Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഷ്യൻ ലോകകപ്പിൽ സഹോദരനൊപ്പമെത്തി; ഗ്യാലറിയിൽനിന്ന് സെൽഫിയെടുത്തു; അടുത്ത വട്ടം ടീമിൽ അണിനിരക്കുമെന്ന് ശപഥമെടുത്തു; ഖത്തറിലെ ഫൈനലിൽ 119ാം മിനിറ്റിലും ഷൂട്ടൗട്ടിലും രക്ഷകനായി; അർജന്റീനയെ കിരീടമണിയിച്ച ഹീറോയായി ഗോളി എമിലിയാനോ മാർട്ടിനെസ്

റഷ്യൻ ലോകകപ്പിൽ സഹോദരനൊപ്പമെത്തി; ഗ്യാലറിയിൽനിന്ന് സെൽഫിയെടുത്തു; അടുത്ത വട്ടം ടീമിൽ അണിനിരക്കുമെന്ന് ശപഥമെടുത്തു; ഖത്തറിലെ ഫൈനലിൽ 119ാം മിനിറ്റിലും ഷൂട്ടൗട്ടിലും രക്ഷകനായി; അർജന്റീനയെ കിരീടമണിയിച്ച ഹീറോയായി ഗോളി എമിലിയാനോ മാർട്ടിനെസ്

സ്പോർട്സ് ഡെസ്ക്

ദോഹ: റഷ്യൻ ലോകകപ്പിൽ അർജന്റീന പ്രീക്വാർട്ടറിൽ ഫ്രാൻസിന് മുന്നിൽ വീണത് സഹോദരനൊപ്പം ഗാലറിയിൽ ഇരുന്നു കണ്ട എമിലിയാനോ മാർട്ടിനെസ് അന്നൊരു ശപഥം എടുത്തിരുന്നു. അടുത്ത വട്ടം ലോകകപ്പിന് താൻ ടീമിൽ അണിനിരക്കുമെന്ന്. നാല് വർഷങ്ങൾക്ക് ഇപ്പുറം ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന കലാശപോരാട്ടത്തിൽ അടക്കം അർജന്റീനയുടെ എല്ലാ മത്സരങ്ങളിൽ ടീമിന്റെ നെടുന്തൂണായി തിളങ്ങിയാണ് എമി തന്റെ ശപഥം നിറവേറ്റിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. അതും കലാശപ്പോരിൽ 119ാം മിനിറ്റിൽ നടത്തിയ ഗോൾഡൻ സേവും പെനാൽറ്റി ഷൂട്ടൗട്ടിലെ മിന്നുന്ന പ്രകടനവും അടക്കം സമ്മാനിച്ച മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗവുമായി. ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ കൂമാന്റെ കിക്ക് തടുത്തത് മാർട്ടിനെസായിരുന്നു.



ലോകകിരീത്തിൽ മെസിയുടെ മുത്തം പതിയാനായി ഞാനെന്റെ ജീവിതംപോലും കൊടുക്കാൻ തയാറാണ്, അത് നേടാൻ അവന് വേണ്ടി മരിക്കാനും. 2021ലെ കോപ അമേരിക്ക സെമിഫൈനലിൽ കൈക്കരുത്തും മനക്കരുത്തും കൊണ്ട് കൊളംബിയൻ താരങ്ങളുടെ മൂന്ന് കിക്കുകൾ തട്ടിയകറ്റുകയും കലാശപ്പോരിൽ ബ്രസീലിന്റെ മിന്നൽ ആക്രമണങ്ങളെ ധീരമായി ചെറുത്ത് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചശേഷം സഹതാരൾക്ക് നൽകിയ വാക്കാണ് ഖത്തറിൽ മാർട്ടിനെസ് പാലിച്ചത്.

ലോകകപ്പ് ഫൈനലിൽ നിർണായക പെനാൽറ്റി കിക്ക് തടുത്തിടുകയും എക്‌സ്ട്രാ ടൈമിൽ ഗോളെന്നുറച്ച ഷോട്ട് കാലു കൊണ്ട് തട്ടിയകറ്റിയും അർജന്റീനയുടെ കിരീട വിജയം ഉറപ്പിച്ചത് വലകാത്ത എമിലിയാനോ മാർട്ടിനെസിന്റെ മികവ് ഒന്നുമാത്രമായിരുന്നു. രണ്ട് പതിറ്റാണ്ടു നീണ്ട രാജ്യാന്തര കരിയറിൽ നേടാവുന്നതെല്ലാം നേടിയിട്ടും ഒരു രാജ്യാന്തര കിരീടമില്ലെന്ന മെസിയിലെ വിടവ് കോപയിലൂടെ മായ്ച്ചു കളഞ്ഞ എമി തന്നെ മെസിയുടെ നെറുകയിൽ ലോക കിരീടം ചാർത്തി നൽകിയിരിക്കുന്നു.



അർജന്റീന ടീമിൽ എമിലിയാനോ മെസിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നറിയാൻ നെതർലൻഡ്‌സിനെതിരായ ലോകകപ്പ് ക്വാർട്ടറിലെ അർജന്റീനയുടെ വിജയ നിമിഷത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ മതിയാവും. പെനൽറ്റി ഷൂട്ടൗട്ടിലെ അവസാന കിക്ക് ലക്ഷ്യത്തിലേക്ക് പായിച്ച് ലൗതാരോ മാർട്ടിനെസ് അർജന്റീനക്ക് സെമിയിലേക്കുള്ള വഴി തുറന്നപ്പോൾ സഹതാരങ്ങൾ ഒന്നടങ്കം ഓടിയെത്തി മാർട്ടിനെസിനെ വാരിപുണർന്ന് വിജയാഘോഷം നടത്തി.

ആ സമയം ഗ്രൗണ്ടിന്റെ മറുവശത്ത് സന്തോഷാധിക്യത്താൽ ഗ്രൗണ്ടിൽ മുഖം പൂഴ്‌ത്തി കരയുകയായിരുന്നു എമിലിയാനോ. ആ വിജയമിനിഷത്തിൽ ഗ്രൗണ്ടിൽ വീണ് വിതുമ്പുന്ന എമിലിയാനോയുടെ അരികിലേക്ക് ഓടിയെത്തിയ ഒരേയൊരാൾ, അത് മെസിയായിരുന്നു. ഗ്രൗണ്ടിലമർന്ന എമിയുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് എഴുന്നേൽപ്പിച്ച് ആലിംഗനം ചെയ്യുന്ന മെസിയിലുണ്ട് അയാൾ അർജന്റീനക്ക് എത്രമാത്രം പ്രിയപ്പെട്ടവനും പ്രധാനപ്പെട്ടവനുമാണെന്ന്.



എതിരാളികളുടെ ഗോൾമുഖം ആക്രമിക്കാനിറങ്ങുമ്പോഴും പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമ്പോഴും സ്വന്തം ഗോൾ പോസ്റ്റിന് താഴെ ആത്മവിശ്വാസത്തിന്റെ ആൾരൂപമായി നിൽക്കുന്ന എമി മെസിക്കും സംഘത്തിനും നൽകുന്ന ധൈര്യം ചെറുതല്ല. ഇൻഡിപെൻഡെന്റയിലൂടെ കളി തുടങ്ങി 2011ൽ ആദ്യമായി അർജന്റീനയുടെ ദേശീയ ടീമിലെത്തിയെങ്കിലും ഒരു ദശകത്തോളം അനിശ്ചിതത്വങ്ങളുടെ ഇടനാഴിയിൽ കാവൽ നിൽക്കാനായിരുന്നു എമിലിയാനോടയുടെ വിധി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനൊപ്പം മൂന്ന് വർഷം സൈഡ് ബെഞ്ചിൽ അക്ഷമനായി കാത്തിരുന്നതിന് ശേഷം 2019-20 സീസണിലെ എഫ് എ കപ്പിലാണ് എമിലിയാനോക്ക് ആദ്യമായി അവസരം ലഭിക്കുന്നത്. അന്ന് ചെൽസിയെ തോൽപ്പിച്ച് ആഴ്‌സണൽ കിരീടം നേടിയപ്പോഴാണ് എമിലിയാനോ മാർട്ടിനെസെന്ന പേര് ആരാധകരുടെ മനസിൽ ആദ്യമായി പതിയുന്നത്. ഇനി പകരക്കാരനാവില്ല , തുടരുന്നെങ്കിൽ ഒന്നാം നമ്പർ ഗോൾ കീപ്പറായി മാത്രം എന്ന് ആഴ്‌സണലിനെ അറിയിച്ച് ആസ്റ്റൺവില്ലയിലേക്ക് കൂടുമാറിയ എമിലിയാനോ അവരുടെ വിശ്വസ്തനാവാൻ അധികം നാളുകളേറെ എടുത്തില്ല.



അപ്പോഴും അർജന്റീനയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്നില്ല എമിലിയാനോ. കഴിഞ്ഞ വർഷം ജൂണിൽ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ചിലിക്കെതിരെ ആണ് എമി ആദ്യമായി അർജന്റീനയുടെ ഗോൾവലക്ക് മുന്നിൽ നിൽക്കുന്നത്. 2021ലെ കോപ അമേരിക്കയിൽ ഗ്രൂപ്പ് ഘട്ടത്തിൽ ചിലിക്കെതിരായ മത്സരത്തിൽ ആർതുറോ വിദാലെടുത്ത പെനൽറ്റി കിക്ക് തടുത്തിട്ട് ഞെട്ടിച്ച എമിക്ക് പക്ഷെ അന്ന് എഡ്വേർഡോ വർഗസ്സിന്റെ റീ ബൗണ്ട് അന്ന് തടുക്കാനായില്ല. എന്നാൽ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമിയിൽ കൊളംബിയയുടെ മൂന്ന് കിക്കുകൾ തടുത്തിട്ടതോടെയാണ് എമി അർജന്റീനയ്ക്കും മെസിക്കും അത്രത്തോളം പ്രിയപ്പെട്ടവനായി മാറിയത്.

ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം നേടുമ്പോൾ ടൂർണമെന്റിലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗവ് എമിലിയാനോയുടെ കൈകളിൽ ഭദ്രമായിരുന്നു. അതോടെ ലോകകപ്പുയർത്താനുള്ള മെസിയുടെ സൈന്യത്തിൽ ഡിപോളിനും ലോ സെൽസോക്കുമൊപ്പം പിന്നണിയിലെ മുന്നണിപ്പോരാളിയായി മാറി എമിലിയാനോയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP