Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്താം വയസിൽ നേരിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി; ശരീര വളർച്ചയ്ക്ക് തടസ്സമായ ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസിയിൽ കുടുംബം കരുതിയത് അസാമാന്യ പ്രതിഭയുടെ ഫുട്‌ബോൾ ജീവിതം കൗമാര പ്രായത്തിന് മുന്നേ അവസാനിക്കുമെന്ന്; ബാഴ്സലോണയുടെ ദീർഘ വീക്ഷണം കഥമാറ്റി; 35-ാം വയസ്സിൽ അവൻ കാൽപ്പന്തുകളിയുടെ വിശ്വസൗന്ദര്യം; ശാന്തനായി കോലാഹലങ്ങളെ മെസി അതിജീവിച്ച് സൂപ്പർ ഹീറോയാകുമ്പോൾ

പത്താം വയസിൽ നേരിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി; ശരീര വളർച്ചയ്ക്ക് തടസ്സമായ ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസിയിൽ കുടുംബം കരുതിയത് അസാമാന്യ പ്രതിഭയുടെ ഫുട്‌ബോൾ ജീവിതം കൗമാര പ്രായത്തിന് മുന്നേ അവസാനിക്കുമെന്ന്; ബാഴ്സലോണയുടെ ദീർഘ വീക്ഷണം കഥമാറ്റി; 35-ാം വയസ്സിൽ അവൻ കാൽപ്പന്തുകളിയുടെ വിശ്വസൗന്ദര്യം; ശാന്തനായി കോലാഹലങ്ങളെ മെസി അതിജീവിച്ച് സൂപ്പർ ഹീറോയാകുമ്പോൾ

സ്പോർട്സ് ഡെസ്ക്

ദോഹ: ലോകകപ്പിലെ മത്സരങ്ങൾക്ക് മുമ്പ് തന്നെ തുടങ്ങാറുള്ളതാണ് പ്രവചനങ്ങളും. പോൾ നീരാളിയും ചൈനീസ് പാണ്ടയും അടക്കം പ്രവചനം നടത്തി ശ്രദ്ധനേടിയ വാർത്തകൾ ഓരോ ലോകകപ്പിലും പുറത്ത് വരാറുണ്ട്. എന്നാൽ, ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിട്ടുള്ള ഒരു പ്രവചനം ഫുട്‌ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഹോസെ മിഗ്വെൽ പൊളാൻകോ എന്ന സ്പാനിഷ് ഫുട്‌ബോൾ ആരാധകനാണ് പ്രവചനം നടത്തിയിരിക്കുന്നത്, അതും ഏഴ് വർഷം മുമ്പ്. കൃത്യമായി പറഞ്ഞാൽ 2015 മാർച്ച് 20നാണ് പൊളാൻകോ ഒരു ലോകകപ്പ് പ്രവചനം നടത്തിയത്. 2022 ഡിസംബർ 18ന് 3ലിയോണൽ മെസി ലോകകപ്പ് ഉയർത്തുമെന്നും എക്കാലത്തെയും മികച്ച ഫുട്‌ബോൾ താരമായി മാറുമെന്നാണ് ആ പ്രവചനത്തിൽ പറയുന്നത്. അതു ശരിയായിരിക്കുന്നു.

കാൽപ്പന്തു കളിയിൽ ഏഴഴകായിരുന്നു മെസിസ്യുടെ കളി. ലോകകപ്പ് കിരീടം മാത്രം അന്യമായ കരിയർ. ക്ലബ്ബുകൾക്ക് വേണ്ടി എല്ലാ നേടുന്നവൻ എന്ന അംഗീകാരമുള്ള താരത്തിന് രാജ്യത്തിനായി ഒന്നിനും കഴിഞ്ഞില്ലെന്ന പഴിയുമുണ്ടായിരുന്നു. 2022ന് ശേഷമൊരു ലോകകപ്പിനില്ലെന്ന് മെസ്സി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ അവസാന അങ്കത്തിൽ മിശിഹ വിശ്വരൂപമെടുക്കുമെന്ന് ഏവരും ഉറപ്പിച്ചു. അതു തന്നെയാണ് സംഭവിച്ചതും. ഗോളടിച്ചും ഗോളടിപ്പിച്ചും ടീമിനെ വിജയത്തിലേക്ക് നയിച്ചു. 2021ൽ അർജന്റീനയ്ക്ക് കോപ്പാ അമേരിക്ക സമ്മാനിച്ചു. ഈ വർഷം ഫൈനലീസീമ കപ്പും. അങ്ങനെ രാജ്യത്തിന് വേണ്ടി ഖത്തറിൽ ഹാട്രിക് കിരീടം ഉയർത്തുകയാണ് അർജന്റീനയുടെ മെസ്സി. മറഡോണയ്ക്ക് ശേഷം അർജന്റീനിയൻ ഫുട്‌ബോളിലെ ഇതിഹാസമായി വളർന്ന് ഉയരുകയാണ് മെസി. എല്ലാം നേടി രാജ്യത്തിന് വേണ്ടിയുള്ള കളി മെസ്സി അവസാനിപ്പിക്കുന്നു. ഇനിയും ക്ലബ് ഫുട്‌ബോൾ ഇടങ്ങളിൽ മെസ്സി മൂളിപ്പായും.

രാജ്യന്തര മത്സരത്തിൽ നിന്ന് വിരമിച്ചാലും കളിക്കളത്തിൽ സജീവമായി തുടരുന്ന മെസി ആവശ്യമെങ്കിൽ 2026ലും അർജന്റീനയ്ക്ക് വേണ്ടി പന്തു തട്ടുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകരുണ്ട്. ആ കാലുകളിലെ മാന്ത്രികത നാൽപത് കഴിഞ്ഞാലും അതു പോലെ തുടരുമെന്ന് കരുതുന്നവർ. ഈ സമ്മർദ്ദങ്ങൾ വിരമിക്കൽ തീരുമാനത്തേയും സ്വാധീനിക്കാൻ സാധ്യത ഏറെയാണ്. ഏതായാലും മഴവിൽ മെസ്സി ചർച്ചകളിൽ തുടർന്നു കൊണ്ടേ ഇരിക്കും. ദോഹയിൽ അർജന്റീന ജേതാക്കളായി. താരം മെസിയും. രാജ്യത്തിന്റെ സൂപ്പർ ഹീറോയാണ് മെസി. ദൈവത്തിന്റെ കൈകൊണ്ട് ഗോൾ നേടിയ, നൂറ്റാണ്ടിലെ മാന്ത്രികത വേഗതയിൽ ചലിപ്പിച്ച് ഒറ്റയ്ക്ക് ഗോളടിച്ച മറഡോണയുടെ യഥാർത്ഥ പിൻഗാമി. ഇവിടെ എത്താൻ മെസിക്ക് ഏറെ സഞ്ചരിക്കേണ്ടി വന്നു.

ലോകകപ്പ് ജയിക്കാത്തവനെ എങ്ങനെ ഇതിഹാസമെന്ന് വിളിക്കുമെന്ന ചോദ്യമായിരുന്നു വിമർശകർ മെസിയെ തളയ്ക്കാൻ മുമ്പോട്ട് വച്ചത്. ബാഴ്സലോണയിലെ താര പകിട്ടിൽ നേട്ടങ്ങളുണ്ടാക്കുന്നവൻ മാത്രമാണ് മെസിയെന്ന് ഏവരും വിളിച്ചു. 2014ൽ അർജന്റീനയെ ഫൈനലിൽ എത്തിച്ചെങ്കിലും വിമർശകർ മെസിയെ അംഗീകരിച്ചില്ല. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക കപ്പുയർത്തി അമേരിക്കയെ ലാറ്റിൻ അമേരിക്കൻ ജേതാക്കളാക്കി. മെസി എന്ന ക്യാപ്ടന്റെ ആദ്യ കിരീടും. ഈ വർഷം യൂറോപ്പിലേയും ലാറ്റിൻ അമേരിക്കയിലേയും ചാമ്പ്യന്മാരുടെ ചാമ്പ്യൻഷിപ്പായ ഫൈനലീസീമയും നേടി. പിന്നാലെ ലോകകപ്പും. ഇനി മെസി ലോക ഫുട്ബോളിന്റെ നെറുകയിലാണ്. മറഡോണയ്ക്കും അർജന്റീനിയൻ ആരാധകരുടെ വലിയ മുത്ത്.

ശാന്തനായ മെസി കോലഹാലങ്ങൾ അധികം ഇഷടപ്പെടാത്ത പ്രകൃതമാണ്. വന്ന വഴി മറക്കാത്തവനാണ് മെസി. ദാരിദ്യവും സാമ്പത്തിക കൂഴപ്പങ്ങളും ഇന്നും കൊടികുത്തി വാഴുന്ന നാടാണ് അർജന്റീന. ആയിരം ശതമാനം വിലക്കയറ്റം ഉള്ള രാജ്യം. ജനം കുപ്പത്തൊട്ടിയിൽനിന്ന് പെറുക്കിത്തിന്നുന്നതിന്റെ ചിത്രങ്ങൾ പുറത്തുവരുന്ന നാട്. ഈ നാടിനെ രക്ഷിക്കാൻ മെസി കോടികൾ ചെലവിടുന്നുണ്ട്. 2007 ൽ പാവപ്പെട്ട കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും സംരക്ഷിക്കുന്നതിനു വേണ്ടി ലിയോ മെസ്സി ഫൗണ്ടേഷൻ .എന്ന പേരിൽ ഒരു സംഘടനക്ക് മെസി രൂപം കൊടുത്തു. ആ രാജ്യത്തിന് വീണ്ടുമൊരു പ്രതീക്ഷയാവുകായണ് ഈ ലോകകപ്പ് വിജയം. മെസ്സിയെന്ന മാന്ത്രികൻ കാൽപ്പന്തിലൂടെ അതും സാധിക്കുന്നു. മറഡോണയ്ക്ക് ശേഷവും കപ്പുയർത്താനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കുകയാണ് ടീം അർജന്റീന.

1987 ജൂൺ 24-ം തീയതി അർജന്റീനയിലെ റൊസാരിയോയിൽ സ്റ്റീൽ ഫാക്ടറി തൊഴിലാളിയായ ജോർജ് ഹൊറാസിയോ മെസിയുടേയും, തൂപ്പുജോലിക്കാരിയായ സെലിയ മരിയ ഗുജിറ്റിനിയുടേയും നാല് മക്കളിൽ മൂന്നാമനായിട്ടായിരുന്നു ലയണൽ ആന്ദ്രെസ് മെസിയുടെ ജനനം. വിപ്ലവ വീരൻ ചെഗുവേരയുടെ നാട്ടിൽ ജനിച്ചു വീണ മെസി നന്നേ ചെറുപ്പത്തിൽത്തന്നെ തന്നെ പന്തുകളി തുടങ്ങി. തന്റെ പിതാവിൽ നിന്ന് ഫുട്‌ബോളിന്റെ ആദ്യ പാഠങ്ങൾ അഭ്യസിച്ച കുഞ്ഞു മെസി, തന്റെ എട്ടാം വയസിൽ റൊസാരിയോയിലെ ന്യൂവെൽസ് ഓൾഡ് ബോയ്‌സ് ക്ലബ്ബിൽ ചേർന്നു.

പത്താം വയസിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി മെസിയെത്തേടിയെത്തി. ശരീര വളർച്ചയ്ക്ക് അത്യാവശ്യമായ ഹോർമോൺ ആവശ്യത്തിന് ഉത്പാദിപ്പിക്കപ്പെടാത്ത ഗ്രോത്ത് ഹോർമോൺ ഡെഫിഷ്യൻസി എന്ന രോഗം അവനെ പിടികൂടി. ധാരാളം പണം ചിലവഴിച്ചു കൊണ്ടുള്ള ചികിത്സക്ക് മാത്രമേ ഈ രോഗത്തിൽ നിന്ന് ലിയോയെ മോചിപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ സാധാരണക്കാരായ മെസിയുടെ മാതാപിതാക്കൾക്ക് ഇത്ര വലിയൊരു തുക തന്റെ മകന്റെ ചികിത്സയ്ക്ക് താങ്ങാനുള്ള കഴിവുണ്ടായിരുന്നില്ല. അസാമാന്യ പ്രതിഭയായിരുന്ന മെസിയുടെ ഫുട്‌ബോൾ ജീവിതം അവന്റെ കൗമാര പ്രായത്തിനും മുന്നേ അവസാനിച്ചേക്കുമെന്ന അവസ്ഥയിലെത്തി.

മെസിയെന്ന അർജന്റൈൻ അത്ഭുത ബാലനെക്കുറിച്ചറിഞ്ഞ സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണയുടെ സ്‌പോർട്ടിങ് ഡയറക്ടർ കാർലസ് റക്‌സാച്ച് മെസിയെ ക്ലബ്ബിലേക്ക് കൊണ്ടു വരാൻ തീരുമാനിച്ചു. ബാഴ്‌സലോണയുമായി കരാറൊപ്പിട്ടാൽ മെസിയുടെ മുഴുവൻ ചികിത്സാ ചിലവും ക്ലബ്ബ് ഏറ്റെടുക്കുമെന്നും റക്‌സാച്ച് മെസിയുടെ മാതാപിതാക്കളെ അറിയിച്ചു. മെസിയുടെ കഴിവിനെക്കുറിച്ച് റക്‌സാച്ചിനുണ്ടായിരുന്ന ദീർഘ വീക്ഷണമാണ് ഇന്ന് നാം കാണുന്ന ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളറെ സൃഷ്ടിച്ചതെന്ന് സംശയലേശമന്യെ പറയാം. അന്ന് റക്‌സാച്ച് ഒരു നാപ്കിൻ പേപ്പറിൽ ഒപ്പിട്ടു മെസിക്ക് നൽകിയ കരാറിന് ഫുട്‌ബോൾ ലോകം മുഴുവൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.

ബാഴ്‌സലോണ കരാർ ലഭിച്ച മെസി തന്റെ പന്ത്രണ്ടാം വയസിൽ സ്‌പെയിനിലേക്ക് പറന്നു. അവിടെ ക്ലബ്ബിന്റെ അക്കാദമിയായ ലാ മാസിയയിൽ ചേർന്ന അവൻ തന്റെ അത്ഭുത പ്രകടനങ്ങളുമായി എല്ലാവരേയും ഞെട്ടിച്ചു കൊണ്ടിരുന്നു. ഒപ്പം തന്റെ ഹോർമോൺ ഡെഫിഷ്യൻസി അസുഖത്തിന് ഏറ്റവും മികച്ച ചികിത്സയും ലഭിച്ചതോടെ അവന്റെ മികവ് ഇരട്ടിച്ചു. ബാഴ്‌സലോണയുടെ അക്കാദമി ടീമിനായി അത്ഭുതപ്രകടനങ്ങൾ നടത്തുന്ന അത്ഭുത ബാലന്റെ വീരകഥകൾ ലോകമെങ്ങും പടർന്നു. തന്റെ മികവിന് അംഗീകാരമെന്നോണം പതിനേഴാം വയസിൽ അവന് ബാഴ്‌സലോണയുടെ സീനിയർ ടീമിലേക്ക് വിളി വന്നു.

സൗഹൃദ മത്സരത്തിൽ പോർട്ടോക്കെതിരെ കളിച്ചു കൊണ്ട് ആദ്യമായി കറ്റാലൻ ക്ലബ്ബിന്റെ ജേഴ്‌സിയണിഞ്ഞ താരം, 2004 ഒക്ടോബർ 16-ം തീയതി എസ്പാന്യോളിനെതിരായ മത്സരത്തിൽ സാമുവൽ ഏറ്റുവിന് പകരക്കാരനായി കളത്തിലിറങ്ങി ലാലീഗയിലും അരങ്ങേറ്റം കുറിച്ചു. തുടർന്ന് സംഭവിച്ചതെല്ലാം ചരിത്രം. അത് ലോകകപ്പിലും സുവർണ്ണ നിമിഷമായി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP