Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആളുകൾ കൂടുതലായി കാണാനെത്തുമ്പോൾ ഉന്മേഷം കൂടും; പുതുപ്പള്ളിക്കാരെത്തിയാൽ സകല ക്ഷീണവും പമ്പകടക്കും; പുതുപ്പള്ളിയിലെ ജനങ്ങളെ കാണുന്നതാണു തന്റെ ഒരാഴ്ചത്തെ ഊർജമെന്നാണ് മുമ്പ് കുഞ്ഞൂഞ്ഞ് പറഞ്ഞത് വെറുതെയല്ല; ആൾക്കൂട്ടവും മരുന്നിനൊപ്പം ചികിൽസയ്ക്ക് അനിവാര്യം; ഒടുവിൽ ഉമ്മൻ ചാണ്ടിക്കുള്ള മരുന്നും ഡോക്ടർമാർ കണ്ടെത്തി!

ആളുകൾ കൂടുതലായി കാണാനെത്തുമ്പോൾ ഉന്മേഷം കൂടും; പുതുപ്പള്ളിക്കാരെത്തിയാൽ സകല ക്ഷീണവും പമ്പകടക്കും; പുതുപ്പള്ളിയിലെ ജനങ്ങളെ കാണുന്നതാണു തന്റെ ഒരാഴ്ചത്തെ ഊർജമെന്നാണ് മുമ്പ് കുഞ്ഞൂഞ്ഞ് പറഞ്ഞത് വെറുതെയല്ല; ആൾക്കൂട്ടവും മരുന്നിനൊപ്പം ചികിൽസയ്ക്ക് അനിവാര്യം; ഒടുവിൽ ഉമ്മൻ ചാണ്ടിക്കുള്ള മരുന്നും ഡോക്ടർമാർ കണ്ടെത്തി!

മറുനാടൻ മലയാളി ബ്യൂറോ

ബംഗ്‌ളുരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിൽസയ്ക്കുള്ള മരുന്ന് ഡോക്ടർമാർ കണ്ടെത്തി! ജർമനിയിലെ ലേസർ ചികിത്സയ്ക്കു ശേഷം തുടർചികിത്സയ്ക്കും വിശ്രമത്തിനുമായി ബംഗളുരുവിൽ കഴിയുന്ന ഉമ്മൻ ചാണ്ടി വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ജർമ്മനിയിലെ ചികിത്സയ്ക്കുശേഷം തുടർചികിത്സയ്ക്കായാണ് ഉമ്മൻ ചാണ്ടി ബംഗളുരുവിൽ എത്തിയത്. ജർമനിയിൽനിന്നുള്ള ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ചുള്ള ചികിത്സയാണു ബംഗളുരുവിൽ തുടർന്നു വരുന്നത്. ഇതിനിടെയാണ് ഉമ്മൻ ചാണ്ടിക്ക് വേണ്ട മരുന്നിൽ തീരുമാനം ഉണ്ടാകുന്നത്. പരമാവധി ആളുകളെ കാണിക്കുക... അത് പുതുപ്പള്ളിക്കാരാണെങ്കിൽ അത്രയും നല്ലത്.

ബംഗളുരുവിൽ കഴിയുന്ന ഉമ്മൻ ചാണ്ടി കഴിഞ്ഞ ആഴ്ച വരെ വളരെ വിഷമത്തിലായിരുന്നു. പുതുപ്പള്ളിക്കാരിൽ ചിലർ എത്തിയതോടെ ഉമ്മൻ ചാണ്ടി ഉഷാറായി. നിമിഷങ്ങൾ കൊണ്ട് പഴയ ഉമ്മൻ ചാണ്ടിയായി. മരുന്നുകൾക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ ദിനചര്യകൾ കൂടി ഉൾപ്പെടുത്തുന്നതാണു ബംഗ്‌ളൂരുവിലെ തുടർ ചികിത്സാരീതി. ഓരോ ദിവസത്തെയും ഊർജ്വസ്വലത മെഡിക്കൽ ബോർഡ് വിലയിരുത്തിയപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാൻ ആളുകൾ എത്തുന്ന ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി കൂടുതൽ ഉന്മേഷവാനാകുന്നതായി കണ്ടെത്തി. ഇതോടെയാണു ജനങ്ങൾക്കൊപ്പമുള്ള ജീവിതമാണ് ഉമ്മൻ ചാണ്ടിക്കുള്ള മരുന്നെന്നു ഡോക്ടർമാർ വിലയിരുത്തിയത്. പുതുപ്പള്ളിക്കാരെത്തിയപ്പോൾ ഉമ്മൻ ചാണ്ടി പഴയ ഫോമിലെത്തി. സാധാരണ അണുബാധാ ഭയത്തിലും മറ്റും രോഗികളെ പുറത്തു നിന്ന് വരുന്നവരിൽ നിന്നും അകറ്റി നിർത്താനാണ് ഡോക്ടർമാർ നിർദ്ദേശിക്കുക. ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ വേണ്ടത് ആളും.

പുതുപ്പള്ളിക്കാരെ കണ്ടതോടെ സകല ക്ഷീണവും മറന്ന അദ്ദേഹത്തിനു പഴയ ഉമ്മൻ ചാണ്ടിയാകാൻ നിമിഷങ്ങൾ മതിയായിരുന്നു. ചികിത്സയ്ക്കു നേതൃത്വം കൊടുക്കുന്ന ഡോക്ടറും ആഗ്രഹത്തിന് അനുമതി നൽകിയതോടെ മിനിറ്റുകൾക്കിടയിൽ ഉമ്മൻ ചാണ്ടി പഴയതിലും ഊർജസ്വലനായി. ഏതു യാത്രയാണെങ്കിലും ഉമ്മൻ ചാണ്ടി എല്ലാ ഞായറാഴ്ചകളിലും പുതുപ്പള്ളിയിലെത്തും. ഒരു ദിവസം പുതുപ്പള്ളിയിലെ ജനങ്ങളെ കാണുന്നതാണു തന്റെ ഒരാഴ്ചത്തെ ഊർജമെന്നാണ് അദ്ദേഹം പലപ്പോഴും പറയാറുള്ളത്. ഇപ്പോഴത്തെ ചികിൽസയിൽ പുതുപ്പള്ളിയിൽ പോകാൻ മുൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. മുഖ്യമന്ത്രിയായിരിക്കെ ദാവോസിൽ വീണു പരുക്കേറ്റതിനെ തുടർന്നു വിശ്രമത്തിലായപ്പോഴും കോവിഡ് ബാധിച്ചു തിരുവനന്തപുരത്ത് വിശ്രമത്തിലായിരുന്നപ്പോഴും മാത്രമാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ എത്താതിരുന്നത്.

ഇതിനുശേഷം ആദ്യമായാണ് പുതുപ്പള്ളിയിൽനിന്നു മാറിനിൽക്കുന്നത്. ഇന്നലെ ബംഗളുരുവിൽ ഉമ്മൻ ചാണ്ടി താമസിക്കുന്ന വീട് അക്ഷരാർത്ഥത്തിൽ പുതുപ്പള്ളിയിലെ കരോട്ടു വള്ളകാലിൽ വീടായി. കെ.പി.സി സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനാണ് ആദ്യം എത്തിയത്. സജീന്ദ്രനുമായി രാഷ്ട്രീയ ചർച്ചകൾ തുടരുന്നതിനിടെ യു.ഡി.എഫ്. കോട്ടയം ജില്ലാ കൺവീനർ അഡ്വ: ഫിൽസൺ മാത്യൂസും പുതുപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെയിംസ് കുന്നപ്പള്ളിയും എത്തി. പുതുപ്പള്ളി മണ്ഡലത്തിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുന്നതിനാണ് ഇരുവരും എത്തിയത്. ആവേശത്തിലായി ഉമ്മൻ ചാണ്ടി.

ഇതിനിടെ പുതുപ്പള്ളിയിൽനിന്നും വീണ്ടും ആളുകൾ എത്തിത്തുടങ്ങി. ഇതോടെ ഉമ്മൻ ചാണ്ടി പഴയ പ്രസരിപ്പോടെ അവർക്കിടയിലേക്ക് ഇറങ്ങി. ഓരോരുത്തരെയും വിളിച്ചു പുതുപ്പള്ളിയിലെ കാര്യങ്ങൾ ചർച്ച ചെയ്തു വേണ്ട നിർദ്ദേശങ്ങൾ നൽകി. ഇതിനിടെ ഫോണുമായി എത്തിയ സഹായി രാധാകൃഷ്ണന്റെ ഫോണിൽ കൂടിയും അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിനുള്ള നിർദ്ദേശം. ഓരോ വിഷയങ്ങളുമായി പലരും എത്തിത്തുടങ്ങിയതോടെ ഉമ്മൻ ചാണ്ടിയും സജീവമായി. ഈ രീതി തന്നെ തുടരാനാണ് ഇപ്പോൾ ഡോക്ടർമാരുടെ നിർദ്ദേശം. എത്രയും വേഗം പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞായി ഉമ്മൻ ചാണ്ടി നാട്ടിലെത്താനുള്ള സാധ്യതയാണ് തെളിയുന്നത്.

ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ ദിവസങ്ങൾക്ക് മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശിച്ചിരുന്നു. ഇക്കാര്യം സതീശൻ തന്നെയാണ് ഫേസ്‌ബുക് കുറിപ്പിലൂടെ അറിയിച്ചത്. ''പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സാറിനെ ബെംഗളൂരുവിൽ സന്ദർശിച്ചു. ചികിത്സയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് അദ്ദേഹം. പൂർണ ആരോഗ്യവാനായെത്തുന്ന ഉമ്മൻ ചാണ്ടി എത്രയും വേഗം കർമ മണ്ഡലത്തിൽ സജീവമാകും''- അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ബെംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ യുഡിഎഫ് കൺവീനർ എം.എം.ഹസൻ, മുൻ മന്ത്രി കെ.സി.ജോസഫ്, ബെന്നി ബഹനാൻ എംപി എന്നിവർ നേരത്തേ സന്ദർശിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP