Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പമ്പോ... എന്തൊരു എംബാപ്പെ..! മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് തിളക്കത്തിൽ കിലിയൻ എംബാപ്പെ; എതിർവലയിൽ അടിച്ചു കയറ്റിയത് എട്ട് ഗോളുകൾ; മിശിഹയുടെ കൈകളിലേക്ക് ലോകകപ്പ് എത്തുന്നത് വൈകിച്ചത് എംബാപ്പെയുടെ ഹാട്രിക്ക് തിളക്കം; മെസ്സി കപ്പെടുക്കുമ്പോഴും വീരനായകനായി മാറി ഫ്രഞ്ച് താരം

അമ്പമ്പോ... എന്തൊരു എംബാപ്പെ..! മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് തിളക്കത്തിൽ കിലിയൻ എംബാപ്പെ; എതിർവലയിൽ അടിച്ചു കയറ്റിയത് എട്ട് ഗോളുകൾ; മിശിഹയുടെ കൈകളിലേക്ക് ലോകകപ്പ് എത്തുന്നത് വൈകിച്ചത് എംബാപ്പെയുടെ ഹാട്രിക്ക് തിളക്കം; മെസ്സി കപ്പെടുക്കുമ്പോഴും വീരനായകനായി മാറി ഫ്രഞ്ച് താരം

സ്പോർട്സ് ഡെസ്ക്

ദോഹ: ലോക കപ്പ് ഫുട്‌ബോളിന്റെ ഒന്നാം പകുതി കഴിയുമ്പോൾ വിജയിച്ചു എന്ന പ്രതീതിയിലായിരുന്നു അർജന്റീന. എന്നാൽ, രണ്ടാം പകുതിയിൽ ആയിരുന്നു ഫ്രഞ്ച് വിപ്ലവം. രണ്ടാം പകുതിയിൽ മിശിഹയെ കടത്തിവെട്ടുന്ന പ്രകടനവുമായി കിലിയൻ എംബാപ്പെ എന്ന 23കാരൻ മികച്ചു നിന്നു. ഒടുവിൽ, മെസിയുടെ കൈകളിലക്ക് കപ്പ് ത്തുന്നത് വൈകിച്ചത് ഈ ഒറ്റയാനായിരുന്നു.

ലോകകപ്പിന്റെ കലാശക്കളിയിൽ അർജന്റീനയോട് പൊരുതിത്തോറ്റെങ്കിലും ഹാട്രിക്കിലൂടെ ടീമിനെ ഷൂട്ടൗട്ട് വരെ എത്തിച്ച ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ലോകകപ്പിൽ എട്ട് ഗോളുകൾ എതിർവലയിൽ അടിച്ചുകയറ്റിയാണ് ടോപ്‌സ്‌കോറർക്കുള്ള അംഗീകാരം സ്വന്തമാക്കിയത്. ഫൈനൽ വരെ അഞ്ച് ഗോളുമായി ഇതിഹാസ താരം ലയണൽ മെസ്സിക്കൊപ്പമായിരുന്നു എംബാപ്പെ.

കലാശക്കളിയിൽ പെനാൽറ്റിയിലൂടെ അർജന്റീനക്കായി ആദ്യ ഗോൾ നേടിയതോടെ മെസ്സി ഒരടി മുന്നിലായി. എന്നാൽ, പെനാൽറ്റിയിലൂടെ ഒന്നും അത്യുജ്വലമായി മറ്റൊന്നും നേടി എംബാപ്പെ ഒറ്റക്ക് മുന്നിലെത്തി. എക്‌സ്ട്രാ ടൈമിൽ മെസ്സി വീണ്ടും ഗോളടിച്ചതോടെ വീണ്ടും ഒപ്പത്തിനൊപ്പം. എന്നാൽ, കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് എംബാപ്പെ വീണ്ടും ഒന്നാമനാവുകയായിരുന്നു. ഹാട്രിക്കാണ് ഫൈനലിൽ എംബാപ്പെ നേടിയത്.

ഇരുടീമുകളും രണ്ട് ഗോൾ വീതം നേടിയതോടെയാണ് കളി അധിക സമയത്തേയ്ക്ക് നീണ്ടത്. ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ആൽബിസെലെസ്റ്റെകൾക്ക് ഷോക് ട്രീറ്റ്മെന്റുമായാണ് ഫ്രഞ്ച് പട രണ്ടാം പകുതി അവസാനിപ്പിച്ചത്.സൂപ്പർ താരം എംബാപ്പെ രണ്ട് ഗോളുകൾ നേടി ഫ്രാൻസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 80--ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയും 81-ാം മിനുട്ടിൽ കിടിലൻ ഫിനിഷിങ്ങിലൂടെയും ബോൾ വലയിലെത്തിച്ച എംബാപ്പെ ഫ്രാൻസിന് ജീവശ്വാസം നൽകി. ആദ്യ പകുതിയിലായിരുന്നു അർജന്റീനയുടെ രണ്ട് ഗോളുകളും. മെസ്സിയും ഡിമരിയയുമാണ് ആൽബിസെലെസ്റ്റെകൾക്കായി ഗോളുകൾ നേടിയത്. കളി വിജയിച്ചുവെന്ന് അർജന്റീന ആരാധകർ ആത്മവിശ്വാസത്തിൽ നിൽക്കുന്ന സമയത്താണ് ഫ്രഞ്ച് പട ആക്രമണം നടത്തിയത്.

കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്കെതിരേ എംബാപ്പെ ഗോൾ നേടിയപ്പോൾ പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന കൗമാരക്കാരൻ എന്ന റെക്കോഡ് സ്വന്തമായിയിരുന്നു. കഴിഞ്ഞതവണ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും എംബാപ്പെ സ്വന്തമാക്കുകയുണ്ടായി. തന്റെ രണ്ടാം ലോകകപ്പിൽ അത് സുവർണ ബൂട്ടിലേക്ക് എത്തിച്ചു. ഇനി വരാനിരിക്കുന്നത് തന്റെ നാളുകളാണെന്ന് വ്യക്തമാക്കുന്നതാണ് എംബാപ്പെയുടെ നേട്ടം.

ഷൂട്ടൗട്ടിലാണ് ഫ്രഞ്ച് ദുരന്തം ഉണ്ടായത്. ഷൂട്ടൗട്ടിൽ ആദ്യ കിക്ക് എടുക്കാനെത്തിയത് ഇരു ടീമിലേയും ഏറ്റവും മികച്ച താരങ്ങൾ. ആദ്യ കിക്കുകൾ കിലിയൻ എംബാപ്പെയും ലിയോണൽ മെസിയും വലയിലെത്തിച്ചതോടെ 1-1. ഫ്രാൻസിനായുള്ള കിങ്സ്ലി കോമാന്റെ രണ്ടാം കിക്ക് എമി മാർട്ടിനസ് തടുത്തിട്ടു. പിന്നാലെ പൗലോ ഡിബാല വലകുലുക്കിയതോടെ അർജന്റീനയ്ക്ക് 2-1ന്റെ ലീഡായി. പിന്നാലെ ചൗമെനിയുടെ ഷോട്ട് പുറത്തേക്കുപോയി. അതേസമയം പരേഡെസ് ലക്ഷ്യംകണ്ടു. ഫ്രാൻസിന്റെ നാലാം കിക്ക് കോലോ മൗനി വലയിലെത്തിച്ചെങ്കിലും ഗോൺസാലോ മൊണ്ടൈലിന്റെ ഷോട്ട് അർജന്റീനയ്ക്ക് 4-2ന് ലോകകപ്പ് കിരീടം സമ്മാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP