Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്നുമെത്തിയ 39 പേർക്ക് കോവിഡ്; ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കും; അടുത്ത 40 ദിവസം നിർണായകം; ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രണ്ട് ദിവസത്തിനിടെ വിദേശത്ത് നിന്നുമെത്തിയ 39 പേർക്ക് കോവിഡ്; ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കും; അടുത്ത 40 ദിവസം നിർണായകം; ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോഗികൾ വർധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ കോവിഡ് വർധിക്കുന്നതാണ് മുന്നറിയിപ്പിനു പിന്നിൽ.

രണ്ടുദിവസത്തിനിടെ വിദേശത്തു നിന്നുവന്ന 39 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യാഴാഴ്ച വിമാനത്താവളങ്ങൾ സന്ദർശിക്കും.

ജനുവരി പകുതിയോടെ രാജ്യത്തെ കോവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും സംസ്ഥാന തലത്തിൽ ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കോവിഡിനെതിരായ ജാഗ്രതയുടെ ഭാഗമായി കഴിഞ്ഞ ശനിയാഴ്‌ച്ച മുതൽ വിമാനത്താവളങ്ങളിലെ പരിശോധന തുടങ്ങിയിരുന്നു. അന്താരാഷ്ട്ര യാത്രക്കാരിൽ രണ്ട് ശതമാനം പേരിലും ചൈന, ജപ്പാൻ, തായ്‌ലാൻഡ്, ഹോങ്കോംഗ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രക്കാരിലും ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയിരുന്നു.

ഇങ്ങനെ പരിശോധിച്ച 6000 പേരിൽ 39 പേർക്കാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്. ഈ ഫലം കൂടി അറിയുന്ന അടുത്ത നാല്പത് ദിവസം രാജ്യത്ത് നിർണായകമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളുടെ വിലയിരുത്തൽ.

സംസ്ഥാനങ്ങളിലും പരിശോധനയും നിരീക്ഷണവും കൂട്ടാൻ ആരോഗ്യ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. വിമാനത്താവളങ്ങളിലെ പരിശോധന സൗകര്യങ്ങൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി ഡൽഹി വിമാനത്താവളം സന്ദർശിക്കും. നിലവിൽ കോവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കോവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മുമ്പത്തെ കോവിഡ് തരംഗത്തിന്റെ രീതി കണക്കിലെടുത്താണ് പുതിയ വിലയിരുത്തലിൽ എത്തിച്ചേർന്നിരിക്കുന്നത്. നേരത്തേ ഈസ്റ്റ് ഏഷ്യയിലെ വ്യാപനം ആരംഭിച്ച് മുപ്പതു മുതൽ മുപ്പത്തിയഞ്ചു ദിവസത്തിനുള്ളിലാണ് ഇന്ത്യയിലും വ്യാപനമുണ്ടായത്. പുതിയൊരു കോവിഡ് തരംഗമുണ്ടായാലും മരണമോ ആശുപത്രിവാസമോ പോലുള്ള ഗുരുതര സാഹചര്യങ്ങൾ കുറവായിരിക്കുമെന്നും മന്ത്രാലയം കരുതുന്നു.

തിങ്കളാഴ്ച 24 മണിക്കൂറിനുള്ളിൽ 1,35,000 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതിൽ 158 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയിൽ പ്രതിദിനം ഇരുനൂറിനുള്ളിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെങ്കിലും പ്രതിരോധമാർഗങ്ങൾ ഊർജിതമാക്കുകയാണ് സർക്കാർ.

അതിനിടെ കോവിഡ് പ്രതിരോധത്തിനുള്ള തയ്യാറെടുപ്പുകളുടെ സ്ഥിതി പരിശോധിക്കാൻ സംസ്ഥാനങ്ങളിൽ ചൊവ്വാഴ്ച നടത്തിയ മോക്ഡ്രിൽ വിജയകരമായി പൂർത്തിയായി. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കളക്ടർമാരുടെ മേൽനോട്ടത്തിലാണ് പരിശീലന- പരിശോധനാ പരിപാടികൾ നടന്നത്. അത്യാഹിതവിഭാഗങ്ങളിലുൾപ്പെടെ കിടക്കകൾ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, ആംബുലൻസുകൾ തുടങ്ങിയവയുടെ എണ്ണം, ആർ.ടി.പി.സി.ആർ.-ആർ.എ.ടി. പരിശോധനാ കിറ്റുകൾ, പി.പി.ഇ. കിറ്റുകൾ, എൻ-95 മാസ്‌കുകൾ, മെഡിക്കൽ ഓക്‌സിജൻ ലഭ്യത, ടെലി മെഡിസിൻ സർവീസിന്റെ പ്രവർത്തനം എന്നിവ പരിശോധിച്ച് റിപ്പോർട്ട് സംസ്ഥാനങ്ങൾ കേന്ദ്രത്തിന് സമർപ്പിച്ചു.

കോവിഡ് ഭീതിയില്ലെങ്കിൽകൂടി രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനാണ് മോക്ഡ്രിൽ നടത്തിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ചൈന, സൗത്തുകൊറിയ, അമേരിക്ക, ജപ്പാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ രോഗം വ്യാപിച്ചതോടെയാണ് ഇന്ത്യയിലും പ്രതിരോധമാർഗങ്ങൾക്ക് തുടക്കമിട്ടത്. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആരോഗ്യമന്ത്രാലയം ജാഗ്രതാനിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഓമിക്രോൺ വകഭേദമായ ബി.എഫ്.7 ആണ് ചൈനയിലെ വ്യാപനത്തിനു പിന്നിൽ. ഗുജറാത്തിലും ഒഡീഷയിലും ഈ വകഭേദം സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നിരുന്നു. കടുത്ത തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, കടുത്തപനി തുടങ്ങിയവയെല്ലാം ബി.എഫ്-7 വകഭേദത്തിൽ കൂടുതൽ കാണുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. മുൻപ് അസുഖബാധിതരായവരും പ്രായമായവരും ഹൃദ്രോഗം, ഡയബറ്റിസ്, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ഉള്ളവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.

അമേരിക്ക, യു.കെ., ബെൽജിയം, ജർമനി, ഫ്രാൻസ്, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തേ ബി.എഫ്.7 വകഭേദം റിപ്പോർട്ട് ചെയ്തിരുന്നു. പൊതുവിടങ്ങളിൽ മാസ്‌ക് ധരിക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളും കേന്ദ്രആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. കോവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നുമാണ് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP