Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കയിൽ ഇത് ഒരു ചരിത്ര മുഹൂർത്തം - ജഡ്ജിമാരായി കെ.പി. ജോർജും,സുരേന്ദ്രൻ കെ. പട്ടേലും, ജൂലി എ. മാത്യുവും അധികാരമേറ്റു

അമേരിക്കയിൽ ഇത് ഒരു ചരിത്ര മുഹൂർത്തം - ജഡ്ജിമാരായി കെ.പി. ജോർജും,സുരേന്ദ്രൻ കെ. പട്ടേലും, ജൂലി എ. മാത്യുവും അധികാരമേറ്റു

പി പി ചെറിയാൻ

ഹൂസ്റ്റൺ: മലയാളികൾക്ക് അഭിമാനമായി ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയായി കെ.പി. ജോർജും 240ാം ഡിസ്ട്രിക് കോർട്ട് ജഡ്ജായി സുരേന്ദ്രൻ കെ. പട്ടേലും അധികാരമേറ്റു. അമേരിക്കയിൽ ആദ്യമായി മലയാളി ജഡ്ജി (കെ.പി.ജോർജ്) മറ്റൊരു മലയാളി ജഡ്ജിക്ക് (സുരേന്ദ്രൻ കെ. പട്ടേൽ )സത്യാ പ്രത്ജ്ഞ ചൊല്ലി കൊടുക്കുന്ന ഒരു ചരിത്ര മുഹൂർത്തത്തിന് കൂടി ഈ ചടങ്ങു സാക്ഷ്യം വഹിച്ചു

അടുത്ത നാലു വർഷത്തേക്കാണ് അധികാരം. ജനകീയമായ മുന്നേറ്റം ഉറപ്പു വരുത്തുന്നതിനൊപ്പം അടുത്ത നാലു വർഷത്തേക്കുള്ള വ്യക്തമായ പദ്ധതികൾ തയാറാക്കിയായിരിക്കും മുന്നേറുന്നതെന്ന് കെ. പി. ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിച്ച തുല്യനീതി എന്നതു തന്നെയാണ് തന്റെ പരമമായ ലക്ഷ്യമെന്ന് സുരേന്ദ്രൻ കെ. പട്ടേലും പറഞ്ഞു.

ജനകീയനായ കെ.പി ജോർജ് പൊതുകാര്യനിർവഹണ രംഗത്തെ അതിവിദഗ്ധൻ എന്ന നിലയിൽ ശ്രദ്ധേയനാണ്. കെ.പി.ജോർജിന്റെ തുടർച്ചയായ വിജയം ഇന്ത്യൻ സമൂഹത്തിന്റെ ശക്തിയും കരുത്തും വീണ്ടും വിളിച്ചോതുന്നതു കൂടിയാണ്. ഫോർട്ട് ബെൻഡ് ഐഎസ്ഡി സ്‌കൂൾ ബോർഡ് അംഗമായി പ്രവർത്തിച്ച ജോർജ് സാമ്പത്തിക, സേവന, വ്യവസായ രംഗത്തെ പ്രഗൽഭനാണ്. പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോട് ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹം സ്വപ്രയത്‌നം കൊണ്ടാണ് ഈ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. ജില്ലാ കളക്ടർക്ക് തതുല്യമായ പദവിയാണ് കൗണ്ടി ജഡ്ജിനുള്ളത്.

അമേരിക്കയിലെ മൂന്നു പതിറ്റാണ്ടിന്റെ സാന്നിധ്യം കൂടിയാണ് കെ. പി. ജോർജ്. ഫോർട്ട് ബെൻഡ് കൗണ്ടിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നത് കെ.പി.ജോർജിലൂടെയാണ്. കൗണ്ടിയുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ളതുകൊണ്ട് ഭരണനിർവഹണത്തിൽ വ്യക്തമായ പദ്ധതികൾ അദ്ദേഹത്തിനുണ്ടായിരുന്നു. ജനകീയമായി ദീർഘവീക്ഷണത്തോടെ അദ്ദേഹം ചുവടുകൾ നീക്കി, പരാതികൾക്കും പരിഭവങ്ങൾക്കും ഇടനൽകാതെ. എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ പാടവം കൈയടി നേടി. അതുകൊണ്ടുതന്നെ ആ പ്രവർത്തനങ്ങളൊക്കെയും പരാതിരഹിതമായി

അമേരിക്കൻ സമൂഹത്ത പിടിച്ചുകുലുക്കിയ കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ജനകീയമായ മുന്നേറ്റം കാഴ്ചവച്ചു. വാക്‌സിനേഷൻ നിരക്കിൽ കൗണ്ടി സംസ്ഥാനത്ത് തന്നെ ഒന്നാമതെത്തിയത് ജോർജിന്റെ ആസൂത്രണ മികവുകൊണ്ടു മാത്രമാണ്. കോവിഡ് പരിശോധന, രോഗികളുടെ ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് പ്രത്യേക പരിഗണന നൽകി. പ്രതിസന്ധിയിലായ സാധാരണക്കാർക്കായി സാമ്പത്തിക സഹായങ്ങളും ഇളവുകളും നൽകി. ഇതിനെ തുടർന്ന് പുത്തൻ തൊഴിൽ അവസരങ്ങളും ഒരുക്കി.

ദുരന്തമുഖങ്ങളിൽ ജോർജിന്റെ സംഘാടനവും ഏകോപനവും തികഞ്ഞ പക്വതയോടെയായിരുന്നു. കൊടുങ്കാറ്റ് നാശം വിതച്ചനാളുകളിൽ സഹായ കേന്ദ്രങ്ങൾ തുറന്നു. അടിയന്തര അറിയിപ്പുകൾ ടെക്സ്റ്റ് മെസേജിലൂടെ അറിയിക്കാനുള്ള സംവിധാനവും ഒരുക്കി. വെള്ളപ്പൊക്ക നിയന്ത്രണത്തിനായി അമേരിക്കൻ ആർമിയുമായി ചേർന്ന് തയാറാക്കിയ 25 ഇന പരിപാടി ഫലം കണ്ടു.ഗതാഗത സൗകര്യം മികച്ചതാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകി. പൊതുഗതാഗത രംഗത്ത് വിപ്ലവാത്മകമായ പരിഷ്‌കാരങ്ങൾ നടപ്പാക്കി. ഏറ്റവും മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കിയത് ജോർജിന്റെ കാലത്താണ്.

2019-22 കാലഘട്ടത്തിൽ സാമ്പത്തിക വികസനത്തിൽ ഫോർട് ബെൻഡ് കൗണ്ടി ടെക്‌സസിലെ രണ്ടാം സ്ഥാനത്തെത്തി. അതിവേഗ വികസനത്തിൽ ടെക്‌സസിലെ രണ്ടാമത്തെ കൗണ്ടിയും അമേരിക്കയിലെ പതിമൂന്നാം സ്ഥാനത്തെ കൗണ്ടിയായും ഫോർട് ബെൻഡ് ഉയർന്നു.
കൗണ്ടി ഗവൺമെന്റിന്റെ മീറ്റിംഗുകളെല്ലാം ലൈവ് സ്ട്രീം ചെയ്തത് സുതാര്യതയുടെ ഭാഗമായി ആയിരുന്നു. സംസ്ഥാനത്ത് തന്നെ കൗണ്ടിയുടെ പ്രവർത്തനങ്ങൾ ചർച്ചാ വിഷയമായത് ജോർജിന്റെ പാടവം കൊണ്ടു മാത്രമാണ്.ഫോർട്‌ബെൻഡ് സ്‌കൂൾ അദ്ധ്യാപികയായ ഷീബയാണ് ഭാര്യ. രോഹിത്, ഹെലന്മേരി, സ്‌നേഹ എന്നിവരാണ് മക്കൾ.തുല്യനീതി ഉറപ്പാക്കാൻ സുരേന്ദ്രൻ കെ പട്ടേൽ240-ാം ജുഡീഷ്യൽ ഡിസ്ട്രിക്ട് കോർട്ട് ജഡ്ജി ആയാണ് മലയാളിയായ സുരേന്ദ്രൻ കെ പട്ടേൽ തിരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പാർട്ടിയുടെ ലേബലിൽ ആയിരുന്നു മൽസരം. എല്ലാവർക്കും തുല്യനീതി എന്നതാണ് സുരേന്ദ്രൻ ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. സിവിൽ, ക്രിമിനൽ, ലേബർ, ഇൻഡ്രസ്ട്രിയൽ ലോ എന്നീ മേഖലകളിൽ കഴിവുതെളിയിച്ച വ്യക്തിയാണ്.

കേരളത്തിൽ ജനിച്ച സുരേന്ദ്രൻ 1996 മുതൽ കേരളത്തിൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2007ൽ ആണ് ഭാര്യയോടൊപ്പം അമേരിക്കയിൽ എത്തുന്നത്. രജിസ്റ്റേഡ് നഴ്സായ ഭാര്യയ്ക്ക് മെഡിക്കൽ സെന്ററിൽ ജോലി ലഭിച്ചു. പിന്നീട്, അമേരിക്കൻ നീതിന്യായ വ്യവസ്ഥയിൽ ആകൃഷ്ടനായ സുരേന്ദ്രൻ 2009-ൽ ബാർ എക്സാം പാസായി. യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റൺ ലോ സെന്ററിൽ നിന്നും എൽഎൽഎം ബിരുദം കരസ്ഥമാക്കി. കഴിഞ്ഞ തവണ ഫാമിലി കോർട്ട് ജഡ്ജ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ സുരേന്ദ്രൻ പട്ടേൽ റൺ ഓഫിൽ എത്തിയിരുന്നു.

ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മലയാളി ജൂലി എ. മാത്യു സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ കേരളത്തിലുള്ള ജൂലി സൂമിലടെയാണ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തത്. കാസർകോട് ഭീമനടിയിലുള്ള ഭർത്യ ഗൃഹത്തിലാണ് ജൂലിയിപ്പോൾ. ചടങ്ങിനു ശേഷം ഭവനത്തിൽ നടന്ന പ്രാർത്ഥനാ ചടങ്ങിൽ അടുത്ത ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു.

തിരുവല്ല സ്വദേശിനിയായ ജൂലി മലയാളികൾക്കിടയിലെ സവിശേഷ സാന്നിധ്യമാണ്. ഈ ബെഞ്ചിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ എന്ന അംഗീകാരവും ജൂലിയുടെ പേരിലാണ്. ടെക്സസിലെ ആർക്കളയിൽ അസോസിയേറ്റ് മുനിസിപ്പൽ ജഡ്ജും അറ്റോണിയും ആയിരുന്നു ജൂലി മാത്യു. കൗണ്ടി കോടതിയിൽ അഡ്‌മിനിസ്‌ട്രേറ്റീവ് ജഡ്ജും ആദ്യത്തെ ജുവനൈൽ ഇന്റെർവെൻഷൻ ആൻഡ് മെന്റൽ ഹെൽത്ത് കോർട്ടിൽ മുഖ്യ ജഡ്ജും ആയിരുന്നു.യുഎസിലേക്ക് കുടിയേറിയ ശേഷം ബിസിനസിൽ ഏർപ്പെട്ടിരുന്ന പിതാവ് തോമസ് ഡാനിയൽ നേരിട്ട സാമ്പത്തിക-നിയമപ്രശ്നങ്ങളാണ് അഭിഭാഷകയാവാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അവർ പറയുന്നു. ജൂലിയും സഹോദരൻ ജോൺസണും ഫിലഡല്ഫിയയിലാണ് പഠിച്ചു വളർന്നത്. ഡാനിയൽ ഇപ്പോൾ ഫാർ്മസിസ്റ് ആണ്. അമ്മ സൂസൻ നഴ്‌സും.

പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠിച്ച അവർ ജൂറിസ് ഡോക്ടറേറ്റ് ചെയ്തത് ഡെലവെയർ ലോ സ്‌കൂളിലാണ്. നെതെർലാൻഡ്‌സിലെ യൂണിവേഴ്സിറ്റി ഓഫ് ലെയ്ഡനിലും പഠിച്ചിട്ടുണ്ട്. ഭീമനടി സ്വദേശി ജിമ്മി മാത്യുവിനും ജൂലി മാത്യുവിനും മൂന്നു മക്കളുണ്ട്.

മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ,ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ചെയർമാൻ ജെയിംസ് കൂടൽ ,തോമസ് ചെറുകര, ബിനു സക്കറിയാ,ബാബു തെക്കേക്കര തുടങ്ങിയവർ സത്യാ പ്രത്ജ്ഞ ചടങ്ങിൽ പങ്കെടുത്തു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP