Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭഗവൽ സിങ്ങിന്റെ വീട്ടിൽ രണ്ടു കുഴിമാടം കൂടിയുണ്ടെന്ന് നാട്ടുകാർ; മുൻപ് ഇവിടെ നിന്ന് ദുർഗന്ധം വമിച്ചിരുന്നു; പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്നും ആക്ഷേപം; ശംഖു പുഷ്പച്ചെടി പടർന്ന കടകംപള്ളി വീട് അനാഥപ്രേതങ്ങളുടെ ശവപ്പറമ്പോ? ഇലന്തൂർ ഇരട്ടക്കൊലയിൽ ദുരൂഹത തീരുന്നില്ല

ഭഗവൽ സിങ്ങിന്റെ വീട്ടിൽ രണ്ടു കുഴിമാടം കൂടിയുണ്ടെന്ന് നാട്ടുകാർ; മുൻപ് ഇവിടെ നിന്ന് ദുർഗന്ധം വമിച്ചിരുന്നു; പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്നും ആക്ഷേപം; ശംഖു പുഷ്പച്ചെടി പടർന്ന കടകംപള്ളി വീട് അനാഥപ്രേതങ്ങളുടെ ശവപ്പറമ്പോ? ഇലന്തൂർ ഇരട്ടക്കൊലയിൽ ദുരൂഹത തീരുന്നില്ല

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഇരട്ടക്കൊല നടന്നതായി കണ്ടെത്തിയ ഇലന്തൂർ കടകംപള്ളി വീടിന് ചുറ്റും കൂടുതൽ ശവക്കുഴികൾ ഉണ്ടെന്ന് നാട്ടുകാർ. രണ്ടു കുഴികൾ അന്വേഷണ സംഘം പരിശോധിക്കാതെ വിട്ടുവെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടും പരിശോധന ഉണ്ടായിട്ടില്ല.

പത്മയുടെയും റോസിലിന്റെയും മൃതദേഹങ്ങൾ മറവു ചെയ്തതിന് സമാനമായിട്ടുള്ള കുഴിമാടങ്ങൾ ഇവിടെ ഉണ്ടെന്നാണ്് പറയപ്പെടുന്നത്. ഇരട്ടക്കൊലയുടെ അന്വേഷണം നടക്കുന്ന ഘട്ടത്തിൽ തന്നെ ഇവ പൊലീസിന് കാണിച്ചു കൊടുത്തിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതു സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ. വള്ളിപ്പടർപ്പുകൾ മൂടിയ സ്ഥലത്താണ് ഈ കുഴിമാടങ്ങൾ. ഒന്ന് വീട്ടുമുറ്റത്തോട് ചേർന്നാണ്. ഇവിടെ ശംഖുപുഷ്പച്ചെടി പടർന്നിട്ടുണ്ട്.

പത്മയെ കുഴിച്ചിട്ട ഭാഗത്തിന് സമീപത്താണ് രണ്ടാമത്തേത്. നരബലി വെളിച്ചത്തു വരുന്നതിന് മുൻപുതന്നെ ഈ കുഴികളുടെ ഭാഗത്തു നിന്ന് ദുർഗന്ധം വമിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. നരബലി അന്വേഷണം നടക്കുമ്പോൾ പൊലീസ് നായ്ക്കൾ ഈ രണ്ടു സ്ഥലങ്ങളിലും ഏറെനേരം നിന്നിരുന്നു. ഒക്ടോബർ 11 നാണ് ഇരട്ടക്കൊല വിവരം പുറത്തറിയുന്നത്. മൃതദേഹ അവശിഷ്ടങ്ങൾക്കായി തെരച്ചിൽ നടത്തുന്ന സമയത്താണ് മറ്റു രണ്ടു കുഴികളെപ്പറ്റി പൊലീസിന് സൂചന നൽകിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.

സ്ഥലത്തെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഇക്കാര്യം അറിയിച്ചിരുന്നു. പത്മയുടെയും റോസിലിന്റെയും തിരോധാന കേസുകൾ മാത്രമാണ് നിലവിൽ അന്വേഷിക്കുന്നത് എന്നായിരുന്നു അന്ന് പൊലീസിന്റെ മറുപടി. ഇവ പരിശോധിക്കുകയും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്താൽ അതിന് പിന്നാലെ പോകേണ്ടിവരുന്നത് ഒഴിവാക്കാനാണ് പൊലീസ് പരിശോധന നടത്താത്തതെന്നാണ് ആക്ഷേപം. അതേസമയം, വിശദമായി ചോദ്യം ചെയ്തിട്ടും പത്മയെയും റോസിലിനേയും കൊലപ്പെടുത്തിയ വിവരം മാത്രമാണ് പ്രതികൾ വെളിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. മറ്റു പരാതികളും ലഭിച്ചിട്ടില്ല.

ഇലന്തൂർ ആഭിചാരക്കൊലക്കേസിൽ ആദ്യ കുറ്റപത്രം പൊലീസ് കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. തമിഴ്‌നാട്ടുകാരി പത്മയെ കൊന്നകേസിലെ കുറ്റപത്രമാണ് എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി എട്ടിൽ സമർപ്പിച്ചത്. 1600 പേജുള്ള കുറ്റപത്രത്തിൽ 166 സാക്ഷികളും 147 തെളിവുകളും 307 തെളിവുരേഖകളും ഉണ്ട്. സെൻട്രൽ എസിപി സി ജയകുമാർ സമർപ്പിച്ച കുറ്റപത്രത്തിൽ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പറയുന്നു. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഒന്നാംപ്രതി. ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളിൽ ഭഗവൽസിങ് (70), ഭാര്യ ലൈല (66) എന്നിവർ രണ്ടും മൂന്നും പ്രതികളും.

കൊലപാതകം, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, മോഷണം, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സൂത്രധാരനായ ഷാഫിക്ക് ക്രൂരതയിലൂടെയുള്ള ആനന്ദവും പണവുമായിരുന്നു ലക്ഷ്യം. മറ്റു രണ്ട് പ്രതികൾക്ക് സാമ്പത്തിക ഉന്നതിയും ഐശ്വര്യവുമായിരുന്നു ഉന്നം. ആഭിചാരക്കൊല നടത്താൻ നിർദ്ദേശിച്ചത് ഷാഫിയാണെന്നും പത്മയുടെ മാംസം പ്രതികൾ പാകംചെയ്ത് കഴിച്ചതായും കുറ്റപത്രത്തിലുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ, മാംസം പാകം ചെയ്യാനുപയോഗിച്ച പാത്രങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, കവർന്നെടുത്ത ആഭരണങ്ങൾ തുടങ്ങിയവയാണ് പ്രധാന തെളിവുകൾ. സെപ്റ്റംബർ 16നാണ് പത്മയെ കൊലപ്പെടുത്തിയത്. തുടർന്ന് 56 കഷണങ്ങളാക്കി ഭഗവൽസിങ്ങിന്റെ പുരയിടത്തിൽ കുഴിച്ചിടുകയായിരുന്നു. ഒക്ടോബർ 11ന് മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. റോസിലിയുടെ കൊലപാതകക്കേസിലെ കുറ്റപത്രം അടുത്തയാഴ്ച ആദ്യം സമർപ്പിക്കും. ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.

പത്മ കൊലക്കേസിൽ പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റവും ചുമത്തി. യോനിയിൽ ആയുധം കുത്തിയിറക്കിയതിന്റെ പശ്ചാത്തലത്തിലാണ് ബലാത്സംഗക്കുറ്റം ചുമത്തിയത്. ഇതിന് നിയമോപദേശവും ലഭിച്ചു. മൂന്നുമാസമെടുത്താണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പരമാവധി തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ചു. ഡിഎൻഎ ഫലം ഉൾപ്പെടെ ശാസ്ത്രീയതെളിവുകളുമുണ്ട്. തെളിവുകളുടെ പിൻബലത്തിലുള്ള ചോദ്യംചെയ്യലിൽ പ്രതികൾക്ക് പിടിച്ചുനിൽക്കാനായില്ല. എന്നാൽ, മുഹമ്മദ് ഷാഫി ആദ്യഘട്ടത്തിൽ അന്വേഷകസംഘത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. പരസ്പരവിരുദ്ധ മൊഴിനൽകിയും ഓർമയില്ലെന്ന് പറഞ്ഞും ഒഴിഞ്ഞുമാറി വട്ടംചുറ്റിച്ചു. എന്നാൽ, ഇത് അധികം നീണ്ടില്ല.

ഇലന്തൂർ ആഭിചാരക്കൊലക്കേസിലെ ആദ്യ കുറ്റപത്രത്തിൽ സമൂഹ മനഃസാക്ഷിയെ നടുക്കുന്ന വിവരങ്ങളാണുള്ളത്. പ്രതികളുടെ അതിക്രൂര പ്രവൃത്തികൾ, നികൃഷ്ടമായ മനോനില, പത്മ അനുഭവിച്ച സമാനതകളില്ലാത്ത പീഡനം, എന്നിവ വ്യക്തമാക്കുന്നതാണ് കുറ്റപത്രം. 'നിത്യയൗവനം നേടാൻ' പത്മയുടെ മാംസം പ്രതികൾ പാചകം ചെയ്ത് കഴിച്ചു. മാംസം കഴിച്ചതായി മൊഴിയും നൽകി. ഇഞ്ചിഞ്ചായി പീഡിപ്പിച്ച് കൊന്നാലേ ഫലം ലഭിക്കൂവെന്ന് മുഹമ്മദ് ഷാഫി ഭഗവൽസിങ്ങിനെയും ലൈലയെയും വിശ്വസിപ്പിച്ചിരുന്നു. ഇതുപ്രകാരമായിരുന്നു നീക്കങ്ങൾ. ഇതെല്ലാം ചിത്രീകരിക്കാൻ ആസൂത്രകനായ മുഹമ്മദ് ഷാഫി തീരുമാനിച്ചിരുന്നെങ്കിലും തർക്കംകാരണം നടന്നില്ല.

മൂന്നുതവണ പത്മയുടെ യോനിയിൽ കത്തി കുത്തിയിറക്കി. ശരീരമാസകലം മുറിവുണ്ടാക്കി കൂടുതൽ വേദന അനുഭവിക്കാൻ അവയിൽ മുളകുപൊടി ഉൾപ്പെടെ പുരട്ടി. തുടർന്നാണ് ശരീരം കഷ്ണങ്ങളായി നുറുക്കിയത്. ഇതിൽ ചിലഭാഗങ്ങളാണ് പാചകം ചെയ്തത്. കടുത്ത മനോവൈകൃതമുള്ള ഷാഫിക്ക് പീഡിപ്പിച്ച് ആനന്ദംകൊള്ളുന്നതാണ് ലഹരി. റോസിലിയുടെ മാറിടം മുറിച്ച് നീക്കിയതും ഇയാളാണ്. നേരത്തേ കോലഞ്ചേരി ഇരുപ്പചിറയിലും ഷാഫി ആഭിചാരകർമങ്ങൾ നടത്തിയിട്ടുണ്ട്. ഇവിടെവച്ച് വൃദ്ധയെ പീഡിപ്പിച്ചു. ഭഗവൽസിങ്ങും ലൈലയും മുഴുവൻ കൃത്യങ്ങളിലും പങ്കാളികൾ. ആഭിചാരക്കൊലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ ഭഗവൽസിങ്ങിന്റെ വീട്ടിൽനിന്ന് ലഭിച്ചിരുന്നു. ലൈലയ്ക്ക് വായിക്കാൻ ഷാഫി നൽകിയതാണിത്. സാമ്പത്തിക ഉന്നതിക്കും ഐശ്വര്യത്തിനും ദേവീപ്രീതിക്കുമായി ആഭിചാരക്കൊല നടത്താനുള്ള ഷാഫിയുടെ നിർദ്ദേശം ഇവർ ശിരസാവഹിച്ചു എന്നാണ് ആരോപണം.

ഡിസിപി എസ് ശശിധരന്റെ മേൽനോട്ടത്തിൽ കടവന്ത്ര എസ്എച്ച്ഒ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. പിന്നീട് സെൻട്രൽ എസിപി സി ജയകുമാറിനായി ചുമതല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP