Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹകരണ ഉദ്യോഗാർത്ഥികളോട് സർക്കാരിന് കരുണ തോന്നിയത് ഗോവിന്ദൻ മാഷിന്റെ ഇടപെടലിൽ; കടകംപള്ളി മാറ്റി വെച്ച ഫയൽ പൊക്കിയെടുത്ത വാസവനെ തിരുത്തി എകെജി സെന്ററിൽ നിന്നുള്ള ഉഗ്രശാസന; സഹകരണ സംഘങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നില്ലന്ന് നിലപാട് വ്യക്തമാക്കി ഹൈക്കോടതിയിൽ സർക്കാരിന്റെ മറുപടി; മുതിർന്ന സഖാക്കൾക്ക് വേണ്ടിയുള്ള നീക്കം പൊളിയുമ്പോൾ

സഹകരണ ഉദ്യോഗാർത്ഥികളോട് സർക്കാരിന് കരുണ തോന്നിയത് ഗോവിന്ദൻ മാഷിന്റെ ഇടപെടലിൽ; കടകംപള്ളി മാറ്റി വെച്ച ഫയൽ പൊക്കിയെടുത്ത വാസവനെ തിരുത്തി എകെജി സെന്ററിൽ നിന്നുള്ള ഉഗ്രശാസന; സഹകരണ സംഘങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നില്ലന്ന് നിലപാട് വ്യക്തമാക്കി ഹൈക്കോടതിയിൽ സർക്കാരിന്റെ മറുപടി; മുതിർന്ന സഖാക്കൾക്ക് വേണ്ടിയുള്ള നീക്കം പൊളിയുമ്പോൾ

വിനോദ് പൂന്തോട്ടം

കോഴിക്കോട്: സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കാൻ നടത്തിയ നീക്കവും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പൊളിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാറ്റി വെച്ച ഫയൽ അതീവ രഹസ്യമായി പുറത്തെടുത്ത് നടപടികൾ നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ ഇടപെടൽ വരുന്നത്. സഹകരണ ഉദ്യോഗാർത്ഥികൾ മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ എം വി ഗോവിന്ദൻ മാഷിനെ ബന്ധപ്പെട്ട് പെൻഷൻ പ്രായം ഉയർത്തിയാൽ ഉണ്ടാകാൻ പോകുന്ന പ്രശ്‌നങ്ങൾ ധരിപ്പിച്ചുവെന്നാണ് വിവരം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഇടപെട്ടതോടെ സഹകരണ വകുപ്പും നീക്കത്തിൽ നിന്നും പിന്നോട്ട് പോയി.

വരുന്ന ലോകസഭാ തെരെഞ്ഞടുപ്പിൽ വിഷയം പ്രതിപക്ഷം ആയുധമാക്കുമെന്ന ഭയവും മുന്നണിയിൽ കൂടിയാലോചനകൾ നടത്താത്തതുമൊക്കെ സർക്കാരിന്റെ പിന്നോട്ട് പോക്കിന് കാരണമായി എന്നാണ് വിവരം. നേരത്തെ തന്നെ ഈ നീക്കത്തിന് സഹകരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും മറ്റ് ഉന്നത ഉദ്യാഗസ്ഥരും എതിരായിരുന്നു. എന്നാൽ സഹകരണ സംഘങ്ങളിലെ പെൻഷൻ പ്രായം സംബന്ധിച്ച് ഹൈക്കോടതിയിൽ വന്ന ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കാൻ മൂന്ന് മാസം സമയം അനുവദിച്ചിരുന്നു. സർക്കാരിന് വേണ്ടി ജോയിന്റ് സെക്രട്ടറി പി.കെ ഗോപകുമാർ നൽകിയ മറുപടിയിലാണ് സഹകരണ സംഘങ്ങളിലെ വിരമിക്കൽ പ്രായം 58 വയസായി തുടരുമെന്ന് പറയുന്നത്. പെൻഷൻ പ്രായം വർദ്ധിപ്പിക്കൽ നയപരമായ കാര്യമാണെന്നും ഹൈക്കോടതിയിൽ സമർപ്പിക്കാൻ അഡ്വക്കേറ്റ് ജനറലിന് കൈമാറിയ ഉത്തരവിൽ പറയുന്നു. എകെജി സെന്ററിന്റെ ഇടപെടലാണ് ഇതിന് കാരണം.

ഇതോടെ സർക്കാർ നിലപാട് വ്യക്തമായി. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിന് മുൻപ് പെൻഷൻ പ്രായം ഇടതു സർക്കാർ കൂട്ടില്ലന്ന് അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നതാണ്. സഹകരണ സംഘങ്ങളിൽ പെൻഷൻ പ്രായം ഉയർത്താൻ നീക്കം എന്ന കാര്യം വാർത്തയായപ്പോൾ തന്നെ ഉദ്യോഗാർത്ഥികൾ നിവേദനവുമായി മന്ത്രിയേയും യുവജന സംഘടനകളെയും സമീപിച്ചിരുന്നു. . കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ സമ്മർദ്ദത്തിലാണ് സഹകരണ മന്ത്രിയും പെൻഷൻ പ്രായം ഉയർത്തുന്നതിനെ കുറിച്ച് ആലോചിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മലബാർ മേഖലയിലെ പാർട്ടിയും സഹകരണ രംഗത്തെ നേതാക്കളും കടുത്ത സമ്മർദ്ദം ചെലുത്തിയെങ്കിലും യുവജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ തീരുമാനം എടുക്കില്ലന്ന് അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയതാണ്.

ഇത് സംബന്ധിച്ച ഫയലിലും തുടർ നടപടി വേണ്ടന്ന് മന്ത്രി നിർദ്ദേശിച്ചു. അന്ന് മന്ത്രിയെ സമർദ്ദത്തിലാക്കി സഹകരണ സംഘങ്ങളിലെയും അപ്പക്‌സ് സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം ഉയർത്താൻ മുൻപന്തിയിൽ നിന്നത് സഹകരണ സംഘം ജീവനക്കാരുടെ സംഘടനയായ കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയനാണ് . സിഐടിയു നിയന്ത്രണത്തിലുള്ള സംഘടന എ.കെ.ജി. സെന്റർ വഴിയും പാർട്ടിയിൽ സഹകരണത്തിന്റെ ചുമതലയുണ്ടായിരുന്ന ആനത്തലവട്ടം ആനന്ദൻ വഴിയും കരുക്കൾ നീക്കിയിരുന്നു. എന്നാൽ യുവജനങ്ങളുടെ തൊഴിൽ സാധ്യത ഇല്ലാതാക്കുന്ന നീക്കത്തിന് കൂട്ട് നിൽക്കില്ലന്ന് കടകംപള്ളി സുരേന്ദ്രൻ കട്ടായം പറഞ്ഞതോടെ മലബാർ ലോബി പിന്നോട്ട് വലിയുകയായിരുന്നു.

എന്നാൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ പ്രമുഖ സഹകരണ സംഘം ജീവനക്കാരുടെ സംഘടന നേതവായ എം.കെ രാമചന്ദ്രന്റെ നേതൃത്വത്തിൽ കഴിഞ്ഞ ജൂലൈയിൽ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി. ഈ നിവേദനത്തിന്റെ പിൻബലത്തിലാണ് മന്ത്രി പഴയ ഫയലുകൾ പൊടി തട്ടിയെടുത്തത്. . വരുന്ന മാർച്ചിന് മുൻപ് പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ , മറ്റ് മിസിലിയേസ് സംഘങ്ങൾ , അപ്പക്‌സ് സ്ഥാപനങ്ങളായ കൺസ്യൂമർ ഫെഡ്, സംസ്ഥാന സഹകരണ യൂണിയൻ , മാർക്കറ്റ്‌ഫെഡ് , റബ്ബർ മാർക്ക്, മിൽമ, വനിത ഫെഡ്, കേരഫെഡ് അടക്കം 18 ലധികം സഹകരണ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം 60 ആക്കാനായിരുന്നു നീക്കം.

ചില മുതിർന്ന സി പി എം നേതാക്കളുടെ ബന്ധുക്കൾ അടക്കം 2023 ആദ്യം വിരമിക്കുന്നുണ്ട്. പെൻഷൻ പ്രായം കൂട്ടിയാൽ ഇവർക്കും 60 വയസു വരെ ജോലി ചെയ്യാം. ഇതിനായി കൺസ്യൂമർ ഫെഡിൽ നിന്നും മിൽമയിൽ നിന്നും സർക്കാരിന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. പെൻഷൻ പ്രായം കൂട്ടിയാൽ രണ്ട് വർഷത്തിനിടയിൽ 10 ,000 ത്തിലധികം തൊഴിലവസരങ്ങൾ യുവാക്കൾക്ക് നഷ്ടമാകും. സഹകരണ പരീക്ഷാ ബോർഡ് വഴി നടത്തുന്ന നിയമനങ്ങളിൽ പ്രതിസന്ധി തന്നെ ഉണ്ടായേക്കാം. രണ്ട് വർഷം നിയമനമേ ഉണ്ടാവില്ല എന്ന അവസ്ഥ വരുമായിരുന്നു.

പരീക്ഷാ ബോർഡ് നോക്കുകുത്തിയാവുമായിരുന്നെന്നും യുവാക്കൾ പറയുന്നു. അപ്പക്‌സ് സ്ഥാപനങ്ങളിലെ ചില തസ്തികൾ പി എസ് സി യ്ക്ക് വിട്ടതാണ്. കേരള ബാങ്കിൽ 1500 ലധികം നിയമനങ്ങൾ ഉടൻ നടക്കും. പെൻഷൻ പ്രായം കൂടുന്നത് വഴി ഇതും ഇല്ലാതാകുമായിരുന്നു. യുവജനങ്ങൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകുകയും ചെയ്യും. സർക്കാർ സഹകരണ മേഖലയിലെ പെൻഷൻ പ്രായം കൂട്ടി ഉത്തരവിറക്കിയാൽ ഭരണ പക്ഷ യുവജന സംഘടനകൾ തന്നെ ആദ്യം പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്യുമായിരുന്നു. അതും സർക്കാരിന് വെല്ലുവിളിയായേനെ. പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തി ഇറക്കിയ ഉത്തരവ് പിൻവലിച്ച് പിന്നോട്ട് പോകേണ്ടി വന്നത് രണ്ടാം പിണറായി സർക്കാരിന് നാണക്കേട് ഉണ്ടാക്കിയ സംഭവമാണ്.

കഴിഞ്ഞ ഒക്ടോബറിലാണ് .സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി സർക്കാർ ഉത്തരവിറക്കിയത്. പിന്നീട് ഉത്തരവ് തന്നെ പിൻവലിച്ചുവെന്നത് ചരിത്രം. കെഎസ്ആർടിസി, കെഎസ്ഇബി, വാട്ടർ അഥോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും 6 ധനകാര്യകോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിച്ചത്. ഈ മൂന്ന് സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകമായി പഠിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു.

റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ച് . 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെൻഷൻ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളിൽ. ഒന്നരലക്ഷം പേർക്കാണ് ആനുകൂല്യം കിട്ടുക എന്നാണ് പറഞ്ഞിരുന്നത്.. . കൂടുതൽ തൊഴിലവസരങ്ങൾ ഉള്ള കെഎസ്ഇബിയിലെയും,കെഎസ്ആർടിസിയിലെയും, വാട്ടർ അഥോറിറ്റിയിലെയും പെൻഷൻ പ്രായം കൂട്ടൽ പിന്നാലെ വരുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു.. ഈ മൂന്ന് സ്ഥാപനങ്ങളിലെയും സാഹചര്യം പ്രത്യേകം പഠിക്കാനും ഉത്തരവിൽ നിർദ്ദേമുണ്ടായിരുന്നു.. കെഎസ്ബിയിൽ യൂണിയനുകളുടെ സമരം തീർക്കാൻ സർക്കാർ വെച്ച ഒരു നിർദ്ദേശം പെൻഷൻ പ്രായം കൂട്ടാമെന്നായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം കൂട്ടൽ സർക്കാറിന്റെ നയപരമായ മാറ്റത്തിന്റ സൂചനയായി അന്ന് വിലയിരുത്തിയിരുന്നു. . സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം കൂട്ടുമോ എന്നുള്ളതാണ് ഇനിയുള്ള വലിയചോദ്യം എന്ന തരത്തിൽ വാർത്തകളും പ്രചരിച്ചിരുന്നു. ശമ്പളപരിഷ്‌ക്കരണ കമ്മീഷനും ഭരണപരിഷ്‌ക്കാര കമ്മീഷനും ധനകാര്യകമ്മീഷനും നേരത്തെ തന്നെ പെൻഷൻ പ്രായം കൂട്ടാൻ ശുപാർശ ചെയ്തിരുന്നു. പെൻഷൻ ഇനത്തിൽ കൊടുക്കേണ്ട ഭാരിച്ച തുക കണക്കിലെടുത്ത് തവണ പെൻഷൻ പ്രായം കൂട്ടാൻ പലതവണ സർക്കാർ ആലോചിച്ചിരുന്നു.

പക്ഷെ യുവജനസംഘടനകളുടെ എതിർപ്പ് കണക്കിലെടുത്ത് തീരുമാനം നീട്ടുകയായിരുന്നു. അടുത്ത ബജറ്റിൽ പക്ഷെ പെൻഷൻ പ്രായത്തിലെ മാറ്റത്തിൽ നിർണ്ണായക തീരുമാനം വന്നേക്കാമെന്നും പ്രവചനങ്ങൾ വന്നു. എന്നാൽ ഭരണ പക്ഷ യുവജന സംഘടനകൾ തന്നെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ഉത്തരവ് തന്നെ പിൻവലിച്ച് സർക്കാർ തടിതപ്പുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP