Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൂപ്പർ ക്ലൈമാക്സിൽ അർജന്റീന! പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ മറികടന്ന് ലോകകിരീടത്തിൽ മുത്തമിട്ട് മെസിയും സംഘവും; നാല് കിക്കും വലയിലെത്തിച്ച് സ്‌കലോണിയുടെ സംഘം; ഹാട്രിക്കുമായി ഗോൾവേട്ടയിൽ മുന്നിലെത്തി എംബാപെ; അതിരുകളില്ലാത്ത ആഹ്ലാദത്തിൽ ലോകമെങ്ങുമുള്ള അർജന്റീന ആരാധകർ; നീലക്കുപ്പായക്കാർ കപ്പുയർത്തി; ഖത്തറിലെ സുൽത്താനായി 'മിശിഹ'

സൂപ്പർ ക്ലൈമാക്സിൽ അർജന്റീന! പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ മറികടന്ന് ലോകകിരീടത്തിൽ മുത്തമിട്ട് മെസിയും സംഘവും; നാല് കിക്കും വലയിലെത്തിച്ച് സ്‌കലോണിയുടെ സംഘം; ഹാട്രിക്കുമായി ഗോൾവേട്ടയിൽ മുന്നിലെത്തി എംബാപെ; അതിരുകളില്ലാത്ത ആഹ്ലാദത്തിൽ ലോകമെങ്ങുമുള്ള അർജന്റീന ആരാധകർ; നീലക്കുപ്പായക്കാർ കപ്പുയർത്തി; ഖത്തറിലെ സുൽത്താനായി 'മിശിഹ'

സ്പോർട്സ് ഡെസ്ക്

ദോഹ: ഹാട്രിക് തികച്ച് കിലിയൻ എംബാപെ. ഇരട്ട ഗോളുമായി നായകൻ ലണയൽ മെസി. ആദ്യ പകുതിയിൽ ലീഡ് ഉയർത്തിയ മിന്നും ഗോളുമായി എയ്ഞ്ചൽ ഡി മരിയ.....ലുസൈൽ സ്‌റ്റേഡിയത്തെ മുൾമുനയിൽ നിർത്തിയ സൂപ്പർ ത്രില്ലർ കലാശപ്പോരാട്ടത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ഫ്രാൻസിനെ കീഴടക്കി ലോകകിരീടത്തിൽ മുത്തമിട്ടു.

നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.36 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് അർജന്റീന ലോകകിരീടം നേടുന്നത്. 2014 ഫൈനലിൽ നഷ്ടപ്പെട്ട കിരീടം മെസിക്കായി സ്‌കലോണിയുടെ സംഘം നേടിയിരിക്കുന്നു. അർജന്റീനയയ്ക്ക് വേണ്ടി മെസ്സി ഇരട്ട ഗോൾ നേടിയപ്പോൾ എയ്ഞ്ജൽ ഡി മരിയയും വലകുലുക്കി. ഫ്രാൻസിനായി എംബാപ്പെ ഹാട്രിക്ക് നേടി.

കാൽപ്പന്തുകളിയിലെ ഇന്ദ്രജാലക്കാരൻ ലയണൽ മെസ്സിയുടെ ഐതിഹാസിക ഫുട്‌ബോൾ കരിയറിന് പൂർണത നൽകാൻ ഒരു വിശ്വകിരീടമെന്ന സ്വപ്നം ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിൽ സ്‌കലോണിയുടെ സംഘം യാഥാർഥ്യമാക്കി.



ഓരോ ഇഞ്ചിലും ആവേശം നുരഞ്ഞുപൊന്തിയ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യന്മാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്‌ത്തിയാണ് ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. ഷൂട്ടൗട്ടിൽ 4 -2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്‌ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്‌സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്



ഷൂട്ടൗട്ടിൽ അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, പൗലോ ഡിബാല, ലിയാൻഡ്രോ പരേദസ്, മോണ്ടിയാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഫ്രാൻസിനായി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ, കോളോ മുവാനി എന്നിവർ മാത്രം. ഫ്രഞ്ച് താരം കിങ്‌സ്ലി കോമന്റെ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞു. മൂന്നാം കിക്കെടുത്ത ഔറേലിയൻ ചൗമേനിയുടെ ഷോട്ട് പുറത്തുപോയി.


എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ ലയണൽ മെസ്സി നേടിയ ഗോളിന് വീണ്ടും കിലിയൻ എംബപെയിലൂടെ ഫ്രാൻസിന്റെ തകർപ്പൻ മറുപടി നൽകുകയായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ 108ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ ഗോളിന്, 118ാം മിനിറ്റിലാണ് കിലിയൻ എംബപെയിലൂടെ ഫ്രാൻസ് മറുപടി നൽകിയത്. സ്വന്തം ബോക്‌സിനുള്ളിൽ അർജന്റീന താരം മോണ്ടിയൽ പന്ത് കൈകൊണ്ട് തൊട്ടതിനു ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് എംബപെ ഫ്രാൻസിനെ വീണ്ടം ഒപ്പമെത്തിച്ചത്. ഇതോടെ എംബപെ ഹാട്രിക്കും തികച്ചു.



ഖത്തർ ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ ലയണൽ മെസ്സിയെ മറികടന്ന് എട്ടു ഗോളുമായി വീണ്ടും ഒന്നാമതെത്താനും എംബപെയ്ക്കായി. മത്സരത്തിൽ അർജന്റീനയുടെ മറ്റു ഗോളുകൾ ലയണൽ മെസ്സി (23ാം മിനിറ്റ്), എയ്ഞ്ചൽ ഡി മരിയ (36ാം മിനിറ്റ്) എന്നിവർ നേടി. എംബപെയുടെ മറ്റു ഗോളുകൾ 80 (പെനൽറ്റി), 81 മിനിറ്റുകളിലായിരുന്നു. മത്സരം വീണ്ടും സമനിലയിലായതോടെ വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് അനിവാര്യമാവുകയായിരുന്നു.

ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതി രണ്ട് ഗോളിന് മുന്നിട്ട് നിന്ന അർജന്റീനയ്ക്കെതിരേ രണ്ടാം പകുതിയിൽ രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ തിരിച്ചടിച്ചാണ് ഫ്രാൻസ് സമനില പിടിച്ചത്. സൂപ്പർതാരം കിലിയൻ എംബാപ്പെയാണ് ടീമിനായി ഇരട്ട ഗോളുകൾ നേടി ഒപ്പമെത്തിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും തുല്യത പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.



രണ്ടു മിനിറ്റിനിടെ ഇരട്ടഗോളുമായി കിലിയൻ എംബപെ തിരിച്ചടിച്ചതോടെ കലാശപ്പോരാട്ടത്തിൽ അർജന്റീനയ്ക്കെതിരെ ഫ്രാൻസ് ഒപ്പമെത്തി. ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്ന അർജന്റീനയ്ക്കെതിരെ 80, 81 മിനിറ്റുകളിലായിരുന്നു എംബപെയിലൂടെ ഫ്രാൻസിന്റെ മറുപടി ഗോളുകൾ. ഇതിൽ ആദ്യ ഗോൾ പെനൽറ്റിയിൽനിന്നായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിനുശേഷം ആദ്യമായി അർജന്റീനയുടെ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവിൽ മിന്നും പ്രകടനം പുറത്തെടുത്ത എയ്ഞ്ചൽ ഡി മരിയയുടെ മികവിലാണ് അർജന്റീന ആദ്യപകുതിയിൽ ലീഡു നേടിയത്. ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിനു വഴിയൊരുക്കിയും, പിന്നാലെ രണ്ടാം ഗോൾ നേടിയുമാണ് മരിയ തിളങ്ങിയത്. 



മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അർജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. മൂന്നാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ഗോൾശ്രമം നടത്തിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗുയർത്തി. അഞ്ചാം മിനിറ്റിൽ അർജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രൻ ലോങ്റേഞ്ചർ ഫ്രാൻസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് കൈയിലാക്കി. ഒൻപതാം മിനിറ്റിൽ മത്സരത്തിലെ ആദ്യ കോർണർ അർജന്റീന നേടിയെടുത്തു. പക്ഷേ അത് ഗോളവസരമാക്കാൻ അർജന്റീനയ്ക്ക് സാധിച്ചില്ല. 17-ാം മിനിറ്റിൽ മെസ്സി നൽകിയ പാസ് സ്വീകരിച്ച എയ്ഞ്ജൽ ഡി മരിയയ്ക്ക് ഓപ്പൺ ചാൻസ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 20-ാം മിനിറ്റിൽ ഫ്രാൻസിന് സുവർണാവസരം ലഭിച്ചു. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിന് ജിറൂഡ് ഉയർന്നുചാടി ഹെഡ്ഡ് ചെയ്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

21-ാം മിനിറ്റിൽ ബോക്സിനകത്തേക്ക് കുതിച്ച എയ്ഞ്ജൽ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്‌ത്തിയതിനെത്തുടർന്ന് അർജന്റീനയ്ക്ക് റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്തത് മറ്റാരുമല്ല സൂപ്പർ താരം ലയണൽ മെസ്സി. 23-ാം മിനിറ്റിൽ കിക്കെടുത്ത അർജന്റീന നായകന് തെറ്റിയില്ല. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസ്സി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റിയപ്പോൾ ലുസെയ്ൽ സ്റ്റേഡിയം ആർത്തുലച്ചു. മെസ്സിയുടെ ടൂർണമെന്റിലെ ആറാം ഗോൾ കൂടിയാണിത്. ഗോളടിച്ച ശേഷവും അർജന്റീന ആക്രമിച്ച് തന്നെയാണ് കളിച്ചത്. പ്രതിരോധത്തിൽ അമിതമായി ശ്രദ്ധചെലുത്താൻ മെസ്സിയും സംഘവും ശ്രമിച്ചില്ല. അതിന്റെ ഭാഗമായി 36-ാം മിനിറ്റിൽ അവർ ലീഡുയർത്തി.



ഇത്തവണ സൂപ്പർതാരം ഏയ്ഞ്ജൽ ഡി മരിയയാണ് ടീമിനായി ഗോളടിച്ചത്. ഫൈനലിൽ ആദ്യ ഇലവനിൽ ടീമിലിടം നേടിയ ഡി മരിയ എന്തുകൊണ്ട് താൻ ഫൈനലുകളിൽ താരമാകുന്നുവെന്ന് വീണ്ടും തെളിയിച്ചു. മെസ്സി തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.മെസ്സി മറിച്ചുനൽകിയ പാസ് സ്വീകരിച്ച അൽവാരസ് പന്ത് മാക് അലിസ്റ്റർക്ക് നൽകി. മാക് അലിസ്റ്റർ പന്തുമായി അതിവേഗം മുന്നേറി. ശിഥിലമായിക്കിടന്ന ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മാക് അലിസ്റ്റർ മുന്നേറുകയും പന്ത് ഡി മരിയയ്ക്ക് നൽകുകയും ചെയ്തു. ഗോൾകീപ്പർ ലോറിസ് മാത്രമാണ് അപ്പോൾ പോസ്റ്റിലുണ്ടായിരുന്നത്. ലോറിസിനെ കാഴ്ചക്കാരനാക്കി ഡി മരിയ ഗോൾവല തുളച്ചപ്പോൾ അദ്ദേഹം നിറകണ്ണുകളോടെ ആരാധകരെ അഭിസംബോധന ചെയ്തു. മെസ്സിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു.

മുന്നേറ്റനിര താളം തെറ്റുന്നതുകണ്ട ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് രണ്ട് മാറ്റങ്ങൾ വരുത്തി. ഔസ്മാനെ ഡെംബലെ, ഒലിവിയർ ജിറൂഡ് എന്നിവരെ തിരിച്ചുവിളിച്ച് പകരം മാർക്കസ് തുറാം, റൻഡൽ കോലോ മുവാനി എന്നിവരെ കളത്തിലിറക്കി. ആദ്യപകുതിയിൽ ഒരു ഗോൾ തിരിച്ചടിക്കാനായി ഫ്രാൻസ് പരമാവധി ശ്രമിച്ചെങ്കിലും അതെല്ലാം അർജന്റീന പ്രതിരോധം വിഫലമാക്കി.

രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ ഡി മരിയയുടെ പാസ് സ്വീകരിച്ച റോഡ്രിഗോ ഡി പോൾ ഒരു തകർപ്പൻ വോളിയിലൂടെ ഗോളാക്കാൻ ശ്രമിച്ചെങ്കിലും ലോറിസ് അത് കൈയിലൊതുക്കി. 59-ാം മിനിറ്റിൽ അൽവാരസ് പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും ലോറിസ് അത് രക്ഷപ്പെടുത്തി. 64-ാം മിനിറ്റിൽ ഡി മരിയയെ പിൻവലിച്ച് അർജന്റീന അക്യൂനയെ കൊണ്ടുവന്നു.



71-ാം മിനിറ്റിൽ പന്തുമായി മുന്നേറിയ എംബാപ്പെ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 72-ാം മിനിറ്റിൽ മെസ്സിയുടെ പാസ് സ്വീകരിച്ച് എൻസോ ഫെർണാണ്ടസ് പോസ്റ്റിലേക്ക് പന്ത് ലക്ഷ്യം വെച്ചെങ്കിലും ദുർബലമായ താരത്തിന്റെ ഷോട്ട് ലോറിസ് കൈയിലൊതുക്കി.

79-ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ബോക്സിനുള്ളിൽ വെച്ച് കോലോ മുവാനിയെ ഒട്ടമെൻഡി വീഴ്‌ത്തിയതിനെത്തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത സൂപ്പർതാരം കിലിയൻ എംബാപ്പെയ്ക്ക് തെറ്റിയില്ല. എമിലിയാനോ മാർട്ടിനസ്സിന്റെ വിരൽത്തുമ്പുകളെ തലോടിക്കൊണ്ട് പന്ത് വലയിലെത്തി. 80-ാം മിനിറ്റിലാണ് ഗോൾ പിറന്നത്.

ഈ ഗോളിന്റെ ഞെട്ടൽ മാറുംമുൻപേ ഫ്രാൻസ് അടുത്തവെടി പൊട്ടിച്ചു. ഇത്തവണയും എംബാപ്പെ തന്നെയാണ് ഗോളടിച്ചത്. തുറാം ബോക്സിലേക്ക് ഉയർത്തിനൽകിയ പന്ത് തകർപ്പൻ വോളിയിലൂടെ എംബാപ്പെ വലയിലാക്കി. 81-ാം മിനിറ്റിലാണ് താരം ഗോളടിച്ചത്. ഇതോടെ രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ വഴങ്ങി അർജന്റീന ലീഡ് കളഞ്ഞുകുളിച്ചു.

മത്സരത്തിന്റെ ഇൻജുറി ടൈമിൽ കിലിയൻ എംബാപ്പെ പന്തുമായി മുന്നേറി പോസ്റ്റിലേക്ക് ഷോട്ടുതിർത്തെങ്കിലും റൊമേറോയുടെ കാലിൽ തട്ടി പന്ത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. രണ്ട് ഗോളടിച്ചതോടെ ഫ്രാൻസ് ശക്തിവീണ്ടെടുത്തു. ഇൻജുറി ടൈമിന്റെ ഏഴാം മിനിറ്റിൽ മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് ലോറിസ് തട്ടിയകറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP