Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൈറ്റാനിയം ജോലി തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരി ബെവ്‌കോയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; പത്തനംതിട്ട കുന്നന്താനം സ്വദേശിനിയെ കബളിപ്പിച്ച് ദിവ്യ നായർ തട്ടിയത് മൂന്ന് ലക്ഷം; വൻ മാഫിയയുടെ സൂചന നൽകി ടൈറ്റാനിയം കേസിൽ സിഐടിയു നേതാവും പ്രതി; പാളയത്തെ രാഷ്ട്രീയ ഉന്നതൻ കൂടുതൽ സംശയത്തിലേക്ക്

ടൈറ്റാനിയം ജോലി തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരി ബെവ്‌കോയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; പത്തനംതിട്ട കുന്നന്താനം സ്വദേശിനിയെ കബളിപ്പിച്ച് ദിവ്യ നായർ തട്ടിയത് മൂന്ന് ലക്ഷം; വൻ മാഫിയയുടെ സൂചന നൽകി ടൈറ്റാനിയം കേസിൽ സിഐടിയു നേതാവും പ്രതി; പാളയത്തെ രാഷ്ട്രീയ ഉന്നതൻ കൂടുതൽ സംശയത്തിലേക്ക്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട : ടൈറ്റാനിയം ജോലി തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരി ദിവ്യ നായർ ബെവ്‌കോയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു. പത്തനംതിട്ട കുന്നന്താനം സ്വദേശിയായ യുവതിയിൽ നിന്ന് മൂന്ന് ലക്ഷം രൂപയാണ് ദിവ്യ നായർ വാങ്ങിയത്. യുവതിയുടെ പരാതിയിൽ കീഴ്‌വായ്പൂർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ടൈറ്റാനിയത്തിൽ ജോലി തട്ടിപ്പിന് ഇരയായവർ തിരുവനന്തപുരം സ്വദേശികളായിരുന്നെങ്കിൽ, തിരുവനന്തപുരവും കടന്ന് കൂടുതൽ ഉദ്യോഗാർത്ഥികൾ ഇരയായതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. വ്യാഴാഴ്ചയാണ് ദിവ്യ നായരെന്ന ദിവ്യ ജ്യോതിക്കെതിരെ കീഴ് വായ്പൂർ പൊലീസിന് പരാതി കിട്ടിയത്. 2018 മുതൽ ദിവ്യ നായർ വിവിധ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങിയിരുന്നു. ടൈറ്റാനിയത്തിന് പുറമെ മറ്റ് സ്ഥാപനങ്ങളുടെ പേരിലും ദിവ്യ നായർ തട്ടിപ്പ് നടത്തിയെന്ന സൂചന പൊലീസിന് ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥീരീകരണമുണ്ടാവുന്നത് ആദ്യമാണ്.

ഇക്കഴിഞ്ഞ ജൂലൈ മാസം നാലാം തിയതിയാണ് മുപ്പത്തിമൂന്നുകാരിയായ കുന്നന്താനം സ്വദേശി, കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷനിൽ ജോലികിട്ടുമെന്ന പ്രതീക്ഷയിൽ ദിവ്യ നായർക്ക് പണം കൈമാറിയത്. ടൈറ്റാനിയത്തിൽ ജോലി തട്ടിപ്പിന് ഇരയായ ഉദ്യോഗാർത്ഥികൾ ദിവ്യ നായർക്ക് പണം അയച്ച യൂണിയൻ ബാങ്കിന്റെ തൈക്കാട് ബ്രാഞ്ചിലെ അക്കൗണ്ടിലേക്കാണ് ഈ യുവതിയും പണം അയച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും ജോലി കിട്ടാതെ വന്നതോടെ പല തവണ യുവതി ദിവ്യയെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഫലമുണ്ടായില്ല. ടൈറ്റാനിയത്തിലെ തട്ടിപ്പ് വാർത്തകൾ മാധ്യമങ്ങളിൽ വന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ദിവ്യ നായരെ കസ്റ്റഡിയിൽ വാങ്ങുന്നതിനടക്കമുള്ള നടപടികളിലേക്ക് പൊലീസ് അടുത്ത ദിവസം കടക്കും.

ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു പണംതട്ടിയ കേസിൽ സിഐ.ടി.യു. നേതാവിനെയും പ്രതി ചേർക്കുമ്പോൾ ചർച്ചയാകുന്നത് പിൻവാതിൽ നിയമനത്തിന് പിന്നിലെ രാഷ്ട്രീയ ഇടപെടലും ചർച്ചയാവുകയാണ്. കോഫീഹൗസ് തൊഴിലാളി സംഘടനയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ അനിൽ കുമാറിന്റെ പേരിലാണ് കേസെടുത്തത്. ഇദ്ദേഹം ഇടനിലക്കാരനായി ചെങ്കൽ സ്വദേശിയായ യുവാവിൽനിന്ന് 10 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. അഴിതിയിൽ പാളയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവിനും പങ്കുണ്ടെന്നാണ് സൂചന.

പുറത്തുവന്ന തട്ടിപ്പുകളിൽ നിന്നും വ്യത്യസ്തമായി പരാതിക്കാരന് ടൈറ്റാനിയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാനും അവസരം നൽകി. പണം കൊടുത്തശേഷം ഹാൾ ടിക്കറ്റ് വന്നെന്നും ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനായ ശശികുമാരൻ തമ്പി വീഡിയോ കോൾ വഴി അഭിമുഖം നടത്തിയെന്നും പരാതിക്കാരൻ പറയുന്നു. ഇത്തരത്തിൽ ഓൺലൈൻ വഴിപോലും അപേക്ഷ വാങ്ങി അഭിമുഖം നടത്തിയതിനു പിന്നിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. എംഡി അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും.

ടൈറ്റാനിയത്തിൽ അപേക്ഷിച്ചാൽ മാത്രംപോരാ പണം കൊടുത്താൽ മാത്രമേ ജോലി കിട്ടൂ എന്ന് വിശ്വസിപ്പിച്ച അനിൽകുമാർ, ഈ കേസിൽ അറസ്റ്റിലായ ദിവ്യ നായരെ പരിചയപ്പെടുത്തുകയായിരുന്നു. വർക്ക് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നൽകാമെന്നും ആദ്യം വെബ്സൈറ്റിലൂടെ അപേക്ഷിക്കാനും നിർദ്ദേശിച്ചു. ആദ്യം അഞ്ചുലക്ഷം രൂപ നൽകി മാസങ്ങൾ കഴിഞ്ഞെങ്കിലും ഹാൾട്ടിക്കറ്റ് വന്നില്ല. പിന്നീട് അഞ്ചുലക്ഷം രൂപ കൂടി നൽകിയതിനു പിന്നാലെ ഹാൾ ടിക്കറ്റ് വന്നോ എന്ന് ദിവ്യ നായർ ഫോൺ വിളിച്ച് അന്വേഷിച്ചിരുന്നു. ഹാൾ ടിക്കറ്റ് കിട്ടിയതോടെ പണം കൊടുത്തതുകൊണ്ട് പരീക്ഷ എഴുതേണ്ടെന്നും ഇന്റർവ്യൂവിൽ പങ്കെടുത്താൽ മതിയെന്നും ദിവ്യ പറഞ്ഞു.

കോവിഡ് സമയമെന്നപേരിൽ ലീഗൽ ഡി.ജി.എം. ശശികുമാരൻ തമ്പി ശ്യാംലാലിന്റെ ഫോണിലൂടെ വീഡിയോകോൾ വഴിയാണ് അഭിമുഖം നടത്തിയത്. ദിവ്യയുടെ ഭർത്താവിന്റെ വീട് തിരുമല ഭാഗത്താണ്. ഇവിടെയുള്ള നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പലരും പണം നൽകി വഞ്ചിതരായി. ചിലർ ഭീഷണിപ്പെടുത്തി പണം തിരികെ വാങ്ങി. പണം കിട്ടാത്തവരാണ് പൊലീസിൽ കേസ് നൽകിയത്. പിൻവാതിൽ നിയമന ശ്രമം കോടതി ഉത്തരവ് കാരണമാണ് തകർന്നതെന്നും സൂചനയുണ്ട്. വലിയ റിക്രൂട്ട്‌മെന്റ് മാഫിയയാണ് കുടുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP