Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരുത്തരായ മിസോറമിനെ ഗോൾമഴയിൽ മുക്കി; കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ; ജയം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; ഇരട്ട ഗോളുമായി നരേഷ് ഭാഗ്യനാഥൻ; വലചലിപ്പിച്ച് നിജോ ഗിൽബർട്ടും ഗിഫ്റ്റി ഗ്രേഷ്യസും വിശാഖും

കരുത്തരായ മിസോറമിനെ ഗോൾമഴയിൽ മുക്കി; കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ; ജയം ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; ഇരട്ട ഗോളുമായി നരേഷ് ഭാഗ്യനാഥൻ; വലചലിപ്പിച്ച് നിജോ ഗിൽബർട്ടും ഗിഫ്റ്റി ഗ്രേഷ്യസും വിശാഖും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കരുത്തരായ മിസോറമിനെ ഗോൾമഴയിൽ മുക്കി നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന നിർണായക മത്സരത്തിൽ മിസോറമിനെ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് തകർത്താണ് കേരളം ഫൈനൽ റൗണ്ടിൽ സ്ഥാനമുറപ്പിച്ചത്. കേരളത്തിനായി നരേഷ് ഭാഗ്യനാഥൻ ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനൻ എന്നിവരും വലകുലുക്കി. മിസോറമിനായി മൽസംഫെല ആശ്വാസ ഗോൾ കണ്ടെത്തി.

ഗ്രൂപ്പ് രണ്ടിലെ ജേതാക്കളായാണ് കേരളം ഫൈനൽ റൗണ്ടിൽ പ്രവേശിച്ചത്. അഞ്ച് മത്സരങ്ങളും വിജയിച്ച കേരളം ആകെ അടിച്ചുകൂട്ടിയത് 24 ഗോളുകളാണ്. വഴങ്ങിയതോ വെറും രണ്ട് ഗോൾ മാത്രം. ആറാം മിനിറ്റിൽ തന്നെ മിസോറം കേരളത്തിന് ഭീഷണിയുയർത്തി. ആറാം മിനിറ്റിൽ മിസോറമിന്റെ മികച്ച ഒരു ഷോട്ട് കേരളത്തിന്റെ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 12-ാം മിനിറ്റിൽ കേരളത്തിന്റെ ഉഗ്രൻ ഷോട്ട് മിസോറാം ഗോൾകീപ്പർ തട്ടിയകറ്റി. 27-ാം മിനിറ്റിൽ കേരളത്തിന്റെ വിഘ്നേഷിന്റെ ഗോളെന്നുറച്ച ഷോട്ട് ചെറിയ വ്യത്യാസത്തിന് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

മുപ്പതാം മിനിറ്റിൽ കേരളം മിസോറമിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ചു. നരേഷ് ഭാഗ്യനാഥനാണ് ടീമിനായി ലക്ഷ്യം കണ്ടത്. നിരന്തരം ആക്രമിച്ച് കളിച്ച കേരളം നരേഷിലൂടെ ഒടുവിൽ ലക്ഷ്യം കണ്ടു. പന്ത് പിടിച്ചെടുക്കുന്നതിൽ മിസോറം ഗോൾകീപ്പർ പിഴവുവരുത്തി. പോസ്റ്റിലേക്ക് വന്ന ഷോട്ട് ക്ലിയർ ചെയ്യുന്നതിൽ പിഴവുവരുത്തിയ ഗോൾകീപ്പറുടെ ദേഹത്ത് തട്ടിയ പന്ത് നേരെയെത്തിയത് നരേഷിന്റെ കാലിലേക്കാണ്. പ്രതിരോധതാരങ്ങളെ കാഴ്ചക്കാരാക്കി നരേഷ് പന്ത് പോസ്റ്റിലേക്ക് അടിച്ചുകയറ്റി ടീമിന് നിർണായക ലീഡ് സമ്മാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരളം വീണ്ടും ലീഡുയർത്തി. ഇത്തവണ സൂപ്പർ താരം നിജോ ഗിൽബർട്ടാണ് കേരളത്തിനായി വലകുലുക്കിയത്. തകർപ്പൻ ഫ്രീകിക്കിലൂടെയാണ് താരം ഗോളടിച്ചത്. ബോക്സിന്റെ പുറത്തുനിന്ന് നിജോയെടുത്ത അത്യുഗ്രൻ ഫ്രീകിക്ക് മിസോറം ഗോൾകീപ്പറെ നിസ്സഹായനാക്കി പോസ്റ്റിന്റെ വലത്തേമൂലയിലേക്ക് പറന്നിറങ്ങി. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണിത്.

65-ാം മിനിറ്റിൽ വീണ്ടും കേരളം ലീഡ് ഉയർത്തി. ഇത്തവണ നരേഷാണ് ലക്ഷ്യം കണ്ടത്. അഞ്ച് പ്രതിരോധതാരങ്ങളെ കബിളിപ്പിച്ചുകൊണ്ട് നരേഷ് തൊടുത്തുവിട്ട ഗ്രൗണ്ടർ ഗോൾകീപ്പറെയും നിസ്സഹായനാക്കി വലയിലെത്തി. നരേഷിന്റെ തകർപ്പൻ ഗോൾ കണ്ട് മിസോറം പ്രതിരോധം അത്ഭുതപ്പെട്ടുനിന്നു. അത്രമേൽ ലോകോത്തര നിലവാരം പുലർത്തിയ ഗോളായിരുന്നു അത്. മത്സരത്തിൽ നരേഷിന്റെ രണ്ടാം ഗോൾ കൂടിയായിരുന്നു ഇത്.

പിന്നാലെ കേരളം മത്സരത്തിലെ നാലാം ഗോളും കണ്ടെത്തി. ഇത്തവണ ഗിഫ്റ്റി ഗ്രേഷ്യസാണ് ടീമിനായി ലക്ഷ്യം കണ്ടത്. 76-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. ശിഥിലമായിക്കിടന്ന മിസോറം പ്രതിരോധപ്പടയുടെ ഇടയിലൂടെ പന്ത് ലഭിച്ച ഗിഫ്റ്റി അനായാസം ലക്ഷ്യം കാണുകയായിരുന്നു.

എന്നാൽ, 80-ാം മിനിറ്റിൽ മിസോറം ഒരു ഗോൾ തിരിച്ചടിച്ചു. മൽസംഫെലയാണ് ടീമിനായി വലകുലുക്കിയത്. പെനാൽറ്റി ബോക്സിന് തൊട്ടുപുറത്തുവെച്ച് ലഭിച്ച ഫ്രീകിക്ക് മൽസംഫെല അനായാസം വലയിലെത്തിച്ചു. താരത്തിന്റെ ഷോട്ട് കേരള പോസ്റ്റിന്റെ ഇടത്തേ മൂലയിൽ ചെന്ന് പതിച്ചു.

ഒരു ഗോൾ നേടിയതിന്റെ ആഘോഷം മിസോറം ക്യാമ്പിൽ അവസാനിക്കും മുൻപ് കേരളം വീണ്ടും ഗോളടിച്ചു. ഇത്തവണ വിശാഖാണ് കേരളത്തിനായി വലകുലുക്കിയത്. റഹീമിന്റെ ക്രോസിന് കൃത്യമായി കാലുവെച്ച വിശാഖ് 85-ാം മിനിറ്റിൽ ലക്ഷ്യം കണ്ട് കേരളത്തിനായി അഞ്ചാം ഗോൾ നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP