Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടിയെ ബാധിച്ച ജീർണതകൾ അക്കമിട്ടു പറഞ്ഞ് തിരുത്താനുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കുന്ന സംഘടനാ രേഖയുടെ ചർച്ചയിൽ ഇപിയെ കുടുക്കി പിജെ; കേട്ട് ഞെട്ടിയത് പിണറായിയും; അന്വേഷണത്തിന് കമ്മീഷൻ വന്നേക്കും; പോളിറ്റ് ബ്യൂറോ അനുമതി തേടി തുടരന്വേഷണത്തിന് എംവി ഗോവിന്ദൻ; പരാതി എഴുതി നൽകാൻ ചെന്താരകം; അടുത്തത് പിണറായിക്കെതിരായ ആരോപണം? കണ്ണൂരിൽ രണ്ടും കൽപ്പിച്ച് അണികളുടെ സഖാവ്

പാർട്ടിയെ ബാധിച്ച ജീർണതകൾ അക്കമിട്ടു പറഞ്ഞ് തിരുത്താനുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കുന്ന സംഘടനാ രേഖയുടെ ചർച്ചയിൽ ഇപിയെ കുടുക്കി പിജെ; കേട്ട് ഞെട്ടിയത് പിണറായിയും; അന്വേഷണത്തിന് കമ്മീഷൻ വന്നേക്കും; പോളിറ്റ് ബ്യൂറോ അനുമതി തേടി തുടരന്വേഷണത്തിന് എംവി ഗോവിന്ദൻ; പരാതി എഴുതി നൽകാൻ ചെന്താരകം; അടുത്തത് പിണറായിക്കെതിരായ ആരോപണം? കണ്ണൂരിൽ രണ്ടും കൽപ്പിച്ച് അണികളുടെ സഖാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഇ.പി.ജയരാജനെ ലക്ഷ്യമിട്ടു സംസ്ഥാനകമ്മിറ്റി യോഗത്തിൽ പി.ജയരാജൻ ഉന്നയിച്ച ഗുരുതര സാമ്പത്തിക ആരോപണം ഗൗരവത്തോടെ എടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്റെ കുടുംബാംഗങ്ങൾ ഡയറക്ടർമാരായ ആയുർവേദ റിസോർട്ട് കമ്പനിയുടെ സാമ്പത്തിക സ്രോതസ്സിലേക്കു വിരൽ ചൂണ്ടിയാണ് പി.ജയരാജൻ ആക്ഷേപം ഉന്നയിച്ചത്. അന്വേഷണത്തിന് പാർട്ടി കമ്മറ്റിയെ നിയോഗിക്കും. ഇതിന് പോളിറ്റ് ബ്യൂറോയുടെ അംഗീകാരവും വാങ്ങും. ജയരാജൻ കേന്ദ്ര കമ്മറ്റി അംഗമായതു കൊണ്ടാണ് ഇത്.

സംസ്ഥാന സമിതിയെ ഞെട്ടിച്ചാണ് ഇപിക്കെതിരെ പിജെ ആരോപണം ഉന്നയിച്ചത്. ആരോപണത്തിനു മറുപടി നൽകാൻ ഇ.പി.ജയരാജൻ യോഗത്തിൽ ഉണ്ടായില്ല. പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ പാർട്ടിക്ക് എഴുതി നൽകാൻ സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ മറുപടി പ്രസംഗത്തിൽ നിർദ്ദേശം നൽകി. അതിനു തയാറാണെന്ന് പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു. ഉടൻ പരാതി എഴുതി നൽകും. ഇതിന് വേണ്ടിയുള്ള തെളിവുകൾ പിജെ ശേഖരിച്ചു കഴിഞ്ഞു. കമ്പനികാര്യ വകുപ്പിൽ നിന്നുള്ള രേഖകളാണ് കിട്ടിയത്. ഇതിന് ശേഷമാണ് ആരോപണം ഉന്നയിക്കുന്നത്. സമാനമായി മറ്റ് ചില നേതാക്കളുടെ സ്വത്തിനെ കുറിച്ചു പിജെ അന്വേഷണം നടത്തുന്നുണ്ട്.

പാർട്ടിയെ ബാധിച്ച ജീർണതകൾ അക്കമിട്ടു പറഞ്ഞ് അതു തിരുത്താനുള്ള നിർദ്ദേശങ്ങൾ വ്യക്തമാക്കുന്ന സംഘടനാ രേഖയുടെ ചർച്ചയാണു വ്യാഴം, വെള്ളി ദിവസങ്ങളിലായി ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ നടന്നത്. മദ്യം, ലഹരിമരുന്ന്, അനധികൃത സ്വത്ത് സമ്പാദനം എന്നിവയോടുള്ള പുതുനിര നേതാക്കളുടെ ആഭിമുഖ്യം, പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ പാലിക്കേണ്ട ജാഗ്രത തുടങ്ങിയവ ചൂണ്ടിക്കാട്ടുന്ന രേഖയുടെ ചർച്ചയിൽ, പാർട്ടിക്കു നിരക്കാത്ത പലതും കണ്ണൂരിൽ നടക്കുന്നതായി പി.ജയരാജൻ ആഞ്ഞടിച്ചു. ഇപിയ്‌ക്കെതിരെയാണ് ആദ്യ ആരോപണം. ഭാവിയിൽ മുഖ്യമന്ത്രി പിണറായി വിജയനേയും പിജെ ലക്ഷ്യമിടുന്നുണ്ട്. പിണറായിയുടെ മക്കളുടെ സ്വത്തുകളുടെ വിവരങ്ങൾ പിജെ ശേഖരിക്കുന്നുണ്ട്.

കണ്ണൂർ മൊറാഴയിലെ അത്യാധുനിക സൗകര്യങ്ങളുള്ള ആയുർവേദ റിസോർട്ടിനു വേണ്ടിയുള്ള ധനസമാഹരണമാണ് പി.ജയരാജൻ ചോദ്യം ചെയ്തത്. ഇ.പി.ജയരാജന്റെ മകൻ പി.കെ.ജയ്‌സൺ ഇതിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിൽ ഉണ്ടെന്ന് പി.ജയരാജൻ ചൂണ്ടിക്കാട്ടി. മകനു പകരം അടുത്തയിടെ ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിരയെ ഡയറക്ടർ ആക്കിയെന്നും അറിയാനായി. ആയിരത്തിലേറെ പേരെ ഓഹരി ഉടമകളാക്കി ഇതിനായി പണം സമാഹരിച്ചിട്ടുണ്ട്-ഇതായിരുന്നു ജയരാജന്റെ ആരോപണം. എന്നാൽ ജയ്‌സൺ ഇപ്പോഴും കമ്പനി ഡയറക്ടറാണ്. ജയരാജന്റെ ഭാര്യ ഇന്ദിരയും കമ്പനിയിലുണ്ട്. അതായത് രണ്ടു പേരും കമ്പനി അംഗങ്ങളാണ്. ഇത് മനസ്സിലാക്കിയാണ് പിജെ ആരോപണം ശക്തമാക്കിയത്. കണ്ണൂരിലെ അണികളുടെ ചെന്താരകമാണ് പിജെ. തന്നെ തളയ്്കാൻ ആർക്കും കഴിയില്ലെന്ന സന്ദേശമാണ് ആരോപണം ഉയർത്തി പിജെ നൽകുന്നത്.

കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ ലിമിറ്റഡ് എന്ന പ്രൈവറ്റ് കമ്പനി ആയാണ് ഇതു രജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 കോടി രൂപയാണ് സമാഹരിക്കാവുന്ന പരമാവധി ഓഹരി മൂലധനം. അനധികൃതമായി സമ്പാദിച്ച സ്വത്ത് ഇതിനായി ഉപയോഗിച്ചെന്ന സംശയം ശക്തമാണ്. സാമ്പത്തിക തിരിമറികൾ പിന്നിൽ നടക്കുന്നതായും കരുതണം. 30 കോടിയോളം രൂപയുടെ അനധികൃത ഇടപാടു നടന്നതായാണ് പി.ജയരാജന്റെ ആരോപണം. ഉത്തമ വിശ്വാസത്തോടെ ആധികാരികമായാണ് ഇക്കാര്യം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിക്കുന്നതെന്ന് പി.ജയരാജൻ കൂട്ടിച്ചേർത്തു. കണ്ണൂരിൽനിന്നു തന്നെയുള്ള പ്രമുഖനായ നേതാവിന്റെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള പി.ജയരാജന്റെ പ്രസംഗം സംസ്ഥാന കമ്മിറ്റിയെ സ്തബ്ധമാക്കി. കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ സാക്ഷിയാക്കിയാണ് പി.ജയരാജൻ കടന്നാക്രമണം നടത്തിയത്.

ഇ.പി.ജയരാജന്റെ അസാന്നിധ്യത്തിൽ പി.ജയരാജൻ ഈ ആരോപണം ഉന്നയിച്ചപ്പോൾ അതിൽ ഇടപെടാനോ തടയാനോ അധ്യക്ഷനോ സംസ്ഥാന സെക്രട്ടറിയോ മുതിർന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന ശേഷം ചർച്ചയ്ക്കു മറുപടി പറഞ്ഞ ഗോവിന്ദൻ പരാതി രേഖാമൂലം നൽകിയാൽ അന്വേഷിക്കാമെന്നു വ്യക്തമാക്കി. ഒക്ടോബർ 6 മുതൽ ഒരു മാസത്തേക്ക് ചികിത്സയ്ക്കായി അവധിയിൽ പ്രവേശിച്ച ഇ.പി.ജയരാജൻ അവധി നീട്ടിക്കൊണ്ട് പാർട്ടി കമ്മിറ്റികളിൽനിന്നു വിട്ടുനിൽക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP