Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ പതിച്ചിട്ടുള്ള കാളകൂടം എത്രത്തോളം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നുള്ള വസ്തുത ശരിയായി കേസെടുത്ത് അന്വേഷിക്കപ്പെടേണ്ട ക്രിമിനൽ കുറ്റം; അഴിമതി ആരോപണം ഉയരുന്നത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ സൈബി ജോസ് കിടങ്ങൂരിന് എതിരെ; ഹൈക്കോടതി ഫുൾകോർട്ട് യോഗം നിർണ്ണായകം; ഇത് അത്യപൂർവ്വ അഴിമതി; ഞെട്ടിവിറച്ച് ഹൈക്കോടതി

ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ പതിച്ചിട്ടുള്ള കാളകൂടം എത്രത്തോളം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നുള്ള വസ്തുത ശരിയായി കേസെടുത്ത് അന്വേഷിക്കപ്പെടേണ്ട ക്രിമിനൽ കുറ്റം; അഴിമതി ആരോപണം ഉയരുന്നത് അസോസിയേഷൻ പ്രസിഡന്റ് അഡ്വ സൈബി ജോസ് കിടങ്ങൂരിന് എതിരെ; ഹൈക്കോടതി ഫുൾകോർട്ട് യോഗം നിർണ്ണായകം; ഇത് അത്യപൂർവ്വ അഴിമതി; ഞെട്ടിവിറച്ച് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തെ ഞെട്ടിച്ച് ഹൈക്കോടതി അഴിമതിയിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ജസ്റ്റീസുമാരുടെ പേരു പറഞ്ഞ് കേസിൽ ഇടപെടലിന് പണം തട്ടുന്ന മാഫിസാ സംഘമാണ് ചർച്ചകളിൽ എത്തുന്നത്. ഹൈക്കോടതിയുടെ തന്നെ വിജിലൻസാണ് ഇത് കണ്ടെത്തുന്നത്. നവസിനിമാക്കാരനിൽ നിന്ന് കേസൊതുക്കാൻ ലക്ഷങ്ങൾ കോഴയായി വാങ്ങിയെന്ന ആക്ഷേപമാണ് പുതിയ വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റീസ് പിവി കുഞ്ഞികൃഷ്ണൻ ഇടപെടലുകൾ നടത്തി. അങ്ങനെ വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ പരിഗണനയിലും വന്നു. കേസിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണം നടത്തി ഞെട്ടിക്കുന്ന വസ്തുതകൾ കണ്ടെത്തി. നാളെ ഹൈക്കോടതിയുടെ ഫുൾ കോർട്ട് ചേരുകയാണ്. താക്കോൽ സ്ഥാനത്തുള്ള അഭിഭാഷകനെതിരെയാണ് കണ്ടെത്തലുകൾ. അതുകൊണ്ട് തന്നെ നടപടികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാൻ ചില കേന്ദ്രങ്ങളും സജീവ ഇടപെടൽ നടത്തുന്നു.

ഹൈക്കോടതിയിലെ അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിന് എതിരെയാണ് റിപ്പോർട്ട്. ഈയിടെ നടന്ന അസോസിയേഷൻ തെരഞ്ഞെടുപ്പിൽ എതിരാളിക്ക് കിട്ടിയതിന്റെ ഇരട്ടി വോട്ടിന് ജയിച്ച വ്യക്തിയാണ് സൈബി. അഭിഭാഷക സംഘടനാ നേതാവെന്ന നിലയിൽ തിളങ്ങുന്ന സൈബിക്കെതിരെ ഹൈക്കോടതി ഫുൾ കോർട്ട് എന്തു നടപടി എടുക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഡിസംബർ 16നായിരുന്നു സൈബി അസോസിയേഷന്റെ പ്രസിഡന്റായത്. തെരഞ്ഞെടുപ്പ് കാലത്താണ് കോഴ ആരോപണം ഉയരുന്നത്. ഇത് ഹൈക്കോടതിയിലെ മറ്റൊരു വക്കീൽ പരോക്ഷ സൂചനകളുമായി ഫെയ്‌സ് ബുക്കിൽ പോസ്റ്റാക്കി. ഈ പോസ്‌റ്റോടെയാണ് വിഷയം ഹൈക്കോടതി ജഡ്ജി കുഞ്ഞികൃഷ്ണന്റെ ശ്രദ്ധയിൽ എത്തുന്നത്. ഇത് സത്യം കണ്ടെത്തുന്ന തരത്തിലേക്ക് മാറുകയും ചെയ്തു.

ഹൈക്കോടതി രജിസ്ട്രാറെയാണ് ജഡ്ജി കാര്യങ്ങൾ ധരിപ്പിച്ചത്. ഇതോടെ ഹൈക്കോടതിയിലെ വിജിലൻസ് സംവിധാനം അന്വേഷണം നടത്തി. പരാതിക്കാരുടെ മൊഴി എടുത്തു. ഇതോടെ അഞ്ചു ജഡ്ജിമാരുടെ പേരിൽ അഴിമതി നടത്തിയ വക്കീലിന്റെ ചിത്രം തെളിഞ്ഞു. ഇത് ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ മുമ്പിലുമെത്തി. ഗുരുതരമായ ആരോപണങ്ങൾ ചർച്ച ചെയ്യാനാണ് ഹൈക്കോർട്ടിന്റെ ഫുൾ കോർട്ട് ചേരുന്നത്. അഡ്വക്കേറ്റിനെതിരെ നടപടിക്ക് ബാർ കൗൺസിലിനോട് ശുപാർശ ചെയ്യാം. ഇതിനൊപ്പം കോടതി അലക്ഷ്യത്തിന് കേസുമെടുക്കാം-ഈ രണ്ട് വഴികൾക്ക് അപ്പുറം പൊലീസിനെ കൊണ്ട് അഴിമതിയിൽ അന്വേഷണം നടത്താമെന്ന സാധ്യതയും ഫുൾ കോർട്ടിന് മുമ്പിലുണ്ട്. എന്നാൽ ആരോപണ വിധേയൻ അതിശക്തനായ അഭിഭാഷകനാണ്. അതുകൊണ്ട് തന്നെ കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാനുള്ള നീക്കവും ശക്തമാണ്.

ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റാണ് സൈബി. അതുകൊണ്ട് തന്നെ സംഘടനയുടെ തലപ്പത്ത് ഈ അഭിഭാഷകൻ തുടരുന്നതു കൊണ്ട് ജഡ്ജിമാർക്ക് പല വേദികളും ഇദ്ദേഹവുമായി പങ്കിടേണ്ട അവസരവുമുണ്ട്. സംഘടനയിൽ നിന്ന് ഇയാളെ മാറ്റാൻ നിർദ്ദേശിക്കാൻ ഹൈക്കോടതിയിലെ ഫുൾ കോർട്ടിന് കഴിയുകയുമില്ല. അതിനിടെ അഭിഭാഷകനെതിരെ സൈബർ ചർച്ചകളും സജീവമാണ്. ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകരും രംഗത്തു വന്നു കഴിഞ്ഞു. അതിനിടെ സിനിമാക്കാരനുമായുള്ള പ്രശ്‌നം ഒതുക്കി തീർത്തുവെന്നും സൂചനയുണ്ട്. ജെ എസ് അജിത് കുമാർ എന്ന അഭിഭാഷകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ഈ അഴിമതിയെ പുറംലോകത്ത് ചർച്ചയാക്കിയത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് ഹൈക്കോടതിയിലെ അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിന് എതിരെ നടന്ന അന്വേഷണവും റിപ്പോർട്ടും വെളിച്ചത്തു കൊണ്ടു വന്നത്.

സത്യസന്ധനും മാന്യനുമായതുകൊണ്ടാകണം തന്റെ പേരിൽ വിധിക്ക് വേണ്ടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽമേൽ ജഡ്ജി നേരിട്ട് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർക്ക് അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്. അതിന്മേൽ ഗുരുതരമായ അന്വേഷണം നേരിടുന്ന ഘട്ടത്തിൽ തന്നെയാണ് മറ്റ് നിരവധി ജഡ്ജിമാരുടെ പേരിലും വിധിക്കായി പണം വാങ്ങിയെന്ന ആരോപണങ്ങൾ ഒരേ അഭിഭാഷകനെതിരെ ഉണ്ടായിട്ടുള്ളത്. ഹൈക്കോടതി വേണ്ടവിധം അന്വേഷിച്ചാൽ ഇത്തരം ചവറുകളെ എന്നെന്നേക്കുമായി ചവിട്ടിപ്പുറത്താക്കാൻ കഴിയും. ഇല്ലെങ്കിൽ വിധിക്ക് വിലയിടുന്ന നീർക്കോലികൾ മേയുന്നത് കണ്ടിരിക്കാം. യഥാ രാജാ തഥാ പ്രജാ.-ഇങ്ങനെ ഒരു പോസ്റ്റും അജിത് കുമാർ കഴിഞ്ഞ മാസം ഇട്ടിരുന്നു.

ജെ എസ് അജിത് കുമാർ എന്ന അഭിഭാഷകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

ഹൈക്കോടതിയിലെ ന്യായാധിപന്റെ പേരിൽ പണം വാങ്ങിയെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് ചീഫിന് സമർപ്പിച്ചിട്ടുഉള്ള സംഭവം അതീവ ഗുരുതരവും കേരളത്തിലെ അഭിഭാഷകവൃത്തിക്കാകെ അപമാനകരവുമാണ്. ആരോപണ വിധേയനായ അഭിഭാഷകനെതിരെ ബാർ കൗൺസിൽ നടപടികളും ക്രിമിനൽ കോടതിയലക്ഷ്യ നടപടികളും ശുപാർശ ചെയ്തിട്ടുള്ളതും ആയത് കോടതി തുറക്കുന്ന ദിവസം full court പരിഗണനയ്ക്ക് തുടർ നടപടികൾക്ക് വച്ചിട്ടുണ്ടെന്നുള്ള വസ്തുത ഹൈക്കോടതിയിലെ മാത്രമല്ല കേരളത്തിലെ മുഴുവൻ അഭിഭാഷകസമൂഹത്തിനും നാണക്കേടാണ് .

ആരോപണവിധേയൻ നിയുക്ത ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട മഹാത്മാവാണെന്നത് ഹൈക്കോടതിയിലെ വക്കീലന്മാരുടെ വിശ്വാസ്യതയെ ബാധിക്കുന്ന സംഗതിയാണ്. ഒരുത്തനോ ഒരു ഗാങ്ങോ ചെയ്തിട്ടുള്ള ക്രിമിനൽ കുറ്റത്തിന്റെ അപമാനം മുഴുവൻ വക്കീലന്മാരും താങ്ങേണ്ടതില്ല. കുറ്റവാളികൾ നിയമപരമായും മാതൃകാപരമായും ശിക്ഷിക്കപ്പെടണം.
ന്യായാധിപരെയും വിധിന്യായങ്ങളെയും വിറ്റ് പണമുണ്ടാക്കുന്ന സംഭവങ്ങളുണ്ടങ്കിൽ അവയൊക്കെയും അന്വേഷിക്കപ്പെടണം. കുറ്റവാളികൾക്കെതിരെ കടുത്ത നടപടിയെടുക്കാതിരുന്നാൽ വിശ്വാസ്യത ഇല്ലാതാകുന്നത് മുഴുവൻ ന്യായാധിപർക്കുമായിരിക്കും. ജനാധിപത്യത്തിൽ നീതിന്യായ സംവിധാനം സ്വതന്ത്രമായി നിലനിൽക്കാൻ കാരണം വിലയ്ക്ക് വാങ്ങാൻ കഴിയാത്ത ന്യായാധിപരും അവർക്കുള്ള വിശ്വാസ്യതയുമാണ്.

ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ പതിച്ചിട്ടുള്ള കാളകൂടം എത്രത്തോളം ആഴത്തിൽ വേരൂന്നിയിട്ടുണ്ടെന്നുള്ള വസ്തുത ശരിയായി കേസെടുത്ത് അന്വേഷിക്കപ്പെടേണ്ട ക്രിമിനൽ കുറ്റമാണ്. ഇലക്ഷനിൽ വിജയിച്ചാൽ ആരും വിശുദ്ധനാകില്ല. ഇത്തരം കള്ളനാണങ്ങളെ പുറന്തള്ളേണ്ടത് അഭിഭാഷകസമൂഹമാണ്. NIA കസ്റ്റഡിയിലായ പോപ്പുലർ ഫ്രണ്ടുകാരായ രണ്ട് വക്കീലന്മാർ ഇന്നലെ മുതൽ ക്രിമിനലുകളായി മാത്രമേ പൊതുസമൂഹവും അഭിഭാഷക സമൂഹവും കാണുകയുള്ളൂ. അഭിഭാഷകരിലെ ക്രിമിനലുകൾക്കെതിരെ ജാഗ്രത പുലർത്തേണ്ടത് അഭിഭാഷക സമൂഹമാണ്.

സത്യമേവ ജയതേ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP