Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫിസിക്സിൽ എം.എസ്.സിയുണ്ടായിട്ടും ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ തൊഴിൽ രഹിതൻ; എംടിയുടെ രണ്ടാംമൂഴം ജീവിതം മാറ്റി; പാചകത്തിലെത്തിയത് യാദൃശ്ചികമായി; പുല്ലുകൊണ്ടുപോലും പായസമുണ്ടാക്കുന്ന പ്രതിഭ; ലോകത്തിൽ ഏറ്റവും കൂടുതൽ പേരെ ഊട്ടിയ മനുഷ്യൻ; ഇപ്പോൾ അധിക്ഷേപിക്കപ്പെടുന്നത് ജാതിയുടെ പേരിൽ; പാചകസമ്രാട്ട് പഴയിടത്തിന്റെ ജീവിത കഥ

ഫിസിക്സിൽ എം.എസ്.സിയുണ്ടായിട്ടും ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ തൊഴിൽ രഹിതൻ; എംടിയുടെ രണ്ടാംമൂഴം ജീവിതം മാറ്റി; പാചകത്തിലെത്തിയത് യാദൃശ്ചികമായി; പുല്ലുകൊണ്ടുപോലും പായസമുണ്ടാക്കുന്ന പ്രതിഭ; ലോകത്തിൽ ഏറ്റവും കൂടുതൽ പേരെ ഊട്ടിയ മനുഷ്യൻ; ഇപ്പോൾ അധിക്ഷേപിക്കപ്പെടുന്നത് ജാതിയുടെ പേരിൽ; പാചകസമ്രാട്ട് പഴയിടത്തിന്റെ ജീവിത കഥ

എം റിജു

ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ഭക്ഷണം പാചകം ചെയ്തുകൊടുത്ത വ്യക്തി ആരായിരിക്കും. ഗിന്നസ്ബുക്കിൽപോലും ഇതിന്റെ കണക്കുകളില്ല. പക്ഷേ ഈ രംഗം വിലയിരുത്തുന്ന വ്ളോഗർമാരും, ഫുഡ് എക്സ്പേർട്ടുകളും പറയുന്നത്, അനൗദ്യോഗികമായ കണക്ക് നോക്കിയാൽ, അത് നമ്മുടെ പഴയിടം മോഹനൻ നമ്പൂതിരി എന്ന, പ്രിയപ്പെട്ട മോഹനേട്ടനാണെന്നാണ്. കലോത്സവങ്ങളും കായികമേളകളും, ദേശീയമീറ്റുകളും, സമ്മേളനങ്ങളും, ഉത്സവങ്ങളും, ആഘോഷങ്ങുമൊക്കെയായി, കുറിച്ചിത്താനം മുതൽ കാലിഫോർണിയയിൽവരെ ഏകദേശം മൂന്ന് കോടി പേർക്ക,് കേരളത്തിന്റെ ഈ പാചക സമ്രാട്ട് ഭക്ഷണം ഉണ്ടാക്കി കൊടുത്തിരിക്കാം എന്നാണ് കണക്ക്!

പഴയിടം എന്ന പേര് മലയാളിക്ക് രുചിപ്പെരുമയുടെ പര്യായമാണ്. മട്ടന്നൂർ എന്ന പേരു കേട്ടാൽ, മേളപ്രമാണി ശങ്കരൻ കുട്ടി മാരാരേയും, പെരുവനം എന്നാൽ കുട്ടൻ മാരാരെയും, ജഗതി എന്നാൽ ഹാസ്യ സമ്രാട്ടിനെയും ഓർമ്മവരുന്നപോലെ. പഴയിടം എന്നും രുചിയിൽ പുതിയിടമാണ്. കഴിച്ചാൽ മടുക്കാത്ത ഷഡ്രസ പാചകവിദ്യ. ഇന്ന് ലോകമറിയുന്ന ഒരു ബ്രാൻഡ് നേയിം കൂടിയാണ് പഴയിടം. അമേരിക്കയടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും പോയി ഇദ്ദേഹം ഭക്ഷണം ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ സ്‌കൂൾ യുവജനോത്സവത്തിന്റെ ഊട്ടുപുരകളിലെത്തിയ റിപ്പോർട്ടമാരാണ് ഇദ്ദേഹത്തെ 'നളൻ' ആക്കി മാറ്റിയത്. ഇപ്പോൾ കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കുൾ കലോത്സവത്തിന്റെ ഊട്ടുപുരയുടെ നിയന്ത്രണവും ഇദ്ദേഹത്തിന്റെ കൈയിലാണ്. ഇത് പതിനാറാം തവണയാണ് പഴയിടം സ്‌കുൾ കലോത്സവ പാചകത്തിനെത്തുന്നത്.

പക്ഷേ ഇത്തവണ പഴയിടം വിവാദത്തിലാണ്. ട്വന്റിഫോർ ന്യൂസിലെ മുൻ അവതാരകനും, കേരള സർവകലാശാല പൊൽറ്റിക്കൽ സയൻസ് വിഭാഗത്തിലെ അദ്ധ്യാപകനുമായ ഡോ അരുൺകുമാർ അടക്കം ഉയർത്തിയ നോൺ വെജിറ്റേറിയൻ വാദമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. കലോത്സവത്തിൽ സ്ഥിരമായി വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നത്, ബ്രാഹ്മണിക്കൽ ഹെജിമണിയുടെയും ജാതിവാദത്തിന്റെയും, ശുദ്ധതാവാദത്തിന്റെയും ലക്ഷണമായാണ് ഇവർ കാണുന്നത്. ഇതോടെ പൊളിറ്റിക്കൽ കറക്ടനസ്സിന്റെ അസ്‌ക്യതയുള്ള ലെഫ്റ്റ്- ലിബറൽ പ്രൊഫൈലുകൾ ഒരുപോലെ സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തി. പരോക്ഷമായി ഇത് പഴയിടത്തിനെതിരായ ഒരു ഹേറ്റ് കാമ്പയിൻ കൂടിയായി. ഇയാൾക്ക് എങ്ങനെ ഈ ടെൻഡർ തുടർച്ചയായി കിട്ടുന്നുവെന്ന് ആരോപിച്ചൊക്കെ വിദ്വേഷം പ്രചാരണം എത്തി.

പക്ഷേ പഴയിടത്തിന് യാതൊരു കുലുക്കവുമില്ല. കലോത്സവത്തിന്റെ മെനു തീരുമാനിക്കുന്നത് സർക്കാർ ആണെന്നും, അവർ നോൺ വെജ് പറഞ്ഞാൽ അത് വിളമ്പാമെന്നും അദ്ദേഹം പറയുന്നു. കായികമേളക്ക് ഇതേ ടീം തന്നെ ചിക്കനും ബീഫും വിളമ്പിയിട്ടുണ്ട്. അതിൽനിന്നു തന്നെ ശുദ്ധി- അശുദ്ധി വാദം തെറ്റാണെന്ന് മനസ്സിലാവും. പക്ഷേ അത്ര പെട്ടന്നൊന്നും ചാപ്പയടിച്ച് ഒതുക്കാൻ കഴിയുന്ന വ്യക്തിയല്ല ഇദ്ദേഹം. ശരിക്കും കണ്ണീരിന്റെ കനൽ വഴികൾ താണ്ടിയാണ് പഴയിടം ഇന്ന് കാണുന്ന ലോക ബ്രാൻഡ് ആയത്. എന്തും പിൻവാതിലിലൂടെ നേടിയെടുത്ത് ശീലമുള്ളവർക്ക് അറിയില്ല പഴയിടം കടന്നുവന്ന വഴികൾ. കടം കയറി ആത്മഹത്യ ചെയ്യാൻ നിന്നേടത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു യുവാവിന്റെ അസാധാരണമായ അതിജീവന കഥകൂടിയാണ് അത്.


എം ടി തിരിച്ചുതന്ന ജീവിതം

പഴയിടത്തിന്റെ നാട് കോട്ടയത്തെ കുറിച്ചിത്താനമാണ്. അവിടുത്തെ ഒരു ഇടത്തരം നമ്പൂതിരി കുടുംബത്തിലായിരുന്നു ജനനം. കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ബാല്യം. തീർത്തും യാദൃശ്ചികമായാണ് പഴയിടം ദേഹണ്ണപ്പണിയിലേക്ക് എത്തുന്നത്. കുട്ടിക്കാലത്ത് ഒരു പാചകക്കാരൻ ആവണം എന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. കുടുംബത്തിൽ അത്തരം ഒരു പാരമ്പര്യവുമില്ല. മാത്രമല്ല ആ കുടുംബത്തിലെ ഏക ആൺതരികൂടിയായിരുന്നു മോഹനൻ. 80കളിലെ ഏത് ചെറുപ്പക്കാരനെയും പോലെ തനിക്കും പഠിച്ച് നല്ല ജോലി നേടണം എന്നായിരുന്നു ആഗ്രഹം എന്ന് പഴയിടം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. പഠിക്കാൻ മിടുക്കനുമായിരുന്നു അയാൾ.

അങ്ങനെ ഫിസിക്സിൽ ബിരുദാനന്തര ബിരുദം നേടി. ശേഷം അഭ്യസ്തവിദ്യനായ ഏതൊരു ചെറുപ്പക്കാരനേയും പോലെ വൈറ്റ് കോളർ ജോലി സ്വപ്നം കണ്ട് ഓടി നടന്നു. ഒരുപാട് പരീക്ഷകൾ എഴുതി മടുത്തപ്പോഴാണ് ഓഫീസ് ജോലിയെന്ന സ്വപ്നം മാറ്റിവെച്ച് സ്വയം തൊഴിലിലേക്ക് കടന്നത്. 1981ൽ ആയിരുന്നു ആ സംഭവം. പഴയിടത്തിന് അന്ന് 26 വയസ്സുവരും. സർക്കാർ ജോലിയൊന്നും കിട്ടില്ലെന്ന് ഉറപ്പായതാടെ സ്‌കൂളിലും കോളജുകളിലും ആശുപത്രികളിലുമൊക്കെയുള്ള ലാബുകളിലേക്ക് സാധനങ്ങൾ നൽകുന്ന കച്ചവടം നടത്തി. അറിയാൻ പാടില്ലാത്ത കച്ചവടത്തിൽ തുടക്കത്തിൽ തന്നെ അപകടം പിണഞ്ഞു. നഷ്ടം വലുതായപ്പോൾ കാര്യങ്ങൾ കൈവിട്ടു. അങ്ങനെയാണ് ജീവനൊടുക്കാൻ തീരുമാനിച്ചത്.

വായനയായിരുന്നു എന്നും കൂട്ടുനിന്ന ശീലം. അങ്ങനെയാണ് എംടിയോട് ഇഷ്ടം വന്നത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളും ഹരമായിരുന്നു. അന്നു രാവിലെ മരിക്കണമെന്ന് ഉറപ്പിച്ച് വീടിന്റെ അടുത്ത ജംക്ഷനിൽനിന്ന് ആ യുവാവ് ബസിൽ കയറി. കുറവിലങ്ങാട് ജംക്ഷനിൽ ബസ് നിർത്തിയപ്പോൾ, കടയിൽ കലാകൗമുദി മാസികയുടെ പുറംചട്ടയിൽ എംടിയുടെ ചിത്രം കണ്ടു. 'രണ്ടാമൂഴം' എന്ന നോവലിന്റെ അറിയിപ്പാണ്. എംടിയുടെ പേര് വലിയ അക്ഷരത്തിൽ കൊടുത്തിട്ടുണ്ട്. മോഹനൻ ബിൽനിന്ന് ചാടിയിറങ്ങി. എംടിയുടെ രണ്ടാമൂഴം കൂടി വായിച്ചിട്ട് മരിക്കാം എന്നു തീരുമാനിച്ച് ബസിറങ്ങിയത്!

കടയിൽനിന്ന് ആ കലാകൗമുദി ആഴ്ചപ്പതിപ്പ് വാങ്ങി കടത്തിണ്ണയിൽ ഇരുന്നുതന്നെ വായിച്ചു. ആദ്യലക്കം 'യാത്ര' എന്നാണ് എംടി പേരിട്ടിരിക്കുന്നത്. തന്റെ യാത്രയാണെങ്കിൽ അവസാന യാത്രയും. യാത്രയുടെ തുടക്ക വാചകംതന്നെ പഴയിടത്തെ വീഴ്‌ത്തി. 'കടലിന് കറുത്ത നിറമായിരുന്നു'.... മരണത്തിന്റെ കറുപ്പാണ് തന്റെ മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ കൊക്കയിൽ ചാടുക അല്ലെങ്കിൽ വിഷം കഴിക്കുക. അങ്ങനെ പല ചിന്തകളായിരുന്നു മനസ്സിലുണ്ടായിരുന്നത്. അതിൽ ഇടയ്ക്കിടെ യുധിഷ്ഠിരൻ ഇടറാൻ തുടങ്ങുന്ന മനസ്സിനെ ശാസിക്കുന്നുണ്ട്, 'ശാന്തമാകൂ' എന്ന്. അർജുനൻ പറയുന്നു, 'വഴിക്കുമാത്രമല്ല, പിന്നിട്ട ജീവിതപഥങ്ങളെയും നഷ്ടങ്ങളെയും എവിടെയും തിരിഞ്ഞുനോക്കരുതെന്നും'. എംടിയുടെ വരികളിലൂടെ പഴയിടത്തിനെയും ഓർമിപ്പിച്ചു 'മനസ്സേ, എല്ലാ ആരംഭത്തിനും അവസാനമുണ്ട്...'

രണ്ടാമൂഴത്തിന്റെ തുടക്കത്തിൽതന്നെ ഭീമന്റെ ജീവിതം പഴയിടത്തിനെയും പിടിച്ചുമുറുക്കി. വാനപ്രസ്ഥത്തിന്റെ വേളയിൽ യുധിഷ്ഠിരനും അർജുനനും തളർന്നുവീണ ദ്രൗപദിയെ ഉപേക്ഷിച്ചുപോകുമ്പോൾ യാത്രയിൽ തിരിച്ചുനടന്ന് ദ്രൗപദിയുടെ അടുക്കലെത്തുന്ന ഭീമൻ. വിഷാദത്തോടെ കണ്ണുതുറന്ന് ഭീമനെ നോക്കി ദ്രൗപദിയുടെ മന്ദഹാസം. ഇതോടെയാണ് ആദ്യ ലക്കം അവസാനിക്കുന്നത്.

പഴയിടത്തിന് ആകാംക്ഷയേറി. അടുത്ത ലക്കമെന്തായിരിക്കും. മനസ്സിലേക്ക് എംടിയുടെ വരികളെത്തിയത് ജീവിതത്തിന്റെ പിടിവള്ളിയായിട്ടായിരുന്നു. മരിക്കാനുള്ള തീരുമാനം അങ്ങനെ തൽക്കാലം മാറുന്നു. അടുത്ത ഒരു വർഷം കലാകൗമുദിയിൽ 52 ലക്കമായി രണ്ടാമൂഴം പ്രസിദ്ധീകരിക്കുന്നു. അതു മുഴുവൻ വായിക്കുന്നു. അതോടെ ആത്മഹത്യ ചെയ്യാനുള്ള പ്രേരണയും മാറി.

രാജകുടുംബം തന്ന ബ്രേക്ക്

''പഠിക്കുന്നു കാലത്ത് എനിക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു, പക്ഷേ ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നതിൽ പ്രയോജനമില്ല. പഠിച്ചതിന് അനുസരിച്ചുള്ള ജോലിയൊന്നും കിട്ടാൻ പോകുന്നില്ലെന്ന് ഉറപ്പായി. പിന്നെ രണ്ടുവഴികളേ ഉണ്ടായിരുന്നുള്ളൂ. ശാന്തിക്കാരനാവുക. പാചകക്കാരനാവുക''- അക്കാലം പഴയിടം ഒരു അഭിമുഖത്തിൽ അനുസ്മരിക്കുന്നത് ഇങ്ങനെയാണ്. യാദൃച്ഛികമായാണ് പാചകമേഖലയിൽ അരങ്ങേറ്റം. വീടിനടുത്തെ കുറിച്ചിത്താനം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നാമജപത്തിനുവരുന്ന ഒരുകൂട്ടത്തിന് ഭക്ഷണം നൽകാൻ സഹായിക്കണമെന്ന് മേൽശാന്തി ആവശ്യപ്പെട്ടപ്പോൾ, പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത അയാളും ഒപ്പം കൂടി. സ്വന്തമായി ആദ്യം ചെയ്ത പാചകം മോശമായില്ല. നാട്ടുകാർ അഭിനന്ദനം ചൊരിഞ്ഞു. ആയിടെയാണ് ഒരു ചടങ്ങിൽ പാചക വിദഗ്ധൻ മലമേൽ നീലകണ്ഠൻ നമ്പൂതിരിയെ കാണുന്നത്. വെറുതേയിരിക്കുകയാണെങ്കിൽ ഒപ്പംകൂടാൻ ക്ഷണം. അതോടെ ആ പാചകവഴി തുറന്നു.

ഭാഗവതഹംസം മള്ളിയൂർ തിരുമേനി ഒരുദിവസം പഴയിടത്തെ വിളിച്ചു. തിരുവനന്തപുരത്ത് ഒരു സപ്താഹത്തിന് ഭക്ഷണം ഒരുക്കണം. ആ സപ്താഹത്തിൽ ഒരുദിനം വന്നത് തിരുവിതാംകൂർ രാജകുടുംബം. അവർക്ക് ഭക്ഷണം ഇഷ്ടമായി. പാചകക്കാരനെയും തിരക്കിയാണ് അവരുടെ മടക്കം. ആ പേര് അവർ മറന്നില്ലെന്ന് കുറച്ചുദിവസം കഴിഞ്ഞപ്പോൾ മനസ്സിലായി. ലേഖത്തമ്പുരാട്ടിയെ കൊട്ടാരത്തിലേക്ക് ദത്തെടുക്കുന്ന ചടങ്ങിനുമുമ്പ് ചെറിയൊരു സദ്യയൊരുക്കണം. കുടുംബം മാത്രം പങ്കെടുക്കുന്ന ചടങ്ങാണ്. ആ സദ്യയാണ് പഴയിടം വിശിഷ്ടവ്യക്തികൾക്ക് ഒരുക്കുന്ന ആദ്യ സദ്യ. പഴയിടത്തിനെക്കുറിച്ച് 'മാതൃഭൂമി'പത്രവും അന്നെഴുതി. ഇതോടെ അദ്ദേഹം അറിയപ്പെട്ടുതുടങ്ങി.

പിന്നാലെ കോട്ടയത്ത് ജില്ലാ സ്‌കൂൾ കലോത്സവത്തിന് വിളിവന്നു. മലമേൽ നീലകണ്ഠൻ നമ്പൂതിരിയുടെ സഹായി എന്ന നിലയിലാണ് ആ വിളി വന്നത്. അതൊരു യാത്രയുടെ തുടക്കമായി. പിന്നെ പഴയിടം തിരിഞ്ഞുനോക്കിയിട്ടില്ല.

കലോത്സവം നളനാക്കി

കോട്ടയം ജില്ലാകലോത്സവത്തിൽ കുറഞ്ഞ ചെലവിൽ നല്ല ഭക്ഷണം ഉണ്ടാക്കിയതോടെ പഴയിടത്തിന് നല്ല പേരായി. പിന്നീട് കോട്ടയത്ത് നടന്ന ജില്ലാ ശാസ്ത്രമേളയിൽ അടുക്കള കൈകാര്യം ചെയ്തു. കെഎസ്ടിഎ എന്ന ഇടത് അദ്ധ്യാപക സംഘടനയായിരുന്നു പഴയടത്തിന്റെ പേര് ഫുഡ് കമ്മറ്റികളിലേക്ക് ശിപാർശ ചെയ്യാറുള്ളത്. ( ഇന്ന് ഇടത് അനുഭാവികളിൽ പലരും പഴയിടത്തിനെതിരെ തുള്ളുന്നു! ) 2006ൽ എറണാകുളത്ത് നടന്ന സംസ്ഥാന കലോത്സവത്തിന്റെ ചുമതലയും ഇതേ അദ്ധ്യാപക സമിതിയായിരുന്നു പഴയിടത്തെ ഏൽപ്പിച്ചത്. അതും വിജയിച്ചതോടെ പഴയിടം കലോത്സവത്തിന്റെ സ്ഥിരം നളൻ ആയി.

''എന്നേക്കാൾ നല്ല പാചകക്കാർ കേരളത്തിൽ ഒരുപാട് പേർ ഉണ്ട്. പക്ഷേ അവർക്കൊന്നും അവസരങ്ങളും മാധ്യമ ശ്രദ്ധയും കിട്ടുന്നില്ല. നാലാളുകൾ അറിയുന്ന രീതിയിൽ മാറാൻ കലോത്സവങ്ങൾ എന്നെ വല്ലാതെ സഹായിച്ചിട്ടുണ്ട്. ''- പഴയിടം ഒരു അഭിമുഖത്തിൽ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ 2011ലെ മലപ്പുറം കലോത്സവമായിരുന്നു ഏറ്റവും പ്രിയപ്പെട്ടത്്. '' ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത കലോത്സവമായിരുന്നു അത്. ശരിക്കും ജനങ്ങൾ ഏറ്റെടുത്ത മേളം. ഊട്ടുപുരയിലേക്ക് ജനം അടിച്ച് കയറുകയായിരുന്നു. പക്ഷേ എല്ലാവർക്കും ഭക്ഷണം കൊടുത്തു. 30,000 ലിറ്റർ സാമ്പാറാണ് ഇവിടെ ഉണ്ടാക്കിയത്. അതുപോലെ മണ്ണാറശാല ആയില്യത്തിന് ഒറ്റദിവസം 35,000 പേർക്ക് ഭക്ഷണം കൊടുത്തിരുന്നു. അതുപോലെ ഒറ്റദിവസം 65000 പേർക്ക് ഭക്ഷണം കൊടുത്ത ചെട്ടികുളങ്ങര ഭരണിയും മറക്കാനാവില്ല. ''- ഒരു അഭിമുഖത്തിൽ പഴയിടം പറയുന്നു.

കലോത്സവത്തിൽ, ബജറ്റിൽ ഒതുങ്ങി ഭക്ഷണം കൊടുക്കുന്നതിലും അത് തീർന്നുപോകാതെ മാനേജ് ചെയ്യുന്നതിലുമാണ് ശ്രദ്ധിക്കേണ്ടത് എന്ന് പഴയിടം പറയുന്നു. '' എത്രപേർ വരും എന്നതിന് നമുക്ക് ഒരു ഏകദേശ കണക്കേ കിട്ടു. പക്ഷേ എത്രപേർ വന്നാലും, ഒരു അക്ഷയപാത്രംപോലെ കലോത്സവത്തിലെ ഭക്ഷണപ്പുര പ്രവർത്തിക്കണം. അവിടെയാണ് മിടുക്ക്. രുചി, വൈവിധ്യം തുടങ്ങിയ കാര്യങ്ങൾക്ക് ഇവിടെ രണ്ടാം സ്ഥാനമേയുള്ളു'. ശരിക്കും തന്റെ ബ്രാൻഡിന്റെ സെൽഫ് മാർക്കറ്റിങ്ങാണ് കലോത്സവത്തിലൂടെ നടക്കുന്നതെന്ന് പഴയിടത്തിന് നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് അയാൾ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കലോത്സവ ടെൻഡർ സ്ഥിരമായി പിടിക്കുന്നതും. പക്ഷേ ഈ കലോത്സവത്തിൽനിന്ന് കിട്ടിയ കീർത്തിയിലൂടെ അയാൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി.

1996ലാണ്് പഴയിടം കാറ്റേഴ്‌സ് ആൻഡ് എക്സ്പോർട്സ് എന്ന സംരംഭത്തിന് തുടക്കമിടുന്നത് .എഴുപത് സ്ഥിരം ജീവനക്കാർ പഴയിടം കാറ്റേഴ്‌സിനുണ്ട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന നിരവധി ജീവനക്കാർ വേറെയും. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ യുഎസ്എ, യുകെ ,ഓസ്‌ട്രേലിയ, മലേഷ്യ, ശീലങ്ക ,സിങ്കപ്പൂർ ,കാനഡ എന്നിവിടങ്ങളിലും ഇതിനോടകം പഴയിടം സദ്യയൊരുക്കിയിട്ടുണ്ട്. പ്രമുഖ വ്യവസായി രവി പിള്ളയുടെ മകളുടെ വിവാഹത്തിന് കലവറയിലെ സജീവ സാന്നിധ്യമായിരുന്നു പഴയിടം. അതുപോലെ ഗൾഫിൽ ലുലു ഗ്രൂപ്പിനുവേണ്ടിയും നിരവധി പാചകങ്ങൾ ഒരുക്കി. ഇന്ന് നിരവധി പരസ്യങ്ങൾ ഉൾപ്പെടെ, കേരളാ രുചിയുടെ ആഗോള ബ്രാൻഡ് അംബാസിഡർ കൂടിയാണ് പഴയിടം.

പുല്ലുകൊണ്ടു പോലും പായസം!

നോൺ വെജിനോട് അദ്ദേഹത്തിന് ഒരു അയിത്തവുമില്ല. ചൈനീസും, കോണ്ടിന്റിറലിലും, അറേബ്യൻ ഫുഡിലുമൊക്കെ വിദഗ്ദ്ധർ ആയവർ പഴയിടം ടീമിൽ ഉണ്ട്. ചൈനീസിലും അറേബ്യൻ ഫുഡിലും അടക്കം പല പരീക്ഷണങ്ങളും അയാൾ നടത്തിയിട്ടുമുണ്ട്. ഒരേസമയം 10,000 പേർക്ക് ഭക്ഷണം തയ്യാറാക്കാവുന്ന ഹൈടെക് അടുക്കള പഴയിടത്തിന് സ്വന്തമാണ്. ദിവസം എട്ടുവിവാഹത്തിനുവരെ വെച്ചുവിളമ്പാനുള്ള വൈഭവം ഇപ്പോഴുണ്ട്. എം.ബി.എ. കഴിഞ്ഞ മകൻ യദുവാണ് നടത്തിപ്പിന് മുഖ്യസഹായി.

പായസമാണ് പഴയിടത്തിന്റെ മാസ്റ്റർ പീസ്. പുല്ലുകൊണ്ടുപോലും പായസം ഉണ്ടാക്കുന്ന പ്രതിഭയെന്നാണ് അദ്ദേഹത്തെക്കുറിച്ച് തമാശ പറയുക. എന്നാൽ കിണറ്റിന്കരയിലെ പുല്ലും (ചിരവ പൈപ്പ് ചീര) പഴയിടത്തിനു പായസത്തിനുള്ള ചേരുവ ആകും. വല്ലഭനു പുല്ലും ആയുധം, പഴയിടത്തിനു പുല്ലും പായസം! ചെറുപരിപ്പ് പായസം, ചക്കപ്പായസം, ചീരപ്പായസം, മാമ്പഴപായസം അങ്ങനെ പോവുന്ന ആ ലിസ്റ്റ്. കയ്‌പ്പുള്ള പാവക്കയിൽനിന്നുപോലും അദ്ദേഹം പായസം ഉണ്ടാക്കും. പാവക്കയുടെ ചവർപ്പ് പോക്കാനുള്ള ചില പൊടിക്കെകൾ കൈയിലുണ്ട്.

ഇത്തവണ കോഴിക്കോട്ട് അഞ്ച് ദിനങ്ങളിലായി രണ്ട് ലക്ഷത്തോളം പേർക്കാണ് രുചി വിഭവങ്ങളൊരുക്കുന്നത്. പ്രഭാത ഭക്ഷണം, എട്ടുകൂട്ടവും പായസവും കൂട്ടിയുള്ള ഉച്ച സദ്യ, വൈകിട്ട് ചായയും കടിയും, പിന്നെ അത്താഴവുമടങ്ങുന്നതാണ് ഊട്ടുപുരയുടെ പ്രവർത്തനം. മന്ത്രിമാരായ വി.ശിവൻകുട്ടിക്കും വീണ ജോർജിനും മുഹമ്മദ് റിയാസിനുമടക്കം പാൽപ്പായസം നൽകിക്കൊണ്ടാണ് പഴയിടം വിഭവങ്ങൾ വിളമ്പിത്തുടങ്ങിയത്. ഉണക്കലരി പായസം, ചേനപ്പായസം, കുമ്പളങ്ങ പായസം, പാലട പ്രഥമൻ, പരിപ്പ് പായസം എന്നിങ്ങനെ ക്രമത്തിൽ ഓരോ ദിവസവും ഉണ്ടാവും.

ഇതുപോലുള്ള വിവിധ വൈവിധ്യങ്ങൾ പഴയിടം കാറ്ററിങ്ങിലും ഉണ്ട്. അതേപോലെ അവിയലും കൊഴുക്കട്ടയും കോമ്പിനേഷൻ പ്രഭാതഭക്ഷണവും പഴയിടം സ്പെഷ്യൽ ആണ്. ഭാര്യ ശാലനിയുടെ സംഭാവനയായ ഈ ഇനം പക്ഷേ അദ്ദേഹം കലോത്സവത്തിൽ പരീക്ഷിച്ചിട്ടില്ല. ഭക്ഷണം വിളമ്പുന്നതിലും ഒരു ശാസ്ത്രം ഉണ്ടെന്നാണ് പഴയിടത്തിന്റെ പക്ഷം. ''ഷഡ്രസങ്ങൾ ഒന്നിനൊന്ന് കോമ്പൻസേറ്റ് ചെയ്താൽ ഇൻഫക്ഷൻ വരില്ല. പരിപ്പുകൂട്ടി ചോറ് തിന്നുമ്പോൾ നെയ് വാങ്ങിയിരിക്കണം. ഗ്യാസിനെ ഇല്ലാതാക്കുന്നത് നെയ് ആണ്. കലോത്സവ പാചകം ശരിക്കും ഒരു ഇവന്റ്മനേജ്മെന്റാണ്. ഇപ്പോൾ നാം എൽപിജി ആണെല്ലോ ഉപയോഗിക്കുന്നത്. അത് വെക്കുന്നത് ചരിഞ്ഞുപോയാൽ ഒരു വശം കരിഞ്ഞുപോകും. അവിടെവരെ കണ്ണെത്തണം. ''- പഴയിടം പറയുന്നു.

പ്രധാനമന്ത്രിയുടെ അഭിനന്ദനം

ഇപ്പോഴും തനിക്ക് സദ്യയൊരുക്കുമ്പോൾ ടെൻഷനുണ്ടെന്ന് പഴയിടം പറയുന്നു. ആദ്യ പന്തയിലെ ആളുകളുടെ അഭിപ്രായം കേൾക്കാൻ, റിസൾട്ട് കാത്തിരിക്കുന്ന ഒരു വിദ്യാർത്ഥിയെപ്പോലെ താൻ കാത്തിരിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

2016ൽ കോഴിക്കോട് നടന്ന ബിജെപി ദേശീയ സമിതി യോഗത്തിൽ പ്രതിനിധികളായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള വിവിഐപി കൾക്ക് കേരളീയ സദ്യയൊരുക്കിയതും സാക്ഷാൽ പഴയിടം തന്നെ. ചോറും കറികളും കൂട്ടി തൂശനിലയിൽ സദ്യ ആസ്വദിച്ചു കഴിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പഴയിടത്തെ നേരിട്ട് അഭിനന്ദിച്ചു. ചോറിനൊപ്പം മോദിയടക്കം ഉത്തരേന്ത്യയിൽ നിന്നുവന്നവർ ചപ്പാത്തിയും കഴിച്ചു. പരിപ്പ്, സാമ്പാർ, പച്ചടി, കിച്ചടി, ഓലൻ, അവിയൽ, തോരൻ, ഇഞ്ചിപ്പുളി, കൂട്ടുകറി, ഉപ്പിലിട്ടത് എന്നിവയെല്ലാം വിളമ്പി. ആസ്വദിച്ചുകഴിച്ച പ്രധാനമന്ത്രിയും രാജ്നാഥ്സിങ്ങും ചില വിഭവങ്ങൾ വീണ്ടും ചോദിച്ചു വാങ്ങി. സദ്യ കഴിഞ്ഞ് പാചകക്കാരൻ പഴയിടം നമ്പൂതിരിയെയും മകൻ യദുകൃഷ്ണനെയും പ്രധാനമന്ത്രിക്കു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി. രമേശ് പരിചയപ്പെടുത്തി. പ്രധാനമന്ത്രി പറഞ്ഞു- ''സദ്യ ഗംഭീരം''. അതീവ സുരക്ഷാകാരണങ്ങൾ കൊണ്ട് അന്ന് ഒരു ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.

ഒടുവിൽ എം ടിയെ കണ്ടുമുട്ടുന്നു

ആത്മഹത്യയിൽനിന്ന് തന്റെ ജീവിതം രക്ഷിച്ച എം ടിയെ പിന്നീട് പഴയിടം കണ്ടുമുട്ടിയതും വാർത്തയായിരുന്നു. 2014ൽ സംസ്ഥാന കലോൽസവം കോഴിക്കോട് നഗരത്തിൽ നടക്കുന്നു. പാചകം പഴയിടം. എംടി വാസുദേവൻ നായർ കലോൽസവം ഉദ്ഘാടനം ചെയ്യാൻ വന്നേക്കുമെന്നറിഞ്ഞപ്പോൾ തലേന്ന് പഴയിടം കലോൽസവ ഭാരവാഹിയോടു പറഞ്ഞു 'എംടി വരുമ്പോൾ ഒന്നു കാണാൻ അവസരമുണ്ടാക്കണം.' 'അതിനെന്താ, വേണമെങ്കിൽ ഇന്നു രാത്രി വീട്ടിൽ പോകുന്നുണ്ട്. കൂടെ വന്നോളൂ' എന്നു കലോൽസവ ഭാരവാഹി. രാത്രി എംടിയെ കാണാൻ നല്ല കസവിന്റെ മുണ്ടും വാങ്ങി പഴയിടം പോയി. നേരിൽ കാണുമ്പോൾ വല്ലാത്ത പരിഭ്രമമായിരുന്നു. പക്ഷേ പഴയിടം എല്ലാം പറഞ്ഞു.

എം ടിക്കും വലിയ സന്തോഷമായി. തന്റെ നോവൽ ഒരാളുടെ ജീവിതം മാറ്റിമിറച്ച കഥ അത്ഭുദത്തോടെയാണ്, അദ്ദേഹം കേട്ടത്. പിറ്റേന്ന് എം ടി കലോത്സവത്തിന്റെ പാചകപ്പുരയിൽ എത്തിയപ്പോൾ പഴയിടം ആ കാൽക്കൽ വീണു വന്ദിച്ചു. തനിക്ക് ജീവിതാമൃതം പകർന്ന വിരലുകളിൽ മുത്തമിട്ടു. തിരിച്ച് ആശീർവദിക്കാൻ എംടി കരുതിവച്ചത് 'രണ്ടാമൂഴം'. പുസ്തകം ഏറ്റുവാങ്ങിയ പഴയിടം എംടിയെ വന്ദിച്ചു. ത്സവത്തിന് കൊടിയിറങ്ങിയ പകലിൽ വികാരനിർഭരമായ ഒത്തുചേരലായി എം ടി വാസുദേവൻനായരും പഴയിടം മോഹനൻ നമ്പൂതിരിയും തമ്മിലുള്ളകൂടിക്കാഴ്ച.

'ഏറെ പ്രിയപ്പെട്ട പഴയിടത്ത് മോഹനൻനമ്പൂതിരിക്ക്' എന്നെഴുതി ഒപ്പുചാർത്തിയ ജീവഗ്രന്ഥം നെഞ്ചോടണച്ച് പഴയിടം നിർവൃതിയോടെ തെല്ലിട നിന്നു. പിന്നെ, പച്ചക്കറിയാൽ നിർമ്മിച്ച ബൊക്കെ നൽകി എം ടിയോടുള്ള സ്നേഹാദരവറിയിച്ചു. തുടർന്ന് എഴുത്തുകാരന് സദ്യ വിളമ്പി. ഊണിനുശേഷം വിടപറയുമ്പോൾ രുചിയുടെ രസക്കൂട്ട് പകരുന്ന കൈകളിൽ മുറുകെപ്പിടിച്ച് പഴയിടത്തെ പുണർന്ന് എം ടി പതുക്കെ പറഞ്ഞു, 'സന്തോഷമായി... ഇനിയും കാണാം'. അകന്നുപോകുന്ന കാറിലേക്ക് ജീവിതസായൂജ്യംനേടിയ നിർവൃതിയിൽ പഴയിടം നമ്പൂതിരി കൈവീശി. ''എനിക്ക് ജീവിതത്തിൽ എല്ലാമായി''- പഴയിടം നമ്പൂതിരിക്ക് വികാരത്തള്ളിച്ചയാൽ മറ്റൊന്നും പറയാൻ കഴിഞ്ഞില്ല.

ജാതിവാദികൾക്ക് സ്നേഹത്താൽ മറുപടി

എന്തും സഹിച്ച് മിണ്ടാതിരിക്കുന്ന വ്യക്തിയുമല്ല പഴയിടം. നാലുവർഷം മുമ്പ് തൃശൂർ കലോത്സവത്തിൽ ഏവരും അത് കണ്ടതാണ്. അന്ന് കലവറയോട് ചേർന്നാണ് മൂത്രപ്പുര ഇട്ടിരുന്നത്. സുഗന്ധത്തിന് പകരം മൂത്രത്തിന്റെ രൂക്ഷ ഗന്ധമാണ് ഊട്ടുപുരയിൽ നിറഞ്ഞത്. ഇത് മാറ്റാൻ പല തവണ പറഞ്ഞിട്ടും ആരും കേട്ടില്ല. ഒടുവിൽ കലവറ പൂട്ടി തന്റെ പാടുനോക്കി പോവുമെന്ന് പഴയിടം കട്ടായം പറഞ്ഞു. ഇതോടെയാണ് മൂത്രപ്പുര മാറ്റിയത്.

അതുപോലെ 2016ലും അദ്ദേഹം സർക്കാറുമായി ഉടക്കിയിരുന്നു. സംസ്ഥാനം ആതിഥ്യമരുളുന്ന ദേശിയ ഗെയിംസിന്റെ ഭാഗമായി അധികൃതരുടെ ഭാഗത്തു നിന്ന് തനിക്കുനേരെ അവഗണനയുണ്ടായി എന്ന് പഴയിടം ആരോപിച്ചു. താൻ ആദ്യം നൽകിയ ടെൻഡർ നിരസിച്ചെന്നും പിന്നീട് റീ ടെൻഡർ വിളിച്ച് തങ്ങൾക്ക് പങ്കെടുക്കാൻ കഴിയാത്ത രീതിയിൽ നിബന്ധനകളുണ്ടാക്കി അപമാനിച്ചെന്നും മോഹനൻ നമ്പൂതിരി പറഞ്ഞു. തങ്ങളെ ഒഴിവാക്കാൻ ചിലർ മനഃപൂർവം ശ്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. അതുകൊണ്ട് ഇനിമുതൽ കേരള സർക്കാരിന്റെ പരിപാടികളിൽ പാചകം ചെയ്യില്ലെന്നും കലോത്സവത്തിലടക്കം താൻ ഉണ്ടാവില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പക്ഷേ ഈ വിഷയം പിന്നീട് ചർച്ച ചെയ്ത് ഒത്തുതീർപ്പാക്കി.

അതായത് ഇപ്പോൾ പഴയിടത്തിന് സർക്കാറിനെയല്ല, തിരിച്ചാണ് ആവശ്യം. ഇത്രയും കുറഞ്ഞ ചെലവിൽ യാതൊരു പരാതിയുമില്ലാതെ ഭക്ഷണം ഉണ്ടാക്കാൻ അറിയുന്നവർ വളരെ കുറവാണ്. അതും ഭക്ഷ്യവിഷബാധയുടെ തുടർന്നുണ്ടായ റെയ്ഡിൽ കേരളത്തിലെ വൃത്തിഹീനമായ ഹോട്ടൽ സാഹചര്യങ്ങൾ സജീവമായ ചർച്ചയാവുന്ന സമയത്ത്. അൽഫാം ചിക്കൻ വഴിയുണ്ടായ ഭക്ഷ്യവിഷബാധയെന്ന സംശയത്താൽ ഒരു സ്ത്രീ മരിച്ചതിന്റെ നടുക്കം ഇപ്പോഴും സമൂഹത്തിൽ മാറിയിട്ടില്ല. ഇതേതുടർന്ന്, കേരളത്തിൽ അങ്ങാളമിങ്ങോളമുള്ള ഭക്ഷണശാലകളിൽ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും പലതും പൂട്ടിക്കയും ചെയ്യുകയാണ്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ യാതൊരു പ്രതികരണവും നടത്താത്തവർ ആണ്, ഒരു പരാതിയുമില്ലായെ ഇത്രയും വലിയ ഇവന്റ് മാനേജ് ചെയ്യുന്ന പഴയിടത്തിന്റ ജാതി തെരയാൻ വ്യഗ്രത കാട്ടുന്നത്!

പക്ഷേ എല്ലാ ജാതിവാദികളോടും സ്നേഹത്തിലാണ് പഴയിടം മറുപടി പറയുന്നത്. '' കലോത്സവത്തിന്റെ മെനു തീരുമാനിക്കുന്നത് ഞാനല്ല. സർക്കാറാണ്. സർക്കാർ പറഞ്ഞാൽ നോണ് വെജ് കൊടുക്കാം. സർക്കാർ ഒരു ജോലി ഏൽപ്പിച്ചു. അത് വൃത്തിയായി നിറവേറ്റുക എന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനം. സോഷ്യൽ മീഡിയയിൽ ജാതിയുടെ ഉൾപ്പെടെ പേരിൽ നടക്കുന്ന ചർച്ചകൾ ഒന്നും എന്നെ ബാധിക്കുന്ന വിഷയങ്ങളല്ല'- പഴയിടം വ്യക്തമാക്കുന്നു. ആരോടും പരിഭവമില്ലാതെ അയാൾ ഈ ജീവിത സായാഹ്നത്തിലും വിശ്രമില്ലാതെ ജോലി തുടരുകയാണ്.

വാൽക്കഷ്ണം: എന്തിലും ജാതിയും മതവും തിരയുന്ന വെറും കുത്തിത്തിരുപ്പ് സമുഹമായി നാം മാറുകയാണെന്ന് പഴയിടം വിവാദം ഒരിക്കൽ കൂടി അടിവരയിടുന്നു. നിങ്ങൾക്ക് കാളനാണെങ്കിൽ ഞങ്ങൾക്ക് കാളവേണമെന്ന് വിധ്വംസകവാദങ്ങൾ ഉയരുന്നു. അങ്ങനെയണെങ്കിൽ പോർക്കും വേണമെന്നും വാദം ഉയരുന്നു. ഇതൊരു തീക്കളിയാണ്. മുളയിലേ നുള്ളേണ്ട പ്രവണതയാണ്. പക്ഷേ, ഇടതുബുജികളാണ് ഈ കളിക്ക് കുടപിടിക്കുന്നത് എന്നതാണ് ഏറ്റവും ദയനീയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP