Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിൽ മറ്റൊരു യുവതി കൂടി പിടിയിൽ; സ്വർണം കടത്തികൊണ്ടു വന്ന യുവതിയും കടത്ത് തട്ടിയെടുക്കാൻ എത്തിയ സംഘത്തെയും പൊക്കിയത് മലപ്പുറം പൊലീസ്; ബത്തേരി സ്വദേശിനി ഡീന സ്വർണക്കടത്തു സംഘത്തിലെ മുഖ്യകണ്ണി; ഡീന ഇക്കുറി കൈകൊടുത്തത് 'സ്വർണം പൊട്ടിക്കാൻ'; ഒടുവിൽ പദ്ധതി പാളി മൂന്നംഗ സംഘം റിമാൻഡിൽ

കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിൽ മറ്റൊരു യുവതി കൂടി പിടിയിൽ; സ്വർണം കടത്തികൊണ്ടു വന്ന യുവതിയും കടത്ത് തട്ടിയെടുക്കാൻ എത്തിയ സംഘത്തെയും പൊക്കിയത് മലപ്പുറം പൊലീസ്; ബത്തേരി സ്വദേശിനി ഡീന സ്വർണക്കടത്തു സംഘത്തിലെ മുഖ്യകണ്ണി; ഡീന ഇക്കുറി കൈകൊടുത്തത് 'സ്വർണം പൊട്ടിക്കാൻ'; ഒടുവിൽ പദ്ധതി പാളി മൂന്നംഗ സംഘം റിമാൻഡിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിൽ മറ്റൊരു യുവതി കൂടി പിടിയിൽ. വിദേശത്തുനിന്നും സ്വർണ്ണവുമായി കരിപ്പൂർ വിമാനതാവളത്തിലെത്തി കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങിയ യുവതിയെയും, യുവതിയുടെ ഒത്താശയോടെ സ്വർണം തട്ടിയെടുക്കാൻ എത്തിയ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 22നു രാവിലെ, 8.30 മണിക്ക്, ദുബായിൽ നിന്നും നിയമവിരുദ്ധമായി എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം (24 കാരറ്റ്) സ്വർണ്ണവുമായി കാലിക്കറ്റ് എയർപോർട്ടിലിറങ്ങിയ സുൽത്താൻ ബത്തേരി സ്വദേശിനി ഡീന (30), സ്വർണം തട്ടിയെടുക്കാൻ എയർപോർട്ടിലെത്തിയ കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴികോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വയനാട് സ്വദേശി സുബൈർ എന്നയാൾക്ക് വേണ്ടി നിയമവിരുദ്ധമായി കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനാണ് മറ്റ് നാല് പേർ ഡീനയുടെ അറിവോടെ വിമാനതാവളത്തിലെത്തിയത്. കൊടുത്തുവിട്ട കക്ഷിയുടെ ആളുകൾക്ക് സ്വർണം കൈമാറുന്നതിന് മുന്നേ, സ്വർണം തട്ടിയെടുക്കാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത് ദാസസ് ഐപിഎസിന് ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കരിപൂർ പൊലീസ് നടത്തിയ നീക്കത്തിലൂടെയാണ് 3 പ്രതികളെ വാഹന സഹിതം വിമാനതാവളത്തിന്റെ കവാടത്തിന് സമീപം വെച്ച് പിടികൂടിയത്.

മുമ്പും സ്വർണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വർണംതട്ടുന്ന സംഘവുമായി ഒത്ത് ചേർന്ന് കടത്ത് സ്വർണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്. ഒരേ സമയം കസ്റ്റംസിനെ വെട്ടിച്ചും സ്വർണം സ്വീകരിക്കാൻ എയർപോർട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവർച്ചാ സംഘത്തോടൊപ്പം കാറിൽ കയറി അതിവേഗം എയർപോർട്ടിന് പുറത്തേക്ക് പോയ ഡീനയുടെ വാഹനത്തെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ഡീനയേയും സംഘത്തേയും ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലഗ്ഗേജിൽ ഒളിപ്പിച്ച സ്വർണം കണ്ടെടുക്കാനായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൊണ്ടി മുതൽ സഹിതം കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് ബഹു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റിമാൻഡിൽ പാർപ്പിച്ചിട്ടുള്ളതാണ്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രതികൾക്കായുള്ള അന്വേഷണം നടന്ന് വരികയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ, കള്ളകടത്ത് സ്വർണം തട്ടാൻ കരിപ്പൂർ എയർപോർട്ടിൽ എത്തിയ മൂന്ന് കവർച്ചാ സംഘങ്ങളെയാണ് കടത്ത് സ്വർണം സഹിതം ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തത്. എയർപോർട്ട് കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് തടയിടാനായി ശക്തമായ ഇടപെടലുകൾ തുടരുന്നതാണ്.

കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്തവളത്തിന് പുറത്തുവെച്ചു സ്വർണവുമായി 19ാകാരി ഷഹല പിടിയിലായിരുന്നു. ഷഹലക്കു ജാമ്യം ലഭിച്ചത് സ്വർണവില ഒരു കോടിക്കു താഴെവന്നതിനാലാണ്. ജാമ്യം ലഭിക്കാതെ റിമാൻഡ് ചെയ്യുക ഒരുകോടിക്ക് മുകളിലുള്ള സ്വർണക്കടത്തിനു മാത്രം. അതുകൊണ്ട് തന്നെ കേരളാ പൊലീസിന് ഷഹലയെ ഇനി തൊടാൻ കിട്ടില്ല. 1884 ഗ്രാം 24 ക്യാരറ്റ് സ്വർണ്ണമാണ് പൊലീസ് ഇവരിൽനിന്നും പിടികൂടിയിരുന്നത്. സ്വർണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളായിരുന്നു ഇത്. 1884ഗ്രാം സ്വർണത്തിനു നിലവിലെ മാർക്കറ്റ് വില 9,391,740രൂപയാണ്. ഇതിനാൽ തന്നെ കേസിൽ ഇവർക്കു ജാമ്യത്തിന് അർഹതയുണ്ട്. അതോടൊപ്പം തന്നെ ഇവരിൽനിന്നും പിടികൂടിയ സ്വർണം മിശ്രിത രൂപത്തിലുള്ളതായതിനാൽ ഇത് ഉരുക്കി പരിശോധിക്കുമ്പോൾ ചിലപ്പോൾ തൂക്കം കുറയാനും സാധ്യതയുണ്ട്.

പൊലീസ് ഇനി സ്വർണവും റിപ്പോർട്ടും മഞ്ചേരി സി.ജെ.എം കോടതിയിൽ ഹാജരാക്കും. ശേഷം കേസ് കോടതി കസ്റ്റംസിന് കൈമാറും. ഇതിനു ശേഷം സി.ആർ.പി.സി 102 വകുപ്പ് പ്രകാരം കസ്റ്റംസ് റിപ്പോർട്ട് സഹിതം കോടതിയിൽ സമർപ്പിക്കും. ശേഷം പ്രതിയുടെ ഭാഗം കേൾക്കും. നിലവിൽ പൊലീസ് ഇവരെ ജാമ്യത്തിൽ(കച്ചീട്ട് പ്രകാരം) വിട്ടതിനാൽ തന്നെ തെളിവുകളെല്ലാം ഇതിനോടകം നശിപ്പിച്ചിട്ടുണ്ടാകുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

സാമ്പത്തിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്ന കേസിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസിനു പരിമിതികളുണ്ട്. മിശ്രിത്തിൽ കലർത്തി സ്വർണം ഡെൻസിറ്റി കുറച്ചു കൊണ്ട് വന്നതിനാലാണ് വിമാനത്താവളത്തിന്റെ അകത്തെ കസ്റ്റംസിന്റെ മെറ്റൽ ഡിറ്റക്റ്റർ പരിശോധനയിൽ നിന്നും യുവതി രക്ഷപ്പെട്ടത്. അടിവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത് ഒളിപ്പിച്ച രീതിയിൽ മൂന്ന് പാക്കറ്റുകളിലാക്കിയാണ് ഷഹല സ്വർണം കൊണ്ട് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP