Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെസ്റ്റ് ക്രിക്കറ്റിൽ 449 വിക്കറ്റും 3000 റൺസും തികച്ച അപൂർവ്വ ഓൾറൗണ്ടിങ് നേട്ടം സ്വന്തമാക്കി ചരിത്രം കുറിച്ച അശ്വിൻ മിർപ്പൂരിലെ അവസാന ദിനവും തന്റേതാക്കി; ശ്രേയസ് അയ്യർ ഉറച്ചു നിന്നപ്പോൾ അടിച്ചകറ്റി അശ്വിൻ; ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ തോൽക്കാത്ത ടീമെന്ന ഖ്യാതി ഇന്ത്യയ്ക്ക് തുടരും; രണ്ടാം ടെസ്റ്റിലും വിജയം; പരമ്പര തൂത്തുവാരി ഇന്ത്യ

ടെസ്റ്റ് ക്രിക്കറ്റിൽ 449 വിക്കറ്റും 3000 റൺസും തികച്ച അപൂർവ്വ ഓൾറൗണ്ടിങ് നേട്ടം സ്വന്തമാക്കി ചരിത്രം കുറിച്ച അശ്വിൻ മിർപ്പൂരിലെ അവസാന ദിനവും തന്റേതാക്കി; ശ്രേയസ് അയ്യർ ഉറച്ചു നിന്നപ്പോൾ അടിച്ചകറ്റി അശ്വിൻ; ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ തോൽക്കാത്ത ടീമെന്ന ഖ്യാതി ഇന്ത്യയ്ക്ക് തുടരും; രണ്ടാം ടെസ്റ്റിലും വിജയം; പരമ്പര തൂത്തുവാരി ഇന്ത്യ

മറുനാടൻ മലയാളി ബ്യൂറോ

ധാക്ക: ഒരു റൺസിൽ അശ്വിൻ നൽകിയ ക്യാച്ച് ഷോട്ട് ലെഗിൽ വിട്ടു. അത് ബംഗ്ലാദേശ് ക്രിക്കറ്റിന് നിഷേധിച്ചത് അവർ ആഗ്രഹിച്ച വിജയം. ബംഗ്ലാദേശിനെതിരെ ടെസ്റ്റിൽ തോൽക്കാത്ത ടീമെന്ന ഖ്യാതി ഇന്ത്യ മിർപൂരിലും നിലനിർത്തി. മൂന്ന് വിക്കറ്റിനാണ് രണ്ടാം ടെസ്റ്റിലും ഇന്ത്യ ജയിക്കുന്നത്. അശ്വിന്റേയും ശ്രേയസ് അയ്യരുടേയും ചെറുത്ത് നിൽപ്പാണ് തുണയായത്. വിജയ ലക്ഷ്യമായ 145 റൺസ് ഇന്ത്യ ഏഴു വിക്കറ്റിന് മറികടന്നു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. മിർപ്പൂരിലെ രണ്ടാം ടെസ്റ്റിൽ പൊരുതിയാണ് ബംഗ്ലാദേശിന്റെ തോൽവി.

രവിചന്ദ്രൻ അശ്വിൻ 42 റൺസെടുത്തു. ശ്രേയസ് അയ്യർ 29ഉം. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. ഇതാണ് നിർണ്ണായകമായത്. ഇന്ത്യൻ മുന്നേറ്റം ബംഗ്ലാ സ്പിന്നിന് മുമ്പിൽ തകർന്നു. ഇതോടെ ഇന്ത്യ സമർദ്ദത്തിലായി. ഒരു ഘട്ടത്തിൽ 74 റൺസിന് എഴു വിക്കറ്റെന്ന അവസ്ഥയിലായി. ഇവിടെ നിന്നായിരുന്നു അശ്വിന്റേയും ശ്രേയസിന്റേയും രക്ഷാ പ്രവർത്തനം. ശ്രേയസ് അയ്യർ കരുതലോടെ കളിച്ചപ്പോൾ അതിവേഗം റൺസ് നേടി അശ്വിൻ സമ്മർദ്ദം ഒഴിവാക്കി. ആദ്യ ഇന്നിങ്‌സിലും ശ്രേയസ് 87 റൺസ് നേടിയിരുന്നു.

145 റൺസ് എന്ന അനായാസ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് നാലാം ദിനം കളി അവസാനിക്കുമ്പോൾ 45 റൺസ് എടുക്കുന്നതിനിടെ നാല് മുൻനിര ബാറ്റ്സ്മാന്മാരുടെ വിക്കറ്റ് നഷ്ടമായി. ആറ് വിക്കറ്റ് ശേഷിക്കെ 100 റൺസ് കൂടി വേണമായിരുന്നു ഇന്ത്യക്ക് ജയിക്കാൻ. ഇന്നും അതിവേഗം വിറ്റ് വീണു. ഇതോടെയാണ് പ്രതിസന്ധിയായത്. ആദ്യ ഇന്നിങ്‌സിൽ ഋഷഭ് പന്ത് (93), ശ്രേയസ് അയ്യർ (87) എന്നിവരുടെ ബലത്തിൽ ഇന്ത്യ 314 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 227 റൺസിന് ഓൾ ഔട്ടായിരുന്നു. 87 റൺസിന്റെ ലീഡായിരുന്നു ഇന്ത്യയ്ക്ക്.

രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 231 റൺസിന് ഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ശുഭ്മാൻ ഗിൽ (7), കെ.എൽ. രാഹുൽ (2), ചേതേശ്വർ പുജാര (6), കോഹ്ലി (1) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ബാറ്റിങ് നിരയിൽ പ്രമോഷൻ കിട്ടിയെത്തിയ അക്‌സർ പട്ടേൽ (26), നൈറ്റ് വാച്ച്മാൻ ജയദേവ് ഉനദ്കട് (3) എന്നിവരായിരുന്നു നാലാം ദിനം ക്രീസിൽ. രാവിലെ തന്നെ ഉനദ്കട് പുറത്തായി. പിന്നാലെ ഋഷഭ് പന്തും അക്‌സറും. ഇതോടെ ഇന്ത്യ പ്രതിസന്ധിയിലായി. എന്നാൽ അശ്വിൻ നൽകിയ ക്യാച്ച് വിട്ടത് ബംഗ്ലാദേശിന് വിനയായി. പിന്നീട് പ്രശ്‌നമില്ലാതെ ഇന്ത്യ ജയിച്ചു കയറി. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ മിറാസ് അഞ്ച് വിക്കറ്റുകൾ നേടി. ഷാകിബുൾ ഹസൻ രണ്ടു വിക്കറ്റും നേടി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വേണ്ടി ഋഷഭ് പന്ത് തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 104 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും അഞ്ച് സിക്സിന്റെയും സഹായത്തോടെയാണ് താരം 93 റൺസെടുത്തത്. 105 പന്തുകളിൽ നിന്ന് 10 ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 87 റൺസെടുത്ത ശ്രേയസ്സ് അയ്യരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം ഇന്നിങ്‌സിൽ ബംഗ്ലാദേശിന് വേണ്ടി ലിട്ടൺ ദാസ് (73) സാക്കിർ ഹസൻ (51) എന്നിവർ അർധസെഞ്ചുറി നേടി. നൂറുൽ ഹസൻ (31), ടസ്‌കിൻ അഹ്‌മദ് (31) റൺസും നേടി.

ടെസ്റ്റ് ക്രിക്കറ്റിൽ 447 വിക്കറ്റും 3000 റൺസും എന്ന അപൂർവ്വ ഓൾറൗണ്ടിങ് നേട്ടം സ്വന്തമാക്കുന്ന താരമായി ഇന്ത്യയുടെ ആർ അശ്വിൻ മാറിയിരുന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ 11 റൺസ് തികച്ചപ്പോഴാണ് അശ്വിൻ ടെസ്റ്റിൽ 3000 റൺസ് തികച്ചത്. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സിൽ നാല് വിക്കറ്റ് വീഴ്‌ത്തി ടെസ്റ്റിലെ തന്റെ വിക്കറ്റ് നേട്ടം അദ്ദേഹം 447ലെത്തിച്ചിരുന്നു. രണ്ടാം ഇന്നിങ്‌സിൽ രണ്ടു വിക്കറ്റും നേടി. അതായത് മൊത്തം 449 വിക്കറ്റ്. 3043 റൺസ് ടെസ്റ്റിൽ അശ്വിൻ നേടിക്കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ്, ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ എന്നിവരാണ്
ടെസ്റ്റ് ക്രിക്കറ്റിൽ 447 വിക്കറ്റും 3000 റൺസും എന്ന നേട്ടം നേരത്തെ സ്വന്തമാക്കിയവർ.

വോൺ 3154 റൺസും 708 വിക്കറ്റുമാണ് ടെസ്റ്റിൽ നേടിയിട്ടുള്ളത്. ബ്രോഡിന്റെ നേട്ടം 3550 റൺസും 566 വിക്കറ്റും. അതേസമയം 3000 റൺസും 300 വിക്കറ്റും നേടുന്ന പത്താമത്തെ കളിക്കാരനാണ് അശ്വിൻ. ഇംഗ്ലണ്ടിന്റെ ഇയാൻ ബോതം(5200 റൺസ്, 383 വിക്കറ്റ്), ഇന്ത്യയുടെ കപിൽ ദേവ്(5248 റൺസ്, 434 വിക്കറ്റ്), പാക്കിസ്ഥാന്റെ ഇമ്രാൻ ഖാൻ(3807 റൺസ്, 362 വിക്കറ്റ്), ന്യൂസിലാൻഡിന്റെ റിച്ചാർഡ് ഹാഡ്‌ലീ(3124 റൺസ്, 431 വിക്കറ്റ്), ദക്ഷിണാഫ്രിക്കയുടെ ഷോൺ പൊള്ളോക്ക്(3781 റൺസ്, 421 റൺസ്), ന്യൂസിലാൻഡിന്റെ ഡാനിയൽ വെട്ടോറി(4531 റൺസ്, 362 വിക്കറ്റ്), ശ്രീലങ്കയുടെ ചാമിന്ദ വാസ്(3089 റൺസ്, 355 വിക്കറ്റ്) എന്നിവരാണ് ഈ മൂന്ന് പേരെ കൂടാതെ ഈ നേട്ടമുള്ള മറ്റുള്ളവർ.

ടെസ്റ്റിൽ 400ലധികം വിക്കറ്റുകളും 3000ലേറെ റൺസും നേടിയ ആറാമത്തെ കളിക്കാരനാണ് അശ്വിൻ. റിച്ചാർഡ് ഹാർഡ്‌ലി, കപിൽ ദേവ്, ഷെയ്ൻ വോൺ, ഷോൺ പൊള്ളോക്ക്, സ്റ്റുവർട്ട് ബ്രോഡ് എന്നിവരാണ് മറ്റുള്ളവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP