ടത് യുപിഎസ്‌സി സ്റ്റാൻഡിങ് കോൺസൽ അഡ്വ. തോമസ് മാത്യു നെല്ലിമൂട്ടിൽ ആയിരുന്നു. ഇതേ ദിവസം തന്നെ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ (ക്യാറ്റ്) ജെ. കിഷോർ കുമാർ തനിക്ക് ഐപിഎസിന് അർഹതയുണ്ടെന്ന് കാട്ടി നൽകിയ ഹർജിയും പരിഗണനയിലുണ്ടായിരുന്നു. ഇവിടെയും തോമസ് മാത്യു നെല്ലിമൂട്ടിൽ ആയിരുന്നു ഹാജരാകേണ്ടിയിരുന്നത്. ചീഫ് ജസ്റ്റിന്റെ പരിഗണനയിലുള്ള കേസിന് അവധി നൽകി ക്യാറ്റിൽ ഹാജരാവുകയാണ് യുപിഎസ്‌സി സ്റ്റാൻഡിങ് കോൺസൽ ചെയ്തത്.

എന്തു വില കൊടുത്തും കിഷോറിന് ഐപിഎസ് വാങ്ങി നൽകുക എന്ന അജണ്ടയുടെ ഭാഗമായിരുന്നു ഇതെന്ന് ഇവർക്ക് എല്ലാം എതിരേ വിവിധ കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടുള്ള മുതിർന്ന പത്രപ്രവർത്തകൻ ജി. വിപിനൻ പറയുന്നു. കിഷോർ കുമാറിന് ഐപിഎസ് കിട്ടിയാൽ ബാസ്റ്റിൻ സാബു എന്ന അർഹതപ്പെട്ട ഉദ്യോഗസ്ഥൻ പുറത്തു നിൽക്കും. റഷീദ് അടക്കമുള്ള പൊലീസ് സേനയിലെ ക്രിമിനലുകൾക്ക് വേണ്ടി വഴി വിട്ടു പ്രവർത്തിക്കുന്ന തോമസ് മാത്യു നെല്ലിമൂട്ടിലിനെതിരേ ജി. വിപിനൻ നൽകിയ പരാതിയിൽ കേന്ദ്രവിജിലൻസും എൻഫോഴ്സ്മെന്റും അന്വേഷണം നടത്തി വരികയാണ്.

1996 മുതൽ ഇപ്പോൾ വരെ ഇയാൾ യു.പി.എസ്.സി സ്റ്റാൻഡിങ് കോൺസൽ ആയി നില കൊള്ളുന്നു. കേന്ദ്രം ഭരിക്കുന്നത് ആരായാലും തോമസ് മാത്യുവിന്റെ കോൺസൽ സ്ഥാനത്തിന് ഇളക്കം തട്ടില്ല എന്നതാണ് ശ്രദ്ധേയം. ഇയാൾക്കെതിരേ ബിജെപി അനുഭാവികളായ അഭിഭാഷകർ നിരവധി തവണ പരാതി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾക്ക് നൽകിയിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല.

കിഷോർ കുമാർ നാലു നിരപരാധികളെ കേസിൽ കുടുക്കിയത് ഇങ്ങനെ:

2001 ജൂൺ നാലിന് പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുന്നു. സൂരൂർ എന്ന ചെറുപ്പക്കാരനെ കാണാനില്ല. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് തുമ്പൊന്നുമില്ലാതെ വന്നപ്പോൾ 2003 ൽ ഈ തിരോധാന കേസ് ക്രൈംബ്രാഞ്ചിന്റെ നരഹത്യാ വിഭാഗത്തിന് കൈമാറുന്നു. 2008 സെപ്റ്റംബർ മൂന്നിന് ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പിയായ ജെ. കിഷോർ കുമാർ ഏറ്റെടുക്കുന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. 2001 ഫെബ്രുവരി 15 ന് പെരുമ്പടപ്പ് പൊലീസ് രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണക്കേസിൽ കാണപ്പെട്ട മൃതദേഹം സുരൂരിന്റെയാണെന്ന് കിഷോർ കുമാർ ഉറപ്പിക്കുന്നു. നാലു പേർ ചേർന്ന് സുരൂരിനെ വകവരുത്തിയെന്ന് പറഞ്ഞ് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇനിയാണ് ട്വിസ്റ്റ് കിഷോറിന് ശേഷം ഡിവൈ.എസ്‌പിയായി വന്ന മുരളീധരൻ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മൃതദേഹം സുരൂരിന്റെയല്ലെന്ന് കണ്ടെത്തി. പ്രതികളെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കാൻ കോടതിയിൽ റിപ്പോർട്ടും നൽകി.

അന്വേഷണത്തിൽ ഗുരുതരമായ കൃത്യവിലോപം നടത്തിയ കിഷോർ കുമാർ ഇപ്പോൾ തിരുവനന്തപുരത്ത് സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ എസ്‌പിയാണ്. ഇദ്ദേഹത്തിനെതിരേ ഈ സംഭവത്തിൽ വകുപ്പു തല അന്വേഷണം നടന്നു വരുന്നു.ഈ വിവരം മറച്ചു വച്ച് ഇയാളെ ഐപിഎസിന് പരിഗണിക്കാനുള്ളവരുടെ പട്ടികയിലും കയറ്റി. സകല സഹായവും സർക്കാർ ചെയ്തു കൊടുത്തു. ഐപിഎസ് പടിവാതിലിൽ എത്തി നിൽക്കുന്ന സമയത്താണ് ഈ സംഭവത്തിൽ ഇയാൾക്കെതിരേ കുറ്റാരോപണമെമോ കൊടുക്കുന്നത്. സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് ആ കടമ്പയും കിഷോർ മറികടന്നു. ഇതിനായി സർക്കാർ അഭിഭാഷകർ കൈ അയച്ച് സഹായിക്കുകയും ചെയ്തു.

സുരൂർ തിരോധാനക്കേസ് കൊലപാതകം ആക്കിയത് ഇങ്ങനെ...

സുരൂർ കൊല്ലപ്പെട്ടതാണെന്ന് കിഷോർ കുമാർ ഉറപ്പിച്ചത് നുണ പരിശോധന, സൂപ്പർ ഇമ്പോസിഷൻ എന്നീ ടെസ്റ്റുകൾ നടത്തിയായിരുന്നു. സാഹചര്യത്തെളിവുകളും പരിശോധിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സുരൂറുമായി ബന്ധമുള്ളവരും വിരോധമുള്ളവരുമായ പ്രസാദ്, ബിജോയ്, സുരേഷ്, പ്രകാശ് എന്നിവരെ പ്രതിസ്ഥാനത്ത് ചേർത്ത് അന്വേഷണം നടത്തി. ഒന്നാം പ്രതി പ്രസാദിനെ സെപ്റ്റംബർ 26 നും നാലാം പ്രതി പ്രാശനനെ സെപ്റ്റംബർ 24 നും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ടും മൂന്നും പ്രതികളായ ബിജോയിയും സുരേഷും ഹൈക്കോടതിയിൽ നിന്ന് മുൻകൂർ അറസ്റ്റ് വരിച്ച് ജാമ്യത്തിൽപ്പോയി.

ഈ കേസിൽ കിഷോർ കുമാറിന് പിന്നീട് അന്വേഷണം നടത്തിയ ഡിവൈ.എസ്‌പി കെ.വി. സന്തോഷ് മരിച്ചത് സുരൂർ തന്നെയെന്ന് നിസംശയം ഉറപ്പു വരുത്തുന്നതിന് തലയോട്ടി 2014 ഫെബ്രുവരി 12 ന് ഓടോൺടോളജി ടെസ്റ്റ് നടത്തുന്നതിനായി കൊച്ചി എഐഐഎംഎസിൽ അയച്ചു കൊടുത്തു. അതിന്റെ ഫലം മരിച്ചത് ഏകദേശം 37 വയസ് തോന്നിക്കുയാളെന്നായിരുന്നു. കൂടുതൽ വ്യക്തത വരുത്തുന്നതിനായി സുരൂരിന്റെ തലയോട്ടിയും ഉമ്മയുടെ രക്തവും ഡിഎൻഎ പരിശോധന നടത്തുന്നതിനായി സിഡിഎഫ്ഡിയിലേക്ക് അയച്ചു. ഡിഎൻഎ തമ്മിൽ സാമ്യമില്ലെന്നായിരുന്നു പരിശോധനാ ഫലം. ഇതോടെ കിഷോർ കുമാർ അറസ്റ്റ് ചെയ്ത നാലു പ്രതികളും നിരപരാധികളാണെന്ന് തെളിഞ്ഞു.

കിഷോർ എഴുതിയ കേസ് പ്രകാരം 2001 ഫെബ്രുവരി ആറിന് രാത്രി പത്തരയോടെ രണ്ടും നാലും പ്രതികൾ ചേർന്ന് സുരൂറിനെ കൊലപ്പെടുത്തി മാറാഞ്ചേരി ഭാഗത്തെ് വെള്ളക്കെട്ടിൽ കൊണ്ടു ചെന്നിട്ടു എന്നാണ്. എന്നാൽ, പ്രാഥമികാന്വേഷണ വേളയിൽ സുരുറിന്റെ അമ്മ ഐഷ നൽകിയ മൊഴി ആറിന് രാത്രി 10.30 നാണ് സുരൂർ പുറത്തു പോയതെന്നും എട്ടിന് ഇയാൾ വിളിച്ച് വാഹനത്തിന്റെ കാര്യത്തിനായി സേലത്താണ് നിൽക്കുന്നതെന്നും കുറച്ചു ദിവസത്തിന് ശേഷം തിരികെ വരുമെന്നുമാണ്. ഈ മൊഴികൾ പരിശോധിക്കാതെയായിരുന്നു കിഷോർ നാലു പേരെ പ്രതികളാക്കിയത്.

മാറാഞ്ചേരിയിലെ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഒരു വർഷത്തിന് ശേഷം കണ്ടെടുത്ത പാന്റും ഷർട്ടും സുരൂരിന്റേതാണെന്ന് അമ്മ ഐഷ സ്ഥിരീകരിച്ചുവെന്നാണ് കിഷോറിന്റെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇക്കാര്യത്തിലും കിഷോർ വ്യക്തമായ അന്വേഷണം നടത്തിയില്ല. ഈ ട്രൗസറും ഷർട്ടും സുരൂരിന്റേതല്ലെന്ന് താൻ നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നുവെന്ന് ഐഷ പിന്നീട് അറിയിച്ചു. ലോക്കൽ പൊലീസ് മുന്നോട്ടു വച്ച തെളിവ് കിഷോർ പരിശോധിച്ചില്ല. ഇങ്ങനെ അന്വേഷണത്തിൽ പരമപ്രധാനമായ ഏഴോളം സംഗതികൾ വേണ്ട രീതിയിൽ പരിശോധിക്കാതെയായിരുന്നു കിഷോറിന്റെ അന്വേഷണം. ലോക്കൽ പൊലീസും മുൻഗാമികളും നടത്തിയ അന്വേഷണത്തിൽ കൂടുതൽ വ്യക്തത വരുത്താതെ അവയെ അടിസ്ഥാനമാക്കി റിപ്പോർട്ട് തയാറാക്കി നാലു നിരപരാധികളെ പ്രതികളാക്കി തന്റെ ജോലി എളുപ്പം തീർക്കുകയായിരുന്നു ഡിവൈ.എസ്‌പി എന്നാണ് കുറ്റാരോപണ മെമോയിൽ പറയുന്നത്.

ഈ കുറ്റാരോപണ മെമോയിൽ അന്വേഷണം നടക്കുന്നതിനാൽ ഏറ്റവും അവസാനം ഇറങ്ങിയ ഐപിഎസ് പട്ടികയിൽ പേരുണ്ടായിട്ടും നിയമനം വിജ്ഞാപനം ചെയ്തില്ല. ആദ്യം ഇറങ്ങിയ പട്ടികയിൽ കിഷോറിന്റെ പേരിന് നേർക്ക് നക്ഷത്ര ചിഹ്നം ഇട്ട് വകുപ്പുതല അന്വേഷണം പൂർത്തീകരിക്കുന്ന മുറയ്ക്ക് പരിഗണിക്കാമെന്നുണ്ടായിരുന്നു. മിനുട്ടുകൾക്ക് അകം ഈ ഉത്തരവ് തിരുത്തി കിഷോറിനെ പൂർണമായും ഒഴിവാക്കിയുള്ള പട്ടിക ഇറക്കി. നിലവിൽ കുറ്റാരോപണ മെമോയിലുള്ള അന്വേഷണം പൂർത്തിയായെന്നും കിഷോറിന് ഐപിഎസ് നൽകാമെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് ക്യാറ്റിനെ അറിയിച്ചുവെന്നാണ് പറയുന്നത്.

ബാസ്റ്റിൻ സാബു അൺഫിറ്റായത് ഇങ്ങനെ..

2006 ൽ പയ്യോളി സ്റ്റേഷനിൽ ഇൻസ്പെക്ടർ ആയിരുന്ന ബാസ്റ്റിൻ സാബു കേസുമായി ബന്ധപ്പെട്ട് വന്ന സിപിഎം പ്രാദേശിക നേതാവിനോട് മോശമായി പെരുമാറിയത്രേ. നേതാവിനെ അസഭ്യം വിളിക്കുകയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. നേതാവ് അക്കാലത്തെ വൈദ്യുതി മന്ത്രിക്ക് ഇതു സംബന്ധിച്ച് പരാതി നൽകി. അദ്ദേഹം അത് മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചത് പ്രകാരം കോഴിക്കോട് റൂറൽ എസ്‌പി ബാസ്റ്റിൻ സാബുവിനെതിരേ അന്വേഷണം നടത്തി. വകുപ്പുതല നടപടിക്ക് ശിപാർശ ചെയ്ത് റിപ്പോർട്ടും സമർപ്പിച്ചു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാസ്റ്റിനെതിരേ തുടരന്വേഷണത്തിന് ഉത്തരമേഖലാ ഐജി നിർദ്ദേശിച്ചു. അന്വേഷണത്തിൽ ബാസ്റ്റിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തി. ബാസ്റ്റിന്റെ ഇൻക്രിമെന്റ് ഒരു വർഷത്തേക്ക് തടഞ്ഞു കൊണ്ട് നടപടി വന്നു. ഇതേ സമയം തന്നെ സർക്കാരിനും ബാസ്റ്റിനെതിരായ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ ഒരു വാച്യാന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഉത്തരമേഖലാ ഐജി ഇതു സംബന്ധിച്ച് അന്വേഷണം പൂർത്തിയാക്കിയതും നടപടി എടുത്തതും അറിയാതെയായിരുന്നു സർക്കാരിന്റെ നടപടി ക്രമം.

സർക്കാർ തലത്തിലുള്ള അന്വേഷണ ഉത്തരവ് കിട്ടിയതിന് പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ബാസ്റ്റിനെതിരേ ചുമത്തിയ നടപടി ക്രമങ്ങൾ റദ്ദാക്കാൻ ഉത്തരമേഖലാ ഐജിയോട് നിർദ്ദേശിച്ചു. ഇതിൻ പ്രകാരം ഐജി ആ നടപടി ക്രമങ്ങൾ റദ്ദാക്കുകയും ചെയ്തു. ഈ വിവരം സംസ്ഥാന പൊലീസ് മേധാവി സർക്കാരിനെ അറിയിച്ചതുമില്ല.

ഐപിഎസിന് പരിഗണിക്കപ്പെടുമെന്ന് അറിയാമായിരുന്ന ബാസ്റ്റിൻ സാബു, 2006 ലെ തനിക്കെതിരായ സർക്കാരിന്റെ അച്ചടക്ക നടപടി (വാച്യാന്വേഷണ ഉത്തരവ്) അതിനൊരു തടസമാകാതിരിക്കാൻ ആ നടപടി ക്രമങ്ങൾ കാൻസൽ ചെയ്യുന്നതിന് വേണ്ടി 2016 ൽ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സർക്കാരിന്റെ വാച്യാന്വേഷണം റദ്ദാക്കി. ഇതോടെ ബാസ്റ്റിനെതിരായ രണ്ട് അന്വേഷണങ്ങളും റദ്ദായി. ആദ്യത്തേത് നോർത്ത് സോൺ ഐജി നടത്തിയ അന്വേഷണം ഡിജിപിയുടെ നിർദ്ദേശ പ്രകാരം 2006 ൽ തന്നെ റദ്ദാക്കപ്പെട്ടു. രണ്ടാമത്തേതത് സർക്കാർ ഉത്തരവിട്ട വാച്യാന്വേഷണം 2016 ലെ ഹൈക്കോടതി വിധി പ്രകാരവും റദ്ദാക്കപ്പെട്ടു.

അതിന് ശേഷം, ഉത്തരമേഖലാ ഐജിയുടെ 2006 ലെ അന്വേഷണത്തിൽ തനിക്കെതിരായി ശിപാർശ ചെയ്ത നടപടികളെ കുറിച്ചുള്ള പരാമർശം ഒഴിവാക്കി കിട്ടാൻ വേണ്ടി ബാസ്റ്റിൻ സാബു സർക്കാരിൽ അപേക്ഷ നൽകി. രണ്ട് അച്ചടക്ക നടപടികളും റദ്ദാക്കപ്പെട്ടുവെങ്കിലും ഈ ഉദ്യോഗസ്ഥനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയത് നിലനിൽക്കുന്നുവെന്ന് മനസിലാക്കിയ സർക്കാർ 2006 ലെ ഉത്തരമേഖലാ ഐജിയുടെ അച്ചടക്ക നടപടി പുനഃസ്ഥാപിച്ചു. ഒരു വർഷത്തെ ശമ്പള വർധനവ് തടഞ്ഞു കൊണ്ടുള്ള ഉത്തരവ് പുനഃസ്ഥാപിച്ചതോടെ അധിക ശമ്പളമായി കൈപ്പറ്റിയ 5016 രൂപ തിരികെ അടയ്ക്കാൻ ബാസ്റ്റിനോട് നിർദ്ദേശിച്ചു. 2021 മാർച്ച് 12 ന് ബാസ്റ്റിൻ പണം അടച്ചു.

കുഴപ്പം തന്റെയല്ല...ബാസ്റ്റിൻ ക്യാറ്റിൽ

സർക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെയും ഭാഗത്ത് നിന്ന് വന്ന വീഴ്ചയുടെ പേരിൽ തന്നെ ക്രൂശിക്കരുതെന്നും ഐപിഎസ് ലിസ്റ്റിൽ പരിഗണിക്കണമെന്നും കാട്ടി ബാസ്റ്റിൻ സാബു സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ (ക്യാറ്റ്) സമീപിച്ചതോടെ കളി മാറി. ഹർജി പരിഗണിച്ച ക്യാറ്റ് ബാസ്റ്റിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. മറ്റ് തടസമില്ലെങ്കിൽ ബാസ്റ്റിനെ പരിഗണിക്കണം. അല്ലെങ്കിൽ അയാൾക്കുള്ള ഒരു തസ്തിക നീക്കി വച്ചിട്ട് നിയമനം നടത്തണമെന്നും ഉത്തരവിട്ടു.

യുപിഎസ്‌സി സ്റ്റാൻഡിങ് കോൺസലിന്റെ ഉരുണ്ടു കളി

ക്യാറ്റിനെ സമീപിച്ചത് ബാസ്റ്റിൻ സാബു മാത്രമായിരുന്നില്ല. എൻ. അബ്ദുൾ റഷീദ്, ജെ. കിഷോർ കുമാർ എന്നിവരും ഉണ്ടായിരുന്നു. യുപിഎസ്‌സി സ്റ്റാൻഡിങ് കോൺസൽ ആയ അഡ്വ. തോമസ് മാത്യു നെല്ലിമുട്ടിൽ ക്യാറ്റിൽ ബാസ്റ്റിന്റെ ഹർജിയിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. അതേ സമയം, കിഷോർ കുമാറിനും അബ്ദുൾ റഷീദിനും അനുകൂലമായ നിലപാട് എടുക്കുകയും ചെയ്തു. ഇതേ നിലപാട് കേരളത്തിൽ നിന്നുള്ള സെലക്ഷൻ കമ്മറ്റിയംഗങ്ങളും സ്വീകരിച്ചതാണ് റഷീദിന് ഐപിഎസ് കിട്ടാൻ കാരണമായത്. ക്യാറ്റ് പറഞ്ഞിട്ടും ബാസ്റ്റിൻ സാബുവിന് ഐപിഎസ് കൊടുത്തിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP