Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രിസ്തുമസിനെ വരവേറ്റ് ലോകം; ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം; വിശ്വാസ ദീപ്തിയിൽ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് ആഘോഷം; പാതിരാ കുർബാനയോടെ ക്രിസ്തുമസിനെ വരവേറ്റ് വിശ്വാസി സമൂഹം

ക്രിസ്തുമസിനെ വരവേറ്റ് ലോകം; ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി ഉണ്ണിയേശുവിന്റെ തിരുപ്പിറവിദിനം; വിശ്വാസ ദീപ്തിയിൽ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് ആഘോഷം; പാതിരാ കുർബാനയോടെ ക്രിസ്തുമസിനെ വരവേറ്റ് വിശ്വാസി സമൂഹം

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങും ക്രിസ്തുമസിനെ വരവേറ്റു. ക്രൈസ്തവരുടെ ഒരു തിരുനാൾ ആഘോഷത്തിനപ്പുറം, ലോകമെമ്പാടുമുള്ള ജനങ്ങൾ കൊണ്ടാടുന്ന ഒരു ആഘോഷമായി ക്രിസ്മസ് ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്.

കരോളും ആശംസ കാർഡുകളും പുൽക്കൂടുകളുമൊക്കെയായി ആഘോഷപൂർവ്വമാണ് ക്രിസ്തുമസ്സിനെ ജനങ്ങൾ കൊണ്ടാടുന്നത്.മഞ്ഞുള്ള ഡിസംബറിൽ, ലാളിത്യത്തിന്റെ പരമോന്നത ആഖ്യാനമായി കാലഘട്ടത്തെ തന്നെ തന്റെ പിറവി കൊണ്ടു വേർതിരിച്ച ഉണ്ണിയേശു വിരാജിച്ചു തുടങ്ങിയിട്ട് രണ്ടു സഹസ്രാബ്ദങ്ങളായി.

കോവിഡ് മഹാമാരിയില് നിന്ന് പൂർണ്ണമായും മാറി വലിയൊരാഘോഷത്തിനാണ് ജനത ഇത്തവണ ലക്ഷ്യമിട്ടിരുന്നെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളായി പുറത്ത് വരുന്ന കോവിഡ് വാർത്തകൾ ജനങ്ങളെ അൽപ്പം ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.എങ്കിലും ്തിരുപ്പിറവി ദിനത്തെ അതിന്റെ പൂർണ്ണ അർത്ഥത്തിൽ തന്നെ ആഘോഷിക്കാനൊരുങ്ങുകയാണ് ലോകം

ബെത്ലഹേമിലെ പുൽക്കൂട്ടിൽ ലോക രക്ഷകനായി ഉണ്ണിയേശു പിറന്നതിന്റെ സ്മരണയിലാണ് ലോകം. നക്ഷത്രവിളക്കും സാന്റയേയും കേക്കും ഒരുക്കി മലയാളികളും ക്രിസ്മസ് ആഘോഷത്തിന്റെ തിരക്കിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേവാലയങ്ങളിൽ പാതിരാ കുർബാനകളോടെയാണ് പുണ്യദിനത്തെ വരവേറ്റത്.

വിശ്വാസ ദീപ്തിയിൽ വിണ്ണിലും മണ്ണിലും നക്ഷത്രവെളിച്ചം നിറച്ച് വിശ്വാസികൾ പുണ്യരാവിനെ എതിരേറ്റു. പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നാണ് ലോകമൊന്നാകെ ക്രിസ്മസ് ആഘോഷിക്കുന്നത്. ആഘോഷത്തിന് വർണശോഭ നൽകി അലങ്കാര വിളക്കുകളും പുൽകൂടുകളും പാട്ടുകളുമുണ്ട്. തിരുപ്പിറവിയുടെ സന്ദേശങ്ങൾ പകർന്ന് പള്ളികളിൽ പ്രത്യേക പാതിരാ കുർബാനയും തിരുകർമങ്ങളും നടന്നു.

ലോകത്തെ വിവിധ രാജ്യങ്ങളും ക്രിസ്മസ് ആഘോഷത്തിലാണ്. തിരുപ്പിറവിയെ നക്ഷത്രങ്ങളും പുൽക്കൂടുമൊക്കെ വീടുകളിൽ ഒരുക്കി നാടും നഗരവും ക്രിസ്തുമസിനെ വരവേറ്റു. കൊടിതോരണങ്ങളും മറ്റും ഉപയോഗിച്ച് പള്ളികളും അലങ്കരിച്ചിട്ടുണ്ട്. പുതുവസ്ത്രങ്ങൾ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങൾ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷം.അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനവും ആശംസിച്ചാണ് വിശ്വാസികൾ ക്രിസ്മസിന്റെ സന്ദേശം ഉൾക്കൊള്ളുന്നത്.

സ്നേഹം, ത്യാഗം, സമാധാനം... മനുഷ്യ ജീവിതം അതിന്റെ പൂർണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നൽകിയ യേശു ക്രിസ്തു, ആ തിരുപ്പിറവി യാഥാർത്യമായ ദിനമാണ് ക്രിസ്മസ് ആയി ലോകമെങ്ങും ആഘോഷിക്കുന്നത്. കോവിഡിന്റെ ആധികൾ ഒഴിഞ്ഞ്‌സന്തോഷവും പ്രതീക്ഷയും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങൾ.

ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ക്രിസ്തുമസ് ആശംസകൾ നേർന്നു.സാഹോദര്യത്തിന്റേയും സ്നേഹത്തിന്റേയും സമത്വത്തിന്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്തുമസ് കൂടി ആഗതമായിരിക്കുന്നു. വർഗീയശക്തികൾ നാടിന്റെ ഐക്യത്തിനു വിള്ളൽ വീഴ്‌ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിന്റെ മനുഷ്യസ്നേഹം നമുക്കു പ്രചോദനമാകട്ടെ. തന്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം.

സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിന്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂ. സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്തുമസ് നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകളെന്നാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയിൽ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകർന്നും സ്നേഹം, അനുകമ്പ , ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് ക്രിസ്തുമസ്. സഹാനുഭൂതിയും ദാനശീലവും നമ്മുടെ ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ സാമൂഹിക ഒരുമ ശക്തിപ്പെടട്ടെ എന്നും ആശംസിക്കുന്നുവെന്ന് ഗവർണർ ആശംസയിൽ പറഞ്ഞു.

കോവിഡ് ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും വീടുകളിലും ആരാധനാലയങ്ങളിലും പുൽക്കൂടൊരുക്കിയും അലങ്കരിച്ചും തിരുപ്പിറവി ആഘോഷമാക്കുകയാണ് വിശ്വാസ സമൂഹം. ഭൂമിയിൽ സന്മസുള്ളവർക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്റെ ജനനം വാഴ്‌ത്തുകയാണ് ലോകം. ഏവർക്കും മറുനാടൻ മലയാളി കുടുംബത്തിന്റെ ക്രിസ്തുമസ് ആശംസകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP