Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതിക്ക് എതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തി 2022 ൽ വിജിലൻസ് സർവ്വകാലറിക്കാർഡിട്ടു; സോഷ്യൽ മീഡിയാ സംവിധാനവും ശക്തമാക്കി; 2022ൽ വിജിലൻസ് ജയിലിൽ അടച്ചത് കൈക്കൂലി വാങ്ങിയ 56 സർക്കാർ ജീവനക്കാരെ

അഴിമതിക്ക് എതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തി 2022 ൽ വിജിലൻസ് സർവ്വകാലറിക്കാർഡിട്ടു; സോഷ്യൽ മീഡിയാ സംവിധാനവും ശക്തമാക്കി; 2022ൽ വിജിലൻസ് ജയിലിൽ അടച്ചത് കൈക്കൂലി വാങ്ങിയ 56 സർക്കാർ ജീവനക്കാരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി റിക്കാർഡ് ട്രാപ് കേസുകളും, റിക്കാർഡ് മിന്നൽ പരിശോധകളുമായി വിജിലൻസ് അഴിമതിക്ക് എതിരെയുള്ള പോരാട്ടം 2022ൽ കൂടുതൽ ശക്തിപ്പെടുത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ രൂപീകരിച്ച 1964 ന് ശേഷം ആദ്യമായി ഒരു വർഷം കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്ധ്യോഗസ്ഥരെ കൈയോടെ പിടികൂടുന്ന 47 ട്രാപ് കേസുകൾ എന്ന സർവ്വകാല റിക്കാർഡ് നേട്ടം 2022 ൽ സംസ്ഥാന വിജിലൻസ് കൈവരിച്ചു. തദ്ദേശസ്വയംഭരണവകുപ്പിലും, റവന്യൂ വകുപ്പിലും, 14 വീതവും, ആരോഗ്യവകുപ്പിൽ 7 ഉം, രജിസ്‌ട്രേഷൻ വകുപ്പിൽ 4 ഉം, വിദ്യാഭ്യാസം, കേരള വാട്ടർഅഥോറിറ്റി വകുപ്പുകളിൽ 2 വീതവും, പൊലീസ്, സിവിൽസപ്ലൈസ്, വൈദ്യുതി, അളവ്തൂക്ക വകുപ്പുകളിൽ ഓരോന്ന് വീതവും, ഉൾപ്പെടെ 47 ട്രാപ് കേസുകളാണ് 2022 ൽ റിപ്പോർട്ട് ചെയ്തത്.

ഇക്കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത ട്രാപ് കേസുകളിൽ 14 എണ്ണം തിരുവനന്തപുരം തെക്കൻ മേഖലയിൽ നിന്നും, 13 ട്രാപ് കേസുകൾ വടക്കൻ മേഖലയിൽ നിന്നും, 12 ട്രാപ് കേസുകൾ കിഴക്കൻ മേഖലയിൽ നിന്നും, 8 ട്രാപ് കേസുകൾ മധ്യ മേഖലയിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്തത്. ഈ ട്രാപ് കേസുകളിലായി റവന്യൂ വകുപ്പിലെ 20 ഉം, തദ്ദേശസ്വയംഭരണവകുപ്പിലെ 15 ഉം, ആരോഗ്യവകുപ്പിലെ 7 ഉം, രജിസ്‌ട്രേഷൻ വകുപ്പിലെ 5 ഉം, വിദ്യാഭ്യാസം വകുപ്പ്, കേരള വാട്ടർഅഥോറിറ്റി വകുപ്പുകളിലെ 2 വീതവും, പൊലീസ്, സിവിൽസപ്ലൈസ്, വൈദ്യുതി, അളവ്തൂക്ക വകുപ്പുകളിലെ ഓരോ ഉദ്ധ്യോഗസ്ഥരും ഉൾപ്പെടെ ആകെ 56 ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് 2022 ൽ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇത്രയും ഉദ്ധ്യോഗസ്ഥരെ ഒരു വർഷം ട്രാപ് കേസുകളിൽ ഉൾപ്പെടുന്നതും ആദ്യമായിട്ടാണ്.

2018 ൽ 16 ഉം,2019 ൽ 17 ഉം, 2020 ൽ 24 ഉം, 2021 30 ഉം ട്രാപ് കേസുകളാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ വിജിലൻസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സർക്കാർ ഓഫീസുകളിലെ അഴിമതി മുൻകൂട്ടി കണ്ടു തടയുന്നതിലേക്കായി സംസ്ഥാന വിജിലൻസ് നടത്തിവരുന്ന മിന്നൽ പരിശോധനകളുടെ എണ്ണത്തിലും വിജിലൻസ് 2022 ൽ സർവ്വകാല റെക്കോർഡിട്ടു. 2022ൽ ഒരു ദിവസം 4.7 മിന്നൽ പരിശോധനകൾ എന്ന ശരാശരിയിൽ ആകെ 1715 മിന്നൽ പരിശോധനകളാണ് 2022 ൽ മാത്രം സംസ്ഥാന വിജിലൻസ് വിവിധ സർക്കാർ ഓഫീസുകളിൽ നടത്തിയിട്ടുള്ളത്. ഇതിൽ 13 എണ്ണം സംസ്ഥാനവ്യാപകമായി ഒരേ സമയം നടത്തുന്ന സംസ്ഥാനതല മിന്നൽ പരിശോധനകൾ ആയിരുന്നു. സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ഹയർസെക്കന്ററി വകുപ്പ്, ആരോഗ്യവകുപ്പ്, രജിസ്‌ട്രേഷൻ വകുപ്പ്, റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, പൊതുവിതരണ വകുപ്പ് എന്നിവിടങ്ങളിലാണ് സംസ്ഥാനതല മിന്നൽ പരിശോധനകളൽ നടത്തിയത്.

തദ്ദേശ സ്വയംഭരണ വകുപ്പിൽ ''ഓപ്പറേഷൻ നിർമ്മാൺ''''ഓപ്പറേഷൻ ട്രൂഹൗസ്'' എന്നീ പേരിലും, മോട്ടോർ വാഹന വകുപ്പിൽ ''ഓപ്പറേഷൻ ഓവർലോഡ്'',''ഓപ്പറേഷൻ ജാസൂസ്'' എന്നീ പേരിലും, പൊതു വിദ്യാഭ്യാസ വകുപ്പിൽ ''ഓപ്പറേഷൻ ജ്യോതി'' എന്ന പേരിലും, ഹയർ സെക്കൻഡറി വകുപ്പിൽ ''ഓപ്പറേഷൻ റെഡ്ടാപ്പ്'' എന്ന പേരിലും, പൊതുമരാമത്ത് വകുപ്പിൽ ''ഓപ്പറേഷൻ സരൾരാസ്ത -2'', ''ഓപ്പറേഷൻ സരൾ രാസ്ത -3'' എന്നീ പേരുകളിലും, ആരോഗ്യവകുപ്പിൽ ''ഓപ്പറേഷൻ ഗുണവക്ത'' എന്ന പേരിലും, സബ് രജിസ്ട്രാർ ഓഫീസുകളിൽ ''ഓപ്പറേഷൻ പഞ്ചികിരൻ -1'', ''ഓപ്പറേഷൻ പഞ്ചികിരൻ -2'' എന്നീ പേരിലും, റവന്യൂ വകുപ്പിൽ ''ഓപ്പറേഷൻ പ്രിസർവേഷൻ'' എന്ന പേരിലും, സിവിൽസപ്ലൈസിന്റെ കീഴിലുള്ള റേഷൻ കടകളിൽ ''ഓപ്പറേഷൻ സുഭിക്ഷ'' എന്ന പേരിലുമാണ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധനകൾ നടത്തി വിജിലൻസ് അപാകതകൾ കണ്ടെത്തിയത്.

സംസ്ഥാനതല മിന്നൽ പരിശോധനകൾ കൂടാതെ വിജിലൻസിന്റെ രഹസ്യാന്വേഷണ വിഭാഗം വിവിധ ജില്ലകളിൽ നിന്നും അഴിമതി സംബന്ധിച്ച് ശേഖരിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള സോഴ്‌സ് റിപ്പോർട്ടൂകളുടെയും ചില പരാതികളുടെയും അടിസ്ഥാനത്തിലും ആണ് വിവിധ മിന്നൽ പരിശോധനകൾ നടത്തിയിത്. ഇപ്പ്രകാരം 2022 ൽ ആകെ 1715 മിന്നൽ പരിശോധനകൾ നടത്തി സംസ്ഥാന വിജിലൻസ് സർവ്വകാല റെക്കോർഡിടുകയുണ്ടായി. മുൻ വർഷങ്ങളിൽ 2021 ൽ 1019 ഉം, 2020 ൽ 861 ഉം, 2019 ൽ 1330 ഉം,2018 ൽ 598 ഉം മിന്നൽ പരിശോധനകളാണ് വിജിലൻസ് ആകെ നടത്തിയത്. സമീപകാലത്ത് വിജയകരമായി നിയമനടപടികൾ സ്വീകരിച്ച 75 വിജിലൻസ് കേസുകളിലെ പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കാനും 2022 ൽ വിജിലൻസിന് കഴിഞ്ഞു. ഇതും സമീപകാല റെക്കോർഡാണ്.

ഇത് കൂടാതെ 2022 ൽ 88 വിജിലൻസ് അന്വേഷണങ്ങളും, 116 രഹസ്യാന്വേഷണപരിശോധനകളും, 9 ട്രിബ്യൂണൽ എൻക്വയറികൾക്കും വിജിലൻസ് ആരംഭം കുറിച്ചിട്ടുള്ളതാകുന്നു. ഇതും സമീപകാല റെക്കോർഡാകുന്നു. ഇക്കഴിഞ്ഞ വർഷം 62 വിജിലൻസ് കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം ഹാജരാക്കി. അഴിമതി നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രാഥമികമായി അന്വേഷണം നടത്തുന്ന ''പ്രാഥമികാന്വേഷണം'' 2022 ൽ 446 എണ്ണം നടത്തുകയുണ്ടായി. 2021 ൽ 232 എണ്ണം ആയിരുന്നു. ഇതും സമീപകാല റെക്കോർഡ് ആകുന്നു.

2022 ൽ സംസ്ഥാന വിജിലൻസിൽ ആകെ 178 വിജിലൻസ് കേസുകൾ രജിസ്ടർ ചെയ്തു. 2021 ൽ 101 കേസുകളും, 2020 ൽ 82 കേസുകളും, 2019 ൽ 79 കേസുകളും, 2018 ൽ 88 കേസുകളും, 2019 ൽ 79 കേസുകളുമാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് സോഷ്യൽ മീഡിയയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നിലേക്ക് 2022 ൽ വിജിലൻസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തെ ശക്തിപ്പെടുത്തുകയും അതുവഴി അഴിമതിയുടെ ദൂഷ്യവശങ്ങളെപ്പറ്റിയും, അഴിമതി സമൂഹത്തിലുണ്ടാക്കുന്ന അപചയങ്ങളെപ്പറ്റിയുമുള്ള സന്ദേശങ്ങൾ നൽകിയത് സമൂഹത്തിൽ ജനങ്ങളെ വിജിലൻസിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കിയതിന്റെ എന്നതിന്റെ തെളിവാണ് 2022 ൽ വിജിലൻസിന്റെ മേൽപ്പറഞ്ഞ റെക്കോർഡ് നേട്ടങ്ങൾ കൈവരിക്കാൻ ഇടയാക്കിയതെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP