Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എസ്എൻ കോളജ് വേദിയിൽ ഗുരുസ്തുതി ചൊല്ലുമ്പോൾ എഴുന്നേൽക്കാതെയിരുന്ന് മുഖ്യമന്ത്രി ഗുരുവിനെ അപമാനിച്ചെന്ന് കെ സുധാകരനും വി മുരളീധരനും; എഴുന്നേൽക്കാൻ ഒരുങ്ങിയ കടന്നപ്പള്ളിയെ വിലക്കിയതിലും സോഷ്യൽ മീഡിയയിൽ വിമർശനം; വിവാദമായതോടെ പുതിയ വാദവുമായി സിപിഎം

എസ്എൻ കോളജ് വേദിയിൽ ഗുരുസ്തുതി ചൊല്ലുമ്പോൾ എഴുന്നേൽക്കാതെയിരുന്ന് മുഖ്യമന്ത്രി ഗുരുവിനെ അപമാനിച്ചെന്ന് കെ സുധാകരനും വി മുരളീധരനും; എഴുന്നേൽക്കാൻ ഒരുങ്ങിയ കടന്നപ്പള്ളിയെ വിലക്കിയതിലും സോഷ്യൽ മീഡിയയിൽ വിമർശനം; വിവാദമായതോടെ പുതിയ വാദവുമായി സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: എസ്എൻ കോളജ് ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിൽ ഗുരുസ്തുതി ചൊല്ലിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എഴുന്നേറ്റുനിൽക്കാതിരുന്നതിനെ ചൊല്ലിയുള്ള വിവാദം ചൂടുപിടിച്ചിരിക്കുകയാണ്. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെ കൈകൊണ്ടു വിലക്കിയെന്നും ആരോപണമുണ്ട്. പരിപാടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിമർശനങ്ങളും വന്നു. കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും, വിദേശകാര്യ സഹമന്ത്രി വി മുരളീധരനും മുഖ്യമന്ത്രി ഗുരുവിനെ അപമാനിച്ചെന്ന ആക്ഷേപവുമായി രംഗത്തെത്തി.

ആരോപണങ്ങളെ ചെറുക്കാൻ കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ തന്റെ വാദം മുന്നോട്ടുവച്ചു. എസ്എൻ കോളജിലെ പരിപാടിയിൽ ചൊല്ലിയത് പ്രാർത്ഥനയല്ലെന്നാണ് ജയരാജന്റെ വാദം. മുഖ്യമന്ത്രി എഴുന്നേൽക്കേണ്ടതില്ലെന്ന് വേദിയിലുണ്ടായിരുന്ന വെള്ളാപ്പള്ളി നടേശൻ തന്നെ പറഞ്ഞിരുന്നുവെന്നും ജയരാജൻ അറിയിച്ചു.

പ്രാർത്ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോൾ ആദ്യം എഴുന്നേൽക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹത്തെ കൈകൊണ്ടു വിലക്കി.

ഗുരുർബ്രഹ്‌മാ ഗുരുർവിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയിൽ ചൊല്ലിയത്. ഈ സമയത്തു വേദിയിലും സദസ്സിലുമുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റുനിന്നു. എസ്എൻ ട്രസ്റ്റ് മാനേജർ വെള്ളാപ്പള്ളി നടേശനും വേദിയിലുണ്ടായിരുന്നു.

വിമർശനവുമായി കെ സുധാകരനും വി മുരളീധരനും

സംഭവത്തിൽ മുഖ്യമന്ത്രി മാപ്പു പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു. മതത്തിന് എതിരല്ല സിപിഎം എന്നു പാർട്ടി സെക്രട്ടറി പറയുമ്പോൾ മതാചാരങ്ങളെ പൊതുവേദിയിൽ അപമാനിക്കുകയാണു മുഖ്യമന്ത്രിയെന്നു സുധാകരൻ കുറ്റപ്പെടുത്തി.

ശ്രീനാരായണ വേദികളിൽ പതിവായി ഉപോഗിക്കുന്ന ഗുരുസ്തുതി ശ്ലോകം എല്ലാവരും ഭക്തിയോടെ എഴുന്നേറ്റ് നിന്ന് ആദരിക്കുന്ന ഒന്നാണ്. ആ കീഴ്‌വഴക്കം പരസ്യമായി തെറ്റിക്കാൻ മുഖ്യമന്ത്രിക്കുണ്ടായ ചേതോവികാരം എന്താണെന്ന് വ്യക്തമാക്കണം. ശ്രീനാരായണ ഗുരുവിനെ സ്തുതിക്കുന്ന ശ്ലോകത്തിനോട് പോലും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ധാർഷ്ട്യം കാട്ടുന്നത്. താത്കാലിക വോട്ട് ബാങ്ക് ലക്ഷ്യമിട്ട് രാഷ്ട്രീയത്തിന്റെ പേരിൽ മാത്രം മതവിഭാഗങ്ങളോട് മമത പ്രകടിപ്പിക്കുകയെന്നത് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും ശൈലിയാണ്. വർഗീയ ശക്തികളോട് സമരസപ്പെടുന്ന മുഖ്യമന്ത്രി ആചാരങ്ങളെയും അനുഷ്ഠാനങ്ങളേയുംപരിഹസിക്കുകയും അധിക്ഷേപിക്കുകയും മതമേലധ്യക്ഷന്മാരെ അവഹേളിക്കുകയും ചെയ്യുന്നത് പതിവാക്കിയ വ്യക്തിയാണ് .ബിഷപ്പിനെതിരായ നികൃഷ്ടജീവി പ്രയോഗം, പ്രവാചകന്റെ തിരുകേശ വിവാദം,ശബരിമലയിലെ ആചാര ലംഘനം എന്നിവയെല്ലാം അതിന് ഉദാഹരണങ്ങളാണ്.

കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന യാഥാർത്ഥ്യം മറന്ന് കപട വൈരുദ്ധ്യാത്മിക ഭൗതിക വാദം പ്രസംഗിക്കുന്ന സിപിഎം നേതാവിനെപ്പോലെയാണ് പിണറായി വിജയൻ പെരുമാറുന്നത്. വൈവിധ്യമുള്ള സംസ്‌കാരത്തേയും ആചാരങ്ങളേയും സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി തന്നെ അതിനെ നിഷേധിക്കുന്നതും അവഹേളിക്കുന്നതും പ്രതിഷേധാർഹമാണ്. എല്ലാവരെയും സ്നേഹിക്കാനും ഒരുപോലെ കാണാനും ബഹുമാനിക്കാനും പഠിപ്പിച്ച നവോത്ഥാന നായകനാണ് ഗുരുദേവൻ. ലോകം ആരാധിക്കുന്ന ഗുരുവിന്റെ ദർശനങ്ങൾക്ക് വിരുദ്ധമായാണ് സിപിഎമ്മും ഇടതുസർക്കാരും പ്രവർത്തിക്കുന്നത്. മതത്തിന് എതിരല്ല സിപിഎമ്മെന്ന് പാർട്ടി സെക്രട്ടറി പറയുമ്പോൾ മതാചാരങ്ങളെ പരസ്യമായി പൊതുവേദിയിൽ അപമാനിക്കുകയാണ് അവരുടെ മുഖ്യമന്ത്രി. സിപിഎമ്മിന്റെ വാക്കും പ്രവൃത്തിയും എപ്പോഴും രണ്ടാണെന്ന് കാലങ്ങളായി ഓരോ കാര്യങ്ങളിലൂടെ അവർ തെളിയിച്ചിട്ടുണ്ട്. ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ തിരികെ മന്ത്രിസഭയിലെടുക്കുന്നതും അത്തരം നിലപാടിന്റെ ഭാഗമാണെന്നും സുധാകരൻ പരിഹസിച്ചു

ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തനിനിറം വ്യക്തമാക്കിയെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ശിവഗിരിയിൽ എത്തി ഗുരുദർശനങ്ങളെ പുകഴ്‌ത്തിയ പിണറായി വിജയൻ എസ്എൻ കോളജ് വേദിയിൽ ഗുരുസ്തുതി ചൊല്ലുമ്പോൾ എഴുന്നേൽക്കാതെയിരുന്ന് ഗുരുവിനെ അപമാനിച്ചു. ആവശ്യം വരുമ്പോൾ ഗുരുദർശനങ്ങളെയും ശ്രീനാരായണീയരെയും വാഴ്‌ത്തുന്ന മുഖ്യമന്ത്രി തരംപോലെ ഇകഴ്‌ത്തലും തുടരുകയാണെന്നു മുരളീധരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP