Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഈ ദിവസം ഞാൻ മലയാളത്തിലെ 'നമ്മൾ' എന്ന സിനിമയുടെ സെറ്റിലേക്ക് നടന്നു...; അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാൻ ഈ യാത്ര തുടരുകയാണ്'; സിനിമയിൽ 20 വർഷങ്ങൾ; ഓർമ്മചിത്രവുമായി ഭാവന

'ഈ ദിവസം ഞാൻ മലയാളത്തിലെ 'നമ്മൾ' എന്ന സിനിമയുടെ സെറ്റിലേക്ക് നടന്നു...; അതേ നന്ദിയോടെയും അതേ ഭയത്തോടെയും ഞാൻ ഈ യാത്ര തുടരുകയാണ്'; സിനിമയിൽ 20 വർഷങ്ങൾ; ഓർമ്മചിത്രവുമായി ഭാവന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ ജീവിതത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാകവെ തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ഓർമ്മകൾ പങ്കുവച്ച് പ്രിയതാരം ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയ അനുഭവമാണ് ഭാവന പങ്കുവെച്ചത്. കമൽ സംവിധാനം ചെയ്ത ചിത്രത്തിൽ പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിച്ചത്. ഇതിലും മികച്ച ഒരു അരങ്ങേറ്റം തനിക്ക് ലഭിക്കാനില്ല എന്നും സെറ്റിലെത്തിയ ആദ്യ ദിവസത്തെ ചിത്രം പങ്കു വെച്ചുകൊണ്ട് ഭാവന കുറിച്ചു. ഇരുപത് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമായിരുന്നു താൻ മലയാള സിനിമയിലേയ്ക്ക് കാലെടുത്ത് വച്ചത് എന്ന് പറഞ്ഞാണ് ഭാവന ഓർമക്കുറിപ്പ് പങ്കുവയ്ക്കുന്നത്.

'20 വർഷങ്ങൾക്കു മുമ്പ് ഇതേ ദിവസമാണ് നമ്മൾ എന്ന ചിത്രത്തിന്റെ സെറ്റിൽ ഞാനും ഭാഗമായത്. കമൽ സർ സംവിധാനം ചെയ്ത ചിത്രത്തിലൂടെ പരിമളമെന്ന തൃശൂർ ഭാഷ സംസാരിക്കുന്ന ചേരിനിവാസിയായ പെൺകുട്ടിയായി. മേക്കപ്പു കഴിഞ്ഞതിനു ശേഷം ദേഷ്യം കൊണ്ടെന്റെ മുഖം ചുവന്നത് എനിക്കോർമ്മയുണ്ട്. എന്നെ ആരും തിരിച്ചറിയില്ലല്ലോ എന്നോർത്തായിരുന്നു എന്റെ സങ്കടം. അന്ന് എന്റെ പ്രായത്തിന്റെ അപക്വത കൊണ്ട് ആ കഥാപാത്രത്തിന്റെ പ്രാധാന്യം എനിക്കു മനസ്സിലായില്ല. പക്ഷേ ഇന്നെനിക്കറിയാം സിനിമയിൽ ഇതിലും നല്ലൊരു അരങ്ങേറ്റം എനിക്കു കിട്ടാനില്ല.

      View this post on Instagram

A post shared by Bhavana????????‍♀️Mrs.June6 (@bhavzmenon)

അന്നു മുതലുള്ള യാത്രയിൽ നിരവധി വിജയങ്ങൾ, പരാജയങ്ങൾ, തടസങ്ങൾ, വേദന, സന്തോഷം, സ്നേഹം, സൗഹൃദം എന്നെ തേടിയെത്തി. അതാണ് ഇന്നത്തെ എന്നിലേക്ക് എന്നെ രൂപപ്പെടുത്തിയത്. ഇപ്പോഴും ഞാൻ നിരവധി കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്, എന്നെ സ്വയം തിരുത്തുകയാണ്. ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരോടും നന്ദിയുണ്ട്. ഒരു പുതുമുഖമായി സിനിമയിലെത്തുമ്പോൾ ഉണ്ടായിരുന്ന അതേ നന്ദിയോടെയും ഭയത്തോടെയും തന്നെയാണ് ഇപ്പോഴും ഓരോ ചുവടും ഞാൻ മുന്നോട്ടു വെക്കുന്നത്. മുന്നോട്ടുള്ള യാത്രയിലേക്കുള്ള ആവേശത്തിലാണു ഞാൻ. കൂടാതെ, ജിഷ്ണു ചേട്ടാ നിങ്ങളെ ഞങ്ങൾ എല്ലാവരും ഒരുപാട് മിസ് ചെയ്യുന്നു. ഫോട്ടോയിൽ നിറഞ്ഞ ചിരിയോടെ നിക്കുന്ന എന്റെ അച്ഛനെ കാണാം. ആ ചിരിയും ഞാൻ ഇന്ന് വല്ലാതെ മിസ് ചെയ്യുന്നുണ്ട്.' ഭാവന കുറിച്ചു

സഹനടിയായി തുടങ്ങി മുൻനിര നായികയായി മികച്ച അവസരങ്ങൾ ആണ് ഭാവനയ്ക്ക് ലഭിച്ചത്. മലയാളത്തിൽ തിളങ്ങിയതോടെ അന്യഭാഷകളിൽ നിന്നുള്ള അവസരങ്ങളും ലഭിച്ചു. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന സിനിമയിലൂടെ നടി തിരിച്ചെത്തുകയാണ്. ഷറഫുദ്ദീനാണ് ചിത്രത്തിൽ നായകൻ. 'ചിന്താമണി കൊലക്കേസി'ന് ശേഷം ഭാവന - ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ഹണ്ടും'അണിയറയിൽ ആണ്. അതേസമയം ഭാവന പങ്കുവച്ച ചിത്രങ്ങളിൽ 20 വർഷങ്ങൾക്ക് മുൻപുള്ള ഷൈൻ ടോം ചാക്കോയേയും കാണാം.

അന്ന് കമലിന്റെ സഹായിയായി പ്രവർത്തിക്കുകയായിരുന്നു ഷൈൻ. ഒരു ബസ് യാത്രക്കാരന്റെ വേഷത്തിലൂടെ ഷൈൻ ആദ്യമായി സിനിമയിലെത്തിയതും നമ്മളിലൂടെയാണ്. പിന്നീട് 9 വർഷങ്ങൾക്കു ശേഷം ഗദ്ദാമയിലൂടെയാണ് ഷൈൻ മുൻനിര വേഷത്തിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP