Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എല്ലാ ജില്ലകളിലും സേവിങ്ങ്സ്-കറന്റ് അക്കൗണ്ടുകളിൽ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ സംസ്ഥാനം; ഡിജിറ്റൽ ബാങ്കിങ് നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം; കെ-ഫോൺ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായതായി മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും സേവിങ്ങ്സ്-കറന്റ് അക്കൗണ്ടുകളിൽ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ സംസ്ഥാനം; ഡിജിറ്റൽ ബാങ്കിങ് നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം; കെ-ഫോൺ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായതായി മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്ത് ഡിജിറ്റൽ ബാങ്കിങ് നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സേവിങ്ങ്സ്, കറന്റ് അക്കൗണ്ടുകളിൽ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത ആദ്യത്തെ സംസ്ഥാനമാണ് കേരളം.

2021 ൽ സംസ്ഥാനത്ത് ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിങ് നടപ്പാക്കിയ ജില്ലയായി തൃശ്ശൂർ മാറി. തുടർന്ന് കോട്ടയവും സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് നടപ്പാക്കി. ഇതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് സമ്പൂർണ്ണ ബാങ്കിങ് ഡിജിറ്റൽവത്കരണ പ്രവൃത്തി റിസർവ് ബാങ്ക്, സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്.എൽ.ബി.സി) എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിച്ചതും ഇപ്പോൾ വിജയകരമായി നടപ്പാക്കിയതും.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പദ്ധതി പ്രഖ്യാപനവും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. വലിയ രീതിയിലുള്ള സാമൂഹിക ഇടപെടൽ ഉണ്ടായാലേ ബാങ്കിങ് ഡിജിറ്റൽവത്കരണത്തിന്റെ ലക്ഷ്യം പൂർണമാവുകയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് സാധ്യമാകണമെങ്കിൽ ജനങ്ങളുടെ ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കേണ്ടതുണ്ട്. ആ പരിപാടിയാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്നുവരുന്നത്.

സാധാരണ ജനങ്ങൾക്ക് ഇന്റർനെറ്റ് പ്രയോജനം ലഭ്യമാകണമെങ്കിൽ ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കണം. ഈ ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ കെ-ഫോൺ പദ്ധതി ആവിഷ്‌കരിച്ചത്. കെ-ഫോൺ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായതായി മുഖ്യമന്ത്രി അറിയിച്ചു. 17,155 കിലോമീറ്ററിൽ ഒപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിച്ചുകഴിഞ്ഞു. സാധാരണക്കാർക്ക് ഇന്റർനെറ്റ് കുറഞ്ഞ ചെലവിലോ സൗജന്യമായോ ലഭ്യമാക്കി അവരെ ബാങ്കിങ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്തുകയാണ് സർക്കാർ ചെയ്യുന്നത്.

കെ-ഫോൺ വഴിയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ നെറ്റ്‌വർക്കിൽ സർക്കാർ ഓഫീസുകളും ബന്ധിപ്പിക്കും. കൂടാതെ 2,000 ത്തിൽ അധികം പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്സ്പോട്ട് ഒരുക്കുന്നുണ്ട്. ഡിജിറ്റൽ സേവനങ്ങൾ ഒരുക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും അവ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിലും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി വകുപ്പിന്റെ മൂന്ന് അവാർഡുകൾ സംസ്ഥാനം നേടിയത് ഡിജിറ്റൽവത്കരണ മേഖലയിലെ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്.

ബാങ്കിങ് മേഖല സാങ്കേതികവിദ്യക്ക് അനുസൃതമായി വികസിക്കുമ്പോൾ സൈബർ കുറ്റകൃത്യങ്ങളിലെ വർധന ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുന്നുണ്ട്. പക്ഷേ കുറ്റകൃത്യങ്ങൾ ഉണ്ടാവാതെ നോക്കുന്നതിൽ ബാങ്ക് അധികൃതർ ശ്രദ്ധിക്കണം. ഉപഭോക്താക്കൾക്കിടയിൽ ബോധവത്ക്കരണം ആവശ്യമാണ്. ഇതിന് ബാങ്കിങ് മേഖലയുടെ സഹകരണം വളരെ അത്യാവശ്യമാണ്. ഇന്റർനെറ്റ് സൗകര്യം ഒരുക്കുമ്പോൾ സുരക്ഷ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് നടപ്പാക്കിയത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് പുതിയ ഉത്തേജനം നൽകുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. 'ബാങ്കിങ് ഇനി വിരൽത്തുമ്പിൽ' എന്ന ലീഫ് ലെറ്റ് ചടങ്ങിൽ അദ്ദേഹം പ്രകാശനം ചെയ്തു. കനറാ ബാങ്ക് സംസ്ഥാന മേധാവിയും എസ്.എൽ.ബി.സി കൺവീനറുമായ എസ്. പ്രേംകുമാർ, റിസർവ് ബാങ്ക് ജനറൽ മാനേജർ സെട്രിക് ലോറൻസ് എന്നിവരെ ആദരിച്ചു. പദ്ധതി നടപ്പാക്കാൻ നേതൃത്വം നൽകിയ 14 ജില്ലകളിലെയും ലീഡ് ബാങ്ക് മാനേജർമാരും ആദരം ഏറ്റുവാങ്ങി.

ചടങ്ങിൽ ധനകാര്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, റിസർവ് ബാങ്ക് റീജ്യനൽ ഡയറക്ടർ തോമസ് മാത്യു, നബാഡ് ചീഫ് ജനറൽ മാനേജർ ഗോപകുമാരൻ നായർ ജി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ വെങ്കിട്ടരമണ ഭായ് തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP