Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തെ 265 റൺസിൽ എറിഞ്ഞൊതുക്കി; രണ്ടാം ദിനം ഗോവ അഞ്ച് വിക്കറ്റിന് 200 റൺസ് എന്ന നിലയിൽ; ഇഷാൻ ഗഡേക്കറിന് അർദ്ധ സെഞ്ചുറി; ലക്ഷ്യം ഒന്നാം ഇന്നിങ്‌സ് ലീഡ്; മൂന്ന് വിക്കറ്റ് വീഴ്‌ത്തി സിജോമോൻ

കേരളത്തെ 265 റൺസിൽ എറിഞ്ഞൊതുക്കി; രണ്ടാം ദിനം ഗോവ അഞ്ച് വിക്കറ്റിന് 200 റൺസ് എന്ന നിലയിൽ; ഇഷാൻ ഗഡേക്കറിന് അർദ്ധ സെഞ്ചുറി; ലക്ഷ്യം ഒന്നാം ഇന്നിങ്‌സ് ലീഡ്; മൂന്ന് വിക്കറ്റ് വീഴ്‌ത്തി സിജോമോൻ

സ്പോർട്സ് ഡെസ്ക്

തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ഒന്നാം ഇന്നിങ്‌സ് ലീഡിനായി കേരളവും ഗോവയും പൊരുതുന്നു. കേരളത്തെ 265 റൺസിന് എറിഞ്ഞൊതുക്കിയ ഗോവ രണ്ടാം ദിനം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എന്ന നിലയിലാണ്. 76 റൺസുമായി ഇഷാൻ ഗഡേക്കറും ക്യാപ്റ്റൻ ദർഷൻ മിസാലും(37) ആണ് ക്രീസിൽ.

അഞ്ച് വിക്കറ്റ് കൈയിലിരിക്കെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോർ മറികടക്കാൻ ഗോവക്ക് ഇനി 66 റൺസ് കൂടി മതി. കേരളത്തിനായി ക്യാപ്റ്റൻ സിജോമോൻ ജോസഫ് മൂന്ന് വിക്കറ്റെടുത്തു.

കേരളത്തെ 265 റൺസിൽ ഒതുക്കിയതിന്റെ ആവേശത്തിൽ ക്രീസിലിറങ്ങിയ ഗോവക്ക് ഓപ്പണർമാരായ അമോഗ് ദേശായിയും(29)ഷാൻ ഗഡേക്കറും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി മികച്ച തുടക്കമിട്ടു.

ദേശായിയെ പുറത്താക്കി സിജോമോനാണ് കേരളത്തിന് ആദ്യ ബ്രേക്ക് ത്രൂ നൽകുന്നത്. പിന്നാലെ സുയാഷ് പ്രഭുദേശായി(3), സ്‌നേഹൽ കൗതങ്കാർ(7) എന്നിവർ കൂടി പെട്ടെന്ന് മടങ്ങിയതോടെ ഗോവ തകരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഗഡേക്കറിനൊപ്പം എസ് ഡി ലാഡും(35), മിസാലും(37*) പൊരുതി നിന്നതോടെ ഗോവ കരകയറി.

നേരത്തെ ഒന്നാം ദിവസത്തെ സ്‌കോറിനോട് 18 റൺസ് കൂട്ടിചേർക്കുന്നതിനിടെ ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ കേരളത്തിന് നഷ്ടമായി. ഗോവക്കായി പന്തെറിഞ്ഞ ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. നാല് വിക്കറ്റ് നേടിയ ലക്ഷയ് ഗാർഗ് ആണ് കേരളത്തെ എറിഞ്ഞൊതുക്കാൻ നേതൃത്വം കൊടുത്തത്.

രണ്ടാ ദിനം വെറും 5.3 മൂന്ന് ഓവറുകൾക്കിടെയാണ് കേരളത്തിന് ശേഷിക്കുന്ന അഞ്ച് വിക്കറ്റുകൾ നഷ്ടമായത്. ആദ്യം മടങ്ങിയത് സെഞ്ചുറിക്കാരൻ രോഹൻ പ്രേം (112). തലേ ദിവസത്തെ സ്‌കോറിനോട് ഒരു റൺ പോലും കൂട്ടിചേർക്കാൻ രോഹൻ സാധിച്ചില്ല. തുടർന്നെത്തിയ ജലജ് സക്സേനയ്ക്ക് ഏഴ് പന്ത് മാത്രമായിരുന്നു ആയുസ്. 12 റൺസെടുത്ത താരത്തെ ലക്ഷയ് പുറത്താക്കി. ബേസിൽ തമ്പിയെ നേരിട്ട രണ്ടാം പന്തിൽ തന്നെ അർജുൻ ബൗൾഡാക്കി. വൈശാഖ് ചന്ദ്രൻ (0) ലക്ഷയുടെ പന്തിൽ വിക്കറ്റ് മുന്നിൽ കുടുങ്ങി. സിജോമോൻ ജോസഫിനെ (7) അർജുനും പുറത്താക്കിയതോടെ കേരളത്തിന്റെ ഇന്നിങ്സ് അവസാനിച്ചു.

കേരളത്തിന്റെ നാലാം മത്സരമാണിത്. ജാർഖണ്ഡ്, ഛത്തീസ്‌ഗഢ് എന്നിവർക്കെതിരെ കേരളം ജയിച്ചിരുന്നു. എന്നാൽ രാജ്സ്ഥാനെതിരായ മത്സരം സമനിലയിലായി. പോയന്റ് പട്ടികയിൽ ഒന്നാമതാണ് കേരളം മൂന്ന് മത്സരങ്ങളിൽ 13 പോയിന്റാണ് കേരളത്തിന്. ഛത്തീസ്‌ഗഢ്, കർണാടക ടീമുകൾക്കും 13 പോയിന്റ് വീതമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP