Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎമ്മിൽ നിന്ന് ആകെ ജയിച്ചത് കുറുപ്പ്; തോൽപ്പിച്ചതെല്ലാം വമ്പന്മാരെ; തോൽക്കുന്ന മണ്ഡലങ്ങൾ സിപിഎമ്മിനോട് ചേർത്തിട്ടും മന്ത്രിയോ സംസ്ഥാന നേതാവോ ആയില്ല; സുരേഷ് കുറുപ്പ് എല്ലാം മതിയാക്കുന്നു; കോട്ടയത്തെ സൗമ്യമുഖം രാഷ്ട്രീയ വിടവാങ്ങലിന്

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎമ്മിൽ നിന്ന് ആകെ ജയിച്ചത് കുറുപ്പ്; തോൽപ്പിച്ചതെല്ലാം വമ്പന്മാരെ; തോൽക്കുന്ന മണ്ഡലങ്ങൾ സിപിഎമ്മിനോട് ചേർത്തിട്ടും മന്ത്രിയോ സംസ്ഥാന നേതാവോ ആയില്ല; സുരേഷ് കുറുപ്പ് എല്ലാം മതിയാക്കുന്നു; കോട്ടയത്തെ സൗമ്യമുഖം രാഷ്ട്രീയ വിടവാങ്ങലിന്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: തോൽക്കുന്ന മണ്ഡലങ്ങൾ പിടിച്ചെടുത്ത സുരേഷ് കുറുപ്പ്. അസാധ്യമെന്ന് കരുതിയ പല രാഷ്ട്രീയ ജയങ്ങളും സിപിഎമ്മിന് സമ്മാനിച്ചു. എന്നാൽ മന്ത്രിയോ സിപിഎം സംസ്ഥാന സമിതിയിലോ സുരേഷ് കുറുപ്പ് എത്തിയില്ല. എത്തിയില്ലെന്ന് പറഞ്ഞാൽ കൊണ്ടു വരേണ്ടവർ താൽപ്പര്യം കാട്ടിയില്ല. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ മാത്രമൊതുങ്ങി സുരേഷ് കുറപ്പ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. ഇനി മത്സരമില്ലെന്ന് പ്രഖ്യാപിക്കുകയാണ് സുരേഷ് കുറുപ്പ്. പാർലമെന്റിലും നിയമസഭയിലും കത്തി കയറി പ്രകമ്പനം സൃഷ്ടിച്ച സാമാജികനാണ് സുരേഷ് കുറുപ്പ്.

രാഷ്ടീയ സാമുദായിക പരിഗണനകൾക്കതീതമായ സൗഹൃദമാണ് സുരേഷ് കുറുപ്പിന്റെ കരുത്ത്. ഇത് തന്നെയാണ് യുഡിഎഫ് കോട്ടയായ ഏറ്റുമാനൂരിലും കോട്ടയം ലോ്ക്‌സഭയിലും സിപിഎമ്മിന് വിജയം നൽകിയത്. എന്നാൽ പിണറായി യുഗത്തിൽ അതിന് അപ്പുറത്തേക്കൊന്നും സുരേഷ് കുറുപ്പിന് കിട്ടിയില്ല. പാർട്ടി സംസ്ഥാന സമിതിയിലേക്ക് പരിഗണിച്ചു പോലുമില്ല. കോട്ടയത്തു നിന്ന് സുരേഷ് കുറുപ്പിനുള്ളതിന്റെ അത്ര പിന്തുണയില്ലാത്ത നേതാക്കൾ പോലും സംഘടനയിൽ പ്രധാനികളായി. മന്ത്രിമാരുമായി. പക്ഷേ അതൊന്നും മിടുമുടുക്കനായ ജനകീയ നേതാവ് സുരേഷ് കുറുപ്പിന് കിട്ടിയില്ല.

ഇനി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല. പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക കമ്മിറ്റികളിൽ നിന്നും സ്വയം ഒഴിയും. 'ഒന്നരയാഴ്ചയ്ക്കു ശേഷം എല്ലാം പറയാം' എന്നാണ് സുരേഷ് കുറുപ്പിന്റെ പ്രതികരണം. ലോക്‌സഭയിലും നിയമസഭയിലുമായി 26 വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തിനു ശേഷമാണ് ഈ തീരുമാനം. ഏതു രാഷ്ട്രീയ പ്രതിസന്ധികളിലും സിപിഎമ്മിന് അവതരിപ്പിക്കാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു സുരേഷ് കുറുപ്പിന്റേത്. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടശേഷം 1984ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നു ജയിച്ച 3 ഇടതു സ്ഥാനാർത്ഥികളിൽ ഏക സിപിഎം പ്രതിനിധിയായിരുന്നു സുരേഷ് കുറുപ്പ്.

ലോക്‌സഭയിലേക്ക് 7 തവണ മത്സരിച്ചു; 4 തവണ ജയിച്ചു. നിയമസഭയിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തെ രണ്ടു തവണ പ്രതിനിധീകരിച്ചു. തുടരെ രണ്ടു തവണ മത്സരിച്ചവർക്കു സീറ്റ് നൽകേണ്ടെന്ന സിപിഎം തീരുമാനം മൂലം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവസരം ലഭിച്ചില്ല. വി.എൻ.വാസവൻ ജയിച്ച് മന്ത്രിയായി. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റായിട്ടുണ്ടെങ്കിലും ഡിവൈഎഫ്‌ഐയിലോ പാർട്ടി സംസ്ഥാന ഘടകത്തിലോ സുരേഷ് കുറുപ്പ് എത്തിയില്ല. ഇപ്പോൾ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. ഇതിന് കാരണം പിണറായി വിജയനാണ്. വി എസ് അച്യുതാനന്ദന്റെ ശിഷ്യനായി കണ്ട് സുരേഷ് കുറുപ്പിനെ എന്നും വെട്ടിയൊതുക്കി.

വീടുപണിയുടെ തിരക്കിലാണെന്നാണ് ഇപ്പോൾ സുരേഷ് കുറുപ്പ്. തിരുനക്കര വടക്കേനടയിൽ സായ് സേവാ കേന്ദ്രത്തിനു സമീപം വാടകവീട്ടിലാണു താമസം. തിരുനക്കരയിലെ കുറ്റിക്കാട്ട് തറവാടു വീട് അറ്റകുറ്റപ്പണിയിലാണ്. ജനുവരിയിൽ അവിടേക്കു മാറും. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഏറ്റുമാനൂരിലോ കോട്ടയത്തോ പൊതുപരിപാടികളിൽ കുറുപ്പിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എംഎൽഎയായിരുന്ന അവസരത്തിലാണ് പട്ടിത്താനം മണർകാട് ബൈപാസ് ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾക്കു ഫണ്ട് അനുവദിച്ചത്.

എന്നാൽ ബൈപാസ് ഉദ്ഘാടനത്തിനോ മറ്റു പദ്ധതികളുടെ നിർമ്മാണോദ്ഘാടനങ്ങൾക്കോ അദ്ദേഹത്തെ ക്ഷണിച്ചില്ല. അദ്ദേഹം ഇക്കാര്യം പാർട്ടി വേദികളിൽ സൂചിപ്പിച്ചിരുന്നു. അങ്ങനേയും സുരേഷ് കുറുപ്പിനെ ഒഴിവാക്കി. ഈ വേദനകളെല്ലാം ഉള്ളിലൊതുക്കിയാണ് സുരേഷ് കുറുപ്പ് വിടവാങ്ങാനൊരുങ്ങുന്നത്. മാണിഗ്രൂപ്പിൽ നിന്ന് ഏറ്റുമാനൂർ പിടിച്ചെടുത്ത കുറുപ്പിനെ തന്നെ മണ്ഡലം നില നിർത്താൻ വീണ്ടും രംഗത്തിറക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചെങ്കിലും നിരവധി തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച കുറുപ്പിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. മാണി ഇടതു പക്ഷത്ത് എത്തിയതും കാരണമായി.

പാർട്ടി തീരുമാനം അംഗീകരിച്ച് ഇനി മത്സരിക്കാനില്ലെന്നും ജില്ലാസെക്രട്ടറിയേറ്റിൽ നിന്ന് വീണ്ടും തന്റെ പേര് സംസ്ഥാന കമ്മിറ്റി പരിഗണനയ്ക്ക് വിടേണ്ടെന്നും കുറുപ്പ് അറിയിച്ചിരുന്നു. ഇതോടെ സുരേഷ് കുറുപ്പ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകില്ലെന്ന് ഉറപ്പായി. കോട്ടയത്ത് സിപിഎമ്മിലെ സൗമ്യതയുടെ മുഖം സംസ്ഥാന സമിതിയുടെ അഭിപ്രായം അംഗീകരിച്ച് സ്വയം പിന്മാറി. 1984ലായിരുന്നു കുറുപ്പ് കോട്ടയത്ത് ലോക് സഭാ തിരഞ്ഞെടുപ്പിൽ കന്നി മത്സരത്തിനിറങ്ങിയത്. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഎമ്മിൽ നിന്ന് ആകെ ജയിച്ചത് കുറുപ്പ് മാത്രമായിരുന്നു. മാണി ഗ്രൂപ്പിലെ സ്‌കറിയ തോമസിനെ തറപറ്റിച്ചായിരുന്നു കുറുപ്പിന്റെ ആദ്യജയം.

പിന്നീട് രമേശ് ചെന്നിത്തല, പി.സി.ചാക്കോ, ആന്റോ ആന്റണി എന്നിവരെ 98ലും 99ലും 2004ലും തോല്പിച്ചു ഹാട്രിക് വിജയത്തോടെ ലോക് സഭയിൽ എത്തി. 2009ൽ ലോക്സഭയിൽ ജോസ് .കെ.മാണിയോട് തോറ്റെങ്കിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ സിറ്റിങ് എംഎൽഎ തോമസ് ചാഴിക്കാടനെ തോല്പിച്ചായിരുന്നു നിയമസഭാംഗമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP