Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര സഹകരണ വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത നിക്ഷേപ സമാഹരണ പ്രസ്ഥാനം; സമാന്തരമായി എനി ടൈം മണിയെന്ന പണമിടപാടു സ്ഥാപനവും; ആധുനികമായി ഇന്റീരിയർ ചെയ്ത ഓഫീസിലൂടെ വിശ്വാസ്യത നേടി; നിക്ഷേപകരുടെ ബന്ധുക്കളുടെ പണവും നേടിയെടുത്ത തന്ത്രജ്ഞത; തട്ടിയെടുത്തത് നൂറ് കോടിയോളം; നടന്നത് കള്ളപ്പണം വെളുപ്പിക്കൽ; ഇത് കരുവന്നൂരിനെ വെട്ടും തട്ടിപ്പ്; അർബൻ നിധിയിൽ ചതിയൊരുക്കിയ കഥ

കേന്ദ്ര സഹകരണ വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത നിക്ഷേപ സമാഹരണ പ്രസ്ഥാനം; സമാന്തരമായി എനി ടൈം മണിയെന്ന പണമിടപാടു സ്ഥാപനവും; ആധുനികമായി ഇന്റീരിയർ ചെയ്ത ഓഫീസിലൂടെ വിശ്വാസ്യത നേടി; നിക്ഷേപകരുടെ ബന്ധുക്കളുടെ പണവും നേടിയെടുത്ത തന്ത്രജ്ഞത; തട്ടിയെടുത്തത് നൂറ് കോടിയോളം; നടന്നത് കള്ളപ്പണം വെളുപ്പിക്കൽ; ഇത് കരുവന്നൂരിനെ വെട്ടും തട്ടിപ്പ്; അർബൻ നിധിയിൽ ചതിയൊരുക്കിയ കഥ

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂരിലെ നിക്ഷേപ തട്ടിപ്പിനു പിന്നിൽ നടന്നത് വ്യാപകമായ കള്ളപ്പണം വെളുപ്പിക്കലെന്ന് പൊലിസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കേസിലെ മുഖ്യപ്രതിയായ മലപ്പുറം ചങ്ങരംകുളം വീട്ടിൽ ഷൗക്കത്തലി (43)സി.ബി. ഐ കേസുൾപ്പെടെ നേരത്തെ മൂന്ന് കേസുകളിൽ പ്രതിയാണ്.കൂട്ടുപ്രതിയായ തൃശൂർ കുന്നത്ത് പീടികയിൽ കെ. എം ഗഫൂർ(46) ഒരു ചെക്ക് കേസിലും പ്രതിയാണ്. പ്രതികളെ കണ്ണൂർ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) റിമാൻഡ് ചെയ്തിട്ടുണ്ട്. സ്ഥാപനത്തിന് 38കോടിയുടെ ബാധ്യതയുണ്ടെന്നാണ് പ്രതികൾ മൊഴി നൽകിയതെങ്കിലും നൂറുകോടിയോളം രൂപ മലബാറിൽ നിന്നും മാത്രം സമാഹരിച്ചിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനേക്കാൾ വലുതാണ് ഈ തട്ടിപ്പും.

ഏഴു ഡയറക്ടർമാരാണ് കമ്പിനിക്കുള്ളതെങ്കിലും ഇതിൽ ഷൗക്കത്തലി, ഗഫൂർ, ആന്റണി എന്നിവരെ മാത്രമാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവർക്കായി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അർബൻ നിധിയെന്ന കേന്ദ്രസർക്കാർ സഹകരണ വകുപ്പിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത നിക്ഷേപ സമാഹരണ സ്ഥാപനം തുടങ്ങി അതിനു സമാന്തരമായി എനി ടൈം മണിയെന്ന മറ്റൊരു ബാങ്കിങ് സ്ഥാപനമെന്നു തെറ്റിദ്ധരിപ്പിക്കുന്ന പണമിടപാടു സ്ഥാപനവും നടത്തി നിക്ഷേപകരുടെ കോടികൾ അതിലേക്ക് മറിച്ചാണ് തട്ടിപ്പു നടത്തിയത്. ആന്റണിയും ഷൗക്കത്തലിയുമാണ് എൻി ടൈം മണിയുടെ ഡയറക്ടർമാർ.

ഇവർ എനി ടൈംമണിയിൽ നിന്നും എങ്ങോട്ടാണ് കോടികൾ വകമാറ്റിയതെന്നു ഇതുവരെ വ്യക്തമായിട്ടില്ല. മൂന്നുപേരുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ മാത്രിമേ ഈക്കാര്യത്തിൽ വ്യക്തതവരുത്താനാവൂമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അജിത്ത് കുമാർ പറഞ്ഞു. സാമ്പത്തിക ഞെരുക്കം കാരണം ഗഫൂറും ഷൗക്കത്തലിയും എനി ടൈം മണിയുടെ മറ്റൊരു ഡയറക്ടറായ ആന്റണിയും ചേർന്നു തൃശൂരിൽ മൂന്ന് മാസം മുൻപ്് പ്രതീക് അർബൻ അഗ്രോ സൊസൈറ്റി എന്ന പേരിൽ പുതിയൊരു ധനകാര്യ സ്ഥാപനം തുടങ്ങുകയും നിക്ഷേപം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

59.5ലക്ഷം രൂപ നഷ്ടപ്പെട്ട തലശേരി സ്വദേശിയായ ഡോ.ദീപക്കിന്റെ പരാതിയിലാണ് ടൗൺ പൊലിസ് ആദ്യകേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ അർബൻ നിധിയുടെ ജനറൽ മാനേജരും കണ്ണൂർ സ്വദേശിനിയുമായ ജീന, ജനറൽ മാനേജർ ചന്ദ്രൻ, ബ്രാഞ്ച് മാനേജർ ഷൈജു എനി ടൈം മണിയുടെ മറ്റൊരു ഡയറക്ടർ ആന്റണി എന്നിവരും പ്രതികളാണ്.

നിക്ഷേപം വരുത്താൻ ബഹുമുഖ തന്ത്രങ്ങൾ

കണ്ണൂർ താവക്കരയിൽ ആദർശ് ആർക്കേഡെന്ന ബഹുനില കോംപ്ളക്സിൽ ആഡംബരമായി നിർമ്മിച്ച ഓഫീസ് തുറന്നു നിക്ഷേപങ്ങൾ വരുത്താൻ ബഹുമുഖ തന്ത്രങ്ങളാണ് ഷൗക്കത്തലും ഗഫൂറുംആന്റണിയും സ്വീകരിച്ചത്. വിശാലമായ കാർപാർക്കിങ് സംവിധാനവും ആധുനികമായ രീതിയിൽ ഇന്റീരിയർ ചെയ്ത കെട്ടിടവും താഴത്തെ നിലയിൽ എനി ടൈം മണിയുടെ ഓഫീസുമായി സജ്ജീകരിച്ച അർബൻൻ നിധിയുടെ ഓഫീസ് ഇപ്പോൾ തട്ടിപ്പിനിരയായവരുടെ മുൻപിൽ നോക്കുകുത്തിയെപ്പേലെ അടഞ്ഞുകിടക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളിലൊന്നും പരസ്യം നൽകാതെയായിരുന്നു സ്ഥാപനത്തിന്റെ തുടക്കം. ഫീൽഡ് എക്സിക്യൂട്ടിവുകളിലൂടെയാണ് സ്ഥാപനത്തിനായി നിക്ഷേപം സ്വീകരിച്ചുവന്നിരുന്നത്.

ഫീൽഡ് എക്സിക്യൂട്ടീവുകളിലൂടെയും ഓഫീസു ജീവനക്കാരെയും സ്ഥാപനത്തിൽ ജോലി നൽകിയവരെയും ഉപയോഗിച്ചു കോടികളുടെ നിക്ഷേപം വാരിക്കൂട്ടുകയായിരുന്നു. ഇവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പതിനായിരം രൂപ മുതൽ അൻപതുലക്ഷം വരെയുള്ള നിക്ഷേപങ്ങൾ സ്ഥാപനത്തിലെത്തി. നിക്ഷേപം നടത്തിയവർ മുഖേനെ അവരുടെ അടുപ്പക്കാരുടെ നിക്ഷേപങ്ങൾ പോലും ട്രഷറിയിൽ നിന്നും പോലും പിൻവലിച്ചു സ്ഥാപനത്തിലെത്തിയതോടെ ചുരുങ്ങിയ സമയം കൊണ്ടു വൻകിട ബാങ്കുകളെ പോലും അത്ഭുതപ്പെടുത്തുന്ന വളർച്ച അർബൻനിധിക്ക് കൈവന്നു.

തുടക്കത്തിൽ പന്ത്രണ്ടു ശതമാനം പലിശ അർബൻനിധി കൃത്യമായി നൽകിയതോടെ നിക്ഷേപകരിൽ പലരും ട്രഷറിയിൽ നിന്നുപോലും പണം പിൻവലിച്ചു ഇവിടെ കൊണ്ടുവന്നു നിക്ഷേപിച്ചു. ഇതോടെ സ്ഥാപനത്തിന്റെ വിശ്യാസ്വത കൂട്ടാനായി പ്രതിദിന നിക്ഷേപ സ്‌കീമും കമ്പിനി തുടങ്ങി. ഇതിനുള്ള ഏജന്റുമാരും അവരുടെ ബന്ധുക്കളുമൊക്കെ കൂടുതൽ നിക്ഷേപവുമായെത്തുകയും ചെയ്തു. അർബൻ നിധിയിലേക്കു ലഭിക്കുന്ന തുക എനി ടൈം മണിയിലേക്ക് മാറ്റുകയും ഇതു സ്ഥാപനത്തിന്റെ ആസ്തിയായും സാമ്പത്തിക ശേഷിയുടെ തെളിവായും പുതിയ നിക്ഷേപകരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

വെട്ടിപ്പിന് തുടക്കമിട്ടത് ആന്റണി

എനി ടൈം മണിയുടെ ഡയറക്ടർമാരിലൊരാളായ ആന്റണി പതിനേഴുകോടി തട്ടിയെടുത്തതോടെയാണു പ്രശ്നങ്ങൾ തുടക്കമായതെന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷൗക്കത്തലി പൊലിസിന് നൽകിയ മൊഴി.പക്ഷെ സമാനമായ രീതിയിൽ പണതട്ടിപ്പു നടത്തിയ മൂന്നു കേസുകളിലെ പ്രതിയാണ് ഷൗക്കത്തലിയെന്നും ഇവർ ഗൂഢാലോചന നടത്തി തട്ടിപ്പു നടത്തുകയെന്നത് ലക്ഷ്യമിട്ടുകൊണ്ടു തന്നെയാണ് സ്ഥാപനം തുടങ്ങിയതെന്നും പൊലിസ് പറയുന്നു. ആറുമാസം മുൻപ് തന്നെ ഈ സ്ഥാപനത്തിനെതിരെ പരാതിയുയർന്നിരുന്നു.

അപ്പോൾ ആരുമറിയാതെ പരാതിക്കാരുടെ പണം രഹസ്യമായി തിരിച്ചു നൽകി ഒത്തുതീർപ്പാക്കുകയായിരുന്നു. അർബൻ നിധിക്കെതിരെ സ്പെഷ്യൽ ബ്രാഞ്ചും റിപ്പോർട്ട് നൽകിയിരുന്നു. കണ്ണൂർ സിറ്റിയിലെ ചില നിക്ഷേപകർ ഇടയ്ക്ക് അർബൻ നിധിയിലെത്തി തങ്ങളുടെ നിക്ഷേപം ബഹളമുണ്ടാക്കി നിർബന്ധപൂർവ്വം തിരിച്ചുവാങ്ങിയിരുന്നു. പണം തിരിച്ചു നൽകാത്തതിനെ തുടർന്ന് പ്രകോപിതരായ മറ്റു ചിലർ കംപ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും എടുത്തുകൊണ്ടു പോവുകയും ചെയ്തു. നിൽക്കള്ളിയില്ലാതെ ഉടമകൾ സ്ഥാപനം പൂട്ടിയിട്ടതോടെയാണ് പരാതി പ്രവാഹമുണ്ടായത്.

പാലക്കാട് ഒലവക്കോട് സ്വദേശിയായ ബിസിനസുകാരനെ പാർട്്ണറാക്കി താൽക്കാലികമായി പ്രതിസന്ധി പരിഹരിക്കാനും സ്ഥാപന ഉടമകൾ ശ്രമിച്ചിരുന്നു. അറുപതു കോടിയോളം രൂപ ഇയാളിൽ നിന്നും നിക്ഷേപം വാങ്ങി പാർട്്ണറാക്കാനായിരുന്നു നീക്കം. പക്ഷെ പൊലിസ് കർശനനിലപാടെടുത്തതോടെ ഈ നീക്കം പാളി.

കോടികൾ പോയ വഴിയേത്

ആയിരത്തോളം നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ എവിടേക്കു പോയെന്നു മാത്രം ഇതുവരെ പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടില്ല. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ ഇതുകണ്ടെത്താനായി പരിശോധിച്ചുവരികയാണ്. 38-കോടി രൂപയോളം സ്ഥാപനത്തിന് ബാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്. എനി ടൈം മണിയുടെ ബാങ്കിങ് സോഫ്റ്റ് വെയറിനു വേണ്ടി ഭീമമായ സംഖ്യ ചെലവഴിച്ചിട്ടുണ്ട്. പക്ഷെ ഇതൊന്നും നിക്ഷേപകരുടെ നൂറുകോടിയോളം രൂപ ആവിയാക്കാനുള്ള കാരണമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. പ്രതികൾ മറ്റെവിടെയെങ്കിലും ഈ തുക നിക്ഷേപിച്ചിട്ടുണ്ടോയെന്ന കാര്യമാണ് പ്രത്യേക അന്വേഷണ സംഘംപരിശോധിക്കുന്നത്.

വരുമാനമുണ്ടാക്കുന്ന മറ്റൊരുസ്ഥാപനവും ഇവരുടെ പേരിൽ ഇല്ലെന്നാണ് കണ്ടെത്തൽ. ഇവർ ബംഗ്ളൂരിലും ഇതിനു സമാനമായി നിക്ഷേപ സമാഹരണ സ്ഥാപനം തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഡയറക്ടർമാരുടെയും ബന്ധുക്കളുടെയും വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ കൂടി പരിശോധനയ്ക്കു വിധേയമാക്കിയാൽ മാത്രമേ പണം എവിടെപ്പോയെന്ന് വ്യക്തമാവുകയുള്ളൂ. പ്രതികളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി അടുത്ത ദിവസം തന്നെ തന്നെ കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് കണ്ണൂർ ടൗൺ ഇൻസ് പെക്ടർ ബിനുമോഹൻ പറഞ്ഞു.അർബൻ നിധിയിൽ നിക്ഷേപിച്ചു പണം നഷ്ടപ്പെട്ടവരിൽ ഉന്നതർ മാത്രമല്ല സമൂഹത്തിലെ സാധാരണക്കാരായ ഓട്ടോറിക്ഷതൊഴിലാളികൾ, വഴിയോര കച്ചവടക്കാർ തുടങ്ങിയവരും ധാരാളമുണ്ടെന്നാണ് പരാതികളിൽ നിന്നും വ്യക്തമാവുന്നത്. അൻപതിനായിരം മുതൽ ഒരു ലക്ഷം രൂപവരെയാണ് ഇവർക്ക് നഷ്ടപ്പെട്ടത്.

വീട്ടമ്മയുടെ എൺപതുലക്ഷവും പോയി

കണ്ണൂർ അർബൻനിധിയിലെ നിക്ഷേപകരുടെ പരാതിയിൽ ഏറ്റവും ഉയർന്ന തുകയായ എൺപതുലക്ഷം രൂപ നഷ്ടപ്പെട്ടത് ഏച്ചൂരിലെ വീട്ടമ്മയ്ക്ക്. ഇവരടക്കം മൂന്നുപേർ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകി. അലവിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടമ്മയും ആറുലക്ഷം രൂപ സ്ഥാപനത്തിൽ നിക്ഷേപിച്ചുവെന്ന പരാതിയുമായെത്തിയിട്ടുണ്ട്. നിക്ഷേപിച്ച തുകയുടെ പന്ത്രണ്ടു ശതമാനം പലിശയെടുത്തു വീട്ടുവാടക നൽകാനാണ് നിക്ഷേപിച്ചതെന്നു ഇവർ പറഞ്ഞു. സ്റ്റേഷനിലെത്തിയ വീട്ടമ്മമാർ തങ്ങളുടെ സമ്പാദ്യം തട്ടിയെടുത്ത ഗഫൂറിനെയും ഷൗക്കത്തലിയെയും കണ്ടപ്പോൾ വികാരവിക്ഷോഭമായാണ് പ്രതികരിച്ചത്. ഇവർ പൊട്ടിക്കരച്ചിലിലോടെയാണ്് പ്രതികളെ ശകാരിച്ചത്. കഴിഞ്ഞ ദവിസം മാത്രം മൂന്നുകോടിയിലേറെ രൂപ നഷ്ടമായതിന്റെ പരാതിയാണ് കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിൽ ലഭിച്ചത്. എന്നാൽ പരാതി നൽകിയവരിൽ കൂടുതലും പേരും മേൽവിലാസവും പുറത്തുപറയാൻ ആഗ്രഹിക്കാത്തവരാണ്. പണമോ പോയി ഇനിമാനവും കളയാൻ കഴിയില്ലെന്നാണ് ഇവരിൽ ചിലർ പ്രതികരിച്ചത്. എങ്ങനെയെങ്കിലും മുടക്കിയ പണം തിരിച്ചുനൽകാൻ നടപടിസ്വീകരിക്കണമെന്നു ഇവരിൽ പലരും പൊലിസിനോട് അപേക്ഷിക്കുന്നത് കേൾക്കാമായിരുന്നു.

ഇതിനിടെ തങ്ങളെ വഞ്ചിച്ചുവെന്നു എനി ടൈം മണിയിലെ ജീവനക്കാരും പരാതി നൽകിയിട്ടുണ്ട്. കൊവിഡിനിടെയിൽ ജോലി നഷ്ടമായവരാണ് വൻതുക നിക്ഷേപിച്ചു ഇവിടെ ജോലിക്ക് കയറിയത്. കമ്പിനിയുടെ പഞ്ചിങ് പ്രകാരം ഓഗസ്റ്റു മാസത്തെ 21 ദിവസത്തെ ശമ്പളം മാത്രമേ ഇവർക്കു നൽകാനുള്ളുവെന്നു ഡയറക്ടറും കേസിലെ പ്രതിയുമായ ഷൗക്കത്തലി പൊലിസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും വർക്ക് ഫ്രം ഹോമായി കമ്പിനിക്ക് വേണ്ടി ജോലി ചെയ്ത തങ്ങൾക്ക് ശമ്പളകുടിശികയുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. നിക്ഷേപകുടെ പണം പോയ കൂട്ടത്തിൽ ജോലിക്കായി ഇവർ ഡെപോസിറ്റായി നൽകിയ വൻതുകകളും നഷ്ടമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP