Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പീഡനപരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിയുമെന്നും വിശദീകരണം; ഹരിയാണയിലെ കായിക മന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യൻ ഹോക്കിയിലെ ഫ്‌ളിക്കർ സിങ്; മുൻ ഇന്ത്യൻ നായകന് രാജിവയ്‌ക്കേണ്ടി വന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം; മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ സന്ദീപ് സിങ് അറസ്റ്റിലാകും

തന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പീഡനപരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിയുമെന്നും വിശദീകരണം; ഹരിയാണയിലെ കായിക മന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യൻ ഹോക്കിയിലെ ഫ്‌ളിക്കർ സിങ്; മുൻ ഇന്ത്യൻ നായകന് രാജിവയ്‌ക്കേണ്ടി വന്നത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം; മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ സന്ദീപ് സിങ് അറസ്റ്റിലാകും

മറുനാടൻ മലയാളി ബ്യൂറോ

ഛണ്ഡിഗഡ്: തനിക്ക് നേരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയുടെ പശ്ചാത്തലത്തിൽ കായികവകുപ്പിന്റെ ചുമതല മുഖ്യമന്ത്രിക്ക് കൈമാറുകയാണെന്ന് ഹരിയാന കായികമന്ത്രി സന്ദീപ് സിങ് വ്യക്തമാക്കി. മന്ത്രിസ്ഥാനം രാജിവച്ചെന്ന് വ്യക്തമായി പറയാതെ, പരോക്ഷമായ രീതിലാണ് സ്ഥാനം ഒഴിഞ്ഞ വിവരം സിങ് മാധ്യമങ്ങളെ അറിയിച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. തന്റെ പ്രതിഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പീഡനപരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ തെളിയുമെന്നും അദേഹം പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെ മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിൽക്കുകയാണെന്നും സിങ് കൂട്ടിച്ചേർത്തു.

വനിതാ ജൂനിയർ അത്‌ലറ്റിക് കോച്ചിന്റെ ലൈംഗികാതിക്രമ പരാതിയിൽ ഹരിയാണ കായികവകുപ്പ് മന്ത്രി സന്ദീപ് സിങ്ങിനെതിരേ പൊലീസ് കേസെടുത്തിരുന്നു. ചണ്ഡീഗഢ് പൊലീസാണ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. മന്ത്രിയായ സന്ദീപ് സിങ് ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ഇതേ തുടർന്നാണ് രാജി. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണ് രാജി. നാഷണൽ ഗെയിംസ് സർട്ടിഫിക്കറ്റ് നൽകാനെന്ന് പറഞ്ഞ് കായിക മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി ആക്രമിച്ചു എന്നാണ് പരാതി. ജിമ്മിൽ വച്ച് പരിചയപ്പെട്ട തന്നെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സിങ് ബന്ധപ്പെട്ടത് എന്നും പരാതിയിൽ പറയുന്നു. സമാനമായ രീതിയിൽ സന്ദീപ് സിങ് മറ്റ് വനിതാ കായികതാരങ്ങളെയും ലൈംഗികമായി ആക്രമിച്ചതായി പരിശീലക ആരോപിച്ചു. ചണ്ഡീഗഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുൻ ദേശീയ ഹോക്കി താരമാണ് സന്ദീപ് സിങ്. ഇന്ത്യൻ ടീമിന്റെ നായകനുമായിരുന്നു. കോർണ്ണർ കിക്ക് വിദഗ്ധനായ സന്ദീപ് ഫ്ളിക്കർ സിങ് എന്നാണ് അറിയപ്പെട്ടിരുന്നത്. 20 വയസ്സുള്ള തീവണ്ടിയിൽ വച്ച് വെടിയേറ്റ സന്ദീപ് സിങ് കളിക്കളത്തിൽ നിന്ന് ഒരു കൊല്ലം വിട്ടു നിന്നു. 2007 ലോകകപ്പിന് തൊട്ടു മുമ്പായിരുന്നു അപകടം. പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ സന്ദീപ് സിങ് ഇന്ത്യൻ ഹോക്കിക്ക് മഹത്തായ വിജയങ്ങൾ നൽകി. പിന്നീട് ബിജെപിക്കൊപ്പം ചേർന്ന് രാഷ്ട്രീയക്കാരനായി. ഹോക്കി ജീവിതം സിനിമയായിട്ടുമുണ്ട്. അത്തരമൊരു വ്യക്തിക്കെതിരെയാണ് പീഡനാരോപണം. കേസെടുത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ മുൻ മന്ത്രി അറസ്റ്റിലാകും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്. ഇതിനുപിന്നാലെ പൊലീസിലും പരാതി നൽകി. കേസെടുക്കുകയും ചെയ്തു. ജിംനേഷ്യത്തിൽവച്ചാണ് സന്ദീപ് സിങ് തന്നെ ആദ്യം പരിചയപ്പെട്ടത്. പിന്നീട് ഇൻസ്റ്റഗ്രാമിൽ സന്ദേശങ്ങൾ അയക്കുകയും നേരിട്ട് കാണാൻ നിർബന്ധിക്കുകയും ചെയ്തു. ദേശീയഗെയിംസുമായി ബന്ധപ്പെട്ട തന്റെ സർട്ടിഫിക്കറ്റുകളിൽ ചില അനിശ്ചിതത്വങ്ങളുണ്ടെന്നും നേരിട്ടുകാണണമെന്നുമായിരുന്നു ആവശ്യം. മന്ത്രിയുടെ ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്ന വീട്ടിലേക്കാണ് വിളിച്ചുവരുത്തിയത്. തുടർന്ന് രേഖകളുമായി ഇവിടെ എത്തിയ തന്നോട് മന്ത്രി ലൈംഗികാതിക്രമം നടത്തിയെന്നാണ് കോച്ചിന്റെ ആരോപണം.

വീട്ടിലെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ കാബിനിലേക്കാണ് കൊണ്ടുപോയത്. തന്റെ സർട്ടിഫിക്കറ്റുകളെല്ലാം ഒരു മേശയിൽവെച്ച ശേഷം മന്ത്രി തന്റെ കാലിൽ സ്പർശിച്ചു. ആദ്യം കണ്ടതു മുതൽ ഇഷ്ടമായെന്നും തന്നെ എല്ലായ്‌പ്പോഴും സന്തോഷവതിയാക്കാമെന്നുമായിരുന്നു പിന്നീട് മന്ത്രി പറഞ്ഞത്. ഇതോടെ താൻ കൈ തട്ടിമാറ്റി. എന്നാൽ മന്ത്രി തന്റെ ടീഷർട്ട് വലിച്ചുകീറുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് ആരോപിച്ചിരുന്നത്. ബഹളംവെച്ചിട്ടും അവിടെയുണ്ടായിരുന്ന ഒരു ജീവനക്കാരൻ പോലും രക്ഷിക്കാനെത്തിയില്ലെന്നും പറയുന്നു. ഇതിനെ ഗൗരവത്തോടെ ബിജെപി കണ്ടു. ഈ സാഹചര്യത്തിലാണ് മന്ത്രി രാജിവച്ചത്.

യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു സന്ദീപ് സിങ്ങിന്റെ പ്രതികരണം. തന്നെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുള്ളത്. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് യുവതിക്കെതിരേ പരാതി നൽകുമെന്നും സന്ദീപ് സിങ് പറഞ്ഞു. അതിനിടെ വനിതാ കോച്ചിന്റെ പീഡനപരാതിയിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ഹരിയാണ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ ആവശ്യപ്പെട്ടു. പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുമെന്നതിനാലാണ് രാജി.

മന്ത്രിസഭയിൽനിന്ന് സന്ദീപ് സിങ്ങിനെ പുറത്താക്കാൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ തയ്യാറാകണമെന്നായിരുന്നു ഇന്ത്യൻ നാഷണൽ ലോക്ദളിന്റെ ആവശ്യം. സംഭവത്തിൽ അന്വേഷണം നടത്താനായി പ്രത്യേകസംഘത്തെ നിയോഗിക്കണമെന്നും ഇന്ത്യൻ നാഷണൽ ലോക്ദൾ ആവശ്യപ്പെട്ടു. യുവതി ഇന്ത്യൻ നാഷണൽ ലോക് ദൾ ഓഫീസിൽ വാർത്താസമ്മേളനം വിളിച്ച് പരാതി ഉന്നയിക്കുകയും സുരക്ഷ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP