Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ 18 ചക്രമുള്ള ടാങ്കറിൽ പായുന്ന പെൺപുലി; ജർമ്മനിയിൽ 10 വീൽ വാഹനം ഓടിക്കുന്ന വരനും; മനസമ്മതത്തിന് കൺവെൻഷൻ സെന്ററിൽ ഹാൻസൺ എത്തിയത് വധു ഓട്ടിച്ച 12000 ലിറ്റർ ഇന്ധനമുള്ള ടാങ്കറിൽ; വളയം പിടിച്ച് ആഹ്ലാദം പരത്തുന്ന ഡെലീഷ്യയ്ക്ക് ഇനി വിവാഹം; യുഎഇയിൽ ഇന്ധന ട്രക്ക് ഓടിച്ച ആദ്യ വനിത മണവാട്ടിയാകുമ്പോൾ

ദുബായിൽ 18 ചക്രമുള്ള ടാങ്കറിൽ പായുന്ന പെൺപുലി; ജർമ്മനിയിൽ 10 വീൽ വാഹനം ഓടിക്കുന്ന വരനും; മനസമ്മതത്തിന് കൺവെൻഷൻ സെന്ററിൽ ഹാൻസൺ എത്തിയത് വധു ഓട്ടിച്ച 12000 ലിറ്റർ ഇന്ധനമുള്ള ടാങ്കറിൽ; വളയം പിടിച്ച് ആഹ്ലാദം പരത്തുന്ന ഡെലീഷ്യയ്ക്ക് ഇനി വിവാഹം; യുഎഇയിൽ ഇന്ധന ട്രക്ക് ഓടിച്ച ആദ്യ വനിത മണവാട്ടിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞാണി: 12,000 ലിറ്റർ ഇന്ധനം നിറച്ച ടാങ്കർ ലോറിയുമായി കൊച്ചിയിലെ ഇരുമ്പനത്ത് നിന്ന് തിരൂരിലേക്ക് ലോറിയോടിച്ച് എത്തിയിരുന്ന 23-കാരിയുടെ വാർത്ത കൗതുകത്തോടെയാണ് കേരളത്തിലെ ജനങ്ങൾ വായിച്ചറിഞ്ഞത്. ഈ വാർത്ത കടൽകടന്ന് വിദേശ രാജ്യങ്ങളിലും എത്തിയതോടെ സ്വപ്ന തുല്യമായ അവസരമാണ് തൃശൂർ കണ്ടശ്ശാംകടവ് സ്വദേശിയായ ഡെലീഷ്യയെ തേടി എത്തിയത്. കേരളത്തിലെ നിരത്തുകളിൽ 12000 ലിറ്റർ ശേഷിയുള്ള ടാങ്കർ ലോറിയാണ് ഡെലീഷ്യ ഓടിച്ചിരുന്നതെങ്കിൽ ദുബായിൽ ഓടിച്ചിരുന്നത് 60,000 ലിറ്റർ കാപ്പാസിറ്റിയുള്ള ട്രെയിലറാണ്. ഈ ഡെലീഷ്യ മനസമ്മതത്തിന് എത്തിയതും ടാങ്കർ ലോറിയിൽ!

കാരമുക്കിലെ കുറ്റൂക്കാരൻ കൺവെൻഷൻ സെന്ററിലെ മനസ്സമ്മതക്കല്യാണ വേദിക്കരികിലേക്കാണ് ഒരു ടാങ്കർ ലോറിയെത്തിയത്. ഡ്രൈവിങ് സീറ്റിൽ വധു. കാബിനിൽ തൊട്ടരികിൽ വരനുമുണ്ടായിരുന്നു. പിന്നെ ഇരുവരും പള്ളിയിലേക്ക്. കാരമുക്ക് പള്ളിക്കുന്നത്ത് ഡെലീഷ്യയാണ് വരൻ ഹാൻസണെ ലോറിക്യാബിനിലിരുത്തി മനസ്സമ്മത വിരുന്നിലേക്കെത്തിയത്. ടാങ്കർ ലോറി ഓടിച്ച് വാർത്തകളിലിടം പിടിച്ച ഡെലീഷ്യ എം.കോം.കാരി ദുബായിൽ 18 ചക്രമുള്ള ടാങ്കറിന്റെ ഡ്രൈവറാണ്. വരൻ കാഞ്ഞിരപ്പിള്ളി സ്വദേശി ഹാൻസൺ ജർമ്മനിയിൽ 10 ചക്രമുള്ള വാഹനമാണ് ഓടിക്കുന്നത്. വിവാഹ പരസ്യം കണ്ടെത്തിയ ഹാൻസണോട് ടാങ്കർ ലോറി ഓടിക്കുന്നത് തുടരാനനുവദിക്കുന്നയാളെ വിവാഹം കഴിക്കുമെന്നാണ് ഡെലീഷ്യ പറഞ്ഞത്. ഹാൻസൺ വിരോധമില്ലെന്ന് പറഞ്ഞതോടെ അത് മനസമ്മതമായി.

കാരമുക്ക് പള്ളിക്കുന്നത്ത് ഡേവീസിന്റെയും ട്രീസയുടെയും മകളാണ് ഡെലീഷ്യ. കാഞ്ഞിരപ്പിള്ളി സ്വദേശി മാലോത്ത് പരേതനായ മാത്യുവിന്റെയും ഇത്ത അമ്മയുടെയും മകനാണ് ഹാൻസൺ. ശനിയാഴ്ച വടക്കേ കാരമുക്ക് സെയ്ന്റ് ആന്റണീസ് പള്ളിയിലായിരുന്നു മനസമ്മതക്കല്യാണം നടന്നത്. തിങ്കളാഴ്ച നാലിന് കാഞ്ഞിരപ്പിള്ളി ആനായ്ക്കൽ സെയ്ന്റ് ആന്റണീസ് ഇടവക പള്ളിയിലാണ് വിവാഹം. രണ്ടു വർഷം മുമ്പ് സ്വകാര്യ ചാനലിലെ ഒരു പരിപാടിയിൽ പങ്കെടുത്ത ഡെലീഷ്യ തനിക്ക് കാനഡയിൽ പോയി ബസ് ഓടിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ദുബായിലെ അവസരം തേടിയെത്തിയത്. ഇന്ത്യയിലെ ഹെവി ലൈസൻസും മറ്റുമുള്ള ഡെലീഷ്യയ്ക്ക് ദുബായി ലൈസൻസ് കമ്പനി തന്നെ എടുത്ത് നൽകി.

ഡെലീഷ്യയുടെ പിതാവായ ഡേവിസ് ടാങ്കർ ലോറി ഡ്രൈവറാണ്. അച്ഛനൊപ്പം കുട്ടിക്കാലംമുതലേ ടാങ്കറിൽക്കയറി നടത്തിയ യാത്രകളാണു ഡെലീഷ്യയെ ഡ്രൈവിങ് സീറ്റിലേക്കെത്തിച്ചത്. 18 തികഞ്ഞശേഷം ആദ്യശ്രമത്തിൽത്തന്നെ ഈ പെൺകൂട്ടി ലൈറ്റ് മോട്ടോർ വെഹിക്കുൾ ലൈസൻസ് സ്വന്തമാക്കിയിരുന്നു. 20-ാം വയസ് പൂർത്തിയായതോടെ ഡെലീഷ്യ ഹെവി ലൈസൻസും സ്വന്തമാക്കി. പിന്നീട് തന്റെ പിതാവിനെ പോലെ ടാങ്കർ ലോറി ഓടിക്കണമെന്നായി ആഗ്രഹം. ലോഡ് ഇറക്കിയ ശേഷമുള്ള മടക്കയാത്രയിൽ രാത്രിയിൽ അച്ഛന്റെ സഹായത്തോടെയായിരുന്നു. തിരക്ക് കുറഞ്ഞ റോഡിലൂടെയുള്ള പരിശീലനം ഡെലീഷ്യയെ മികച്ച ഡ്രൈവറാക്കി മാറ്റുകയായിരുന്നു.

പിന്നീട് ഫയർ ആൻഡ് സേഫ്റ്റി ലൈസൻസും സ്വന്തമാക്കി. ഹെവി ലൈസൻസുള്ള സ്ത്രീകൾ കേരളത്തിൽ വേറെയുമുണ്ടെങ്കിലും ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് ഡെലീഷ്യക്കു മാത്രമാണ്. ടാങ്കറോടിക്കുന്നതിനിടെ പഠനവും ഡെലീഷ്യ കൈവിട്ടില്ല. തൃശ്ശൂരിലെ കോളേജിൽനിന്നു എം.കോം. ഫിനാൻസ് പൂർത്തിയാക്കി. ഫയർ ആൻഡ് സേഫ്റ്റി ലൈസൻസും സ്വന്തമാക്കിയിട്ടുണ്ട് ഡെലീഷ്യ. ഹെവി ലൈസൻസുള്ള സ്ത്രീകൾ കേരളത്തിൽ വേറെയുമുണ്ടെങ്കിലും ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് ആദ്യമായി നേടിയ കേരളത്തിലെ വനിത കൂടിയാണ് ഡെലീഷ്യ. യു.എ.ഇ.യിൽ ഇന്ധന ടാങ്കർ ട്രക്ക് ഓടിക്കുന്ന ആദ്യ വനിത എന്ന നേട്ടവും ഡെലീഷ്യക്ക് സ്വന്തം.

ദുബായിൽ കടമ്പകൾ ഏറെയുണ്ടായിരുന്നെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ട്രക്ക് ലൈസൻസ് രണ്ടാം ടെസ്റ്റിൽതന്നെ നേടി അധികൃതരെപ്പോലും ആശ്ചര്യപ്പെടുത്തി. അങ്ങനെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയിൽ (ആർ.ടി.എ.) ഇല്ലാതിരുന്ന ഫീമെയിൽ ട്രക്ക് ലൈസൻസ് കോളം പുതുതായി കൂട്ടച്ചേർക്കപ്പെടുകയും ചെയ്തു. യു.എ.ഇ.യിലെ തിരക്കേറിയ റോഡുകളിലൂടെ ആത്മവിശ്വാസത്തിന്റെ പടവുകളിലേക്ക് കുതിച്ചുകയറുകയായിരുന്നു തൃശ്ശൂർകാരിയായ ഈ മിടുക്കി.

ഡെലീഷ്യ എന്നാൽ ആഹ്ലാദം എന്നാണർഥം. ഈ സ്പാനിഷ് പേരിലെ കൗതുകം പ്രവൃത്തിയിലുമുണ്ട്. ഹസാഡ് ലൈസൻസ് ഉള്ള വനിതകൾ വേറെയുണ്ടെങ്കിലും എല്ലാ വർഷവും പുതുക്കുകയും വാഹനം ഓടിക്കുകയും ചെയ്യുന്നവർ ഏറെയുണ്ടാവില്ല. മൂന്നു വർഷം മുൻപാണു ലൈസൻസ് എടുത്തത്. വളരെ റിസ്‌കുള്ള ജോലിയാണ്. ലോഡ് നിറച്ചു കഴിഞ്ഞാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്കാണ്. ചെറിയൊരു സ്പാർക് ഉണ്ടായാൽ ഒരു പ്രദേശം മുഴുവൻ കത്തിച്ചാമ്പലാകാം. ഡ്രൈവിങ് വളരെ ശ്രദ്ധയോടെ വേണം. ടയർ പ്രഷർ പരിശോധന, പഞ്ചറായാൽ ടയർ മാറ്റിയിടുന്നത്, നിശ്ചിത ഇടവേളകളിൽ ഓയിൽ ചെക്ക് ചെയ്യൽ, ചെറിയ ലീക്കുകൾ നിയന്ത്രിക്കേണ്ട വിധം തുടങ്ങിയവയിലെല്ലാം പരിശീലനം ലഭിച്ചിട്ടുണ്ട്. റോഡ് വ്യക്തമായി കാണാമെന്നതിനാൽ മറ്റു വാഹനങ്ങൾ ഓടിക്കുന്നതിലും എളുപ്പമാണ് ടാങ്കർ ലോറി ഓടിക്കാനെന്നു ഡെലീഷ്യ പറയുന്നു.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂട്ടർ ഉരുട്ടിയായിരുന്നു തുടക്കം. പിന്നെ കാറുകളിലേക്കായി നോട്ടം. വീട്ടിലൊരു അംബാസഡർ കാറുണ്ട്. ഒൻപതാം ക്ലാസ് അവധിക്കാലമായപ്പോൾ അപ്പച്ചനോട് ആവശ്യം ഉന്നയിച്ചു. എനിക്കും ഡ്രൈവിങ് പഠിക്കണം. സ്റ്റിയറിങ് ബാലൻസും ഗിയർ മാറ്റുന്ന രീതിയും എല്ലാം വിശദമാക്കി അപ്പച്ചൻ ഡ്രൈവിങ് പഠിപ്പിച്ചു. അപ്പോഴും വലിയ വാഹനങ്ങൾ ഓടിക്കണമെന്ന മോഹമായിരുന്നു മനസ്സിൽ-അതാണ് ദുബായിലെ ട്രക്കിലെ ഡ്രൈവാറക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP