Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർധസെഞ്ചുറിയുമായി പട നയിച്ച് സഞ്ജു; സെഞ്ചുറിയുമായി ഒപ്പം നിന്ന് സച്ചിൻ ബേബി; രാജസ്ഥാനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം; രണ്ടാം ദിനം എട്ട് വിക്കറ്റിന് 268 റൺസ്; രഞ്ജി പോരാട്ടം ആവേശത്തിൽ

അർധസെഞ്ചുറിയുമായി പട നയിച്ച് സഞ്ജു; സെഞ്ചുറിയുമായി ഒപ്പം നിന്ന് സച്ചിൻ ബേബി; രാജസ്ഥാനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം; രണ്ടാം ദിനം എട്ട് വിക്കറ്റിന് 268 റൺസ്; രഞ്ജി പോരാട്ടം ആവേശത്തിൽ

സ്പോർട്സ് ഡെസ്ക്

ജയ്പുർ: രഞ്ജി ട്രോഫി മത്സരത്തിൽ രാജസ്ഥാനെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം. രണ്ടാം ദിനം കളി അവസാനിച്ചപ്പോൾ കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സിൽ രാജസ്ഥാൻ 337 റൺസാണ് നേടിയിരുന്നത്. ഒപ്പമെത്താൻ കേരളത്തിന് ഇനി 69 റൺസ് കൂടി വേണം. സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന സച്ചിൻ ബേബിയിലാണ് കേരളത്തിന്റെ പ്രതീക്ഷ. 109 റൺസാണ് ഇതുവരെ സച്ചിൻ നേടിയിട്ടുള്ളത്.

174 പന്തുകൾ നേരിട്ട സച്ചിൻ ബേബി, 13 ഫോറുകൾ സഹിതമാണ് 109 റൺസെടുത്തത്. സച്ചിൻ ബേബിയുടെ സെഞ്ചറിക്കൊപ്പം, ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ സെഞ്ചറി നഷ്ടവും രണ്ടാം ദിനം ശ്രദ്ധേയമായി. സഞ്ജു 108 പന്തിൽ 14 ഫോറുകൾ സഹിതം 82 റൺസെടുത്താണ് പുറത്തായത്. 214 പന്തിൽ 145 റൺസെടുത്ത സഞ്ജു സച്ചിൻ സഖ്യമാണ് കേരള ഇന്നിങ്‌സിന്റെ നട്ടെല്ല്.
പി. രാഹുൽ (24 പന്തിൽ 10), രോഹൻ പ്രേം (43 പന്തിൽ 18), ഷോൺ റോജർ (0), അക്ഷയ് ചന്ദ്രൻ (11 പന്തിൽ അഞ്ച്), ജലജ് സക്‌സേന (21 പന്തിൽ 21), സിജോമോൻ ജോസഫ് (48 പന്തിൽ 10), ബേസിൽ തമ്പി (0) എന്നിവരാണ് രണ്ടാം ദിനം പുറത്തായ മറ്റു കേരള താരങ്ങൾ.

രാജസ്ഥാന് വേണ്ടി അനികെത് ചൗധരിയും മാനവ് സുത്താറും മൂന്ന് വിക്കറ്റുകൾ വീതം നേടി. നേരത്തെ, ദീപക് ഹൂഡയുടെ സെഞ്ചുറി മികവിലാണ് രാജസ്ഥാൻ മികച്ച സ്‌കോർ കണ്ടെത്തിയത്. 187 പന്തിൽ 133 റൺസാണ് ദീപക് ഹൂഡ കുറിച്ചത്. യാഷ് കോത്താരി (58), സൽമാൻ ഖാൻ (74) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

കേരളത്തിനായി ബേസിൽ തമ്പിയും ജലജ് സക്‌സേനയും മൂന്ന് വിക്കറ്റുകൾ വീതം പേരിലാക്കി. മറുപടി ബാറ്റിംഗിൽ തകർച്ചതോടെയായിരുന്നു കേരളത്തിന്റെ തുടക്കം. ഓപ്പണർമാരായ രാഹുലിനും രോഹൻ പ്രേമിനും അധിക നേരം പിടിച്ച് നിൽക്കാനായില്ല. യുവതാരമായ ഷോൺ റോജറും മടങ്ങിയതോടെ കേരളം പരുങ്ങലിലായി. പിന്നീട് സച്ചിനും സഞ്ജവും ചേർന്നാണ് ടീമിനെ കരകയറ്റിയത്. സെഞ്ചുറിയിലേക്കെന്ന് തോന്നിപ്പിച്ചെങ്കിലും 82 റൺസെടുത്ത സഞ്ജു മാനവിന് മുന്നിൽ വീണു. പിന്നീട് എത്തിയവരിൽ 21 റൺസെടുത്ത ജലക് സക്‌സേനയ്ക്ക് മാത്രമാണ് പിടിച്ച് നിൽക്കാനായത്.

മത്സരത്തിന്റെ ആദ്യ ദിനം ദീപക് ഹൂഡയുടെ സെഞ്ചറിക്കരുത്തിൽ ആധിപത്യം നേടിയ രാജസ്ഥാന്, രണ്ടാം ദിനം തകർപ്പൻ ബോളിങ്ങിലൂടെ കേരളം തിരിച്ചടി നൽകി. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310 റൺസുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച രാജസ്ഥാൻ, ആദ്യ സെഷനിൽത്തന്നെ വെറും 337 റൺസിന് എല്ലാവരും പുറത്തായി. രാജസ്ഥാന് അവസാന അഞ്ച് വിക്കറ്റുകൾ നഷ്ടമായത് വെറും 26 റൺസിനിടെയാണ്. സൽമാൻ ഖാൻ 182 പന്തിൽ 74 റൺസെടുത്ത് പുറത്തായി.

ആദ്യ ദിനം അർധസെഞ്ചറിയുമായി കേരളത്തിനെതിരെ പൊരുതിനിന്ന സൽമാൻ ഖാന്റെ റണ്ണൗട്ടാണ് രണ്ടാം ദിനം രാജസ്ഥാന് തിരിച്ചടിയായത്. 182 പന്തുകൾ നേരിട്ട സൽമാൻ, മൂന്നു ഫോറുകളോടെയാണ് 74 റൺസെടുത്തത്. സൽമാൻ ഖാനു പുറമെ മാനവ് സുതർ (17 പന്തിൽ ആറ്), കുനാൽ സിങ് റാത്തോർ (0), കംലേഷ് നാഗർകോട്ടി (24 പന്തിൽ 12), അറാഫാത്ത് ഖാൻ (ആറു പന്തിൽ ഒന്ന്) എന്നിവരാണ് രണ്ടാം ദിനം പുറത്തായത്.

ആദ്യദിനം 105 റൺസിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി തകർച്ചയിലേക്കു നീങ്ങിയ രാജസ്ഥാന്, ദീപക് ഹൂഡയുടെ സെഞ്ചറിയാണ് കരുത്തായത്. ഹൂഡ 187 പന്തിൽ 14 ഫോറും ഒരു സിക്‌സും സഹിതം 133 റൺസെടുത്തു. ഓപ്പണർ യാഷ് കോത്താരിയും അർധസെഞ്ചറി നേടി. 84 പന്തിൽ എട്ടു ഫോറുകളോടെ നേടിയത് 58 റൺസ്. കേരളത്തിനായി ജലജസ് സക്‌സേന 28 ഓവറിൽ 78 റൺസ് വഴങ്ങിയും ബേസില് തമ്പി 13 ഓവറിൽ 43 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി. എം.ഡി. നിധീഷ്, ഫാസിൽ ഫാനൂസ്, സിജോമോൻ ജോസഫ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

നേരത്തെ, രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ഝാർഖണ്ഡിനെതിരെ 85 റൺസിന്റെ നാടകീയ ജയം സ്വന്തമാക്കി കേരളം വിജയത്തുടക്കമിട്ടിരുന്നു. അവസാന ദിവസം ലഞ്ചിന് ശേഷം ഝാർഖണ്ഡിന് 323 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച കേരളം ഝാർഖണ്ഡിനെ 237 റൺസിന് പുറത്താക്കിയാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP