Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിക്ഷേപ തട്ടിപ്പുകേസ് പ്രതി പ്രവീൺ റാണ പൊലീസിനെ കബളിപ്പിച്ച് ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെട്ടു; പൊലീസ് എത്തുമ്പോൾ റാണ ഫ്‌ളാറ്റിൽ; പരിശോധനകൾക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോൾ റാണ മറ്റൊരു ലിഫ്റ്റിൽ കയറി രക്ഷപെട്ടു; റാണെയുടെ നാല് വാഹനങ്ങൾ പിടിച്ചെടുത്തു അന്വേഷണ സംഘം; സാമ്പത്തിക തട്ടിപ്പു വീരൻ തെരഞ്ഞെടുപ്പ് കമീഷനെയും കബളിപ്പിച്ചു

നിക്ഷേപ തട്ടിപ്പുകേസ് പ്രതി പ്രവീൺ റാണ പൊലീസിനെ കബളിപ്പിച്ച് ഫ്‌ളാറ്റിൽ നിന്ന് രക്ഷപ്പെട്ടു; പൊലീസ് എത്തുമ്പോൾ റാണ ഫ്‌ളാറ്റിൽ; പരിശോധനകൾക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോൾ റാണ മറ്റൊരു ലിഫ്റ്റിൽ കയറി രക്ഷപെട്ടു; റാണെയുടെ നാല് വാഹനങ്ങൾ പിടിച്ചെടുത്തു അന്വേഷണ സംഘം; സാമ്പത്തിക തട്ടിപ്പു വീരൻ തെരഞ്ഞെടുപ്പ് കമീഷനെയും കബളിപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പുകേസ് പ്രതി പ്രവീൺ റാണ പൊലീസുമായുള്ള ഒളിച്ചുകളി തുടരുന്നു. പൊലീസിനെ കബളിപ്പിച്ച് കൊച്ചി കലൂരിലെ ഫ്‌ളാറ്റിൽ നിന്ന് റാണെ രക്ഷപ്പെട്ടു. പൊലീസ് മുകളിലേക്ക് കയറിയപ്പോൾ റാണ മറ്റൊരു ലിഫ്റ്റിൽ രക്ഷപ്പെടുകയായിരുന്നു. ഫ്‌ളാറ്റിലുണ്ടായിരുന്ന രണ്ടുകാറുകൾ അടക്കം നാല് വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

കലൂരിലെ ഫ്‌ളാറ്റിൽ നിന്ന് റാണ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു റാണെ. പൊലീസെത്തുമ്പോൾ റാണ ഫ്‌ളാറ്റിലുണ്ടായിരുന്നു. പരിശോധനകൾക്കായി പൊലീസ് മുകളിലേക്ക് കയറിയപ്പോൾ റാണ മറ്റൊരു ലിഫ്റ്റിൽ രക്ഷപെടുകയാണ് ഉണ്ടായത്. ഫ്‌ളാറ്റിലുണ്ടായിരുന്ന കാറുകളാണ് പൊലീസ് പിടിച്ചെടുത്തത്.

പ്രവീൺ റാണയെന്ന പ്രവീൺ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. 'സേഫ് ആൻഡ് സ്‌ട്രോങ്ങ് നിധി' എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളിൽ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. ഫ്രാഞ്ചൈസിയിൽ ചേർന്നാൽ നാൽപ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുമ്പോൾ മുതലും തിരികെ ലഭിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു നിക്ഷേപകർ വീണത്.

അതിശയിക്കുന്ന വേഗത്തിൽ വളർന്ന തട്ടിപ്പുകാരനാണ് പ്രവീൺ. തൃശൂരിലെ സ്വകാര്യ എഞ്ചിനിയറിങ് കോളെജിൽ നിന്ന് ബിടെക് ബിരുദം നേടിയ ശേഷം പത്തുകൊല്ലം മുമ്പാണ് നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ് തുടങ്ങുന്നത്. മെല്ലെ മെല്ലെയത് സേഫ് ആൻഡ് സ്‌ട്രോങ്ങ് നിധിയെന്ന സാമ്പത്തിക സ്ഥാപനമായി രൂപം മാറി. തൃശൂർ, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. നൂറിലേറെ ജീവനക്കാരാണ് അവിടെ പ്രവർത്തിക്കുന്നത്. ഹോട്ടൽ ആൻഡ് ടൂറിസം മേഖലയിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് നിക്ഷേപം സ്വീകരിച്ചത്. നിധിയിലെ നിക്ഷേപത്തിന് പലിശ പന്ത്രണ്ട് ശതമാനമായിരുന്നു.

എന്നാൽ നിക്ഷേപകർക്കായി ഫ്രാഞ്ചൈസി എന്ന മറ്റൊരു തേൻകെണി റാണ ഒരുക്കിയിരുന്നു. കമ്പനിയുടെ ഫ്രാഞ്ചൈസിയിൽ അംഗമാകാം. നാൽപ്പത്തിയെട്ട് ശതമാനം വരെ പലിശ നൽകുമെന്നായിരുന്നു വാഗ്ധാനം. കാലാവധി തീര്ന്നാൽ മുതലും മടക്കി നൽകും. തുടക്കത്തിൽ പലിശ മുടക്കമില്ലാതെ കിട്ടിയതോടെ നിക്ഷേപകരും ജീവനക്കാരും പരിചയത്തിലുള്ളവരെയെല്ലാം റാണയുടെ ഫ്രാഞ്ചൈസിയിൽ നിക്ഷേപകരാക്കി. ഇതോടെ വമ്പൻ പ്രചരണങ്ങളും പരസ്യങ്ങളുമായി റാണ അരങ്ങ് കൊഴുപ്പിച്ചു. പൂണെയിലും കൊച്ചിയിലും ഡാൻസ് ബാറുകളും തുടങ്ങി. കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നവർക്ക് വമ്പൻ സമ്മാനങ്ങളും നൽകി.

പൊലീസുകാരുമായും ഉന്നത രാഷ്ട്രീയക്കാരുമായും ബന്ധങ്ങളുണ്ടാക്കി. റാണയുടെ പരിപാടികൾക്കായി ഉന്നത സ്ഥാനത്തിരിക്കുന്നവർ നിരന്നെത്തി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്വതന്ത്രനായി മത്സരിച്ച റാണ ആയിരം വോട്ടും നേടി. സിനിമയിലും ഒരു കൈ നോക്കി. ചോരൻ എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയിലെ നായകനും റാണയായിരുന്നു.

അതേസമയം റാണെ തെരഞ്ഞെടുപ്പ് കമീഷനെയും കബളിപ്പിച്ചുവെന്ന വിവരങ്ങളും പുറത്തുവന്നു. കോടികളുടെ തട്ടിപ്പ് നടത്തിയ ഇയാൾ കഴിഞ്ഞ ഏപ്രിലിലാണ് റോയൽ ഇന്ത്യ പീപ്ൾസ് എന്ന പാർട്ടി രൂപവത്കരിച്ചത്. രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചതിന്റെ രേഖകൾ പുറത്തുവന്നു. രാജ്യത്തെ മണി പവറിനും മസിൽ പവറിനും എതിരായ കൂട്ടായ്മ എന്ന പേരിലായിരുന്നു പാർട്ടി രൂപവത്കരണം.

നാലുവർഷംകൊണ്ട് 100 കോടിയുടെ തട്ടിപ്പ് നടത്തിയ റാണെ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ രേഖകളനുസരിച്ച് ദരിദ്രനാണ്. ബാങ്കിൽ സ്വന്തമായുള്ളത് അഞ്ചുലക്ഷം രൂപ. ഭാര്യയുടെ പേരിൽ ഒരു ലക്ഷം. നയാപൈസയുടെ ഷെയറുകളില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിലുള്ളത്. തനിക്കും ഭാര്യക്കുംകൂടി ആകെയുള്ളത് ഏഴ് പവന്റെ സ്വർണമാണെന്നും രേഖകളിൽ കാണിച്ചിട്ടുണ്ട്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രവീൺ മത്സരിച്ചിരുന്നു. ആയിരത്തിലധികം വോട്ടുകൾ നേടി. ഇതിന്റെ തുടർച്ചയെന്ന നിലയിലായിരുന്നു രാഷ്ട്രീയ പാർട്ടി രൂപവത്കരണത്തിലേക്ക് കടന്നത്. നിലവിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നതോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുമെന്നും പട്ടിണിയില്ലാതാക്കുമെന്നും തുടങ്ങി സമൂഹ മാധ്യമങ്ങളിൽ ആളെ കുരുക്കിലാക്കുന്ന വമ്പൻ വാഗ്ദാനങ്ങൾ നൽകി. ഉന്നത രാഷ്ട്രീയ -ഉദ്യോഗസ്ഥ ബന്ധങ്ങളുള്ള റാണെയുടേത് ആർഭാട ജീവിതമായിരുന്നു.

ചാനലുകളിൽ സ്ലോട്ടെടുത്ത് സ്വന്തം പ്രമോഷന് വേണ്ടി പരിപാടികൾ അവതരിപ്പിക്കുകയും പരസ്യങ്ങൾ നൽകുകയും ചെയ്ത ഇയാൾ അവാർഡ് പരിപാടികളും സംഘടിപ്പിച്ചിരുന്നു. ബിസിനസിലും സിനിമയിലും താരമായി സ്വയം അവരോധിച്ച റാണെ രാഷ്ട്രീയത്തിലും ഒരു കൈ പയറ്റാനായിരുന്നു ശ്രമം. സംഘടനശക്തി തെളിയിച്ചാൽ രാഷ്ട്രീയ ബന്ധങ്ങളിലൂടെ തനിക്കെതിരായ ഏത് നീക്കത്തെയും തടുക്കാമെന്നും റാണെ കണക്കുകൂട്ടി. ഇതിന്റെ ഭാഗമായി വിവാഹ ചടങ്ങിലും വിവിധ പരിപാടികളിലും മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയെത്തിച്ച് വിശ്വാസം നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP