Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിക്ഷേപത്തട്ടിപ്പിൽ പ്രവീൺ റാണയുടെ ഓഫീസിന്റെ പൂട്ടുപൊളിച്ചു പൊലീസ് സംഘം റെയ്ഡ് നടത്തുന്നു; അറസ്റ്റ് ഭയന്ന് ഒളിവിൽ പോയി തട്ടിപ്പുകാരൻ; കൈപ്പുള്ളി പുഷ്‌ക്കരൻ പ്രവീൺ മുങ്ങിയത് മുംബൈയിലെ ഭാര്യ വീട്ടിലേക്കോ? നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത തട്ടിപ്പുകാരനെതിരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസുകൾ

നിക്ഷേപത്തട്ടിപ്പിൽ പ്രവീൺ റാണയുടെ ഓഫീസിന്റെ പൂട്ടുപൊളിച്ചു പൊലീസ് സംഘം റെയ്ഡ് നടത്തുന്നു; അറസ്റ്റ് ഭയന്ന് ഒളിവിൽ പോയി തട്ടിപ്പുകാരൻ;  കൈപ്പുള്ളി പുഷ്‌ക്കരൻ പ്രവീൺ മുങ്ങിയത് മുംബൈയിലെ ഭാര്യ വീട്ടിലേക്കോ? നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത തട്ടിപ്പുകാരനെതിരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസുകൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കൈപ്പുള്ളി പുഷ്‌ക്കരൻ പ്രവീൺ റാണെക്കെതിരെ പൊലീസ് നടപടി ഊർജ്ജിതമാക്കി. തൃശ്ശൂരിലെ സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിൽ കമ്പനി നിരവധി പരാതികൾ പ്രവഹിച്ചതോടെ ഒളിവിൽ പോയിരിക്കായാണ് കൈപ്പുള്ളി പുഷ്‌ക്കരൻ. അത്യാഢംബരത്തിൽ ജീവിക്കുന്ന വ്യക്തിയെന്ന പരിവേഷം മുതലെടുത്താണ് പ്രവീൺ റാണെ തട്ടിപ്പു നടത്തിയത്. പരാതികൾ പ്രവഹിച്ചതോടെ ഇയാൾക്കെതിരെ ഒടുവിൽ പൊലീസ് റെയ്ഡുമായി രംഗത്തുവന്നു.

സേഫ് ആൻഡ് സ്‌ട്രോങിന്റെ ഓഫീസുകളിലാണ് പൊലീസ് റെയ്ഡ് നടത്തുന്നത്. പൂട്ടുപൊളിച്ചു അകത്തുകയറിയ പൊലീസ് സംഘം രേഖകൾ പരിശോധിക്കുകയാണ്. തട്ടിപ്പുകൾ പുറത്തായതോടെ പ്രവീൺ റാണെയും ഒളിവിൽ പോയി. അറസ്റ്റു ഭയന്ന് മുംബൈയിലെ ഭാര്യവീട്ടിലേക്കാണ് ഇയാൾ മുങ്ങിയതെന്നാണ് സൂചനകൾ. നിക്ഷേപത്തിന് വൻതുക വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇയാൾ തട്ടിപ്പു നടത്തിയത്. 18 കേസുകളാണ് തൃശ്ശൂർ പൊലീസ് ഇയാൾക്കെതിരെ എടുത്തിരിക്കുന്നത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസെടുത്തു.

കഴിഞ്ഞ ദിവസം ഇവിടെ ഒരു കേസെടുത്തിരുന്നു. തൃശ്ശൂർ വെസ്റ്റ് പൊലീസ് 5 പരാതികളിൽ കേസെടുത്തു. കുന്നംകുളത്ത് ഒന്നും. 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഫ്രാഞ്ചൈസി ചേർക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ മുതൽ ഇരുപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാർ. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയേക്കും.

പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണ് പ്രവീൺ റാണയ്ക്ക് എതിരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആദ്യം കേസെടുത്തത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നൽകാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നായിരുന്നു പരാതി. തൃശ്ശൂർ ആദം ബസാറിൽ പ്രവർത്തിക്കുന്ന സേഫ് ആൻഡ് സ്‌ട്രോങ്ങ് ബിസിനസ് കൺസൾട്ടൻസിൽ ഫ്രാഞ്ചൈസിയായി പ്രവർത്തിക്കുന്നതിന് ഒരു ലക്ഷം രൂപ നിക്ഷേപം വാങ്ങി. പ്രതിമാസം രണ്ടായിരം രൂപ സ്‌റ്റൈപന്റ്, കാലാവധി പൂർത്തിയായാൽ നിക്ഷേപം തിരികെ എന്നായിരുന്നു വാഗ്ദാനങ്ങളിലൊന്ന്. സ്‌റ്റൈപന്റ് കൈപ്പറ്റിയില്ലെങ്കിൽ അഞ്ച് വർഷം പൂർത്തിയാവുമ്പോൾ ഒരു ലക്ഷത്തിന് പുറമെ രണ്ടര ലക്ഷം രൂപ കൂടി നൽകാമെന്നും പറഞ്ഞ് പറ്റിച്ചെന്നുമാണ് പരാതി.

പൊതുസമൂഹത്തിൽ സ്വയം സൃഷ്ടിച്ച താരപരിവേഷത്തിന്റെ മറവിലാണ് തൃശൂരിലെ സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപ സ്ഥാപനത്തിലേക്ക് ഡോ. പ്രവീൺ റാണ നൂറുകണക്കിന് ഇടപാടുകാരെ ആകർഷിച്ചത്. എഡിസണെയും ഐൻസ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീൺ റാണ ഉന്നത വ്യക്തികളുമൊത്തുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം ആർജിച്ചത്. സ്വയം ഡോക്ടർ ചമഞ്ഞുകൊണ്ടും മാധ്യമങ്ങളിൽ നിറഞ്ഞു.

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കാനുള്ള വൈഡൂര്യമാണ് താതെന്ന് പറഞ്ഞു കൊണ്ടാണ് ഈ തട്ടിപ്പുകാരൻ വിലസിയത്. ഇതിനെല്ലാം മാധ്യമങ്ങളെയും കൂട്ടുപിടിച്ചു. ലോകോത്തര പദ്ധതികളിലൂടെ 2029നുള്ളിൽ ഇന്ത്യയിലെ ഒന്നാം നമ്പർ വ്യവസായി ആയി താൻ മറും. അതിന്റെ പ്രയോജനം നിക്ഷേപർക്കുണ്ടാകും, ഇങ്ങനെ പോകുന്നു റാണയുടെ സ്വയം പ്രഖ്യാപനങ്ങൾ. ഇതൊക്കെ കേട്ട് കോരിത്തരിച്ചാണ് നൂറുകണക്കിന് നിക്ഷേപകർ കോടികൾ നിക്ഷേപിച്ചത്. ഇദ്ദേഹത്തെ വിശ്വ പൗരനായി അവതരിപ്പിക്കാൻ ചില ജീവനക്കാർ പ്രവീൺ റാണയുടെ ചിത്രം ദേഹത്ത് പച്ചകുത്തി. അത്യാഡംബര വാഹനങ്ങളിൽ മിന്നിമറഞ്ഞ റാണ നിക്ഷേപകർക്കുമുന്നിൽ സൂപ്പർ താരമായി.

പ്രതിവർഷം 48 ശതമാനം വരെ അവിശ്വസനീയമായ പലിശ വാഗ്ദാനം ചെയ്താണ് തൃശ്ശൂരിലെ സേഫ് ആൻഡ് സ്‌ട്രോങ് എന്ന സാമ്പത്തിക സ്ഥാപനം ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്നായി കോടികൾ പിരിച്ചെടുത്തത്. സ്ഥാപനത്തിന്റെ നിധി കമ്പനിയിൽ നിക്ഷേപിച്ചാൽ 12 ശതമാനം പലിശ കിട്ടുമ്പോൾ സേഫ് ആൻഡ് സ്‌ട്രോങ് കൺസൾട്ടന്റ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 40 ശതമാനമായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു രാജ്യത്തെ സാമ്പത്തിക നിയമങ്ങളുടെ കണ്ണു വെട്ടിക്കാനുള്ള ആസൂത്രിത നീക്കം.

ഡോ. പ്രവീൺ റാണ എന്ന പ്രവീൺ കെ.പി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സേഫ് ആൻഡ് സ്‌ട്രോങ് നിധി കമ്പനിക്ക് കേന്ദ്ര സർക്കാരിന്റെ പിടി വീണതോടെയാണ് നിക്ഷേപത്തിന്റെ തന്ത്രം മാറ്റിപ്പിടിച്ചത്. മോഹന വാഗ്ദാനങ്ങൾ മുന്നോട്ടുവച്ച് സേഫ് ആൻഡ് സ്‌ട്രോങ് കൾസൾട്ടൻസി ലിമിറ്റഡ് എന്ന മറ്റൊരു സ്ഥാപനമുണ്ടാക്കി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 3,250 രൂപ റിട്ടേൺ നൽകും. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് പ്രതിവർഷം 39,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. അതായത് 39 ശതമാനം പലിശ. പത്തുലക്ഷം നിക്ഷേപിച്ച ചിലർക്ക് നാലു ലക്ഷത്തിന് മുകളിൽ വരെ പ്രതിവർഷം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ മയങ്ങിയാണ് പലരും പണവുമായെത്തിയത്.

മോൻസൻ മാവുങ്കലിനെയും വെല്ലുന്ന വിധത്തിലാണ് പ്രവീൺ റാണയുടെ തട്ടിപ്പുകളെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. നിധി കമ്പനിയുടെ പേരിൽ ഇയാൾ വലിയ തോതിൽ പണപ്പിരിവ നടത്തിയ വിവരവും നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. 2019 ജൂലായ് ഒന്നിനാണ് നിധി കമ്പനിയായി തുടരുന്നതിന് എൻഡിഎച്ച് -4 ഫോമിൽ അപേക്ഷിക്കണം എന്ന് കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയത്. നിധി കമ്പനി നിയമങ്ങൾ, കമ്പനി നിയമത്തിലെ ഭേദഗതി ചെയ്ത സെക്ഷൻ 406 എന്നിവ പ്രകാരമായിരുന്നു പുതിയ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ലഭിച്ച അപേക്ഷകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും, അപേക്ഷ നൽകാത്ത കമ്പനികളും ഉൾപ്പടെ 404 നിധി കമ്പനികളുടെ അംഗീകാരം കേന്ദ്രം റദ്ദാക്കുകയായിരുന്നു.

അംഗീകാരം റദ്ദാക്കിയ കമ്പനികുടെ പട്ടികയിൽ 306 ആം മതാണ് സേഫ് ആൻഡ് സ്‌ട്രോങ്ങ് നിധി ലിമിറ്റഡിന്റെ പേര് പരാമർശിക്കുന്നത്. നിധി കമ്പനിയായി തുടരുന്നതിനുള്ള അംഗീകാരം റദ്ദാക്കപ്പെട്ട് അഞ്ച് മാസം പിന്നിടുമ്പോഴും ഈ കമ്പനിയുടെ മറവിൽ, ആളുകളെ കബളിപ്പിച്ച് വൻ തോതിലുള്ള നിക്ഷേപം സ്വീകരിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ പ്രാഥമിക അന്വേഷത്തിൽ വ്യക്തമാകുന്നത്. പൊതുജനങ്ങൾക്ക് 12 ശതമാനവും സീനിയർ സിറ്റിസണിന് 12.5 ശതമാനവും പലിശയാണ് പരമാവധി നൽകാൻ നിയമമുള്ളൂ. എന്നാൽ പ്രവീണ് റാണ നിക്ഷേപകർക്ക് വൻതുക പലിശ നൽകുമെന്നാണ് വാഗ്ദാനം നൽകാറ്. രാജ്യത്തെ എല്ലാ നിയമങ്ങളും ലംഘിച്ച് 18 ശതമാനം വരെ പലിശ നിക്ഷേപത്തിന് നൽകി വരുന്നുണ്ടെന്നാണ് സേഫ് ആൻഡ് സ്ട്രോങ് അവകാശപ്പെട്ടത്.

നിധി കമ്പനിയിലേക്ക് നിക്ഷേപിക്കാൻ എത്തുന്നവരെ, ഫ്രാഞ്ചൈസി നിക്ഷേപത്തിൽ ലഭിക്കുന്ന ഭീമമായ പലിശ കാണിച്ചാണ് ഇൻവെസ്റ്റ് ചെയ്യിക്കുന്നത്. അതും വളരെ ബുദ്ധിപരമായ നീക്കത്തിലൂടെ പണം തട്ടാൻ തയ്യാറാക്കിയ എഗ്രിമെന്റിലൂടെ എന്ന് വേണം മനസ്സിലാൻ. നിധി കമ്പനിയെ മറയാക്കി പ്രവീൺ നിക്ഷേപം സ്വീകരിക്കുന്നതിൽ 80 ശതമാനവും ഫ്രാഞ്ചൈസി എഗ്രിമെന്റിലൂടെയാണ്. അതായത്, നിക്ഷേപത്തിന്റെ പലിശയ്ക്ക് പകരം ലാഭം അല്ലെങ്കിൽ വരുമാനം എന്ന വാക്കാണ് ഇത്തരം എഗ്രിമെന്റുകളിൽ ഉപയോഗിക്കുന്നതെന്ന വ്യത്യാസം മാത്രം. ട്രൈനിങ് സ്റ്റൈഫന്റ് എന്ന നിലയിലാണ് ഈ തുകയെ ലീഗൽ എഗ്രിമെന്റുകളിൽ കാണിച്ചിരിക്കുന്നത്.

ഇനി ഈ നിക്ഷേപം എവിടെയാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി എജിഎം ഗോകുൽദാസ് തന്നെ പറഞ്ഞത് ഇങ്ങനെ: നമ്മള് ഒരു കോർപ്പറേറ്റ് ഗ്രൂപ്പാണ്. നമ്മുടെ ബിസിനസ്സ് എന്ന് പറയുന്നത് പബ്ബുകൾ ഉണ്ട്, എഡ്യൂക്കേഷണൽ അക്കാദമി ഉണ്ട്. സേഫ് ആൻഡ് സ്‌ട്രോങ്ങ് എഞ്ചിനീയേഴ്‌സ് ആൻഡ് ഡവലപ്പേഴ്‌സ് എന്ന കൺസ്ട്രക്ഷൻ കമ്പനി ഉണ്ട്, ബാങ്കിങ് കോൺസെപ്റ്റിൽ പ്രവർത്തിക്കുന്ന നിധി കമ്പനി, മാർക്കറ്റിങ് ആൻഡ് സർവ്വീസസ് ഉണ്ട്, കൈപ്പുള്ളി കമ്മ്യൂണിക്കേഷൻ എന്ന സിനിമ പ്രൊഡക്ഷൻ കമ്പനി ഉണ്ട്, ഇതിലേക്കുള്ള തുക സോഴ്‌സിനേയാണ് ഫ്രാഞ്ചൈസി തുകയായിട്ട് ഉദ്ദേശിക്കുന്നത്. അതിന് കൊടുക്കുന്നത് പലിശ അല്ല, റിട്ടേൺ ആണ്. കസ്റ്റമേഴ്‌സിന്റെ ചോയ്‌സ് അനുസരിച്ച് മാസം വേണമെങ്കിൽ അങ്ങനെ, അല്ലേൽ വർഷം തോറും. ബിസിനസ്സിൽ നിക്ഷേപിക്കുന്നതാണ് കുറച്ച് കൂടി റിട്ടേൺ ഉറപ്പ് നൽകാൻ കഴിയുന്നത്. എൽഐസി ഉൾപ്പടെയുള്ള മറ്റ് കമ്പനികൾ ഷെയർ മാർക്കറ്റിലാണ് പണം നിക്ഷേപിക്കുന്നത്. ഇത് നമ്മൾ കമ്പനി ആക്ട് പ്രകാരം ഡോക്യുമെന്റ് ചെയ്യും.

ഇതുവരെ 1500 ഓളം നിക്ഷേപകർ നിധി ലിമിറ്റഡിലും ഫ്രാഞ്ചൈസി ഇൻവെസ്റ്റ്‌മെന്റിലുമായി 200 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. നിക്ഷേപകന്റെ പണത്തിന് യാതൊരു സുരക്ഷയും ഇല്ലാതെയാണ് സേഫ് ആൻഡ് സ്‌ട്രോങ്ങ് 2022 ൽ അയ്യായിരം കോടി രൂപയുടെ നിക്ഷേപ ടാർഗറ്റ് വെച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP