Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡിലെ കുഴി ചർച്ചകളിൽ നിരാശനായ റിയാസ് സെപ്റ്റംബറിൽ വിട്ടു നിന്നു; ജയന്തി സമ്മേളനത്തിൽ അതൃപ്തി പരസ്യമായി പറഞ്ഞ സ്വാമി സച്ചിദാനന്ദ; തെറ്റു തിരുത്തി തീർത്ഥാടന സമ്മേളനത്തിൽ നിറഞ്ഞ് മുഖ്യമന്ത്രിയും മരുമകനും അടക്കമുള്ള സിപിഎം നേതൃത്വം; ശങ്കരാചാര്യരെ തള്ളിപ്പറഞ്ഞ് ഗുരുവിനെ ഉയർത്തിക്കാട്ടി മന്ത്രി എംബി രാജേഷും; ശിവഗിരിയിലേക്ക് സിപിഎമ്മും മടങ്ങി എത്തുമ്പോൾ

റോഡിലെ കുഴി ചർച്ചകളിൽ നിരാശനായ റിയാസ് സെപ്റ്റംബറിൽ വിട്ടു നിന്നു; ജയന്തി സമ്മേളനത്തിൽ അതൃപ്തി പരസ്യമായി പറഞ്ഞ സ്വാമി സച്ചിദാനന്ദ; തെറ്റു തിരുത്തി തീർത്ഥാടന സമ്മേളനത്തിൽ നിറഞ്ഞ് മുഖ്യമന്ത്രിയും മരുമകനും അടക്കമുള്ള സിപിഎം നേതൃത്വം; ശങ്കരാചാര്യരെ തള്ളിപ്പറഞ്ഞ് ഗുരുവിനെ ഉയർത്തിക്കാട്ടി മന്ത്രി എംബി രാജേഷും; ശിവഗിരിയിലേക്ക് സിപിഎമ്മും മടങ്ങി എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വർക്കല: ശിവഗിരിയിൽ ശ്രീനാരായണഗുരു ജയന്തി സമ്മേളനത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുക്കാത്തതിൽ പ്രതിഷേധവുമായി ശിവഗിരി മഠം രംഗത്തു വന്നത് സെപ്റ്റംബറിലാണ്. അന്ന് മുഖ്യാതിഥിയായാണ് മന്ത്രിയെ ക്ഷണിച്ചിരുന്നത്. മന്ത്രിയെത്താത്തതിൽ മഠത്തിന് ഖേദമുണ്ടെന്ന് ഉദ്ഘാടനസമ്മേളനത്തിന്റെ അധ്യക്ഷപ്രസംഗത്തിൽ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനായിരുന്നു ചടങ്ങിലെ ഉദ്ഘാടകൻ. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും മന്ത്രി പരിപാടിയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. സംഭവത്തിൽ മഠം അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരനോടുള്ള അതൃപ്തി കാരണമാണ് റിയാസ് സെപ്റ്റംബറിൽ വിട്ടു നിന്നതെന്നാണ് സൂചന. ഇത് മഠം പരസ്യ ചർച്ചയാക്കി. അതുകൊണ്ട് തന്നെ ഈ തീർത്ഥാടനത്തിന് അവർ കരുതെടുത്തു. എല്ലാ സിപിഎം നേതാക്കളും ശിവഗിരിയിലേക്ക് ഒഴുകിയെത്തി. വിളിച്ച മന്ത്രിമാരാരും നോ പറഞ്ഞില്ല. മുഖ്യമന്ത്രി പിണറായി വിജയനും എത്തി.

സെപ്റ്റംബറിൽ കേരളത്തിലെ റോഡുകളിലെ കുഴി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര മന്ത്രി മുരളീധരനും മന്ത്രി റിയാസും പരസ്പരം വാക്കുകളിലൂടെ ഏറ്റുമുട്ടിയിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രമന്ത്രി ഉദ്ഘാടകനായതു കൊണ്ടാണ് റിയാസ് വരാത്തതെന്ന പൊതു ധാരണയാണ് അന്നുണ്ടായത്. എന്നാൽ മറ്റ് ഔദ്യോഗിക ആവശ്യങ്ങളുള്ളതു കൊണ്ടാണ് എത്താൻ പറ്റാത്തതെന്നാണ് മന്ത്രിയുടെ പക്ഷം. ഏതായാലും മഠത്തിന്റെ വിമർശനം മന്ത്രി ഉൾക്കൊള്ളുമെന്നും ഉടൻ തിരുത്തലുണ്ടാകുമെന്നും വിശദീകരണമെത്തി. അതാണ് ഈ തീർത്ഥാടന കാലത്ത് തിരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസും അടക്കമുള്ളവർ സമ്മേളനത്തിന് എത്തി. ഗുരുവിന്റെ ദർശനങ്ങളെ ഉയർത്തിക്കാട്ടി. ശിവഗിരിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് തീർത്ഥാടനത്തിന് തുടക്കം കുറിച്ചുള്ള ഉദ്ഘാടകനായത്. മുഖ്യമന്ത്രി പിണറായി വിജയൻ തീർത്ഥാടക സമ്മേളനത്തിന് തുടക്കമിട്ടു.

ടൂറിസം, പൊതുമരാമത്ത് നിർമ്മാണങ്ങളിൽ സമഗ്ര മാറ്റത്തിന് ഡിസൈൻ പോളിസി നടപ്പാക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി വിദഗ്ദ്ധരെ ഉൾപ്പെടുത്തി ജനുവരിയിൽ വർക്ക്‌ഷോപ്പ് നടത്തും. കേരളത്തിൽ സോഷ്യൽ എൻജിനിയറിംഗിന് രൂപം നൽകിയ മഹാനാണ് ഗുരുദേവനെന്നും ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വ്യവസായ ടൂറിസം സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.തീർത്ഥാടന ടൂറിസം പരിപോഷിപ്പിക്കാൻ ശിവഗിരിക്ക് 10 ലക്ഷം രൂപ അനുവദിക്കും. ശിവഗിരിയും ചെമ്പഴന്തിയും അരുവിപ്പുറവും ഉൾപ്പെട്ട ശൃംഖലയാണ് ഉദ്ദേശിക്കുന്നത്. നവോത്ഥാന നായകരുടെ സ്മാരകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികൾക്കും രൂപം നൽകും. ടൂറിസം വ്യവസായമായി പ്രഖ്യാപിക്കാനാണ് ശ്രമം-റിയാസ് പ്രഖ്യാപിച്ചു.

ഗുരു അവസാനിപ്പിച്ച ദുരാചാരങ്ങളെല്ലാം അതിശക്തമായി മടങ്ങിവരികയാണിന്ന്

ശ്രീനാരായണഗുരുവിന്റെ ഇടപെടലാണ് ഭ്രാന്താലയമായിരുന്ന കേരളത്തെ മനുഷ്യാലയമാക്കിയതെന്നും അത് നിലനിറുത്താനും ഗുരു തന്നെയാണ് നിത്യപ്രചോദനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.തൊണ്ണൂറാമത് ശിവഗിരി തീർത്ഥാടനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗുരു അവസാനിപ്പിച്ച ദുരാചാരങ്ങളെല്ലാം അതിശക്തമായി മടങ്ങിവരികയാണിന്ന്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇലന്തൂരിൽ നടന്ന നരബലി. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെ സംസ്ഥാന സർക്കാർ നിയമനിർമ്മാണവുമായി മുമ്പോട്ടു പോവുകയാണ്. സർവ്വശക്തനെന്നു പറഞ്ഞ് തുള്ളിവന്ന വെളിച്ചപ്പാടിനെ 'പക്ഷെ, വായിൽ പല്ലില്ലല്ലോ' എന്ന് പരിഹസിച്ച് തിരിച്ചയച്ച ശ്രീനാരായണ ഗുരുവിന്റെ നാടാണിത്. ആ നാട്ടിലാണ് ദുരാചാരത്തിന്റെ ദുർമൂർത്തികൾ ഉറഞ്ഞു തുള്ളുന്നത്. ഇതിന് അറുതിവരുത്താനുള്ള പ്രചോദനമാണ് ഗുരുചിന്തകൾ. അപസ്മാരം അടക്കമുള്ള രോഗങ്ങൾ മന്ത്രവാദം കൊണ്ട് മാറ്റാമെന്നും, മഷിനോട്ടം,ചാത്തൻസേവ, ആഭിചാര കർമങ്ങൾ തുടങ്ങിയവ നടത്തിക്കൊടുക്കാമെന്നും മറ്റുമുള്ള പരസ്യങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുത്.

ഗുരുവിന്റെ സന്ദേശങ്ങളുടെ സമകാലിക പ്രസക്തി സമൂഹത്തിനു മനസ്സിലാക്കിക്കൊടുക്കുന്ന ബോധവൽക്കരണ സമ്മേളനങ്ങളായി തീർത്ഥാടനം മാറണം. മനുഷ്യൻ മാറുക എന്നതിനപ്പുറം മതത്തിനും പുണ്യത്തിനും അതീതമായാണ് ഗുരു തീർത്ഥാടനത്തെ നിർവചിക്കുന്നത്. ഒരു ജാതിയേ ഉള്ളു എന്നും അതു മനുഷ്യ ജാതിയാണെന്നുമാണ് ഗുരു പറഞ്ഞത്. ആ ദർശനം ആഗോളതലത്തിലെത്തിയാൽ വംശീയ സംഘർഷങ്ങളും കടന്നാക്രമണങ്ങളും രക്തച്ചൊരിച്ചിലുകളും അവസാനിക്കും. ഗുരുസന്ദേശങ്ങൾക്ക് അത്രയേറെ സാർവലൗകിക പ്രസക്തിയുണ്ട്. ലോകമെമ്പാടും നിന്നുള്ള ചിന്തകരുടെ സംവാദവേദിയാവണം തീർത്ഥാടന സമ്മേളനങ്ങൾ.'ജാതിഭേദവും മതദ്വേഷവുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന ഇടം' എന്ന ഗുരുസങ്കല്പം മനുഷ്യവാസയോഗ്യമായ ഭൂമിയെ ആകെ ഉദ്ദേശിച്ചുള്ളതാണ്. ഇത്രമേൽ ഉദാത്തമായ സന്ദേശം ലോകത്തു പ്രചരിപ്പിച്ച മറ്റൊരു ഗുരുവില്ല. ഗാന്ധിജിയുമായുള്ള സംവാദത്തിൽ വർണാശ്രമധർമം, ജാതിവേർതിരിവ് എന്നിവ സംബന്ധിച്ച ഗുരുവിന്റെ ചിന്തകൾ മഹത്തായ മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമാണ്.

ഈ വിഷയങ്ങളിൽ മറ്റൊരു രീതിയിൽ ചിന്തിച്ച ഗാന്ധിജിയിൽ പോലും അത് വലിയ മാറ്റമുണ്ടാക്കി.ജനാധിപത്യ നിലപാടായിരുന്നു ഗുരുവിന്റേത്. നിങ്ങൾക്ക് അങ്ങനെ അഭിപ്രായമുണ്ടെങ്കിൽ ആകാം എന്ന ഗുരുവചനം ഓർമിക്കണം. ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് ഗുരുദേവ വചനം ഭേദഗതി ചെയ്ത ശിഷ്യനായ സഹോദരൻ അയ്യപ്പനോട്, അയ്യപ്പന് അങ്ങനെയുമാകാം എന്ന ഗുരുവിന്റെ പരാമർശം ചരിത്രപരമാണ്. എല്ലാവിഭാഗം ജനങ്ങളെയും തുല്യതയോടെ പരിഗണിക്കുക എന്ന ഗുരുചിന്ത സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.1924ൽ ശ്രീനാരായണഗുരു സ്ഥാപിച്ച ശിവഗിരി സ്‌കൂളിൽ പുതുതായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും തീർത്ഥാടന നവതി സുവനീർ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

അധമസംസ്‌ക്കാരത്തിനെതിരെ പോരാടാൻ ഗുരുചിന്ത കരുത്താകണമെന്ന്

മനുഷ്യനെ ആദരിക്കാത്ത അധമസംസ്‌ക്കാരത്തിനെതിരെ പോരാടാൻ ഗുരുചിന്ത കരുത്താകണമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കോട്ടയത്തെ നാഗമ്പടം ക്ഷേത്രത്തിന് മുന്നിലെ മാവിൻചുവട്ടിൽ വച്ചാണ് ശ്രീനാരായണഗുരു തീർത്ഥാടനസമ്മേളനത്തിന് ഉപദേശിച്ചത്. അത് മനുഷ്യസമൂഹത്തിന് കാലാനുസൃതമായ ഉന്നമനം ലക്ഷ്യമിട്ടായിരുന്നു.എന്നാൽ ഇന്ന്ഒരു രാജ്യം,ഒരുഭാഷ എന്നു പറയുന്നവരാണ് രാജ്യം ഭരിക്കുന്നത്.അവർ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നു.നാനാത്വത്തിൽ ഏകത്വം എന്ന ഭാരതസംസ്‌കാരത്തെ അവഗണിക്കുന്നു. ഇതിനെതിരെ സാംസ്‌കാരിക പ്രതിരോധം തീർക്കാൻ ഗുരുചിന്തകളാണ് വഴികാട്ടി.

നാട്ടിൽ അധമസംസ്‌കാരം പടർന്നുപിടിക്കുകയാണ്.നരബലിയും ദുരഭിമാനക്കൊലകളും വ്യാപകമാകുന്നു.അന്ധവിശ്വാസം മനുഷ്യനെ എത്ര നീചനും മനസ്സാക്ഷി മരവിച്ചുപോയക്രിമിനലുമാക്കി മാറ്റുന്നുവെന്നതിന്റെ ഉദാഹരണമാണത്.ദുർബലമായിക്കൊണ്ടിരിക്കുന്ന കേരളീയസാമൂഹ്യ മനസ്സിന്റെ പ്രതിഫലനവുമാണിത്.ഏതായാലും, അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെ കേരളസർക്കാർ നിയമനിർമ്മാണവും ബോധവത്കരണവുമടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോവുകയാണ്.ഇതിന് അന്ധവിശ്വാസങ്ങൾക്കെതിരെ, ദുരാചാരങ്ങൾക്കെതിരെ ഗുരു നടത്തിയ നീക്കങ്ങൾ നിത്യപ്രചോദനമാണ്.സാമൂഹ്യചിന്തയെ യുക്തിബോധവുമായി കൂട്ടിക്കെട്ടിയുണ്ടാക്കിയ കേരളത്തിലെ പുരോഗമന സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതിന് ഇരുട്ടിന്റെ ശക്തികൾ ശ്രമിച്ചുവരികയാണ്. ഇനിയും കെട്ടുപോയിട്ടില്ലാത്ത നവോത്ഥാന ചിന്ത ഉയർത്തിപ്പിടിച്ചുകൊണ്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അവയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർത്തുവരുന്നുണ്ട്.

ഗുരുദേവ സന്ദേശങ്ങളെ ഈ വിധത്തിലുള്ള അടിസ്ഥാന അർത്ഥത്തിൽ തന്നെ സമീപിക്കാനും വ്യാഖ്യാനിക്കാനും കഴിഞ്ഞില്ലെങ്കിൽ മാനവികതയുടെ മഹാസന്ദേശകാരനായ ഈ മഹാഗുരുവിനെക്കൂടി ഹ്രസ്വവീക്ഷണങ്ങളുടെ, മതസങ്കുചിതത്വത്തിന്റെ ചെറുകള്ളികളിലേക്കൊതുക്കും സ്ഥാപിത താത്പര്യക്കാർ.ഗുരുസന്ദേശങ്ങളെ വക്രീകരിച്ചു വ്യാഖ്യാനിക്കാനും ഗുരുവിനെ ഒരു പ്രത്യേക മതത്തിന്റെ സന്യാസിയാക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെതിരെ ജാഗ്രതയുണ്ടാവണം. ആദ്യം വിഗ്രഹം പ്രതിഷ്ഠിച്ച ഗുരു പിന്നീട് അക്ഷരവും കണ്ണാടിയും ദീപവും ഒക്കെ പ്രതിഷ്ഠിക്കുന്നിടത്തേക്കു മാറി. ആ മാറ്റം തമസ്‌കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെതിരെയും ജാഗ്രതയുണ്ടാവണമെന്നും മന്ത്രി പറഞ്ഞു

കേരള നവോത്ഥാനത്തിന്റെ പിതാവ്

കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന സ്ഥാനമാണ് ശ്രീനാരായണ ഗുരുവിനുള്ളതെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ചരിത്രത്തെ മാറ്റിമറിച്ച സാമൂഹ്യ വിപ്ലവകാരിയാണ് ഗുരു. കാലത്തെ അതിജീവിച്ച ദർശനവും ചിന്തയുമായിരുന്നു അദ്ദേഹത്തിന്റേത്.ശിവഗിരി തീർത്ഥാടന സംഘടനാ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ഗോപകുമാർ.മത നവീകരണം, ആചാര പരിഷ്‌കാരം എന്നിവയിൽ തുടങ്ങിയ അദ്ദേഹത്തിന്റെ ദൗത്യം അതിൽ അവസാനിച്ചില്ല. ഗുരു ഉഴുതുമറിച്ച മണ്ണിലാണ് ഉത്തരവാദ ഭരണത്തിനും ജനകീയ പുരോഗമന വിപ്ലവ പ്രസ്ഥാനങ്ങൾക്കും വിത്തുപാകിയത്. എന്റെ സുഖവും മറ്റുള്ളവരുടെ സുഖവും ഒന്നാണെന്ന ചിന്ത തന്നെയല്ലേ സോഷ്യലിസത്തിന്റെയും ദാർശനിക തലം. ആ സന്ദേശങ്ങളിലെ വിപ്ലവമല്ലേ പ്രബുദ്ധകേരളം സാദ്ധ്യമാക്കിയത് .

വിവിധ ജാതിക്കാർ അടങ്ങുന്ന ഒരു ഹിന്ദു സംഘടനയല്ല എസ്.എൻ .ഡി.പി യോഗത്തിലൂടെ ഗുരു വിഭാവനം ചെയ്തത്. ഹിന്ദുമതത്തിലെ വിവിധ ജാതി മത വിഭാഗങ്ങൾക്ക് തോളോടുതോൾ ചേർന്നു പ്രവർത്തിക്കാനുള്ള പൊതു മണ്ഡലമായിട്ടായിരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ അടിസ്ഥാന തത്വമായിരുന്നു ഗുരു സ്വപ്നം കണ്ടത്. മനുഷ്യന്റെ ധാർമികവും അസ്തിത്വപരവുമായ ജീവിതം നിർണയിക്കുന്നതിൽ കാതലായ പങ്കുവഹിക്കുന്നത് മതമാണ് എന്ന പരമ്പരാഗത ധാരണയാണ് ഗുരു തിരുത്തിയത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവിന്റെ പ്രസ്താവനയുടെ അർത്ഥവ്യാപ്തിയും ഇതുതന്നെയാണ്.ഹിന്ദുവാണ് ഭാരതപൈതൃകമെന്ന അഹന്തയും, ഹിന്ദുധർമ്മമാണ് ഭാരതീയ പൈതൃകമെന്ന ധാരണയും അബദ്ധമാണെന്ന് ഗുരുദർശനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ചെറുവാക്യം അത്ര ചെറുതല്ല.നിലവിലുള്ള മതങ്ങളെ പ്രകടമായി നിഷേധിക്കാനോ പുതിയ മതം സ്ഥാപിക്കാനോ ഗുരു ശ്രമിച്ചില്ലെന്നും ചിറ്റയം ചൂണ്ടിക്കാട്ടി.

ശങ്കരാചാര്യയെ തള്ളി പറഞ്ഞ ഗുരു!

കേരളത്തിന് ഒരു ആചാര്യനുണ്ടെങ്കിൽ അത് ശ്രീനാരായണഗുരുവാണെന്നും ശങ്കരാചാര്യരല്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ശ്രീനാരായണഗുരു ജാതീയതയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ശങ്കരാചാര്യരുടെ ദർശനങ്ങൾക്ക് പിന്നാലെയാണ് ശ്രീനാരായണഗുരു പോയതെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ, ജാതിവ്യവസ്ഥയെ സംരക്ഷിച്ച ശങ്കരാചാര്യരെ ഗുരു തള്ളിപ്പറഞ്ഞുവെന്നതാണ് യാഥാർത്ഥ്യമെന്നും രാജേഷ് വ്യക്തമാക്കി. 90-ാമത് ശിവഗിരി തീർത്ഥാടനത്തിലെ സംഘടനാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുടിലമായ ജാതി വ്യവസ്ഥയുടെ പ്രയോക്താവായിരുന്നു ശങ്കരാചാര്യർ. ശ്രീനാരായണ ഗുരുവാകട്ടെ ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാനാണ് ശ്രമിച്ചത്. വ്യത്യസ്തമായ രണ്ട് തലങ്ങളി?ൽ നിൽക്കുന്നവരാണ് ഇരുവരും. അസാമാന്യ ധീരത പുലർത്തിയ സന്യാസി ശ്രേഷ്ഠനായിരുന്നു ശ്രീനാരായണഗുരു. നിർഭയത്വവും ധീരതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും രാജേഷ് പറഞ്ഞു.ലോക സമാധാനത്തിന് മതരാഷ്ട്രങ്ങൾ വെല്ലുവിളി ഉയർത്തുകയാണ്. ഒരു രാജ്യത്ത് ജനാധിപത്യം പുലരാൻ മതനിരപേക്ഷത വേണം. മതനിരപേക്ഷത ഉണ്ടാവാൻ ശക്തമായ ജനാധിപത്യം വേണം. പരസ്പരപൂരകങ്ങളാണവ. സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിൽ ജനാധിപത്യം പുലരുന്നത് മതനിരപേക്ഷതയുള്ളതിനാലാണ്. ഒപ്പം സ്വാതന്ത്ര്യം നേടിയ അയൽരാജ്യം മതരാഷ്ട്രമായി മാറി. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാൻ 1947 മുതൽ ശ്രമം തുടങ്ങിയെങ്കിലും തിരിച്ചടിയേറ്റു.

എന്നാൽ, ഇപ്പോൾ രാജ്യത്തെ മതരാഷ്ട്രമായി നിർവചിക്കാനാണ് ഭരണകൂട നേതൃത്വം ശ്രമിക്കുന്നത്.അയൽ രാജ്യങ്ങളുടെ സ്ഥിതി നമുക്ക് അറിയാവുന്നതാണ്. അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് മതത്തിന്റെ പേരിൽ സ്‌കൂളുകളിൽ പോകാൻ പോലും അനുവാദമില്ല. നൂറ്റാണ്ടുകൾ പിന്നിലേക്ക് നയിക്കുന്ന സ്ഥിതിയാണി?ത്. ഇറാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതും സമാന സംഭവങ്ങളാണ്. ഇതെല്ലാം ഇന്ത്യയ്ക്ക് പാഠമാവേണ്ട കാര്യങ്ങളാണ്. മതരാഷ്ട്രമാക്കാനുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്. ഇതേക്കുറിച്ച് ഭരണഘടനാശില്പി ഡോ. അംബേദ്കർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. മതത്തെ രാജ്യത്തിന് മീതേ പ്രതിഷ്ഠിക്കാനാണ് ശ്രമം. ശ്രീനാരായണഗുരു മതത്തിന് മീതെ മനുഷ്യനെ പ്രതിഷ്ഠിക്കാനാണ് ശ്രമിച്ചത്. അരുവിപ്പുറത്തെ പ്രതിഷ്ഠയ്ക്ക് ശേഷം അവിടെ എഴുതിവച്ചത് 'സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്നാണ്.

ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിനും 62 വർഷങ്ങൾക്ക് മുമ്പാണ് ഗുരുദേവൻ 'സോദരത്വേന' എന്ന സങ്കൽപ്പം എഴുതിച്ചേർത്തത്. ഗുരുവിന്റെ ആശയങ്ങൾക്കെതിരായി പ്രവർത്തിക്കുന്നവർ ആരായാലും മതരാഷ്ട്ര സ്ഥാപനത്തിന് ശ്രമിക്കുന്നവരാണ്. പൊതുജീവിതത്തിൽ മതം കൊണ്ടുവരാതിരിക്കുന്നതാണ് മതനിരപേക്ഷതയെന്നും രാജേഷ് ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP