Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിക്കളം ചതുരംഗപ്പലക പോലെ, കളിക്കാർ കരുക്കളും! ഓരോ മത്സരത്തിലും പുറത്തെടുത്തത് എതിരാളികളുടെ കരുത്ത് തിരിച്ചറിഞ്ഞുള്ള തന്ത്രങ്ങൾ; നാല് വർഷം കൊണ്ട് പാകപ്പെടുത്തിയ മെസി ആർമി ഖത്തറിൽ ലക്ഷ്യം നേടി; മറഡോണയ്ക്കും സാംപോളിക്കും കഴിയാതെ പോയ ലോകകിരീട നേട്ടം സ്‌കലോണി അർജന്റീനയിൽ എത്തിക്കുമ്പോൾ

കളിക്കളം ചതുരംഗപ്പലക പോലെ, കളിക്കാർ കരുക്കളും! ഓരോ മത്സരത്തിലും പുറത്തെടുത്തത് എതിരാളികളുടെ കരുത്ത് തിരിച്ചറിഞ്ഞുള്ള തന്ത്രങ്ങൾ; നാല് വർഷം കൊണ്ട് പാകപ്പെടുത്തിയ മെസി ആർമി ഖത്തറിൽ ലക്ഷ്യം നേടി; മറഡോണയ്ക്കും സാംപോളിക്കും കഴിയാതെ പോയ ലോകകിരീട നേട്ടം സ്‌കലോണി അർജന്റീനയിൽ എത്തിക്കുമ്പോൾ

സ്പോർട്സ് ഡെസ്ക്

ദോഹ: കളിക്കളം ചതുരംഗപ്പലകയാണ് ലയണൽ സ്‌കലോണിക്ക്. താരങ്ങൾ കരുക്കളും. ഓരോ നീക്കവും സസൂക്ഷ്മം. കളത്തിൽ കവിത രചിക്കാൻ പഠിപ്പിക്കാത്ത പരിശീലകൻ. വിജയ ദാഹത്തിനപ്പുറം ഒന്നിനും സ്ഥാനം നൽകാത്ത തന്ത്രജ്ഞൻ. എതിരാളിയുടെ മനസ്സിന്റെ ഉള്ളറയിലെ ചെപ്പിൽ സൂക്ഷിച്ചിരിക്കുന്ന ഏത് തന്ത്രത്തെയും ഗണിച്ചറിയുന്ന മാന്ത്രികൻ. സാക്ഷാൽ മറഡോണയ്ക്കും ജോർജ് സാംപോളിക്കും കഴിയാതെ പോയത് ആശാൻ ലയണൽ സ്‌കലോണി ഖത്തറിൽ സാധ്യമാക്കിയിരിക്കുന്നു.

കഴിഞ്ഞ നാലുവർഷംകൊണ്ട് ലയണൽ സ്‌കലോണി പാകപ്പെടുത്തിയെടുത്ത മെസ്സി ആർമിയാണ് ഖത്തർ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ കീഴടക്കി കിരീടത്തിൽ മുത്തമിടാൻ അർജന്റീനയ്ക്ക് വഴിയൊരുക്കിയത്. 2014ലും 2018ലും പന്തുതട്ടിയ അർജന്റീനയിൽ നിന്നും ഈ ടീമിനൊരു മാറ്റമുണ്ടെങ്കിൽ ടച്ച് ലൈനിന് പുറത്ത് കൈകൾ കെട്ടി ടെക്‌നിക്കൽ ഏരിയയുടെ രണ്ടറ്റത്തും ആഞ്ഞു നടക്കുന്ന സ്‌കലോണി എന്ന പരിശീലകന്റെ കൂർമബുദ്ധിയാണ്. തിരിച്ചടികളും പ്രതിസന്ധികളും മുന്നിലെത്തുമ്പോൾ കളമറിഞ്ഞ് പരിഹാരം കണ്ടെത്തുന്നതാണ് സ്‌കലോണിയുടെ ശൈലി. അല്ലെങ്കിൽ ഖത്തറിലെ കളി മൈതാനത്ത് ഈ മുൻ അർജന്റീന താരം എന്നേ പകച്ചുപോയേനെ.



പകരക്കാരനായെത്തി, സ്ഥിരം പരിശീലകനായി മാറിയ സ്‌കലോണി ലോകകപ്പിനുള്ള ടീമിനെ കണ്ടെത്തിയതിൽ തുടങ്ങുന്നു സൂക്ഷ്മത. എന്നും ആശങ്കനിറയുന്ന അർജന്റൈൻ ഗോൾമുഖത്തേക്ക് കണ്ണടച്ച് വിശ്വസിക്കാവുന്ന എമിലിയാനോ മാർട്ടിനസിനെ കണ്ടെത്തി. പരീക്ഷിച്ച് നിരീക്ഷിച്ച് പ്രതിരോധനിരയുടെ പണിക്കുറ്റം തീർത്തു. മെസിയുടെ കാവൽക്കാരും ചിറകുകളുമാവാൻ ശേഷിയുള്ളവരെ മധ്യനിരയിലും മുന്നിലും വാർത്തെടുത്തു. ആദ്യം കോപ്പയിൽ. ഇപ്പോഴിതാ ലോകകപ്പിലും.

2014ലെ ബ്രസീൽ ലോകകപ്പിൽ ജർമ്മനിക്ക് മുന്നിൽ പൊരുതിവീണ അർജന്റീനയ്ക്ക് റഷ്യൻ ലോകകപ്പിൽ കഴിഞ്ഞ തവണ പ്രീക്വാർട്ടറിൽ ഫ്രാൻസിനോട് പരാജയപ്പെട്ട് പുറത്താകാനായിരുന്നു വിധി. 2018 ലോകകപ്പിൽ ടീമിനെ ഒരുക്കിയ മുൻ കോച്ച് ജോർജ് സാംപോളിയുടെ സംഘത്തിലെ പ്രധാനിയായിരുന്നു സ്‌കലോണി. ഫ്രാൻസിനോട് പ്രീക്വാർട്ടറിൽ തോറ്റതോടെ സാംപോളിയുടെ തൊപ്പി തെറിച്ചു. സഹപരിശീലകരായ സ്‌കലോണിയെയും പാബ്ലോ ഐമറെയും താൽക്കാലിക ചുമതലയേൽപ്പിച്ചു. സ്‌കലോണിയുടെ തുടക്കം നന്നായിരുന്നില്ല.

ജോർജ് സാംപോളിയെന്ന പരിശീലകനു കീഴിൽ അർജന്റീന 2018 ലോകപ്പിൽ അതിദയനീയമായി തകർന്നടിഞ്ഞതിനു രണ്ടു മാസങ്ങൾക്കു ശേഷം ലയണൽ സ്‌കലോണിയെ ടീമിന്റെ താൽക്കാലിക പരിശീലകനായി നിയമിക്കുമ്പോൾ കടുത്ത അർജന്റീന ആരാധകർക്കു പോലും ആ തീരുമാനത്തിൽ സംശയങ്ങൾ ഏറെയായിരുന്നു.



അർജന്റീന അണ്ടർ17 ടീമിനെ പരിശീലിപ്പിച്ചതിന്റെ മാത്രം അനുഭവജ്ഞാനമുള്ള ഒരാൾക്ക് തകർച്ചയുടെ അങ്ങേത്തലക്കൽ നിൽക്കുന്ന ലയണൽ മെസിയടക്കമുള്ള താരനിരയെ എങ്ങിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ കഴിയുമെന്ന ചോദ്യം വ്യാപകമായി ഉയർന്നു. ആ ചോദ്യമുയർത്തിയവരിൽ അർജന്റീനിയൻ ഫുഡ്ബോൾ ഇതിഹാസം മറഡോണയും ഉൾപ്പെട്ടിരുന്നു.

'സ്‌കലോണി നല്ല മനുഷ്യനാണ്. എന്നാൽ, ഒരു ട്രാഫിക് നിയന്ത്രിച്ചുപോലും അയാൾക്ക് പരിചയമില്ല. അങ്ങനെയൊരാളുടെ കൈകളിലേക്ക് നമ്മളെങ്ങനെയാണ് നമ്മുടെ ദേശീയ ടീമിനെ ഏൽപിക്കുക? നമ്മൾക്കെല്ലാവർക്കും ഭ്രാന്തായോ?'- 2018ൽ ജോർജ് സാംപോളിയുടെ പകരക്കാരനായി ലയണൽ സ്‌കലോണിയെന്ന 40കാരനെ നിയമിക്കുമ്പോൾ ഡീഗോ മറഡോണ ഉന്നയിച്ച വിമർശനമിതായിരുന്നു.

ഡീഗോ മാത്രമല്ല, അർജന്റീന ഫുട്ബോൾ ഫെഡറേഷൻ അംഗങ്ങളും മുൻതാരങ്ങളും നാട്ടുകാരും മാധ്യമങ്ങളുമെല്ലാം അന്ന് ആ തീരുമാനത്തെ വിമർശിച്ചു. ലയണൽ മെസിയുടെ ആരാധനാപാത്രമായ പാബ്ലോ അയ്മറെ ഒപ്പം നിർത്തി അർജന്റീനിയൻ ഫുട്ബോളിൽ ഒരു വിപ്ലവമാറ്റത്തിനാണ് സ്‌കലോണി ഒരുങ്ങുന്നതെന്ന് അന്നാരും ചിന്തിച്ചു കാണില്ല. ഗ്വാട്ടിമാലക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ തുടങ്ങി 2019 ജൂണിലെ കോപ്പ അമേരിക്ക ടൂർണമെന്റ് വരെ ഒൻപതു മത്സരങ്ങളിൽ നിരവധി താരങ്ങളെ മാറ്റി മാറ്റി പരീക്ഷിച്ചു കൊണ്ട് സ്‌ക്വാഡിനെ ഇറക്കിയ സ്‌കലോണി അതിലാകെ രണ്ടെണ്ണത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്. ഇതിലെ ആദ്യ ആറു മത്സരങ്ങളിൽ ലയണൽ മെസി കളിച്ചിട്ടില്ലെന്നതും എടുത്തു പറയേണ്ടതുണ്ട്.



അർജന്റീന ടീമിനൊപ്പം ലയണൽ സ്‌കലോണിയുടെ ആദ്യത്തെ പരീക്ഷയായിരുന്നു 2019ൽ ബ്രസീലിൽ വെച്ചു നടന്ന കോപ്പ അമേരിക്ക. കൊളംബിയക്കെതിരെ തോൽവിയോടെ തുടങ്ങിയ ടീം ഗ്രൂപ്പിലെ മറ്റു മത്സരങ്ങളിൽ ഒരു ജയവും സമനിലയും നേടി ക്വാർട്ടറിലെത്തി. അവിടെ വെനസ്വലയേയും കീഴടക്കിയ ടീമിന് സെമിയിൽ എതിരാളികളായി ഉണ്ടായിരുന്നത് മികച്ച ഫോമിൽ കളിച്ചിരുന്ന ബ്രസീലായിരുന്നു. താരങ്ങളെ മാറ്റിമാറ്റി പരീക്ഷിച്ച ഒരു ഘട്ടത്തിന് ശേഷം സന്തുലിതമായൊരു ടീമില്ലാതെ ടൂർണമെന്റിനെത്തിയ അർജന്റീനക്ക് ബ്രസീലിന്റെ വെല്ലുവിളിയെ മറികടക്കാൻ കഴിഞ്ഞില്ല. എങ്കിലും ലൂസേഴ്സ് ഫൈനലിൽ ചിലിയെ കീഴടക്കി മൂന്നാം സ്ഥാനം അവർ നേടി.

ആ ടൂർണമെന്റിനു ശേഷം സ്‌കലോണിയെ ടീമിന്റെ പ്രധാന പരിശീലകനായി അർജന്റീന നിയമിച്ചു. അവിടെ നിന്നുമാണ് ലയണൽ സ്‌കലോണി യുഗം തുടങ്ങുന്നതെന്നു വേണമെങ്കിൽ പറയാം. അർജന്റീന ലീഗിൽ നിന്നും സ്‌കലോണി കണ്ടെടുത്ത പല താരങ്ങളും അപ്പോഴേക്കും യൂറോപ്പിലെ ക്ലബുകളിൽ എത്തിയിരുന്നു. അവരിൽ പലരെയും നിലനിർത്തിയും തന്റെ പദ്ധതിക്ക് അനുയോജ്യരല്ലാത്തവരെ ഒഴിവാക്കിയും ലയണൽ മെസിയെ കേന്ദ്രമാക്കി ഒരു മികച്ച ഇലവനെ സൃഷ്ടിക്കാൻ അദ്ദേഹം ശ്രമിക്കുകയായിരുന്നു. ഇന്റർനാഷണൽ ഫ്രൻഡ്ലിയും ലോകകപ്പ് യോഗ്യത മത്സരവുമെല്ലാം അതിനു വേണ്ട അങ്കത്തട്ടാക്കി മാറ്റി സ്‌കലോണി പരീക്ഷണങ്ങൾ തുടരുമ്പോഴും ആ മത്സരങ്ങളിൽ ഒരെണ്ണം പോലും അർജന്റീന തോറ്റിരുന്നില്ല.



2021 ൽ ബ്രസീൽ വെച്ചു തന്നെ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിലാണ് താൻ തേച്ചു മിനുക്കിയെടുത്ത പദ്ധതികൾ സ്‌കലോണി ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. ചിലിക്കെതിരെ സമനിലയോടെയാണ് തുടങ്ങിയതെങ്കിലും അതിനു ശേഷം നടന്ന എല്ലാ മത്സരത്തിലും വിജയം നേടി ഒടുവിൽ ബ്രസീലിന്റെ മണ്ണിൽ അവരെത്തന്നെ കീഴടക്കി അർജന്റീന കിരീടം ചൂടി.

28 വർഷങ്ങൾക്കു ശേഷം അർജന്റീനയുടെ ആദ്യ ലോകകിരീടം, ലയണൽ മെസിയുടെ കരിയറിലെ ആദ്യ രാജ്യാന്തര കിരീടം. ടൂർണമെന്റിൽ ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും സ്വന്തമാക്കിയ ലയണൽ മെസിയിലേക്ക് എല്ലാ ശ്രദ്ധയും നിറയുന്നതിനൊപ്പം ഇതിനു വേണ്ട തന്ത്രങ്ങൾ മെനഞ്ഞ സ്‌കലോണിയേയും ലോകം കൂടുതൽ മനസിലാക്കാൻ തുടങ്ങിയിരുന്നു.

കോപ്പ അമേരിക്ക കിരീടത്തോടെ ആത്മവിശ്വാസത്തിന്റെ നിറുകയിലെത്തിയ അർജന്റീന വീണ്ടും അപരാജിത കുതിപ്പു തുടർന്നു. അതിനിടയിൽ യൂറോ കപ്പ് നേടിയ ഇറ്റലിയെ 2022 ജൂണിൽ കീഴടക്കി ലാ ഫൈനലിസിമ കിരീടവും അവർ നേടി. ഒരു വർഷത്തിനുള്ളിൽ അർജന്റീന നേടുന്ന രണ്ടാമത്തെ കിരീടം. നവംബറിൽ ലോകകപ്പിനായി എത്തുമ്പോൾ 2019ലെ കോപ്പ അമേരിക്ക ലൂസേഴ്സ് ഫൈനലിൽ ചിലിയോടു വിജയം നേടിയതിൽ തുടങ്ങി 36 മത്സരങ്ങളാണ് അർജന്റീന അപരാജിതരായി പൂർത്തിയാക്കിയത്. ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങൾ തോൽവിയറിയാതെ പൂർത്തിയാക്കിയ രണ്ടാമത്തെ ടീം.



56 കളിയിൽ 37 ജയവും 14 സമനിലയുമായി 66.07 ശതമാനം വിജയ ശരാശരി. കോപ അമേരിക്കയിലെ കിരീട മുത്തം.. അങ്ങനെ ഒരുപിടി നേട്ടങ്ങൾ ഇതിനകം സ്‌കലോണിയുടെ തലപ്പാവിൽ തുന്നിച്ചേർന്നു.
മെസിയെ തളച്ചാൽ അർജന്റീനയെ വീഴ്‌ത്താമെന്ന പൊതുരീതി മാറ്റിയെഴുതിയതാണ് അർജന്റീനൻ കോച്ച് ലയണൽ സ്‌കലോണിയുടെ വിജയം. മെസിക്കുള്ള പ്രാധാന്യം കുറയ്ക്കാതെ താരത്തിന് ബോക്സിനരികിലായി കൂടുതൽ സ്വാതന്ത്ര്യം നൽകിയും മധ്യനിരയിൽ റോഡ്രിഗോ ഡി പോളിന് നിർണായകസ്ഥാനം നൽകിയും സ്‌കലോണി അർജന്റീനയുടെ കളിശൈലി മാറ്റിയെഴുതി.

ഡി പോളിനൊപ്പം മധ്യനിരയിലെ പ്രധാനിയായിരുന്ന ജിയോവാനി ലൊ സെൽസോ പരിക്കുമൂലം ലോകകപ്പ് ടീമിൽനിന്ന് പുറത്തായിട്ടും സ്‌കലോണി തളർന്നില്ല. എയ്ഞ്ചൽ ഡി മരിയ, ജൂലിയൻ അൽവാരെസ്, ലിയാൻഡ്രോ പരദെസ്, മക് അലിസ്റ്റർ, എൺസോ ഫെർണാണ്ടസ് എന്നിവരെ ടീമിന് ആവശ്യമുള്ളപ്പോഴൊക്കെ കൃത്യമായി ഉപയോഗപ്പെടുത്തിയാണ് സ്‌കലോണിയുടെ നേതൃത്വത്തിൽ അർജന്റീനയുടെ കുതിപ്പ്. പ്രതിരോധത്തിൽ യുവതാരം ക്രിസ്റ്റ്യൻ റൊമേറോയുടെ സാന്നിധ്യവും ടീമിന് കരുത്താണ്.

ലയണൽ മെസ്സിയെന്ന അച്ചുതണ്ടിനെ ചുറ്റിപ്പറ്റി ഒന്നര പതിറ്റാണ്ടോളമായി കറങ്ങുന്ന അർജന്റീനയുടെ കളിതന്ത്രങ്ങളെ ആദ്യം തന്നെ മാറ്റിമറിക്കുകയാണ് സ്‌കലോണി ചെയ്തത്. മെസിയെ കേന്ദ്രീകരിച്ച അർജന്റീനയെ ഒരു ടീമായി മാറ്റിയെടുത്തവൻ എന്ന് ഒറ്റവാക്കിൽ ലയണൽ സ്‌കലോണിയെ വിശേഷിപ്പിക്കാം. കിരീടങ്ങളും വിജയങ്ങളും ഗോളുകളും എന്ന അമിതഭാരം താങ്ങാനാവാതെ ലയണൽ മെസ്സിയുടെ ബൂട്ടുകൾ തളരുമ്പോൾ വൻ വിജയങ്ങൾക്കരികിൽ അർജന്റീന വീണുപോവുന്നതായിരുന്നു കഴിഞ്ഞ കാലങ്ങളിൽ ആരാധകർ ഏറെയും കണ്ട കാഴ്ചകൾ.

എന്നാൽ, ഇന്ന് മെസ്സിയെന്ന സൂപ്പർ താരത്തിന് അതിഭാരമില്ലാത്തൊരു ഗെയിംപ്ലാൻ അർജന്റീനക്കുണ്ട്. നായകന് വേണ്ടി മരണംവരിക്കാൻ തയാറായ ഒരു കളിസംഘം ഒപ്പമുണ്ട്. ഗോൾ വലക്കുകീഴിൽ 'പത്തു'കൈകളും വീശുന്ന എമിലിയാനോ മാർട്ടിനസ് എന്ന ഗോൾകീപ്പർ. പ്രതിരോധത്തിൽ ചോരചിന്തി വലകാക്കാൻ ശരീരം സമർപ്പിച്ച നികോളസ് ഒട്ടമെൻഡിയും ക്രിസ്റ്റ്യൻ റൊമീറോയും.

മധ്യനിരയിൽ ദ്രുതചലനങ്ങളുമായി എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, മക് അലിസ്റ്റർ എന്നിവരടങ്ങിയ പോരാളികൾ. മുന്നേറ്റത്തിൽ അർധാവസരങ്ങൾ ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ ഗോളാക്കാൻ യൂലിയൻ അൽവാരസ്. അവരുടെയെല്ലാം ബിഗ് ബോസായി ലയണൽ മെസ്സിയെന്ന മാന്ത്രികനും. എയ്ഞ്ചൽ ഡി മരിയയും ലതുരോ മാർട്ടിനസും പൗലോ ഡിബാലയുമെല്ലാം ഈ സംഘത്തിന്റെ ബോണസ് പോയന്റുകളാണ്.

ലയണൽ മെസ്സിയെ ചേർത്ത് ലോകകപ്പിലേക്ക് താനൊരുക്കിയ കർമപദ്ധതിയിൽ മുമ്പനായിരുന്ന ജിയോവനി ലോ സെൽസോയെന്ന താരം വിശ്വമേളക്ക് പന്തുരുളാൻ ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെ പരിക്കേറ്റ് പുറത്തായപ്പോൾ ആരാധക ലോകം പകച്ചുപോയതാണ്. കോപ അമേരിക്ക കിരീട നേട്ടവും, അതിന് മുമ്പും പിന്നെയുമുള്ള വിജയ യാത്രകളുമായി മെസ്സിപ്പടയുടെ മധ്യനിരയിൽ നെടുന്തൂണായിരുന്ന ലോസെൽസോ വീണപ്പോൾ എൻസോ ഫെർണാണ്ടസിനെ അവതരിപ്പിച്ച് ആ വലിയ വീഴ്ച നികത്തി.

ദേശീയ ടീമിലെ മികച്ച ട്രാക്ക് റെക്കോഡുകളുമായി ലോകകപ്പിന് ബൂട്ടുകെട്ടാനെത്തിയ ലൗതാരോ മാർട്ടിനസ് ആദ്യ രണ്ട് കളിയിലും നിറം മങ്ങിയതിനു പിന്നാലെ, പകരക്കാരനായിറങ്ങിയ യൂലിയൻ അൽവാരസ് എന്ന 22കാരൻ ലോകമെങ്ങുമുള്ള ആരാധകരുടെ പ്രതീക്ഷകളായി മാറുന്നു. വിങ്ങിലൂടെ 'മറഡോണിയൻ' അസിസ്റ്റ് നീക്കവുമായി ലയണൽ മെസ്സി പന്തുമായെത്തുമ്പോൾ ബാഴ്‌സലോണയിൽ ഫിനിഷറുടെ കുപ്പായത്തിൽ കാത്തിരിക്കുന്ന ലൂയി സുവാരസിനെയും നെയ്മറെയും പോലെ ഏതാനും മത്സരങ്ങളുടെ പരിചയ സമ്പത്തുമായി മെസ്സിയുടെ മനസ്സറിഞ്ഞ് അൽവാരസ് പന്ത് വലയിലെത്തിക്കാനുണ്ടാവുന്നു.

ടെക്‌നികൽ ഏരിയയിൽ നിന്നും ലയണൽ സ്‌കലോണി തലയിൽ വരച്ചിടുന്ന നീക്കങ്ങൾ മെസ്സിയും ഒടമെൻഡിയും റോഡ്രിഗോ ഡി പോളും കളത്തിൽ കുറിച്ചിടുന്നുവെന്നാണ് ഈ ലോകകപ്പ് അർജന്റീന ആരാധകർക്ക് നൽകുന്ന ഏറ്റവും വലിയ സന്തോഷം.അറ്റാക്കിങ് മൈൻഡുള്ള അഞ്ച് മധ്യനിരക്കാർ മുന്നേറുമ്പോൾ മൈതാന മധ്യത്ത് ഒറ്റപ്പെടുന്ന 2010 ലോകകപ്പിലെ ഹാവിയർ മഷറാനോയിൽ നിന്നും, സ്‌കലോണി നാല് മധ്യനിരക്കാരുടെയും മനസ്സ് പാകപ്പെടുത്തിയത് ഡിഫൻസീവ് മൈൻഡ് ഗെയിമിലാണ്.

ഈ തന്ത്രം, ലൂക്കാ മോഡ്രിചിനെയും, ഫ്രെങ്കി ഡിയോങ്ങിനെയും, പീറ്റർ സിലിൻസ്‌കിയെയും പോലെ ക്രിയേറ്റിവ് മിഡ്ഫീൽഡർമാരുടെ ബൂട്ടുകൾക്ക് പൂട്ടൊരുക്കാനും സഹായിക്കുന്നു. കളിക്കളത്തിലെ ഒമ്പത് പേർ പന്തിൽ നിയന്ത്രണം സ്ഥാപിച്ച് കളിക്കുമ്പോൾ, ഗോളടിക്കാനുള്ള ചുമതല രണ്ടുപേരിലേക്ക് സമർപ്പിച്ച് കളിമെനയുന്ന സ്‌കലോണിയാണ് ഖത്തറിന്റെ മണ്ണിൽ അന്തിമ വിജയം സ്ഥാപിക്കുന്നത്. പ്രതിരോധാത്മക ശൈലികൊണ്ട് കിരീട പടിവാതിൽ ടീമിനെയെത്തിച്ച ഇഷ്ടക്കാരുടെ 'ലാ സ്‌കലോനെറ്റ' ഇപ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞു.

ലോകകപ്പ് കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നായി ഖത്തറിലെത്തിയ അർജന്റീനക്ക് അമിതമായ ആത്മവിശ്വാസം തിരിച്ചടി നൽകുന്നതാണ് ആദ്യ മത്സരത്തിൽ സൗദിക്കെതിരെ കണ്ടത്. എന്നാൽ സ്‌കലോണിയെന്ന പരിശീലകൻ വ്യത്യസ്തനായത് അവിടെയാണ്. തന്റെ പിഴവുകളെ കൃത്യമായി തിരിച്ചറിഞ്ഞ അദ്ദേഹം പിന്നീടുള്ള മത്സരങ്ങളിൽ അതിനെ തിരുത്തുന്ന കാഴ്ച നമ്മൾ കണ്ടു. ആദ്യ പകുതിയിൽ ശ്രദ്ധാപൂർവ്വം കളിച്ച് രണ്ടാം പകുതിയിൽ പൊടുന്നനെ തന്ത്രങ്ങൾ മാറ്റി ആഞ്ഞടിച്ച് ഗോളുകൾ നേടി വിജയം കുറിക്കുന്ന അർജന്റീനയെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ രണ്ടു മത്സരത്തിൽ കണ്ടത്.



ഓസ്ട്രേലിയക്കെതിരായ മത്സരവും സ്‌കലോണിയുടെ മാസ്റ്റർ ക്ലാസ് തന്നെയായിരുന്നു. അരമണിക്കൂറോളം പാറപോലെ ഉറച്ചു നിന്ന ഓസ്ട്രേലിയൻ ടീമിനെ ഇങ്ങോട്ട് ആക്രമണങ്ങൾ നടത്താൻ ക്ഷണിച്ച് പഴുതുകൾ തുറന്നെടുത്ത് ഗോൾ നേടുകയും, അതിനു ശേഷം പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്തിയും പന്തിന്മേലുള്ള ആധിപത്യം നിലനിർത്തിയും മത്സരം സ്വന്തമാക്കുകയാണ് അർജന്റീന ചെയ്തത്.

എതിരാളിയുടെ തന്ത്രംമുൻകൂട്ടി കണ്ടായിരുന്നു സ്‌കലോണി ഓരോ പോരിലും അർജന്റീനയെ വിന്യസിച്ചത്. അവസാന മൂന്ന് കളിയിലെ വ്യത്യസ്ത ഫോർമേഷനുകൾതന്നെ വ്യക്തമാക്കും സ്‌കലോണിയുടെ സൂക്ഷ്മത. 4-3-3 ഫോർമേഷനാണ് പ്രിയം. ക്വാർട്ടറിൽ നെതർലൻഡ്‌സിന്റെ ആക്രമണങ്ങൾ ചെറുക്കാൻ എമിലിയാനോ മാർട്ടിനസിന് മുന്നിൽ അഞ്ചുപേരെ കാവലിനിട്ടു. മധ്യനിരയിൽ മൂന്നും മുന്നേറ്റത്തിൽ മെസ്സിയും ജൂലിയൻ അൽവാരസും.

ക്രോയേഷ്യക്കെതിരെ സെമിയിലേക്ക് എത്തിയപ്പോൾ കളിരീതി വീണ്ടും മാറി. ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രോയേഷ്യൻ മധ്യനിരയുടെ താളംതെറ്റിക്കാൻ 4-4-2 ഫോർമേഷനിലായി അർജന്റീനയുടെ കളി. ആക്രമണത്തെക്കാൾ പ്രത്യാക്രമണത്തിൽ ശ്രദ്ധയൂന്നി. ബ്രസീലിന് പറ്റിയ പിഴവ് തങ്ങൾക്കുണ്ടാകരുതെന്ന് ആദ്യമേ ഉറപ്പിച്ചു. ആക്രമണത്തിന് അധികം ഊന്നൽ നൽകാത്ത മധ്യനിരയിൽ ആളെക്കൂട്ടി 4-4-2 എന്ന ശൈലിയിൽ നീലവെള്ളക്കുപ്പായക്കാർ കളത്തിലേക്ക്. സസ്പെൻഷനിലായ അക്യൂനയ്ക്ക് പകരം ടാഗ്ലിയാഫിക്കോ. ലിസാൻഡ്രോ മാർട്ടിനെസിന് പകരമെത്തിയത് പരേഡസ്. നയം വ്യക്തമായിരുന്നു.

തുടക്കത്തിൽ അനായാസം മുന്നേറിയ ക്രൊയേഷ്യയെ ആളെണ്ണം കൊണ്ട് അർജന്റീന നേരിട്ടു. ക്രമേണ മധ്യനിരയിൽ ലൂക്കാ മോഡ്രിച്ചിന് പിടിവീണു. മോഡ്രിച്ചിന്റെ പാസുകൾ കൃത്യമായി താരങ്ങളിലേക്ക് എത്താതെയായി. പന്ത് അധികനേരം കിട്ടില്ലെന്ന് അറിയാവുന്ന സ്‌കലോണി ലോങ് ബോളുകളും വേഗമേറിയ കൗണ്ടർ അറ്റാക്കുകളും വേണമെന്ന് ശിഷ്യന്മാരെ നേരത്തെ പഠിപ്പിച്ചിരുന്നു. കുട്ടികൾ അത് കൃത്യമായി നടപ്പിലാക്കി. തുടരെ വീണ രണ്ട് ഗോളുകൾ. പിന്നാലെ എണ്ണം തികച്ച് മൂന്നാം ഗോളും.

കലാശപ്പോരിലും വ്യത്യസ്തമായ തന്ത്രമാണ് സ്‌കലോണി നടപ്പാക്കിയത്. ഏയ്ഞ്ചൽ ഡി മരിയ അർജന്റീനയുടെ സ്റ്റാർട്ടിങ് ഇലവനിലെത്തി. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിന് കൂടി ഊന്നൽ നൽകി 4-4-2 ശൈലിയിലാണ് അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി ടീമിനെ വിന്യസിച്ചത്. അത് മത്സരത്തിൽ പ്രതിഫലിക്കുകയും ചെയ്തു. ആദ്യ പെനാൽറ്റി വഴിവച്ചതും രണ്ടാമത്തെ ഗോൾ നേടിയതും ഡി മരിയയുടെ തിരിച്ചുവരവായിരുന്നു.

എമിലിയാനോ മാർട്ടിനെസ് ഒരിക്കൽകൂടി വന്മതിൽ തീർത്തപ്പോൾ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിൽ ഫ്രാൻസ് വീണു. മൊളിന, റെേോമാ, ഒട്ടമെൻഡി, അക്യുന എന്നിവർ അണിനിരക്കുമ്പോൾ മധ്യനിരയിൽ ഡി മരിയ, ഡി പോൾ, എൻസോ ഫെർണാണ്ടസ്, മക് അലിസ്റ്റർ എന്നിവരെ അണിനിരത്തിയും വിജയത്തിൽ നിർണായകമായി,.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP