Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനാവൂരിനെ കുറ്റപ്പെടുത്തുന്നവർ ഇതും അറിയണം! പ്രായത്തിൽ കള്ളം പറഞ്ഞ് എസ് എഫ് ഐ ഭാരവാഹിത്വം നേടുന്നത് സഖാക്കളുടെ പതിവ്; വിദ്യാർത്ഥി സംഘടനയിലെ ഏറ്റവും പ്രധാന നേതാവ് ഭാരവാഹിയായത് കള്ളവയസ് കാണിച്ച്; 25 വയസ് പ്രായ പരിധിയുള്ള വിദ്യാർത്ഥി സംഘടനയിലെ പ്രധാനിക്ക് വയസ് 28ന് മുകളിൽ; അഴിക്കുള്ളിൽ കിടന്ന് കോളിളക്കം സൃഷ്ടിച്ച വിദ്വാൻ വീണ്ടും വിവാദത്തിൽ; രേഖകൾ മറുനാടന്

ആനാവൂരിനെ കുറ്റപ്പെടുത്തുന്നവർ ഇതും അറിയണം! പ്രായത്തിൽ കള്ളം പറഞ്ഞ് എസ് എഫ് ഐ ഭാരവാഹിത്വം നേടുന്നത് സഖാക്കളുടെ പതിവ്; വിദ്യാർത്ഥി സംഘടനയിലെ ഏറ്റവും പ്രധാന നേതാവ് ഭാരവാഹിയായത് കള്ളവയസ് കാണിച്ച്; 25 വയസ് പ്രായ പരിധിയുള്ള വിദ്യാർത്ഥി സംഘടനയിലെ പ്രധാനിക്ക് വയസ് 28ന് മുകളിൽ; അഴിക്കുള്ളിൽ കിടന്ന് കോളിളക്കം സൃഷ്ടിച്ച വിദ്വാൻ വീണ്ടും വിവാദത്തിൽ; രേഖകൾ മറുനാടന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം നേമം ഏര്യാ കമ്മിറ്റി അംഗം അഭിജിത്ത് ജെ.ജെ വയസ് കുറച്ച് കാണിച്ച് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായത് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ അറിവോടെയാണെന്ന വെളിപ്പെടുത്തൽ വിവാദമാകുമ്പോൾ കള്ളസർട്ടിഫിക്കറ്റുകൾ കാണിച്ച് എസ്.എഫ്.ഐ യിൽ സ്ഥാനമാനങ്ങൾ തരപ്പെടുത്തുന്നത് പതിവാണെന്ന് തെളിയിക്കുന്ന രേഖകൾ മറുനാടന്. 25 വയസ് പ്രായപരിധി നിശ്ചയിച്ച എസ്.എഫ്.ഐയുടെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാന നേതാവിന് യഥാർത്ഥത്തിൽ വയസ് 28 ആയെന്ന് കോളേജിലെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നു.

പ്രായപരിധിയുടെ പേരിൽ 26 വയസ് ആയവർ ഉൾപ്പെടെ കഴിഞ്ഞ കമ്മിറ്റിയിലെ ഭൂരിഭാഗം പേരെയും ഒഴിവാക്കി പൂർണമായും പുതിയ ഭാരവാഹികളെ ഇക്കഴിഞ്ഞ ജൂലൈയിൽ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തിരുന്നു. എന്നാൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാന ഭാരവാഹിയുടെ പ്രായം ഒഴിവാക്കപ്പെട്ട സഖാക്കളെക്കാൾ കൂടുതലാണെന്ന രേഖകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മഹാരാജാസ് കോളേജിൽ ഇയാൾ സമർപ്പിച്ച ടി.സി പ്രകാരം ഇയാളുടെ ജനന തീയതി 1994 ഫെബ്രുവരി 19 ആണ്. അങ്ങനെയെങ്കിൽ 29 വയസിന്റെ പടിവാതിൽക്കൽ നിൽക്കുന്ന ഈ 'വിദ്യാർത്ഥിക്ക് ' വേണ്ടിയാണോ തങ്ങളെ ഒഴിവാക്കിയതെന്നാണ് മുൻ ഭാരവാഹികൾ ചോദിക്കുന്നത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയാണ് വയസ് തട്ടിപ്പ് നടത്തിയ സംസ്ഥാന നേതാവ്. സഹപാഠിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ ഇയാൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും കേസുകളിൽ പെട്ടതോടെ കോടതി ജാമ്യം റദ്ദ് ചെയ്തു. അറസ്റ്റ് വാറണ്ട് നിലനിൽക്കുമ്പോഴായിരുന്നു ഇയാൾ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത്. ഒളിവിലാണെന്ന് പൊലീസ് റിപ്പോർട്ട് നൽകിയ പ്രതി സമ്മേളനത്തിൽ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. കൂടാതെ ഇയാളെ ആ സമ്മേളനത്തിൽ വച്ച് സംസ്ഥാന ഭാരവാഹിയായും തെരഞ്ഞെടുത്തു.

പൊലീസിന് നേരെ കടുത്ത വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് പൊലീസിന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യേണ്ടി വന്നു. എ.ഐ.എസ്.എഫ് വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അസഭ്യം പറഞ്ഞ കേസിലും മറ്റനേകം കേസുകളിലും ഇയാൾ പ്രതിയാണ്. ഇത്രയും കടുത്ത ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിക്ക് വേണ്ടി പ്രായപരിധി മാനദണ്ഡം അട്ടിമറിച്ചതിൽ സംഘടനയ്ക്കുള്ളിൽ വ്യാപകമായ അതൃപ്തിയുണ്ട്. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ശ്രദ്ധയിലും കൊണ്ടു വരും. നടപടികളാണ് എസ് എഫ് ഐയിലെ മറു വിഭാഗം ആഗ്രഹിക്കുന്നത്.

എസ്.എഫ്.ഐ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി അഭിജിത്തിന്റെ 'പ്രായം കുറച്ച് കാണിച്ച് എസ്.എഫ്.ഐയിൽ തുടരാൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ ആവശ്യപ്പെട്ടു'' എന്ന ഫോൺ സംഭാഷണം പുറത്തായ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതാവിന്റെ വയസ് തട്ടിപ്പും ചർച്ചയാകുന്നത്. ഫോൺ സംഭാഷണം വിവാദമായപ്പോൾ അഭിജിത്തിനെ പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ സംസ്ഥാന നേതാവിന് മുതിർന്ന പാർട്ടി നേതാക്കളുടെ സംരക്ഷണമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നേതാക്കൾക്ക് താൽപ്പര്യമില്ലാത്തവരെ പുറത്താക്കാൻ മാത്രമാണ് പ്രായപരിധി മാനദണ്ഡം എന്ന് സംഘടനയ്ക്കുള്ളിൽ തന്നെ അമർഷമുണ്ട്. വേണ്ടപ്പെട്ടവർക്ക് വയസ് കുറച്ച് പറഞ്ഞ് വിദ്യാർത്ഥിസംഘടനയിൽ തുടരാനുള്ള സൗകര്യം നേതാക്കൾ തന്നെ ഒരുക്കുന്നുവെന്നും അവർ വിമർശിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP