Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഹാട്രിക്ക് അടിച്ച് ഗോൾഡൻ ബൂട്ടു കെട്ടി എംബാപ്പെ; ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി ഗോൾഡൻ ബോൾ സ്വന്തമാക്കി മെസി; വന്മതിൽ തീർത്ത് ഗോൾഡൻ ഗ്ലൗ അണിഞ്ഞ് രക്ഷകൻ മാർട്ടിനെസ്; ഭാവിയുടെ താരമായി എൻസോ; ഫുട്‌ബോൾ ലോകത്തിന്റെ നെറുകയിൽ സ്‌കലോണിയും സംഘവും

ഹാട്രിക്ക് അടിച്ച് ഗോൾഡൻ ബൂട്ടു കെട്ടി എംബാപ്പെ; ഏഴ് ഗോളും മൂന്ന് അസിസ്റ്റുമായി ഗോൾഡൻ ബോൾ സ്വന്തമാക്കി മെസി; വന്മതിൽ തീർത്ത് ഗോൾഡൻ ഗ്ലൗ അണിഞ്ഞ് രക്ഷകൻ മാർട്ടിനെസ്; ഭാവിയുടെ താരമായി എൻസോ; ഫുട്‌ബോൾ ലോകത്തിന്റെ നെറുകയിൽ സ്‌കലോണിയും സംഘവും

സ്പോർട്സ് ഡെസ്ക്

ദോഹ: തുടക്കം മുതൽ കലാശപ്പോര് വരെ വിസ്മയങ്ങൾ പുറത്തെടുത്ത ഖത്തറിന്റെ മണ്ണിൽ ലയണൽ മെസിയും സംഘവും ലോകകിരീടം അണിഞ്ഞതോടെ ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ അതിരുകളില്ലാത്ത ആഹ്ലാദത്തിലാണ്. കിലിയൻ എംബാപ്പെയുടെ ഹാട്രിക്കും മെസിയുടെ ഡബിളും ഡി മരിയയുടെ മിന്നും ഗോളും ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലെ മാർട്ടിനെസിന്റെ മിന്നും സേവുകളും ആരാധകർക്ക് ആഘോഷരാവാണ് സമ്മാനിക്കുന്നത്.

36 വർഷങ്ങൾക്ക് ശേഷം അർജന്റീന ലോകകീരീടത്തിൽ മുത്തമിട്ടതിനൊപ്പം ടൂർണമെന്റിലെ താരങ്ങളെയും ഫിഫ പ്രഖ്യാപിച്ചു. നാല് പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. അതിൽ മൂന്നും അർജന്റീന താരങ്ങൾ സ്വന്തമാക്കി.

ലോകകപ്പിന്റെ കലാശക്കളിയിൽ അർജന്റീനയോട് പൊരുതിത്തോറ്റെങ്കിലും ഹാട്രിക്കിലൂടെ ടീമിനെ ഷൂട്ടൗട്ട് വരെ എത്തിച്ച ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് ഗോൾഡൻ ബൂട്ട്. ലോകകപ്പിൽ എട്ട് ഗോളുകൾ എതിർവലയിൽ അടിച്ചുകയറ്റിയാണ് ടോപ്‌സ്‌കോറർക്കുള്ള അംഗീകാരം സ്വന്തമാക്കിയത്. ഫൈനൽ വരെ അഞ്ച് ഗോളുമായി ഇതിഹാസ താരം ലയണൽ മെസ്സിക്കൊപ്പമായിരുന്നു എംബാപ്പെ.

കലാശക്കളിയിൽ പെനാൽറ്റിയിലൂടെ അർജന്റീനക്കായി ആദ്യ ഗോൾ നേടിയതോടെ മെസ്സി ഒരടി മുന്നിലായി. എന്നാൽ, പെനാൽറ്റിയിലൂടെ ഒന്നും അത്യുജ്വലമായി മറ്റൊന്നും നേടി എംബാപ്പെ ഒറ്റക്ക് മുന്നിലെത്തി. എക്‌സ്ട്രാ ടൈമിൽ മെസ്സി വീണ്ടും ഗോളടിച്ചതോടെ വീണ്ടും ഒപ്പത്തിനൊപ്പം. എന്നാൽ, കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് എംബാപ്പെ വീണ്ടും ഒന്നാമനാവുകയായിരുന്നു.



ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ അർജന്റീന നായകൻ ലയണൽ മെസ്സി സ്വന്തമാക്കി. ടൂർണമെന്റിൽ അർജന്റീനയുടെ വിജയത്തിൽ അതിനിർണായക പങ്കുവഹിച്ച മെസ്സി അർഹിച്ച പുരസ്‌കാരമാണ് നേടിയത്. ടൂർണമെന്റിൽ ഏഴ് ഗോളും മൂന്ന് അസിസ്റ്റുമാണ് മെസ്സി നേടിയത്. മെസ്സി നേടുന്ന രണ്ടാം ഗോൾഡൻ ബോളാണിത്. 2014 ലോകകപ്പിലും മെസ്സി ഗോൾഡൻ ബോൾ നേടിയിരുന്നു.



ടൂർണമെന്റിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസ് സ്വന്തമാക്കി. ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായി പലതവണ അവതരിച്ചു. നെതർലൻഡ്സിനെതിരായ മത്സരത്തിലും മാർട്ടിനെസ് പെനാൽറ്റി ഷൂട്ടൗട്ടിൽ മിന്നും താരമായിരുന്നു



മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം അർജന്റീനയുടെ എൻസോ ഫെർണാണ്ടസ് സ്വന്തമാക്കി. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തതെടുത്ത എൻസോയ്ക്ക് വെറും 21 വയസ്സ് മാത്രമാണ് പ്രായം. താരം ഈ ടൂർണമെന്റിൽ ഒരു ഗോൾ നേടുകയും മധ്യനിരയിൽ തന്ത്രങ്ങൾ മെനയുന്നതിൽ മുന്നിൽ നിൽക്കുകയും ചെയ്തു.

2014ൽ കൈയകലത്തിൽ കൈവിട്ട ലോക കിരീടം അങ്ങനെ 2022ൽ മെസിയുടെ കൈകളിലേക്ക് എത്തി. കലാശപ്പോരിൽ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാൻ ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയ്ക്കായില്ല. എക്സ്ട്രാ ടൈമിൽ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ലുസൈലിൽ 4-3-3-1 ശൈലിയിലാണ് കോച്ച് ദിദിയെർ ദെഷാം ഫ്രഞ്ച് ടീമിനെ കളത്തിലിറക്കിയത്. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നൽ നൽകി 4-4-2 ശൈലിയിലായിരുന്നു അർജന്റീന പരിശീലകൻ ലിയോണൽ സ്‌കലോണിയുടെ സ്റ്റാർട്ടിങ് ഇലവൻ. മെസി-എംബാപ്പെ പോരാട്ടമെന്ന നിലയിൽ മത്സരത്തിന് മുമ്പേ ചർച്ചയായ ഫൈനൽ കിക്കോഫായി ആദ്യ മിനുറ്റുകളിൽ തന്നെ ലുസൈൽ സ്റ്റേഡിയത്തിൽ ആവേശം പടർത്തി. മൂന്നാം മിനുറ്റിൽ അർജന്റീന ആദ്യ മുന്നേറ്റം നടത്തി. അഞ്ചാം മിനുറ്റിൽ മക്കലിസ്റ്ററിന്റെ ലോംഗ് റേഞ്ചർ ശ്രമം ലോറിസിന്റെ കൈകൾ കടന്നില്ല. തൊട്ടുപിന്നാലെ ഡീപോളിന്റെ ഷോട്ട് വരാനെയിൽ തട്ടി പുറത്തേക്ക് തെറിച്ചു.

10 മിനുറ്റിന് ശേഷമാണ് ഫ്രാൻസ് ചിത്രത്തിൽ തെളിയുന്നത്. 14-ാം മിനുറ്റിലാണ് ഫ്രാൻസ് അർജന്റീനൻ ഗോൾമുഖത്തേക്ക് ആദ്യമായി എത്തിയത്. 19-ാം മിനുറ്റിൽ ഹെർണാണ്ടസിനെ ഡീപോൾ ഫൗൾ ചെയ്തതതിന് ബോക്സിന് തൊട്ട് പുറത്തുവച്ച് ഫ്രാൻസിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. പക്ഷേ മുതലാക്കാനായില്ല. ജിറൂഡിന്റെ പറന്നുള്ള ഹെഡർ ബാറിന് മുകളിലൂടെ പാറി. 21-ാം മിനുറ്റിൽ ഡിമരിയയെ ഡെംബലെ വീഴ്‌ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. ലോറിസ് വലത്തോട്ട് ചാടിയപ്പോൾ ഇടത്തോട്ട് അനായാസം പന്ത് വലയിലാക്കി മെസി അർജന്റീനയെ 23-ാം മിനുറ്റിൽ മുന്നിലെത്തിച്ചു. ഈ ലോകകപ്പിൽ മെസിയുടെ ആറാം ഗോളാണിത്. 36-ാം മിനുറ്റിൽ കൗണ്ടർ അറ്റാക്കിൽ മക്കലിസ്റ്ററിന്റെ അസിസ്റ്റിൽ മരിയ രണ്ടാം ഗോളും കണ്ടെത്തി.

ഇതോടെ ഡെംബലെയേയും ജിറൂഡിനേയും 42-ാം മിനുറ്റിൽ പിൻവലിച്ച് മാർക്കസ് തുറാം, കോളോ മൗനി എന്നിവരെ ഇറക്കാൻ ദെഷാം നിർബന്ധിതനായി. എന്നിട്ടും കാര്യമായ ആക്രമണം അഴിച്ചുവിടാൻ ഫ്രഞ്ച് ടീമിനായില്ല. മറുവശത്ത് ആദ്യപകുതിയിൽ പന്തടക്കത്തിലും ആക്രമണത്തിലും ഒരുപോലെ മേധാവിത്തം പുലർത്തി കുതിച്ചു അർജന്റീന.

49-ാം മിനുറ്റിൽ മരിയയുടെ പാസിൽ ഡീപോളിന്റെ വോളി ലോറിസിന്റെ കൈകളിൽ അവസാനിച്ചു. ആദ്യപകുതിയി നിർത്തിയ ഇടത്തുനിന്ന് തന്നെ ആക്രമണം തുടരുന്ന അർജന്റീനയെയാണ് രണ്ടാംപകുതിയുടെ ആദ്യം കണ്ടത്. കഴിഞ്ഞ ലോകകപ്പിലെ എംബാപ്പെയെ ഓർമ്മിപ്പിച്ച് മിന്നലോട്ടവും ഡ്രിബ്ലിംഗുകളുമായി ഇത്തവണ ഡിമരിയയായിരുന്നു താരം. 71-ാം മിനുറ്റിൽ എംബാപ്പെ മിന്നലാക്രമണത്തിന് ശ്രമിച്ചെങ്കിലും ഷോട്ട് ലക്ഷ്യം പിഴച്ചു. പിന്നെയങ്ങ് കളി മാറി, കളി മാറ്റിയത് എംബാപ്പെ. 79-ാം മിനുറ്റിലെ ഒട്ടാമെൻഡിയുടെ ഫൗളിന് ഫ്രാൻസിന് പെനാൽറ്റി അനുവദിക്കപ്പെട്ടു. എമിയുടെ ചാട്ടം കൃത്യമായിരുന്നെങ്കിലും എംബാപ്പെയുടെ മിന്നൽ വലയിലെത്തി. ഒരു മിനുറ്റിന് ശേഷം എംബാപ്പെയുടെ പറക്കും ഫിനിഷിംഗിൽ ഫ്രാൻസ് ഒപ്പമെത്തി. മത്സരം 2-2ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

ഏഞ്ചൽ ഡി മരിയ, ഡീപോൾ, ആൽവാരസ് എന്നിവരെ സബ് ചെയ്ത സ്‌കലോണിയൻ തന്ത്രങ്ങൾ പാളി. അതേസമയം കാമവിംഗയടക്കമുള്ള യുവരക്തങ്ങൾ ഫ്രാൻസിനായി ജീവൻ കൊടുത്തും പോരാടി. എക്സ്ട്രാ ടൈമിന്റെ ആദ്യപകുതിയിൽ ഇരു ടീമും വലകുലുക്കിയില്ല. ലൗറ്റാരോ മാർട്ടിനസിന് ലഭിച്ചൊരു സുവർണാവസരം പാഴായി. എന്നാൽ 109-ാം മിനുറ്റിൽ ലോറിസിന്റെ തകർപ്പൻ സേവിനൊടുവിൽ മെസി തന്റെ രണ്ടാം ഗോൾ കണ്ടെത്തിയതോടെ 3-2ന് അർജന്റീന മുന്നിലെത്തി. പക്ഷേ 116-ാം മിനുറ്റിൽ വീണ്ടും പെനാൽറ്റി എത്തിയപ്പോൾ എംബാപ്പെ ഫ്രാൻസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതോടെ എംബാപ്പെ ഹാട്രിക് തികയ്ക്കുകയും ചെയ്തു. മത്സരം 3-3ന് ഷൂട്ടൗട്ടിലേക്ക് നീണ്ടു.

ഷൂട്ടൗട്ടിൽ ആദ്യ കിക്ക് എടുക്കാനെത്തിയത് ഇരു ടീമിലേയും ഏറ്റവും മികച്ച താരങ്ങൾ. ആദ്യ കിക്കുകൾ കിലിയൻ എംബാപ്പെയും ലിയോണൽ മെസിയും വലയിലെത്തിച്ചതോടെ 1-1. ഫ്രാൻസിനായുള്ള കിങ്സ്ലി കോമാന്റെ രണ്ടാം കിക്ക് എമി മാർട്ടിനസ് തടുത്തിട്ടു. പിന്നാലെ പൗലോ ഡിബാല വലകുലുക്കിയതോടെ അർജന്റീനയ്ക്ക് 2-1ന്റെ ലീഡായി. പിന്നാലെ ചൗമെനിയുടെ ഷോട്ട് പുറത്തേക്കുപോയി. അതേസമയം പരേഡെസ് ലക്ഷ്യംകണ്ടു. ഫ്രാൻസിന്റെ നാലാം കിക്ക് കോലോ മൗനി വലയിലെത്തിച്ചെങ്കിലും ഗോൺസാലോ മൊണ്ടൈലിന്റെ ഷോട്ട് അർജന്റീനയ്ക്ക് 4-2ന് ലോകകപ്പ് കിരീടം സമ്മാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP