Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൈദേകം റിസോർട്ട് വിവാദത്തിൽ സെക്രട്ടറിയേറ്റിൽ ഉത്തരം മുട്ടും! പാർട്ടി ഒഴിയാൻ നിർദേശിക്കും മുമ്പ് എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ പി ജയരാജൻ; ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചു; സെക്രട്ടറിയേറ്റ് യോഗത്തിലും പങ്കെടുക്കില്ല; നിസ്സഹകരണ ലൈനിലേക്ക് ഇ പി നീങ്ങുന്നത് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പ്രകടിപ്പിക്കാനും

വൈദേകം റിസോർട്ട് വിവാദത്തിൽ സെക്രട്ടറിയേറ്റിൽ ഉത്തരം മുട്ടും! പാർട്ടി ഒഴിയാൻ നിർദേശിക്കും മുമ്പ് എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ പി ജയരാജൻ; ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചു; സെക്രട്ടറിയേറ്റ് യോഗത്തിലും പങ്കെടുക്കില്ല; നിസ്സഹകരണ ലൈനിലേക്ക് ഇ പി നീങ്ങുന്നത് സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പ്രകടിപ്പിക്കാനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെറ്റ് തിരുത്തലിൽ വിട്ടുവീഴ്‌ച്ച ഇല്ലാത്ത നടപടികളുമായി മുന്നോട്ട് പോകാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചതിന് പിന്നാലെ ഇ പി ജയരാജൻ സമ്മർദ്ദ തന്ത്രവുമായി രംഗത്ത്. പാർട്ടി നടപടിയുടെ ഭാഗമായി സ്ഥാനനഷ്ടങ്ങൾ ഉണ്ടാകുമെന്ന സൂചന എൽഡിഎഫ് കൺവീനർക്കെതിരെയുണ്ട്. ഈ സാഹചര്യത്തിൽ കൺവീനർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചു ജയരാജൻ രംഗത്തുവന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട. ചാനലുകളാണ് ഇ പി എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുമെന്ന സൂചനയുമായി വാർത്തകൾ നൽകിയത്.

ആരോഗ്യപ്രശ്നമെന്ന് വിശദീകരിച്ചു കൊണ്ടാണ് സ്ഥാനമൊഴിയാൻ ഇ പി ഒരുങ്ങുന്നത്. വെള്ളിയാഴ്ചത്തെ സെക്രട്ടേറിയറ്റിൽ പങ്കെടുക്കില്ലെന്നും ഇ.പി. തന്നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചില നീക്കങ്ങൾ നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ നടക്കുന്നുണ്ടെന്ന പരാതി നേരത്തെ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. അതേ തുടർന്നാണ് ദീർഘ നാളത്തെ അവധിയെടുത്ത് അദ്ദേഹം പാർട്ടിയിൽ നിന്നും വിട്ടുനിന്നത്. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സ്ഥാനമൊഴിയാമെന്ന് അദ്ദേഹം അറിയിച്ചത്.

ഇപി ജയരാജനെതിരെ പി.ജയരാജൻ ഉന്നയിച്ച ആരോപണത്തിൽ അന്വേഷണം നടത്തി നടപടി എടുക്കാൻ ആണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നീക്കം. അതെ സമയം വിവാദങ്ങളിൽ ഇപി ജയരാജൻ കടുത്ത അതൃപ്തൻ ആണ്. നേരത്തെ റിസോർട്ടിന്റ നിർമ്മാണ വേളയിൽ ഉയർന്ന ആരോപണം തന്നെ ലക്ഷ്യമാക്കി തെറ്റ് തിരുത്തൽ രേഖയുടെ ഭാഗമായി വീണ്ടും ഉന്നയിക്കുന്നതിൽ ആണ് അമർഷം. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി മൂലമുള്ള നിസ്സഹകരണ നിലപാട് ഇ പി തുടരാൻ ആണ് സാധ്യത.

മൊറാഴയിലെ വൈദേകം റിസോർട്ടിൽ ഇ.പി.ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്ന് പറഞ്ഞ പി.ജയരാജനു പരസ്യമായി മറുപടി പറയാൻ ഇരു നേതാക്കളും മുതിരാത്തും അണികൾക്കിടയിൽ ചർച്ചയാകുന്നുണ്ട്. പി.ജയരാജനോട് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ട എം വിഗോവിന്ദൻ, പരസ്യ പ്രസ്താവനയ്ക്കു തയാറാവാത്തത് പാർട്ടിയിലെ വിഭാഗീയത ഒഴിവാക്കാനാണെന്നാണ് വിവരം. റിസോർട്ടിൽ തനിക്ക് സാമ്പത്തിക പങ്കാളിത്തമില്ലെന്നായിരുന്നു റിസോർട്ട് സംബന്ധിച്ച് മുൻപ് ആരോപണങ്ങൾ ഉയർന്നപ്പോൾ ഇ.പി.ജയരാജൻ പറഞ്ഞത്.

മൊറാഴയിലെ ഉടുപ്പക്കുന്ന് ഇടിച്ചുനിരത്തിയാണു റിസോർട്ട് നിർമ്മിക്കുന്നതെന്നു കാണിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് തുടക്കം മുതൽ രംഗത്തുണ്ടായിരുന്നു. കലക്ടർക്കു പരാതി നൽകുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ നാടായ മൊറാഴയിലാണ് റിസോർട്ട് എന്നതും ശ്രദ്ധേയമാണ്. എൽ ഡി എഫ് കൺവീനറും സി പി എം കേന്ദ്രകമ്മിറ്റി അംഗവും കണ്ണൂരിലെ തലമുതിർന്ന നേതാവുമായ ഇ പി ജയരാജനെതിരെ കണ്ണൂരിൽ നിന്നുള്ള പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജൻ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ സി പി എം കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലേക്ക് എത്തുന്നുണ്ട്.

തിങ്കളും വെള്ളിയും ചേരുന്ന പി ബി യോഗത്തിൽ ഇക്കാര്യം സജീവ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച യോഗമായതിനാൽ ഇക്കാര്യം അജണ്ടയിൽ ഉൾപ്പെടുത്തിട്ടില്ല. എങ്കിലും പാർട്ടിയെ ബാധിക്കുന്ന ഗുതരമായ ഒരു ആരോപണം എന്നനിലയിലാവും ഇത് ചർച്ച ചെയ്യുക എന്നാണ് അറിയുന്നത്.കഴിഞ്ഞദിവസം ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇ പിക്കെതിരെ പി ജയരാജൻ കടുത്ത സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ചത്. ഇ.പി.ജയരാജൻ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമാണ്.

പി.ജയരാജൻ സംസ്ഥാന കമ്മിറ്റി അംഗമാണെങ്കിലും നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് അർത്ഥവ്യാപ്തി കൂടുതലാണെന്ന് പാർട്ടി നേതൃത്വത്തിന് ബോധ്യമുണ്ട്. അതുകൊണ്ടാണ് കേട്ടയുടൻ തള്ളിക്കളയാതെ ആരോപണം എഴുതി നൽകാൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദ്ദേശിച്ചത്. എഴുതി നൽകാമെന്ന് ജയരാജൻ സമ്മതിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ആരോപണം.

ഇ.പി. ജയരാജൻ കണ്ണൂരിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നും നേരത്തേ താൻ ഈ ആരോപണമുന്നയിച്ചപ്പോൾ കമ്പനിയുടെ ഡയറക്ടർബോർഡിലടക്കം മാറ്റം വരുത്തിയെന്നും ജയരാജൻ കമ്മിറ്റിയോഗത്തിൽ പറഞ്ഞു. 'സമകാലിക രാഷ്ട്രീയസംഭവങ്ങളും സംഘടനാരംഗത്തെ അടിയന്തരകടമയും' എന്ന തെറ്റ് തിരുത്തൽ രേഖയുടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ടായിരുന്നു ആരോപണം. ഏറെ നാളായി പാർട്ടിയിൽ നിന്ന് അവധിയെടുത്ത് നിൽക്കുന്ന ഇ.പി യോഗത്തിലുണ്ടായിരുന്നില്ല.പി. ജയരാജൻ വാർത്ത ശരിവച്ചില്ലെങ്കിലും ആരോപണം നിഷേധിക്കാൻ തയ്യാറായില്ല. സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും ആധികാരികമായും ഉത്തമബോദ്ധ്യത്തോടെയുമാണ് താനിത് ഉന്നയിക്കുന്നതെന്നും സംസ്ഥാനകമ്മിറ്റിയിൽ ജയരാജൻ പറഞ്ഞു.

നേരത്തേ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലും പി. ജയരാജൻ ആരോപണമുന്നയിച്ചിരുന്നു.വൈദേകം റിസോർട്ട് 30 കോടിയുടെ പ്രോജക്ട്? 2014ലാണ് അരോളിയിൽ ഇ.പി. ജയരാജന്റെ വീടിനോട് ചേർന്ന കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രൂപീകരിക്കുന്നത്. മൂന്നു കോടി മൂലധനത്തിൽ രജിസ്റ്റർ ചെയ്തു. ഫിദ രമേശ്, ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര, മകൻ ജയ്‌സൺ, നജീബ്, സുഭാഷിണി, ചൈതന്യ ഗണേശ്, സുജാതൻ, സുധാകരൻ, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് ഡയറക്ടർമാർ.

ഇ.പിയുടെ മകനാണ് ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടർ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വീടിനടുത്ത് മൊറാഴയിലെ വെള്ളിക്കീലിലാണ് കമ്പനിയുടെ കീഴിലുള്ള വൈദേകം റിസോർട്ട്. 30കോടിയോളം ചെലവിട്ട് കുന്നിന്റെ മുകളിലാണ് നിർമ്മാണം.റവന്യു, ജിയോളജി, പഞ്ചായത്ത് വകുപ്പുകളുടെ അനുമതിയില്ലാതെയാണ് കുന്ന് ഇടിച്ചു നിരപ്പാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP