Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2016-ലെ നോട്ടുനിരോധനം ശരിവെച്ച് സുപ്രീം കോടതി; അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നാല് ജഡ്ജിമാരും നോട്ടു നിരോധത്തിന് കേന്ദ്രത്തിന് അധികാരമുണ്ടെന്ന് വിധിയെഴുതി; നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ നല്ലതല്ലെന്ന് ജസ്റ്റിസ് ഗവായി; ഭിന്നവിധിയുമായി ജസ്റ്റിസ് ബി.വി. നാഗരത്‌ന; നോട്ട് നിരോധന അധികാരം റിസർവ് ബാങ്കിനെന്ന് നാഗരത്‌നയുടെ വിധിയിൽ

2016-ലെ നോട്ടുനിരോധനം ശരിവെച്ച് സുപ്രീം കോടതി; അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നാല് ജഡ്ജിമാരും നോട്ടു നിരോധത്തിന് കേന്ദ്രത്തിന് അധികാരമുണ്ടെന്ന് വിധിയെഴുതി; നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ നല്ലതല്ലെന്ന് ജസ്റ്റിസ് ഗവായി; ഭിന്നവിധിയുമായി ജസ്റ്റിസ് ബി.വി. നാഗരത്‌ന; നോട്ട് നിരോധന അധികാരം റിസർവ് ബാങ്കിനെന്ന് നാഗരത്‌നയുടെ വിധിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നോട്ടു നിരോധനത്തിൽ സുപ്രീംകോടതിയിൽ നിന്നും കേന്ദ്രസർക്കാറിന് ആശ്വാസം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാരിന്റെ 2016-ലെ നടപടിസംബന്ധിച്ച കേസുകളിൽ കേന്ദ്രത്തിന് അനുകൂല വിധിപറഞ്ഞത് സുപ്രീം കോടതി. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആർ. ഗവായിയും ബി.വി. നാഗരത്‌നയും വെവ്വേറെ വിധികളാണ് പുറപ്പെടുവിച്ചത്. അഞ്ച് ജഡ്ജിമാരിൽ നാല് പേരും നോട്ടു നിരോധനത്തെ ശരിവെച്ചു. എന്നാൽ, ബി വി നാഗരത്‌ന കേന്ദ്രത്തിന്റെ വീഴ്‌ച്ചകൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് വിധി പുറപ്പെടുവിച്ചത്.

നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളിൽ കോടതിയുടെ ഇടപെടൽ നല്ലതല്ലെന്ന് നോട്ടുനിരോധനം ശരിവെച്ചുകൊണ്ടു വിധി പുറപ്പെടുവിച്ച ജസ്റ്റിസ് ഗവായി വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടിയിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും ഗവായിയുടെ വിധിപ്രസ്താവത്തിൽ പറയുന്നു. സർക്കാർ വേണ്ടത്ര കൂടിയാലോചനകൾ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സാമ്പത്തിക വിഷയങ്ങളിൽ സർക്കാരിന് തന്നെയാണ് പരമാധികാരം. നോട്ട് നിരോധനത്തിലൂടെ സർക്കാർ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് ഇപ്പോൾ പ്രസക്തമല്ലെന്നും കോടതി പറഞ്ഞു. നോട്ട് നിരോധനം റദ്ദാക്കാനാവില്ലെന്ന സർക്കാരിന്റെ നിലപാട് കോടതി അംഗീകരിച്ചു. അഞ്ച് ജഡ്ജിമാരിൽ മൂന്ന് ജഡ്ജിമാർ ഗവായിയുടെ വിധിയിയോട് യോജിച്ചു.

ഗവായിയുടെ വിധിയിൽനിന്നും ഭിന്നവിധിയാണ് ബി.വി നാഗരത്നയുടേത്. നോട്ട് അസാധുവാക്കൽ നടപടിക്ക് തുടക്കംകുറിക്കാൻ കേന്ദ്രസർക്കാരിന് കഴിയില്ലെന്ന് നാഗരത്‌നയുടെ വിധിയിൽ പറയുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കാൻ അധികാരം റിസർവ് ബാങ്കിനാണെന്നും നാഗരത്‌നയുടെ വിധിയിൽ പറയുന്നു. പാർലമെന്റിനെ ഇരുട്ടിൽ നിർത്തിയുള്ള നടപടിയാണ് ഉണ്ടായതെന്നാണ് നാഗരത്‌ന വിധിയിൽ പറയുന്നു.

നടപടിക്രമങ്ങൾ പൂർണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്‌നം ചൂണ്ടിക്കാട്ടി. സെക്ഷൻ 26 (2) പ്രകാരം ഒരു പ്രത്യേക കറൻസി നോട്ട് നിരോധിക്കാം. ഒരു മൂല്യത്തിന്റെ മുഴുവനായി കറൻസി നിരോധിക്കാനാകില്ല. അതുകൊണ്ടാണ് തീരുമാനത്തെ ഇഴകീറി പരിശോധിക്കണമെന്ന തീരുമാനത്തിൽ കോടതിയെത്തിയത്. ഗസറ്റ് നോട്ടിഫിക്കേഷനടക്കമുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടിയിരുന്നു. നിയമം പാലിച്ചായിരുന്നു നടപടികൾ മുന്നോട്ട് പോകേണ്ടിയിരുന്നത്. ആർബിഐയുടെ ബോർഡിൽ ഏകാഭിപ്രായമായിരുന്നോ? തീരുമാനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നോ? പാർലമെന്റ് മുഖേനയുള്ള നിയമനിർമ്മാണം വേണ്ടിയിരുന്നു. പാർലമെന്റിനെ ഒഴിച്ച് നിർത്തിയുള്ള നടപടി ആശാസ്യമല്ല. ഒറ്റ ദിവസം കൊണ്ട് ശുപാർശ ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പാക്കാനാവില്ലെന്നും ജസ്റ്റിസ് ബിവി നാഗരത്‌നത്തിന്റെ ന്യൂനപക്ഷ വിധിയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

അതേസമയം വിയോജിപ്പുണ്ടെങ്കിലും കേന്ദ്രത്തിന് ആശ്വാസം നൽകുന്നതാണ് ഇപ്പോഴത്തെ സുപ്രീംകോടതി. ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാൻ സർക്കാരിന് അവകാശമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.

വളരെ സൂക്ഷമതയോടെ ആലോചിച്ചെടുത്ത തീരുമാനമാണ് നോട്ട് നിരോധനമെന്നാണ് സർക്കാർ കോടതിയിൽ അവകാശപ്പെട്ടത്. വ്യാജ കറൻസികൾ, തീവ്രവാദപ്രവർത്തനങ്ങൾക്കുള്ള സഹായം, നികുതിവെട്ടിപ്പ്, കള്ളപ്പണം എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടത്തിനുള്ള വലിയ നയതന്ത്രത്തിന്റെ ഭാഗമായിട്ടുള്ള നടപടിയാണ് നോട്ട് നിരോധനമെന്നും സർക്കാർ വ്യക്തമാക്കുകയുണ്ടായി. കോടതിക്ക് ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ ഇടപെടുന്നതിന് പരിമിധികളുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യാജ നോട്ടുകളും കള്ളപ്പണവും നിയന്ത്രിക്കാനുള്ള ബദൽ മാർഗങ്ങൾ കേന്ദ്രം പരിശോധിച്ചിട്ടില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ പി. ചിദംബരം വാദിച്ചിരുന്നു. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ ഡിസംബർ ഏഴിന് കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണി, റിസർവ് ബാങ്ക് അഭിഭാഷകന്റെയും പി. ചിദംബരം, ശ്യാം ദിവാൻ എന്നിവരടക്കമുള്ള ഹരജിക്കാരുടെ അഭിഭാഷകരുടെയും വാദം കേട്ടിരുന്നു.

നോട്ട് നിരോധനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ചിദംബരം, ഇതുമായി ബന്ധപ്പെട്ട നടപടിയെടുക്കാൻ സർക്കാറിന് സ്വന്തംനിലയിൽ കഴിയില്ലെന്നും റിസർവ് ബാങ്ക് സെൻട്രൽ ബോർഡിന്റെ ശിപാർശയിൽ മാത്രമെ സാധിക്കൂവെന്നും വാദിച്ചു. അതേസമയം, നടപടി വ്യാജ നോട്ട്, തീവ്രവാദ ധനസഹായം, കള്ളപ്പണം, നികുതിവെട്ടിപ്പ് എന്നിവക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്നും മികച്ച തീരുമാനമാണെന്നും അടുത്തിടെ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

നോട്ട് നിരോധനത്തിനെതിരായ 58 ഹർജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500, 1000 നോട്ടുകൾ നിരോധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. 2016 ഡിസംബർ 16 ന് നിരോധനത്തിനെതിരായ ഹർജികൾ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.

ഈ കേസുകളിൽ 2022 സിസംബർ ഏഴിന് വാദം കേൾക്കൽ പൂർത്തിയാക്കി. തുടർന്ന് കേസ് വിധി പറയാനായി മാറ്റി. 2016 നവംബർ എട്ടിലെ വിജ്ഞാപനം ഭരണഘടനയുടെ ആർട്ടികിൾ 14, 19 എന്നിവയുടെ ലംഘനമോയെന്നായിരുന്നു ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. വിജ്ഞാപനം നടപ്പിലാക്കിയ രീതി ഭരണഘടന വിരുദ്ധമാണോയെന്നും സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ കോടതി ഇടപെടൽ എവിടെ വരെയാകാമെന്നും നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കുന്നതിൽ നിന്ന് ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കിയ നടപടി ശരിയോ എന്ന വിഷയവും ബെഞ്ച് പരിഗണിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP