Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രത്തൻടാറ്റയുടെ വലംകൈ; നഷ്ടത്തിലായ കണ്ണൻദേവനെ വിപണിയിൽ ഒന്നാമതെത്തിച്ച തന്ത്രജ്ഞൻ; മുംബൈ താജ് ഹോട്ടൽ പാക്ക് ഭീകരർ ആക്രമിച്ചപ്പോൾ അതിഥികളെയും ജീവനക്കാരെയും രക്ഷിക്കാനും ഹോട്ടലിനെ പൂർവസ്ഥിതിയിലെത്തിക്കാനും മുന്നിൽനിന്നു പ്രവർത്തിച്ച ക്രൈസിസ് മാനേജർ; വിട പറഞ്ഞ ആർ.കെ. കൃഷ്ണകുമാർ സൗമ്യതയും അച്ചടക്കവും കാത്തുസൂക്ഷിച്ച കോർപ്പറേറ്റ് നേതാവ്

രത്തൻടാറ്റയുടെ വലംകൈ; നഷ്ടത്തിലായ കണ്ണൻദേവനെ വിപണിയിൽ ഒന്നാമതെത്തിച്ച തന്ത്രജ്ഞൻ; മുംബൈ താജ് ഹോട്ടൽ പാക്ക് ഭീകരർ ആക്രമിച്ചപ്പോൾ അതിഥികളെയും ജീവനക്കാരെയും രക്ഷിക്കാനും ഹോട്ടലിനെ പൂർവസ്ഥിതിയിലെത്തിക്കാനും മുന്നിൽനിന്നു പ്രവർത്തിച്ച ക്രൈസിസ് മാനേജർ; വിട പറഞ്ഞ ആർ.കെ. കൃഷ്ണകുമാർ സൗമ്യതയും അച്ചടക്കവും കാത്തുസൂക്ഷിച്ച കോർപ്പറേറ്റ് നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രത്തൻ ടാറ്റയുടെ വലംകൈയായിരുന്നു കഴിഞ്ഞ ദിവസം അനത്രിച്ച ആർകെ കൃഷ്ണകുമാർ എന്ന ടാറ്റ സൺസ് മുൻഡയറക്ടർ ആർ.കെ. കൃഷ്ണകുമാർ. എല്ലാ അർത്ഥത്തിലും ഒരു ക്രൈസിസ് മാനേജറായിരുന്നു അദ്ദേഹം. തലശ്ശേരി സ്വദേശിയായ കൃഷ്ണകുമാർ സ്വപ്രയത്ന്നം കൊണ്ടാണ് ഇന്നത്തെ നേട്ടങ്ങൾ കൈയെത്തി പിടിച്ചത്. മുംബൈ താജ് ഹോട്ടൽ പാക്കിസ്ഥാൻ ഭീകരർ ആക്രമിപ്പോൽ പോലും പതറാതെ നിന്നു നേരിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

അതേസമയം സാധുക്കക്കൾക്കടിയിലെ ദൈവദൂതൻ കൂടിയാണ് അദ്ദേഹം. ടാറ്റ വ്യവസായസാമ്രാജ്യത്തിലെ നെടുംതൂണായി പ്രവർത്തിക്കുന്ന കാലത്ത് ഒരിക്കൽ ആർ.കെ. കൃഷ്ണകുമാർ മൂന്നാർ തേയിലത്തോട്ടം സന്ദർശിച്ചു. അന്നവിടെ ഒരു തൊഴിലാളിയുടെ മകൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണെന്ന് യാദൃച്ഛികമായി ഡോക്ടർ പറഞ്ഞറിഞ്ഞു. അടുത്ത നിമിഷം അദ്ദേഹം, താൻ വന്ന ഹെലികോപ്റ്റർ കൊച്ചിയിലേക്കയച്ച് സ്പെഷലിസ്റ്റ് ഡോക്ടറെ വരുത്തി ആ കുട്ടിയുടെ ജീവൻ രക്ഷിച്ചു. ലായത്തിൽ താമസിക്കുന്ന തൊഴിലാളികൾ അദ്ദേഹത്തെ അന്നു ദൈവദൂതനെന്നാണു വിശേഷിപ്പിച്ചത്.

മൂന്നാറിൽ മാത്രമല്ല, ടാറ്റ കമ്പനികളുടെ ആസ്ഥാനമായ ബോംബെ ഹൗസിലും കൃഷ്ണകുമാറിനു രക്ഷാദൂതന്റെ പരിവേഷമായിരുന്നു. 'കെകെ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട അദ്ദേഹം പ്രതിസന്ധിഘട്ടങ്ങളിൽ കമ്പനിക്ക് താങ്ങും വളർച്ചയിൽ വഴികാട്ടിയുമായിരുന്നു. രത്തൻടാറ്റയുടെ വലംകൈയായി അറിയപ്പെട്ട കൃഷ്ണകുമാർ ടാറ്റ ടീയുടെ എംഡി ആയശേഷമാണു ബ്രിട്ടനിലെ ബഹുരാഷ്ട്ര തേയിലക്കമ്പനിയായ ടെറ്റ്ലിയെ ഏറ്റെടുക്കുന്നത്. ഒരു വൻകിട ബ്രിട്ടിഷ് കമ്പനിയെ ടാറ്റ ഏറ്റെടുത്തത് ഇന്ത്യൻ ബിസിനസ് രംഗത്ത് അന്നു വലിയ സംഭവമായിരുന്നു. ഈ ഏറ്റെടുക്കലോടെയാണ് ടാറ്റ ഗ്ലോബൽ ബവ്റിജസ് ലോകത്തെ രണ്ടാമത്തെ വലിയ തേയിലക്കമ്പനിയായി മാറിയത്.

നഷ്ടത്തിൽനിന്ന് നഷ്ടത്തിലേക്കു കുതിക്കുകയായിരുന്ന കണ്ണൻ ദേവൻ കമ്പനിയെ ജെയിംസ് ഫിൻലേയിൽനിന്ന് വിലയ്ക്കുവാങ്ങി ലാഭകരമാക്കിയതും എട്ടോളം രാജ്യങ്ങളിൽ പരന്നുകിടന്ന ടെറ്റ്‌ലി എന്ന തേയിലക്കമ്പനിയെ ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാക്കിയതും അദ്ദേഹത്തിന്റെ വൈദഗ്ധ്യം വ്യക്തമാക്കുന്നു. തേയിലയ്ക്ക് വില വളരെ കുറഞ്ഞ സമയമാണത്. ജെയിംസ് ഫിൻലേയുടെ ഉടമസ്ഥതയിൽ കണ്ണൻദേവൻ നഷ്ടത്തിലേക്കു പതിച്ചു. ഇതിനെ ഏറ്റെടുത്ത് ലാഭത്തിലാക്കാൻ ടാറ്റ നടപടി തുടങ്ങി. പ്രശ്നം പരിഹരിക്കാൻ ടാറ്റയിലെ വിദഗ്ദ്ധർ തലപുകഞ്ഞു.

ഈ സമയത്തായിരുന്നു കൃഷ്ണകുമാറിന്റെ ബുദ്ദിപ്രവർത്തിച്ചത്. തോട്ടത്തിൽവെച്ചുതന്നെ തേയില പായ്ക്കു ചെയ്യുകയെന്ന ആശയം മുന്നോട്ടുവന്നു. അങ്ങനെ ബ്രിട്ടീഷുകാർ പരാജയപ്പെട്ടിടത്ത് ഇന്ത്യൻ കമ്പനി വിജയിച്ചു. ഇതിനുള്ള ആശയവും ഊർജവും പകർന്നത് കൃഷ്ണകുമാറായിരുന്നു. പുതുമ നഷ്ടപ്പെടാതെ തേയില ഉപഭോക്താക്കളിലെത്തിക്കുകയായിരുന്നു ലക്ഷ്യം. അതുവരെ ഒരു തേയിലക്കമ്പനിയും പരീക്ഷിക്കാത്ത പദ്ധതി.

സാധാരണ ലേലത്തിൽ പോകുന്ന തേയില അഞ്ചും ആറും മാസം കഴിഞ്ഞാണ് ഉപഭോക്താവിന്റെ കൈയിലെത്തിയിരുന്നത്. കൃഷ്ണകുമാർ ആവിഷ്‌കരിച്ച പുതിയ ആശയത്തിലൂടെ കണ്ണൻദേവൻ തേയില 15 ദിവസത്തിനകം ഉപഭോക്താക്കൾക്ക് കിട്ടിത്തുടങ്ങി. ഈ നൂതന വിപണനതന്ത്രം നഷ്ടത്തിലായിരുന്ന കമ്പനിയെ ലാഭത്തിലെത്തിച്ചു. വിപ്ലവാത്മകമായ പരീക്ഷണം രണ്ടുവർഷം കൊണ്ട് കണ്ണൻദേവൻ കമ്പനിയെ കേരളത്തിലെ തേയില വിപണിയിൽ ഒന്നാം സ്ഥാനത്തെത്തിച്ചു. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ടാറ്റ ടീ ബ്രിട്ടീഷ് കമ്പനിയായ ടെറ്റ്‌ലിയെ അന്ന് 1870 കോടിയിലേറെ രൂപയ്ക്ക് ഏറ്റെടുത്തത്. അന്ന് ഒരു ഇന്ത്യൻ കമ്പനിയുടെ ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലായിരുന്നു ഇത്.

ഇന്ത്യൻ ഹോട്ടൽസിന്റെ എംഡിയും പിന്നീടു വൈസ് ചെയർമാനുമായ കൃഷ്ണകുമാറാണു യുഎസിലും ബ്രിട്ടനിലും ഉൾപ്പെടെ അനേകം വിദേശ ഹോട്ടലുകൾ ഏറ്റെടുക്കാൻ കരുക്കൾ നീക്കിയത്. ബ്രിട്ടനിലെ കോറസ് സ്റ്റീലും ജഗ്വാർ ലാന്റ് റോവറും ഏറ്റെടുത്തതിനു പിന്നിൽ കൃഷ്ണകുമാറിന്റെ ബുദ്ധിയും തന്ത്രങ്ങളുമായിരുന്നു. 2007ൽ ടാറ്റ സൺസ് ബോർഡിലെത്തിയത് ഇതിനുള്ള അംഗീകാരമത്രേ. പിൽക്കാലത്ത് അദ്ദേഹം രത്തൻ ടാറ്റ ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റിയുമായി.

1997ൽ അസമിലെ തേയിലത്തോട്ടത്തിൽ നിന്നു ടാറ്റ ടീ സീനിയർ മാനേജർ ബർദലോയിയെ ഉൾഫ ഭീകരർ തട്ടിക്കൊണ്ടു പോയി 15 കോടി രൂപയ്ക്കു വിലപേശിയപ്പോൾ മോചിപ്പിക്കാൻ മുൻകയ്യെടുത്തത് കൃഷ്ണകുമാറായിരുന്നു. ബർദലോയിയെ വിട്ടയച്ചപ്പോൾ കെകെ തിരുവനന്തപുരത്തുവന്നു പഴവങ്ങാടി ഗണപതി കോവിലിൽ 1,001 തേങ്ങയടിച്ചു. 2008ൽ മുംബൈ താജ് ഹോട്ടൽ പാക്ക് ഭീകരർ ആക്രമിച്ചപ്പോൾ അതിഥികളെയും ജീവനക്കാരെയും രക്ഷിക്കാനും പിന്നീടു ഹോട്ടലിനെ പൂർവസ്ഥിതിയിലെത്തിക്കാനും മുന്നിൽനിന്നു പ്രവർത്തിച്ചതും ഇതേ കൃഷ്ണകുമാറായിരുന്നു.

'രത്തൻ ടാറ്റയുടെ വലംകൈ' എന്നായിരുന്നു ടാറ്റ സൺസിന്റെ ഡയറക്ടറായിരുന്ന, തലശ്ശേരിക്കാരൻ ആർ.കെ. കൃഷ്ണകുമാറിനെ ദേശീയ ബിസിനസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. രത്തൻ ടാറ്റയുടെ സ്വന്തം കെ.കെ. (കൃഷ്ണകുമാർ). കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കിടയിൽ, രത്തൻ ടാറ്റ കഴിഞ്ഞാൽ ടാറ്റാഗ്രൂപ്പിലെ ഏറ്റവും ശക്തനായിരുന്നു ഞായറാഴ്ച മുംബൈയിൽ അന്തരിച്ച കൃഷ്ണകുമാർ. രത്തൻ ടാറ്റയുടെ മനസ്സറിഞ്ഞ സഹപ്രവർത്തകൻ.

മാഹി സ്വദേശി ആർ.കെ. സുകുമാരന്റെയും തലശ്ശേരി മൂർക്കോത്ത് സരോജിനിയുടെയും മകനായി തമിഴ്‌നാട്ടിലെ പോത്തന്നൂരിലാണ് കൃഷ്ണകുമാർ ജനിച്ചത്. െഎ.പി.എസുകാരനായിരുന്ന അച്ഛൻ ചെന്നൈ കമ്മിഷണറായായിരുന്നു. ചെന്നൈ ലയോള കോളേജിൽനിന്ന് ബി.എ. പാസായി. പ്രസിഡൻസി കോളേജിൽനിന്ന് എം.എ. ഇക്കണോമിക്സ് പാസായത് മികച്ച വിദ്യാർത്ഥിക്കുള്ള പുരസ്‌കാരത്തോടെ. ഇതോടെ, കോളേജ് പ്രിൻസിപ്പലിന്റെ താത്പര്യപ്രകാരമാണ് കൃഷ്ണകുമാറിനെ ടാറ്റ നേരിട്ട് ജോലിക്കെടുത്തത്.

1963-ൽ ടാറ്റ അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസിലായിരുന്നു തുടക്കം. 25-ാം വയസ്സിൽ ടാറ്റയിൽ ചേർന്ന അദ്ദേഹം 50 വർഷത്തിനുശേഷം 75-ാം വയസ്സിലാണ് വിരമിച്ചത്. 1982-ൽ ടാറ്റ ടീയുടെ (ഇപ്പോൾ ടാറ്റ ഗ്ലോബൽ ബിവറേജസ്) സീനിയർ മാനേജ്‌മെന്റ് ടീമിൽ എത്തിയതോടെ രത്തൻ ടാറ്റയുമായി അടുത്തു. രത്തൻ ടാറ്റയുടെ നിക്ഷേപകസ്ഥാപനമായ ആർ.എൻ.ടി. അസോസിയേറ്റ്‌സിലും ഗ്രൂപ്പിന്റെ ട്രസ്റ്റുകളിലും സജീവമായിരുന്നു.

സൗമ്യതയും അച്ചടക്കവും കാത്തുസൂക്ഷിക്കുന്ന കോർപ്പറേറ്റ് നേതാവായി വളർന്ന കൃഷ്ണകുമാർ പ്രതിസന്ധികളിൽ ടാറ്റാഗ്രൂപ്പിന്റെ ശക്തിയായി. താജ്ഹോട്ടൽ ശൃംഖലകളുടെ കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ ടീ എന്നിവയ്ക്ക് നേതൃത്വം നൽകിയ അദ്ദേഹം ടാറ്റാഗ്രൂപ്പിനുവേണ്ടി ഒട്ടേറെ ഏറ്റെടുക്കലുകൾക്ക് ചുക്കാൻപിടിച്ചു. മൂന്നാറിൽ തേയിലത്തോട്ടങ്ങളുടെ വികസനവും അവിടത്തെ തൊഴിലാളികളുടെ ക്ഷേമത്തിനും മുൻകൈയെടുത്തു. കെ.കെ. വ്യക്തിഗത മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണെന്ന് രത്തൻ ടാറ്റതന്നെ പറഞ്ഞിട്ടുണ്ട്.

1997-ൽ അസമിൽ ഉൾഫാ തീവ്രവാദികൾ ടാറ്റ ടീ ജീവനക്കാരെ തടവിലാക്കിയപ്പോഴും 2008-ൽ മുംബൈ ഭീകരാക്രമണത്തിൽ തീവ്രവാദികൾ താജ്മഹൽ ഹോട്ടലിൽ ആക്രമണം നടത്തിയപ്പോഴും പ്രശ്നപരിഹാരത്തിന് നേതൃത്വം നൽകിയത് കൃഷ്ണകുമാറായിരുന്നു. ഉൾഫ തീവ്രവാദികൾ ടാറ്റ ടീയിലെ തൊഴിലാളികളെ ബന്ദികളാക്കിയപ്പോൾ ഭീഷണിക്കുവഴങ്ങാതെ ഇന്റലിജൻസിന്റെ സഹായത്തോടെ തൊഴിലാളികളെ മോചിപ്പിക്കാൻ നേതൃത്വം നൽകി. തുടർന്ന് തൊഴിലാളികൾക്കും ഈ പ്രദേശത്തെ പാവപ്പെട്ടവർക്കും വൈദ്യസഹായം ഉൾപ്പെടെ ഒട്ടേറെ സഹായങ്ങൾ ചെയ്തതോടെ തീവ്രവാദികളുടെ നിലപാട് മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP