Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ച് ലക്ഷത്തോളം പേരെ വരവേൽക്കാൻ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ: 24ന് മുഖ്യമന്ത്രി തിരിതെളിയിക്കും

അഞ്ച് ലക്ഷത്തോളം പേരെ വരവേൽക്കാൻ ബേക്കൽ ബീച്ച് ഫെസ്റ്റിവൽ: 24ന് മുഖ്യമന്ത്രി തിരിതെളിയിക്കും

സ്വന്തം ലേഖകൻ

കേരളത്തിലെ ആദ്യ അന്താരാഷ്ട്ര  നിറം പകരാൻ 5 ലക്ഷത്തോളം പേർ. ഡിസംബർ 24ന് അരങ്ങേറുന്ന ഉത്സവത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിയിക്കും. 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ വൈവിധ്യമാർന്ന കാഴ്ചകളാണ് ജനങ്ങൾക്കായി ഒരുങ്ങുന്നത്. വ്യത്യസ്ത ഭാഷകളേയും സംസ്‌കാരത്തേയും ഒരുപോലെ ഹൃദയത്തിലേറ്റു വാങ്ങുന്ന കാസർകോടിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകുന്നതാകും ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ്. കലാസാംസ്കാരിക സന്ധ്യ, പ്രാദേശിക കലാപരിപാടികൾ, ഫുഡ്‌ഫെസ്റ്റിവൽ എന്നിവ കാഴ്‌ച്ചക്കാരുടെ മനംകവരും. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടു പരിചയിച്ച ബീച്ച് സ്‌പോർസാണ് മേളയുടെ പ്രധാന ആകർഷണം.

ചരിത്രമുറങ്ങുന്ന കാസർകോടിന്റെ മുഖമാകും ബേക്കൽ ഇന്റർ നാഷണൽ ബീച്ച് ഫെസ്റ്റിൽ പ്രതിഫലിക്കുകയെന്ന് സി.എച്ച്. കുഞ്ഞമ്പു എംഎ‍ൽഎ. പറഞ്ഞു. നിരവധി സംസ്‌കാര സമന്വയങ്ങളുടെ വിളനിലമായ സപ്തഭാഷാ സംഗമഭൂമിയായ കാസർകോടിന്റെ തനത് പൈതൃകവും ലോകത്തിന് പരിചയപ്പെടുത്താനാകും. അതോടൊപ്പം നാടിന്റെ ഐക്യം വിളിച്ചോതുന്ന മേള കൂടിയാണിത്. പ്രാരംഭ ഘട്ടം മുതൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നത് വരെ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഏവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. നാടിന്റെ തനിമയുടെയും സംസ്‌കാരത്തിന്റെയും പരിച്ഛേദം ആയിരിക്കും ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവലെന്നും എംഎ‍ൽഎ. കൂട്ടിച്ചേർത്തു.

ചന്ദ്രഗിരി , തേജസ്വിനി , പയസ്വിനി എന്നീ മൂന്നു വേദികളിയായിയാണ് പരിപാടികൾ അരങ്ങേറുക . പ്രധാന വേദിയായ ചന്ദ്രഗിരിയിൽ ദേശീയ കലാകാരന്മാരുടെ പ്രകടനങ്ങളും, തേജസ്വിനിയിൽ കുടുംബശ്രീ പ്രവർത്തകുരുടെ പരിപാടികളും,പയസ്വിനിയിൽ ജില്ലയിലെ പ്രാദേശിക കലാകാരന്മാരുടെ തിരഞ്ഞെടുത്ത പരമ്പരാഗത തനത് കലാരൂപങ്ങളും ഒരേ സമയം അരങ്ങേറും . പ്രധാന വേദിയിൽ പരിപാടികൾ തുടങ്ങുന്നതിനു മുന്നോടിയായി രാഷ്ട്രീയ സാംസകാരിക സാഹിത്യ രംഗത്തെ പ്രമുഖർ അണിനിരക്കുന്ന സാംസ്‌കാരിക പ്രഭാഷണങ്ങൾ നടത്തും. ഇതുവരെ രണ്ടര ലക്ഷത്തോളം ടിക്കറ്റുകൾ വില്പന നടത്തിയിട്ടുണ്ടെന്നും, അഞ്ച് ലക്ഷത്തോളം പേരെ പ്രതിക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഗ്രീൻ പ്രോട്ടോകോൾ പാലിച്ചാണ് പരിപാടികൾ അരങ്ങേറുക .

'കലാകായിക സാംസ്‌കാരിക വൈവിധ്യങ്ങളടങ്ങിയ ഒരു കൊച്ചു ഭാരതമാണ് കാസർഗോഡ്. നാനാ മത വൈവിധ്യമുള്ള കാസർകോടിന്റെ ചരിത്രം ഈ മഹോത്സവത്തിലൂടെ പുറം ലോകമറിയണമെന്നും സി.എച്ച്. കുഞ്ഞമ്പു എംഎ‍ൽഎ. പറഞ്ഞു.ബേക്കലിന്റെ കടൽത്തീരമുൾപ്പെടെ 50 ഏക്കറോളം വരുന്ന ഭൂമിയിലാണ് ഫെസ്റ്റ് നടത്തുക . സ്വകര്യ വ്യക്തികളുടെ സഹകരണത്തോടെ 25 ഏക്കർ ഭൂമി പാർക്കിങ്ങിനായും ഒരുക്കിയിട്ടുണ്ട്. അഞ്ചു കോടി രൂപ മുതൽ മുടക്കിൽ നടത്തുന്ന വികസന പരിപാടിയിൽ, കേരള സർക്കാർ 10 ലക്ഷം രൂപയും, സ്വകാര്യ കമ്പനിയായ ആസ്മി ഹോളിഡേയ്‌സ് 26 ലക്ഷം രൂപയും ,ഇതുവരെ ടിക്കറ്റ് വില്പനയിലൂടെ ലഭിച്ച 80 ലക്ഷം രൂപയും, 15 ലക്ഷം രൂപ സ്‌പോൺസർഷിപ്പ് മുഖേനയും , തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന 25 ലക്ഷം രൂപയും ലഭിച്ചിട്ടുണ്ട് . ഒന്നേകാൽ കോടി രൂപയോളം ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എംഎ‍ൽഎ. പത്രസമ്മേളനത്തിൽ അറിയിച്ചു .

കലാപരിപാടികളും സാഹസിക വിനോദ റൈഡുകളും പ്രദർശനങ്ങളും ഉൾപ്പടെ നിരവധി പരിപാടികൾ അരങ്ങേറും. ഇരുന്നൂറിൽപ്പരം സ്റ്റാളുകളാണ് മേളയെ ആകർകമാക്കാൻ അണിയറയിൽ ഒരുങ്ങുന്നത്.ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിക്കുന്ന നവോത്ഥാന ചിത്ര മതിൽ ഇതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവർകോവിൽ, റോബോട്ടിക് ഷോയും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. പുഷ്പപ്രദർശനവും ഉദ്ഘാടനം ചെയ്യും. ഗ്രാൻഡ് കാർണിവൽ, വാട്ടർസ്‌പോട്ട്, ഹെലികോപ്റ്റർ റൈഡ്, ഫ്‌ളവർ ഷോ, റോബോട്ടിക്ക് ഷോ, കൾച്ചറൽ ഷോ സാൻഡ് ആർട്ട് തുടങ്ങി വിനോദവും വിജ്ഞാനവും പകരുന്ന മായിക കാഴ്ചകളാണ് ബേക്കൽ ഇന്റർ നാഷണൽ ബീച്ച് ഫെസ്റ്റ് ഇന്ത്യയിലെമ്പാടുമുള്ള സഞ്ചാരികൾക്കായി കരുതി വച്ചിരിക്കുന്നത്. സഞ്ചാരികളെ ആകർഷിപ്പിക്കാനായി ബേക്കൽ ബീച്ചിലെ ആകാശത്തു വർണ വിസ്മയങ്ങളൊരുക്കാൻ അന്താരാഷ്ട്ര പ്രതിനിധികൾ അടങ്ങുന്ന പട്ടം പറത്തൽ മേളയും സംഘടിപ്പിക്കും.

കാസർകോടിന്റെ രുചിപ്പെരുമ അടയാളപ്പെടുത്തുന്ന ഫുഡ് ഫെസ്റ്റാണ് മറ്റൊരു ആകർഷണം. കൂടാതെ ഫെസ്റ്റിൽ കാസർകോടിന്റെ സംസ്‌കാരം, ചരിത്രം, രുചികൾ എന്നിവയും സന്ദർശകർക്കു പകർന്നു നൽകും. ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനങ്ങളും ഫെസ്റ്റിവലിൽ ഉണ്ടാകും. പകൽ നേരങ്ങളിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകളും സിംപോസിയങ്ങളും ഉണ്ടാകും. വിനോദസഞ്ചാരഭൂപടത്തിൽ കീർത്തി കേട്ട കാസർകോടിന്റെ ബേക്കൽ കോട്ട പ്രധാന ആകർഷണമാകും. ഫെസ്റ്റിവൽ ദിനങ്ങളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ബേക്കൽ കോട്ട വൈദ്യുതാലങ്കാരങ്ങളാൽ തിളങ്ങി നിൽക്കുന്നത് മനോഹര കാഴ്ച സമ്മാനിക്കും.

ഫൈസ്റ്റിനെത്തുന്ന വിനോദസഞ്ചാരികൾക്ക് കാസർകോടിന്റെ തനത് കലാരൂപങ്ങൾ അനുഭവവേദ്യമാക്കുന്ന തരത്തിൽ പ്രത്യേക പാക്കേജുകളും ഒരുക്കുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ 'യാത്രാശ്രീ' എന്ന പേരിലാണ് പാക്കേജുകൾ ഒരുക്കുന്നത്. കാസറഗോഡിന്റെ വൈവിധ്യം വിളിച്ചോതുന്ന തെയ്യം, അലാമിക്കളി, യക്ഷഗാനം, പരമ്പരാഗത ഭക്ഷണങ്ങൾ തുടങ്ങിയവ കൂടി അനുഭവവേദ്യമാക്കുന്ന രീതിയിലാണ് പാക്കേജുകൾ ക്രമീകരിച്ചിരിക്കുന്നത്.

ബേക്കൽ പാർക്കിലെ വിശാലമായ പുൽത്തകിടിയിൽ സജ്ജമാക്കുന്ന കൂറ്റൻ സ്റ്റേജിലാണ് കലാസ്വാദനത്തിനുള്ള വേദിയൊരുങ്ങുന്നത്. പ്രശസ്ത കലാ സംഘങ്ങളുടെ പരിപാടികളാണ് 10 നാളുകളിലായി അരങ്ങേറുന്നത്. പാട്ടും നൃത്തവും ശബ്ദവും വെളിച്ചവും വൈവിധ്യപൂർണമായ പ്രകടനങ്ങളും കൊണ്ട് കാണികളെ ആഹ്ലാദത്തിന്റെയും ആവേശത്തിന്റെയും കൊടുമുടിയിൽ എത്തിക്കുന്ന പരിപാടികളായിരിക്കും മുഖ്യ വേദിയിൽ നടക്കുന്നത്. നൂറിൻ സിസ്റ്റേഴ്‌സ്, സിത്താര, ശബ്‌നം റിയാസ്, പ്രസീത ചാലക്കുടി, മട്ടന്നൂർ ശങ്കരൻകുട്ടി, സ്റ്റീഫൻ ദേവസ്സി തുടങ്ങിയവർ കലയുടെ വർണ പ്രപഞ്ചം തീർക്കും

 കുടുംബശ്രീ വഴിയാണ് ഫെസ്റ്റിവൽ ടിക്കറ്റുകളുടെ വിൽപന നടത്തുന്നത്.സഹകരണ ബാങ്കുകൾ വഴിയും ടിക്കറ്റ് വില്പനയുണ്ട്. ക്യു ആർ കോഡ് സംവിധാനത്തോടുകൂടിയുള്ള ഡിജിറ്റൽ ടിക്കറ്റുകളാണ് വിതരണം ചെയ്യുക. ടിക്കറ്റ നിരക്ക് മുതിർന്നവർക്ക് യഥാക്രമം 50 രൂപയും കുട്ടികൾക്ക് 25 രൂപയുമാണ് ഈടാക്കുക . ഉപയോഗിച്ച ടിക്കറ്റുകൾക്കു ദിവസേന ലക്കി ട്രൗ കോണ്ടെസ്റ്റു വഴി സ്വർണ്ണനാണയം ലഭിക്കും .ബേക്കൽ ഫെസ്റ്റിൽ ദിവസേന വരുന്ന മാലിന്യങ്ങൾ അതാതു ദിവസം റീസൈക്കിൾ ചെയ്യാൻ സ്വകാര്യ കമ്പനിയായ ആസ്മി വേസ്റ്റ് മാനേജ്മന്റ് സിസ്റ്റത്തെ ഏല്പിച്ചിട്ടുണ്ടെന്നും എം എൽ എ അറിയിച്ചു .

ബി.ആർ.ഡി.സി എം.ഡി, പി.ഷിജിൻ, കൾച്ചറൽ ഇവന്റ് കോർഡിനേറ്റർ, ജ്യോതി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ, മണികണ്ഠൻ, ബി.ആർ.ഡി.സി എം ഡി പി.ഷിജിൻ, സി.എച്ച്. കുഞ്ഞമ്പു എംഎൽഎ, പ്രോഗ്രാം കമ്മിറ്റി കൺവീനർ, ഹക്കിം കുന്നിൽ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ, കെഇഎ ബേക്കർ, ആസ്മി ഹോളിഡേയ്സ് എം.ഡി കുഞ്ഞബ്ദുള്ള എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കുടുംബശ്രീ, അസ്മി ഹോളിഡേയ്‌സ്, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ബേക്കൽ റിസോർട്ട്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ബിആർഡിസി) ആണ് ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP