Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊള്ളാർഡിന് പകരക്കാരൻ കാമറൂൺ ഗ്രീൻ; പേഴ്‌സ് കാലിയായിട്ടും ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്; താരലേലത്തിൽ വിളിച്ചെടുത്തത് രണ്ട് താരങ്ങളെ മാത്രം; ശേഷിക്കുന്നത് ഒരു കോടി 55 ലക്ഷം; ഇനി ലക്ഷ്യം അൺക്യാപ്ഡ് താരങ്ങൾ

പൊള്ളാർഡിന് പകരക്കാരൻ കാമറൂൺ ഗ്രീൻ; പേഴ്‌സ് കാലിയായിട്ടും ഓസ്‌ട്രേലിയൻ ഓൾ റൗണ്ടറെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്; താരലേലത്തിൽ വിളിച്ചെടുത്തത് രണ്ട് താരങ്ങളെ മാത്രം; ശേഷിക്കുന്നത് ഒരു കോടി 55 ലക്ഷം; ഇനി ലക്ഷ്യം അൺക്യാപ്ഡ് താരങ്ങൾ

സ്പോർട്സ് ഡെസ്ക്

കൊച്ചി: ഐപിഎല്ലിൽ അഞ്ച് കിരീടങ്ങളുടെ തലപ്പൊക്കം ഉള്ള മുംബൈ ഇന്ത്യൻസിന് മധ്യനിരയിലെ രക്ഷകൻ കീറോൺ പൊള്ളാർഡിന്റെ പകരക്കാരനെ കണ്ടെത്തുക എന്നതായിരുന്നു ഇന്നത്തെ മിനി താരലേലത്തിൽ ഇറങ്ങുമ്പോൾ മുന്നിലുണ്ടായിരുന്ന ലക്ഷ്യം. സാം കറനിൽ പ്രതീക്ഷയർപ്പിച്ച് ലേലത്തിൽ മുന്നേറിയെങ്കിലും ഇംഗ്ലണ്ട് താരത്തെ കയ്യിൽ ഒതുക്കാനായില്ല. പതിനെട്ടര കോടിക്ക് ഇംഗ്ലീഷ് ഓൾറൗണ്ടറെ പഞ്ചാബ് കൊണ്ടുപോയി.

പിന്നെ ലക്ഷ്യം ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആയി. തുടക്കം മുതൽ മുംബൈ വിടാതെ പിന്തുടർന്നു. കാമറൂൺ ഗ്രീനിനെ പതിനേഴര കോടി രൂപ മുടക്കിയാണ് ഒടുവിൽ മുംബൈ ടീമിലെത്തിച്ചത്. ഗ്രീനിനായി മുംബൈ ഇന്ത്യൻസാണ് ആദ്യം വിളിച്ച് തുടങ്ങിയത്. ആദ്യം ആർസിബി കൂടെ വിളിച്ചെങ്കിലും ഏഴ് കോടി കടന്നതോടെ വിട്ടു. പിന്നീട് ഡൽഹി ക്യാപിറ്റൽസുമായാണ് മുംബൈ ഗ്രീനിനായി മത്സരിച്ച് വിളിച്ചത്. മുംബൈ രണ്ടും കൽപ്പിച്ചായിരുന്നു. എതിർ ടീം കൂട്ടി വിളിച്ചാൽ അൽപ്പനേരം പോലും ആലോചിക്കാതെ തന്നെ കൂട്ടി വിളിച്ചുകൊണ്ടിരുന്നു. ഒടുവിൽ വില 17 കോടിയും കടന്നതോടെ ഡൽഹിയും ലേലത്തിൽ നിന്ന് പിന്നോട്ട് പോയി. പതിനേഴര കോടിക്ക് മുംബൈ ലേലം ഉറപ്പിച്ചു.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ഒരു ടീമിന്റെ ഭാഗമായിരുന്ന താരമാണ് കീറോൺ പൊള്ളാർഡ്. ശരിക്കും പറഞ്ഞാൽ മുംബൈ ഇന്ത്യൻസിന്റെ നെടുംതൂൺ. മുൻനിര തകർന്നാൽ രക്ഷകനായും, അവസാന ഓവറുകളിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് ജയത്തിലെത്തിക്കുന്ന കപ്പിത്താനുമായും ഒട്ടേറെ തവണ രക്ഷകന്റെ വേഷം പൊളാർഡ് ഭംഗിയാക്കിയിട്ടുണ്ട്.

ഐപിഎല്ലിൽ ഒരു ടീമിന്റെ എല്ലാമെല്ലാമായി പതിമൂന്ന് വർഷത്തോളം പൊളാർഡ് ഭാഗമായി. മറ്റൊരു വിദേശ താരത്തിനും സാധിക്കാത്ത കാര്യമാണ്. മുൻനിര തകർന്നാൽ രക്ഷിക്കാൻ പൊള്ളാർഡ് ഉണ്ടല്ലോ എന്ന വിശ്വാസത്തിൽ മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഇനി കളി കാണാനാവില്ല. ആ വിടവ് ആരു നികത്തും എന്നതാണ് മിനി ലേലത്തിന് വന്നപ്പോൾ മുംബൈ നേരിട്ട പ്രധാന ചോദ്യം.

എന്നാൽ, കോടികൾ വാരിയെറിഞ്ഞ് കാമറൂൺ ഗ്രീൻ എന്ന ഉത്തരമാണ് മുംബൈ ആരാധകർക്ക് നൽകിയിരുന്നത്. ഓസ്‌ട്രേലിയൻ താരമായ കാമറൂൺ ഗ്രീൻ വലംകൈയൻ ബാറ്ററും വലംകൈ ഫാസ്റ്റ് മീഡിയം ബൗളറുമാണ്. പൊള്ളാർഡിന് പകരക്കാരനായി എത്തിക്കുമ്പോൾ ഗ്രീനിന് മുംബൈ വലിയ ഉത്തരവാദിത്വം കൂടിയാണ് നൽകുന്നത്. ഒപ്പം കാമറൂൺ ഗ്രീനിനായി വൻ തുകയും മുംബൈയി മുടക്കിയിട്ടുണ്ട്.

17.50 കോടി രൂപയാണ് ഗ്രീനിനായി മുംബൈ മുടക്കിയത്. ഓസീസ് പേസർ ജേ റിച്ചാർഡ്സണിനായി മുംബൈ ഇന്ത്യൻസ് 1.50 കോടി മുടക്കി. ഇനി ശേഷിക്കുന്നത് ഒരു കോടി അമ്പത്തിയഞ്ച് ലക്ഷം മാത്രമാണ്. ഏഴ് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്നിരിക്കെ ഇനി മുംബൈ അൺക്യാപ്ഡ് പ്ലയേഴ്‌സിനായി പണം മുടക്കാനാണ് സാധ്യത.

അതിവേഗത്തിൽ റൺസുയർത്താൻ കഴിവുള്ള ഗ്രീൻ ഇന്ത്യക്കെതിരായ പരമ്പരയിൽ തിളങ്ങിയ കരുത്തിലാണ് ഇത്രയും വലിയ തുക നേടിയെടുത്തിരിക്കുന്നത്. എന്നാൽ പൊള്ളാർഡിന്റെ ഉത്തമ പകരക്കാരനെന്ന് ഗ്രീനിനെ വിളിക്കാനാവുമോയെന്നതാണ് പ്രധാന ചോദ്യം. കാമറൂൺ ഗ്രീൻ ടോപ് ഓഡർ താരമാണ്. മധ്യനിരയിൽ കാര്യമായ മികവ് കാട്ടാത്ത താരമാണ് ഗ്രീൻ. എന്നാൽ ടോപ് ഓഡറിൽ താരം പുലിയാണ്. ഇന്ത്യക്കെതിരായ പരമ്പരയിൽ ഗ്രീൻ ഓപ്പണറായാണ് തല്ലിത്തകർത്തത്.

ഇത്തരമൊരു താരത്തെ മുംബൈ മധ്യനിരയിൽ കളിപ്പിച്ചാൽ എത്രത്തോളം ക്ലിക്കാവുമെന്നതാണ് കണ്ടറിയേണ്ടത്. ടോപ് ഓഡറിൽ മുംബൈക്ക് ഗ്രീനിനെ എങ്ങനെ പരിഗണിക്കാനാവുമെന്നത് പ്രസക്തമായ ചോദ്യം. രോഹിത്തിനൊപ്പം ഇഷാൻ കിഷൻ തന്നെ ഓപ്പണറാവുമെന്നാണ് വിവരം.

മൂന്നാം നമ്പറിൽ മുംബൈക്ക് കാമറൂൺ ഗ്രീനിനെ പരിഗണിക്കാം. നിലവിൽ മുംബൈക്ക് മികച്ച മൂന്നാം നമ്പർ താരമില്ല. ബേബി എബി ഡെവാൾഡ് ബ്രെവിസിനെ മുംബൈ പുറത്തിരുത്തിയാൽ ഗ്രീനിനെ കളിപ്പിക്കാം. ഫിനിഷർ റോളിൽ ടിം ഡേവിഡിനെ തന്നെ നിലനിർത്തിയേക്കും. നാലാം നമ്പറിൽ സൂര്യകുമാർ യാദവിനെ കളിപ്പിക്കുമ്പോൾ അഞ്ചാം നമ്പറിലെ പൊള്ളാർഡിന്റെ വിടവ് ആര് നികത്തുമെന്നതാണ് കണ്ടറിയേണ്ടത്. പന്തുകൊണ്ട് ഗ്രീനിന്റെ പ്രകടനം എത്രത്തോളം മികച്ചതാണെന്നതും കാത്തിരുന്ന് അറിയണം.

ഓസീസ് ടീമിൽ പല വമ്പൻ താരങ്ങളുണ്ടെങ്കിലും ഐപിഎൽ ചരിത്രത്തിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോഡ് കാമറൂൺ ഗ്രീൻ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. 17.50 കോടിയാണ് ഇത്തവണ മുംബൈ ഗ്രീനിന് നൽകിയത്. 15.5 കോടിക്ക് കെകെആർ പാറ്റ് കമ്മിൻസിനെ സ്വന്തമാക്കിയ റെക്കോഡാണ് ഇപ്പോൾ തകർക്കപ്പെട്ടത്. ഗ്ലെൻ മാക്സ് വെല്ലിന് ആർസിബി 14.25 കോടിയാണ് നൽകിയിട്ടുള്ളത്.

ഇത്തവണത്തെ ഐപിഎൽ മിനി ലേലത്തിൽ പ്രമുഖ ഓൾറൗണ്ടർമാരെല്ലാം വലിയ നേട്ടമാണുണ്ടാക്കിയത്. അടിസ്ഥാന വില രണ്ട് കോടിക്കെത്തിയ സാം കറെനെ പഞ്ചാബ് കിങ്സ് 18.50 കോടിക്കാണ് സ്വന്തമാക്കിയത്. ഐപിഎല്ലിൽ ഒരു താരത്തിന് ലഭിക്കുന്ന ഉയർന്ന തുകയാണിത്.

മുംബൈ ഇന്ത്യൻസ് ഗ്രീനിന് 17.50 കോടി നൽകിയപ്പോൾ മറ്റൊരു ഓൾറൗണ്ടറായ ബെൻ സ്റ്റോക്സിനെ 16.25 കോടിക്ക് സിഎസ്‌കെയും സ്വന്തമാക്കി. മൂന്ന് വമ്പൻ ഓൾറൗണ്ടർമാരും പ്രതീക്ഷിച്ചപോലെ തന്നെ വലിയ നേട്ടമുണ്ടാക്കിയെന്നതാണ് എടുത്തു പറയേണ്ടത്. നിക്കോളാസ് പൂരന് 16 കോടി രൂപ ലഭിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിന് 13.25 കോടി ലഭിച്ചത് സർപ്രൈസ് നീക്കമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP