Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മതപരിവർത്തനം വർദ്ധിക്കുന്നതായി ആരോപിച്ച് ആദിവാസി പ്രതിഷേധം അക്രമാസക്തമായി; നാരായൺപൂരിലെ സേക്രട്ട് ഹാർട്ട് ചർച്ചിൽ അക്രമം; പൊലീസ് സൂപ്രണ്ട് അടക്കമുള്ളവർക്ക് പരിക്ക്; പള്ളി ആക്രമണമുണ്ടായത് കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ് ഗഡിൽ; പരസ്പരം പഴിചാരി ക്രൈസ്തവ-പരിവാർ സംഘടനകൾ

മതപരിവർത്തനം വർദ്ധിക്കുന്നതായി ആരോപിച്ച് ആദിവാസി പ്രതിഷേധം അക്രമാസക്തമായി; നാരായൺപൂരിലെ സേക്രട്ട് ഹാർട്ട് ചർച്ചിൽ അക്രമം; പൊലീസ് സൂപ്രണ്ട് അടക്കമുള്ളവർക്ക് പരിക്ക്; പള്ളി ആക്രമണമുണ്ടായത് കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ് ഗഡിൽ; പരസ്പരം പഴിചാരി ക്രൈസ്തവ-പരിവാർ സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

റായ്പൂർ: ഛത്തീസ്‌ഗഢിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. നാരായൺപൂർ ഗ്രാമത്തിൽ ആദിവാസി വിഭാഗവും ക്രിസ്ത്യൻ വിഭാഗക്കാരും തമ്മിലായിരുന്നു സംഘർഷം. ആക്രമണത്തിൽ പൊലീസ് സൂപ്രണ്ട് അടക്കമുള്ളവർക്ക് ഗുരുതര പരിക്കേറ്റു. നാരായൺപൂർ പൊലീസ് സൂപ്രണ്ടായ സദാനന്ദ് കുമാറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നിയന്ത്രിക്കാനെത്തിയ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. ഛത്തീസ്‌ഗഢിലെ നാരായൺപൂരിലെ സേക്രട്ട് ഹാർട്ട് ചർച്ചിലായിരുന്നു ആക്രമണം

നാരായൺപൂരിലെ എഡ്ക ഗ്രാമത്തിലെ ആദിവാസി ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. ഈ പ്രദേശത്ത് മതപരിവർത്തനം വർദ്ധിക്കുന്നതായി ആരോപിച്ച് ആദിവാസിവിഭാഗത്തിൽ പ്പെട്ടവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ നാരായൺപൂരിലെ വിശ്വ ദീപ്തി ക്രിസ്ത്യൻ സ്‌കൂളിലേക്ക് ഇവർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. സ്‌കൂൾ പരിസരത്തുള്ള ക്രിസ്ത്യൻ പള്ളിയിലേക്ക് പ്രതിഷേധ പ്രകടനം നീണ്ടപ്പോഴാണ് പൊലീസ് ഇടപെട്ടത്. ഏകപക്ഷീയ ആക്രമണമാണ് നടന്നതെന്ന ആരോപണവുമുണ്ട്. എന്നാൽ മതപരിവർത്തനമാണ് പ്രശ്‌നമായതെന്ന് മറുഭാഗവും പറയുന്നു.

'ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ പ്രതിഷേധ പ്രവർത്തകരെ നിയന്ത്രിക്കാനായി ഞങ്ങൾ പുറപ്പെട്ടു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം മടങ്ങിപ്പോകുമെന്ന് അവർ സമ്മതിച്ചിരുന്നു. എന്നാൽ അതിനിടെ ഒരാൾ എന്റെ നേരെ പാഞ്ഞെത്തുകയും ഒരു വടി കൊണ്ട് തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇതോടെ സ്ഥിതി വഷളായി,' പൊലീസ് സൂപ്രണ്ട് പറഞ്ഞു.

പൊലീസുകാർ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുകയും പ്രതിഷേധക്കാരെ അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നുവെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു. അതേസമയം പ്രതിഷേധക്കാർ സ്‌കൂളിനുള്ളിലെ പള്ളിയിലേക്ക് കയറിയെന്നും പള്ളിയുടെ ചില ഭാഗങ്ങൾ തകർത്തുവെന്ന തരത്തിലുള്ള ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തുടർച്ചയായി ക്രിസ്ത്യൻ വിഭാഗക്കാർക്കെതിരെയുള്ള ആക്രമണത്തിൽ ഭരണകൂടം അക്രമികൾക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന ഗുരുതര ആരോപണവും ചർച്ചകളിലുണ്ട്.

കോൺഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഡിലാണ് ക്രിസ്ത്യൻ വിഭാഗക്കാർക്കെതിരെ നിരന്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.00 മണിയോടെയായിരുന്നു അക്രമി സംഘം പള്ളി ആക്രമിച്ചത്.സംഘം ആദ്യം പള്ളിക്ക് നേരെ കല്ലെറിയുകയും ഒടുവിൽ പള്ളിക്ക് അകത്തു കയറി യേശുക്രിസ്തുവിന്റെ രൂപങ്ങൾ അടക്കം അടിച്ചു തകർത്തുവെന്നാണ് ആരോപണം. അതിനിടെ ഛത്തീസ്‌ഗഡിലെ ഗോത്ര മേഖലകളിൽ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് ബലം പ്രയോഗിച്ച് മതപരിവർത്തനം ചെയ്യിച്ചുകൊണ്ടിരിക്കുകയാണെന്നും അല്ലാത്തവർക്ക് ഗ്രാമം വിടേണ്ടി വന്നിരിക്കുകയാണെന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം സംഭവത്തിൽ ആരോപിച്ചു.

ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള ആർഎസ്എസ് അജണ്ടയാണ് ഛത്തീസ്‌ഗഡിൽ ഇപ്പോൾ ക്രിസ്ത്യൻ വിഭാഗക്കാർക്കിടയിൽ നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിൽ എന്ന് സർവ്വ അനുസൂചി ജാതി സമാജ് നേതാവ് ദണ്ഡരാജ് ടണ്ഡൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. അതേസമയം സംഭവസ്ഥലത്തെ ക്രമസമാധാന നില പുനഃസ്ഥാപിച്ചെന്നും ആക്രമണങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഐജി ബി പി സുന്ദർ രാജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP