Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

9 വർഷം മുമ്പ് ഫിറ്റ്‌നസ് നഷ്ടപ്പെട്ടിട്ടും സഞ്ചാരികളെ പറ്റിച്ച് ലക്ഷങ്ങൾ ഉണ്ടാക്കി; ഇൻഷുറസും ഡ്രൈവർക്ക് ലൈസൻസുമില്ല; സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റുമില്ല; ഒരുദിവസത്തേക്ക് ഒരു കുടുംബത്തിൽ നിന്ന് കൈപ്പറ്റുന്നത് 12,000 രൂപ; തെലങ്കാന സ്വദേശിയുടെ ജീവനെടുത്ത വൈറ്റ് ഓർക്കിഡ് പോലുള്ള ഹൗസ് ബോട്ടുകൾ ഇനിയുമേറെ പുന്നമടക്കായലിൽ

9 വർഷം മുമ്പ് ഫിറ്റ്‌നസ് നഷ്ടപ്പെട്ടിട്ടും സഞ്ചാരികളെ പറ്റിച്ച് ലക്ഷങ്ങൾ ഉണ്ടാക്കി; ഇൻഷുറസും ഡ്രൈവർക്ക് ലൈസൻസുമില്ല; സുരക്ഷയ്ക്കായി ലൈഫ് ജാക്കറ്റുമില്ല; ഒരുദിവസത്തേക്ക് ഒരു കുടുംബത്തിൽ നിന്ന് കൈപ്പറ്റുന്നത് 12,000 രൂപ; തെലങ്കാന സ്വദേശിയുടെ ജീവനെടുത്ത വൈറ്റ് ഓർക്കിഡ് പോലുള്ള ഹൗസ് ബോട്ടുകൾ ഇനിയുമേറെ പുന്നമടക്കായലിൽ

വിനോദ് പൂന്തോട്ടം

ആലപ്പുഴ.ഫിറ്റ്‌നസോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത ഡസൻ കണക്കിന് ഹൗസ് ബോട്ടുകളാണ് ആലപ്പുഴയിൽ പുന്നമടക്കായലിൽ വിനോദ സഞ്ചാരികളുമായി സർവ്വീസ് നടത്തുന്നത്. യാതൊരു സുരക്ഷാ പരിശോധനയും ഇല്ല. ഇനി അഥവാ പരിശോധന നടത്തിയാലും അതെല്ലാം ഹൗസ് ബോട്ട് ഉടമകളുടെ താല്പര്യം സംരക്ഷിച്ചു തന്നെയാകും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ വ്യാഴാഴ്ചആലപ്പുഴയിൽ ഉണ്ടായ ഹൗസ് ബോട്ട് ദുരന്തം.

സഞ്ചാരികളുമായി പുന്നമടക്കായലിൽ നങ്കൂരമിട്ടിരുന്ന വൈറ്റ് ഓർക്കിഡ് എന്ന ഹൗസ് ബോട്ട് മുങ്ങിയാണ് തെലങ്കാന സ്വദേശി മരിച്ചത്. സംഭവത്തിൽ ഹൗസ് ബോട്ട് ഉടമയെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് ഹൗസ് ബോട്ട് സർവീസ് നടത്തിയിരുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉടമ കുതിരപ്പന്തി വട്ടത്തിൽ വീട്ടിൽ മിൽട്ടൻ ജോബിനെ (50) അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ ശിക്ഷാ നിയമം 304 പ്രകാരം നരഹത്യ, 420 പ്രകാരം വഞ്ചന കുറ്റവുമാണ് മിൽട്ടനെതിരെ ചുമത്തിയിരിക്കുന്നത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ മിൽട്ടനെ ഇന്നലെ റിമാൻഡ് ചെയ്തു. മിൾട്ടൻ ജോബിന്റെ നിയന്ത്രണത്തിലുള്ള വൈറ്റ് ഓർക്കിഡ് എന്ന് ഹൗസ് ബോട്ട്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പത്തു വർഷമായി പുതുക്കിയിട്ടില്ല. ബോട്ട് ഓടിച്ച ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. ബോട്ടിന് ഇൻഷുറൻസ് ഇല്ല, ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒന്നും തന്നെ ബോട്ടിൽ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ പള്ളാത്തുരുത്തി ചുങ്കം കന്നിട്ട ജെട്ടിക്ക് സമീപമായിരുന്നു അപകടം. തെലങ്കാന കാമറെഡ്ഡി ജില്ലയിലെ എൻജിഒ കോളനി സ്വദേശി എൻ.രാമചന്ദ്ര റെഡ്ഡി (58) ആണ് അപകടത്തിൽ മരിച്ചത്. ബോട്ടിന്റെ അടിത്തട്ടിലെ പലകയിളകി വെള്ളം കയറിയാണ് ബോട്ട് മുങ്ങിയതെന്ന് പോർട്ട് അധികൃതർ അറിയിച്ചു. സംഭവസമയം, യാത്രക്കാരായ രാമചന്ദ്ര റെഡ്ഡി, മകൻ രാജേഷ് റെഡ്ഡി, ബന്ധുക്കളായ നരേന്ദർ, നരേഷ്, ബോട്ട് ജീവനക്കാരൻ സുനന്ദൻ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. സമീപത്തെ വള്ളങ്ങളിലെ ജീവനക്കാരാണ് രക്ഷപ്പെട്ട നാലുപേരെയും കരയ്ക്കെത്തിച്ചത്.

കരയ്ക്കെത്തിക്കുമ്പോൾ തന്നെ അബോധാവസ്ഥയിലായിരുന്ന രാമചന്ദ്ര റെഡ്ഡിക്ക് പ്രാഥമിക ശുശ്രൂഷ നൽകി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ എട്ടിന് ടൂറിസം പൊലീസ് പുന്നമടയിൽ നടത്തിയ പരിശോധനയിൽ ബോട്ടിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ടതിനെ തുടർന്ന് സർവീസ് ഉടൻ നിർത്തിവയ്ക്കാൻ ബോട്ടുടമയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് വീണ്ടും സർവീസ് നടത്തുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്.

എൻ.രാമചന്ദ്ര റെഡ്ഡിയോടും സംഘത്തോടും ബോട്ടുടമയായ മിൽട്ടൺ ബോട്ടിന്റെ വാടകയിനത്തിൽ കൈപ്പറ്റിയത് 12,000 രൂപ. വൈകിട്ട് അഞ്ചിനാണ് രാമചന്ദ്ര റെഡ്ഡിയും സംഘവും ബോട്ടിൽ ചെക്ക് ഇൻ ചെയ്യുന്നത്. തുടർന്നുള്ള ഒരു മണിക്കൂർ കായലിലൂടെ കറക്കവും തുടർന്ന് പിറ്റേ ദിവസം രാവിലെ വരെയുള്ള സമയം ബോട്ട് കരയോട് ചേർത്ത് അടുപ്പിച്ചിട്ട് വിശ്രമവും ആണ് വാഗ്ദാനം ചെയ്തിരുന്നത്.

എന്നാൽ വെറും അര മണിക്കൂർ മാത്രമേ ബോട്ടിൽ കായലിലൂടെ യാത്ര ചെയ്തുള്ളൂവെന്ന് സംഘത്തിലുണ്ടായിരുന്നവർ പറഞ്ഞതായി സൗത്ത് പൊലീസ് പറഞ്ഞു. ബോട്ടിന്റെ ശോചനീയാവസ്ഥ മിൽട്ടന് നേരിട്ട് അറിയാവുന്നതു കൊണ്ടാണ് സഞ്ചാരികളെ അധികം ദൂരത്തേക്ക് കൊണ്ടു പോകാതെ അര മണിക്കൂർ കറക്കിയ ശേഷം കരയോട് ചേർന്ന് കെട്ടിയിട്ടതെന്ന് പൊലീസ് പറഞ്ഞു. വെറും അര മണിക്കൂർ മാത്രം കറങ്ങിയതിനാണ് സംഘത്തിൽ നിന്ന് 12,000 രൂപ കൈപ്പറ്റിയത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മിൽട്ടനെതിരെ നരഹത്യയ്ക്ക് പുറമേ വഞ്ചനാക്കുറ്റവും ചുമത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP