Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌നേഹത്തിൽ ഉദിക്കുന്നതാണ് ക്രിസ്മസ്... സമാധാനത്തിൽ നിരന്തരം തുടരുന്നതാണ് ക്രിസ്മസ്...; സീറോ മലബാർ സഭയിലെ ഔദ്യോഗികക്കാരും വിമതരും ഇതുൾക്കൊള്ളുന്നില്ല; സിറോ മലബാർ സഭയിലെ കുർബാന തർക്കം അസാധാരണ തലത്തിലേക്ക്; എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ ഒരേസമയം രണ്ട് തരം കുർബാന; അൾത്താരയിലും അക്രമങ്ങൾ; എല്ലാവരേയും പള്ളിയിൽ നിന്ന് പുറത്താക്കി പൊലീസും; ക്രിസ്മസ് തലേന്ന് സഭയിൽ തമ്മിലടി രൂക്ഷം

സ്‌നേഹത്തിൽ ഉദിക്കുന്നതാണ് ക്രിസ്മസ്... സമാധാനത്തിൽ നിരന്തരം തുടരുന്നതാണ് ക്രിസ്മസ്...; സീറോ മലബാർ സഭയിലെ ഔദ്യോഗികക്കാരും വിമതരും ഇതുൾക്കൊള്ളുന്നില്ല; സിറോ മലബാർ സഭയിലെ കുർബാന തർക്കം അസാധാരണ തലത്തിലേക്ക്; എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ ഒരേസമയം രണ്ട് തരം കുർബാന; അൾത്താരയിലും അക്രമങ്ങൾ; എല്ലാവരേയും പള്ളിയിൽ നിന്ന് പുറത്താക്കി പൊലീസും; ക്രിസ്മസ് തലേന്ന് സഭയിൽ തമ്മിലടി രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ക്രിസ്മസ് നൽകുന്ന സന്ദേശം ഒരുമയുടേതാണ്. സ്വർഗവും ഭൂമിയും ലോകരക്ഷയ്ക്കുവേണ്ടി കൈകോർക്കുന്നു. ജാതിമത ഭേദമെന്യേ എല്ലാ മനുഷ്യരും പ്രകൃതിയും എല്ലാറ്റിന്റെയും സൃഷ്ടികർത്താവായ ദൈവവും ഒരുമിക്കുമ്പോഴാണ് ഓരോ ജീവിതവും ധന്യമാകുന്നത്, ക്രിസ്മസ് യാഥാർഥ്യമാകുന്നത്. സ്‌നേഹത്തിൽ ഉദിക്കുന്നതാണ് ക്രിസ്മസ്... സമാധാനത്തിൽ നിരന്തരം തുടരുന്നതാണ് ക്രിസ്മസ്... പ്രതീക്ഷകൾ ഒരിക്കലും അസ്തമിക്കാതിരിക്കുന്നതാണ് ക്രിസ്മസ്... ക്രിസ്മസ് ആഘോഷത്തിനിടെ ഇതു മറക്കുകയാണ് സിറോ മലബാർ സഭ. ഔദ്യോഗികക്കാരും വിമതരും ഈ സന്ദേശം മനസ്സിൽ നിറച്ചാൽ എല്ലാ പ്രശ്‌നവും തീരും.

സിറോ മലബാർ സഭയിലെ കുർബാന തർക്കം അസാധാരണ തലത്തിലേക്ക് നീങ്ങുന്നതിന് കാരണം ക്രിസ്മസ് സന്ദേശം മറക്കുന്നത് മാത്രമാണ്. എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ ഒരേസമയം രണ്ട് തരം കുർബാന നടന്നു. പുതിയ അഡ്‌മിനിസ്‌ട്രേറ്റർ ആന്റണി പുതുവേലിലിന്റെ നേതൃത്വത്തിൽ ഏകീകൃത കുർബാന അർപ്പിക്കുമ്പോൾ, വിമത വിഭാഗം വൈദികർ ജനാഭിമുഖ കുർബാന നടത്തുകയായിരുന്നു. ഇരു കുർബാനക്കും പിന്തുണയായി ഇരുവിഭാഗത്തിലെയും വിശ്വാസികളും പള്ളിയിൽ എത്തിയിരുന്നു. ഇത് ഇന്നലെ രാത്രിയാണ് തുടങ്ങിയത്. രാവിലെയോടെ തർക്കം സംഘർഷത്തിലേക്ക് കടന്നു. ഇതോടെ ക്രിസ്മസ് സന്ദേശവും കുർബാന തർക്കത്തിൽ അപ്രസക്തമാകുന്നു.

സംഘർഷ സാധ്യത കണക്കിലെടുത്ത് പള്ളിക്കകത്ത് കനത്ത പൊലീസ് കാവലും ഒരുക്കിയിട്ടുണ്ട്. പ്രതിഷേധം തുടരുന്നവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മുന്നറിയിപ്പ് നൽകി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അഡ്‌മിനിസ്‌ട്രേറ്റർ ആന്റണി പുതുവേലിന് ഹൈക്കോടതി നേരത്തെ പൊലീസ് സംരക്ഷണം നൽകിയിരുന്നു. തർക്കത്തെ തുടർന്ന് രണ്ടാഴ്‌ച്ചയോളം അടച്ചിട്ടിരുന്ന പള്ളി രണ്ട് ദിവസം മുമ്പാണ് തുറന്നത്. സാമാനതകളില്ലാത്ത പ്രതിഷേധമാണ് നടക്കുന്നത്. പൊലീസ് അതിശക്തമായി തന്നെ ഇടെപട്ടു. എല്ലാവരേയും പള്ളിയിൽ നിന്ന് മാറ്റി. അൾത്താരയിൽ കയറി ചിലർ സംഘർഷമുണ്ടാക്കിയതാണ് ഇതിന് കാരണം. വിളക്കും മറ്റും മറിച്ചിട്ടു. ചിലത് പൊട്ടി വീണു. പള്ളിയിൽ ഏറ്റവും പരിപാവനമായ ഇടമാണ് അൾത്താര. ഇവിടെയാണ് അക്രമങ്ങൾ ഇന്ന് സംഭവിച്ചത്.

രണ്ടു വിഭാഗവും നേർക്കു നേർത്തുമ്പോൾ പൊലീസുകാരെ പോലും അപമാനിക്കുന്നു. ഹിന്ദുക്കളായ പൊലീസുകാരെ പോലും ഇറക്കി വിടണമെന്ന ആക്രോശങ്ങളുണ്ടായി. കുർബാനയിൽ ആർക്കും പങ്കെടുക്കാം. അതിന് മതേതര സ്വഭാവമാണുള്ളത്. എന്നിട്ടും വിചിത്രമായ ആവശ്യങ്ങൾ സമരക്കാർ ഉയർത്തുന്നു. രണ്ടു വിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇതാണ് എറണാകുളം സെന്റ് മേരീസ് ബസലിക്ക പള്ളിയിൽ സംഘർഷം രൂക്ഷമാകുന്നത്. ഇന്നലെ വൈകിട്ട് അഞ്ചു മണിക്കാണ് എല്ലാം തുടങ്ങുന്നത്. എട്ട് മണിക്ക് ഓദ്യോഗിക പക്ഷം കുർബാന നടത്തി. ഇതേ സമയം മറ്റേ വിഭാഗവും ഉണ്ടായിരുന്നു. ഇന്ന് രാവിലെ വീണ്ടും രണ്ടു കൂട്ടരും പള്ളിയിലേക്ക് എത്തി.

വെള്ളിയാഴ്ച വൈകിട്ട്, നാടകീയ സംഭവങ്ങൾക്കാണ് എറണാകുളം സെന്റ് മേരീസ് ബസലിക്ക സാക്ഷ്യം വഹിച്ചത്.ഏകീകൃത കുർബാന അർപ്പണത്തിനായി പള്ളി അഡ്‌മിനിസ്ട്രേറ്റർ ആന്റണി പൂതവേലിൽ വരുന്ന വിവരമറിഞ്ഞ് വിമത വിഭാഗം വിശ്വാസികളും വൈദികരും നേരത്തെ തന്നെ പള്ളിയിൽ നിലയുറപ്പിച്ചിരുന്നു. തുടർന്ന് ജനാഭിമുഖ കുർബാന ആരംഭിച്ചു. പിന്നീട് പള്ളിയിലെത്തിയ ഫാദർ ആന്റണി പൂതവേലിൽ ഏകീകൃത കുർബാനയും അർപ്പിച്ചു. ഇതിനു ശേഷം ഏകീകൃത കുർബാന അവസാനിച്ചെങ്കിലും രാത്രി വൈകിയും ജനാഭിമുഖ കുർബാന തുടരുകയായിരുന്നു.ഇത് മറുവിഭാഗം ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്.

1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് കഴിഞ്ഞ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുള്ളത് ഏകീകരിച്ച രീതി തന്നെയാണ്.

എന്നാൽ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം. അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത് എന്നാണ് എതിർക്കുന്നവരുടെ വാദം. അഭിപ്രായഐക്യം ഉണ്ടാകും വരെ സിനഡ് തീരുമാനം നടപ്പാക്കരുത്. കുർബാന രീതി മാറ്റാൻ മാർപ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയമുണ്ടെന്നും വിമത പക്ഷം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP