Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖത്തറിൽ തോറ്റത് മെസിപ്പടയുടെ മുന്നിൽ മാത്രം! മൊറോക്കോയെ കീഴടക്കി 'മൂന്നാമനായി' ക്രൊയേഷ്യയുടെ മടക്കം; മുന്നിലെത്തിച്ചത് ഗ്വാർഡിയോൾ; ജയമുറപ്പിച്ച് ഓർസിച്ചും; ആഫ്രിക്കൻ കരുത്തരുടെ ആശ്വാസ ഗോൾ അഷ്റഫ് ഡാരിയുടെ വക; ആദ്യ പകുതിയിൽ തന്നെ ജയം ഉറപ്പിച്ച് മോഡ്രിച്ചും സംഘവും; ഞായറാഴ്ച ഫ്രാൻസ്-അർജന്റീന കലാശപ്പോര്

ഖത്തറിൽ തോറ്റത് മെസിപ്പടയുടെ മുന്നിൽ മാത്രം! മൊറോക്കോയെ കീഴടക്കി 'മൂന്നാമനായി' ക്രൊയേഷ്യയുടെ മടക്കം; മുന്നിലെത്തിച്ചത് ഗ്വാർഡിയോൾ; ജയമുറപ്പിച്ച് ഓർസിച്ചും; ആഫ്രിക്കൻ കരുത്തരുടെ ആശ്വാസ ഗോൾ അഷ്റഫ് ഡാരിയുടെ വക; ആദ്യ പകുതിയിൽ തന്നെ ജയം ഉറപ്പിച്ച് മോഡ്രിച്ചും സംഘവും; ഞായറാഴ്ച ഫ്രാൻസ്-അർജന്റീന കലാശപ്പോര്

സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തർ ലോകകപ്പിൽ അട്ടിമറികളിലൂടെ ഫുട്‌ബോൾ ലോകത്തെ വിസ്മയിപ്പിച്ച മൊറോക്കോയെ കീഴടക്കി മൂന്നാം സ്ഥാനക്കാരായി ക്രൊയേഷ്യയുടെ മടക്കം. നിശ്ചിത സമയത്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ മിന്നും ജയം. കടുത്ത പോരാട്ടം കാഴ്ചവെച്ച മൊറോക്കോയ്ക്ക് എതിരെ ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്ക് ക്രൊയേഷ്യ നിർണായക ലീഡ് നേടിയിരുന്നു. രണ്ടാം പകുതിയിൽ ഒപ്പമെത്താൻ മൊറോക്കോ പലതവണ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.



മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പ്ലേഓഫ് മത്സരത്തിൽ മൊറോക്കോയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ക്രൊയേഷ്യ കീഴടക്കിയത്. തോറ്റെങ്കിലും ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു ആഫ്രിക്കൻ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന നേട്ടത്തോടെ തല ഉയർത്തി തന്നെയാണ് മൊറോക്കോ മടങ്ങുന്നത്. ബുഫാലും നെസിരിയും ഹക്കീം സിയെച്ചും അമ്രാബാത്തുമെല്ലാം ചേർന്ന മൊറോക്കോ സംഘം മികച്ച പ്രകടനം തന്നെ ക്രൊയേഷ്യയ്ക്കെതിരെയും പുറത്തെടുത്തു.

റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനം അത്രവലിയ 'വണ്ടർ' അല്ലെന്ന് തെളിയിച്ചാണ് നാലു വർഷങ്ങൾക്കിപ്പുറം ഖത്തർ ലോകകപ്പിൽനിന്ന് മൂന്നാം സ്ഥാനത്തിന്റെ തലപ്പൊക്കവുമായി ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യ മടങ്ങുന്നത്. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ലൂസേഴ്‌സ് ഫൈനലിൽ, മൊറോക്കോയെ വരിഞ്ഞുമുറുക്കിയാണ് ക്രൊയേഷ്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.



മത്സരത്തിലുടനീളം പന്തടക്കത്തിൽ ആധിപത്യം പുലർത്തിയ ക്രൊയേഷ്യ കളിതുടങ്ങി ഏഴാം മിനിറ്റിൽ തന്നെ ഒരു തകർപ്പൻ ഗോളിലൂടെ മുന്നിലെത്തിയിരുന്നു. ഏഴാം മിനിറ്റിൽ ജോസ്‌കോ ഗ്വാർഡിയോളാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ബോക്സിലേക്ക് വന്ന ഒരു ഫ്രീ കിക്ക് ഇവാൻ പെരിസിച്ച് നേരേ ഹെഡറിലൂടെ ഗ്വാർഡിയോളിന് മറിച്ച് നൽകുന്നു. മുന്നോട്ടുചാടി തകർപ്പനൊരു ഹെഡറിലൂടെ ഗ്വാർഡിയോൾ ആ പന്ത് വലയിലെത്തിക്കുകയായിരുന്നു.



ക്രൊയേഷ്യയുടെ ആഹ്ലാദം കെട്ടടങ്ങും മുമ്പെ ഒമ്പതാം മിനിറ്റിൽ മൊറോക്കോ ഒപ്പമെത്തി. അഷ്റഫ് ഡാരിയാണ് മൊറോക്കോയ്ക്കായി വലകുലുക്കിയത്. ഹക്കീം സിയെച്ചെടുത്ത ഒരു ഫ്രീ കിക്ക് ക്ലിയർ ചെയ്തതിൽ ക്രൊയേഷ്യൻ താരം ലോവ്റോ മയർ വരുത്തിയ ചെറിയ പിഴവാണ് ഗോളിന് വഴിവെച്ചത്. മയറുടെ തലയിൽ തട്ടി ഉയർന്ന പന്ത് നേരേപോയത് ക്രൊയേഷ്യൻ പോസ്റ്റിന് മുന്നിലേക്ക്. അവസരം മുതലെടുത്ത് ഡാരി ഹെഡറിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

ആദ്യ രണ്ടു ഗോൾ രണ്ടു മിനിറ്റിന്റെ ഇടവേളയിൽ പിറന്നെങ്കിൽ, മത്സരത്തിലെ മൂന്നാം ഗോൾ വന്നത് ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ്. ആദ്യപകുതിയിലുടനീളം ഏതു നിമിഷവും ഗോളടിക്കുമെന്ന് തോന്നിച്ച ക്രൊയേഷ്യ, 42ാം മിനിറ്റിലാണ് രണ്ടാം ഗോൾ നേടി ലീഡ് വീണ്ടെടുത്തത്.



ഗോൾ നേടിയത് യുവതാരം മിസ്ലാവ് ഓർസിച്ച്. ക്രൊയേഷ്യൻ മുന്നേറ്റത്തിനൊടുവിൽ പന്തു ലഭിച്ച ലോവ്‌റോ മയേർ ഷോട്ടെടുക്കുന്നതിനായി അൽപം മുന്നിലേക്കു തട്ടിയ പന്ത് കുറച്ചധികം നീങ്ങിപ്പോയി. പന്തു പക്ഷേ, വീണ്ടും സുരക്ഷിതമായി മാർക്കോ ലിവാജയിലേക്ക്. അൽപം പോലും വൈകാതെ ലിവാജ ഇടതുവിങ്ങിൽനിന്ന ഓർസിച്ചിന് പന്തു നീട്ടി. അളന്നുകുറിച്ചപോലെ ഓർസിച്ച് ഉയർത്തിവിട്ട പന്ത് സെക്കൻഡ് പോസ്റ്റിലിടിച്ച് വലയിലേക്ക്

ലൂസേഴ്‌സ് ഫൈനലിലെ വിജയത്തോടെ ക്രൊയേഷ്യയ്ക്ക് വെങ്കല മെഡൽ സമ്മാനമായി ലഭിക്കും. ഒപ്പം 2.7 കോടി യുഎസ് ഡോളറും (ഏകദേശം 223 കോടി രൂപ). നാലാം സ്ഥാനക്കാർക്ക് 2.5 കോടി യുഎസ് ഡോളർ (ഏകദേശം 206 കോടി രൂപ). ഇനി ഞായറാഴ്ച ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടും. ആദ്യ സെമിയിൽ ക്രൊയേഷ്യയെ തോൽപ്പിച്ചാണ് അർജന്റീന ഫൈനലിലെത്തിയത്. ഫ്രാൻസ് ആകട്ടെ, രണ്ടാം സെമിയിൽ മൊറോക്കോയെ വീഴ്‌ത്തിയാണ് തുടർച്ചയായ രണ്ടാം ലോകകപ്പിലും ഫൈനലിൽ കടന്നത്.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽത്തന്നെ ക്രൊയേഷ്യ മുന്നിലെത്തേണ്ടതായിരുന്നു. ക്രൊയേഷ്യൻ താരം ഇവാൻ പെരിസിച്ചിന്റെ മുന്നേറ്റത്തിനൊടുവിൽ വീണ്ടെടുത്ത് കിട്ടിയ പന്ത് പോസ്റ്റിനു മുന്നിലൂടെ സമാന്തരമായി പ്രതിരോധനിരയ്ക്ക് നൽകാനുള്ള ഗോൾകീപ്പർ യാസീൻ ബോണോയുടെ ശ്രമമാണ് ക്രൊയേഷ്യയെ ഗോളിന് അടുത്തെത്തിച്ചത്. അപകടകരമായി നീങ്ങിയ പന്ത് നേരിയ വ്യത്യാസത്തിലാണ് പോസ്റ്റിനുള്ളിൽ കയറാതെ പുറത്തേക്കു പോയത്.

ഇരു ടീമുകളും ഓരോ ഗോൾ നേടിയ ശേഷവും ക്രൊയേഷ്യയ്ക്ക് ലീഡ് വീണ്ടെടുക്കാൻ അവസരം ലഭിച്ചതാണ്. 24ാം മിനിറ്റിൽ ക്രൊയേഷ്യൻ മുന്നേറ്റം തടയുന്നതിൽ മൊറോക്കോ പ്രതിരോധം കാട്ടിയ അലസതയിൽനിന്ന് പന്ത് ലൂക്കാ മോഡ്രിച്ചിന് ലഭിച്ചെങ്കിലും, താരത്തിന്റെ ഷോട്ട് ഗോൾകീപ്പർ യാസീൻ ബോണോ ഒരുവിധത്തിൽ രക്ഷപ്പെടുത്തി.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്ന കാഴ്ചയോടെയാണ് രണ്ടാം പകുതിയും ആരംഭിച്ചത്. മൊറോക്കോ നിരയിൽ സബീരിക്കു പകരം ഇല്യാസ് ചെയർ കളത്തിലെത്തി. ക്രൊയേഷ്യയ്ക്കായി രണ്ടാം ഗോൾ നേടിയ ഓർസിച്ച് 47ാം മിനിറ്റിൽത്തന്നെ ഒരിക്കൽക്കൂടി ഗോളിന് അടുത്തെത്തിയെങ്കിലും എൽ യമീഖിന്റെ ഇടപെടൽ മൊറോക്കോയ്ക്ക് രക്ഷയായി.

ഇതിനിടെ മൊറോക്കോ നിരയിൽ എൽ ഖന്നൂസിനു പകരം ഔനാഹിയും ഗോൾ നേടിയ അച്‌റഫ് ദാരിക്കു പകരം ബെനോണും ബുഫലിനു പകരം സറൗറിയും എൽ യമീഖിനു പകരം അമല്ലയും കളത്തിലെത്തി. ക്രൊയേഷ്യൻ നിരയിൽ പരുക്കേറ്റ ക്രമാരിച്ചിനു പകരരം നിക്കോളോ വ്‌ലാസിച്ചും ലിവാജയ്ക്കു പകരം പസാലിച്ചും മയേറിനു പകരം പെട്‌കോവിച്ചുമിറങ്ങി.



ഇതിനിടെ ക്രൊയേഷ്യയുടെയും മൊറോക്കോയുടെയും പെനൽറ്റിക്കായുള്ള ആവശ്യം മിനിറ്റുകളുടെ ഇടവേളയിൽ റഫറി നിരാകരിക്കുന്നതിനും മത്സരം വേദിയായി. ഹക്കീമിയെ ബോക്‌സിൽ വീഴ്‌ത്തിയതിന് മൊറോക്കോ താരങ്ങൾ പെനൽറ്റിക്കായി റഫറിയെ വളഞ്ഞ് ബഹളം വച്ചെങ്കിലും ഫലമുണ്ടായില്ല. ഗ്വാർഡിയോളിനെ വീഴ്‌ത്തിയതിനായിരുന്നു ക്രൊയേഷ്യൻ താരങ്ങൾ പെനൽറ്റിക്കായി വാദിച്ചത്. ഇതിനിടെ ഗ്വാർഡിയോളിന്റെ പിഴവിൽനിന്ന് ലഭിച്ച നല്ലൊരു അവസരം യൂസഫ് എൻ നെസിരി പാഴാക്കുന്നത് അവിശ്വസനീയതോടെയാണ് മൊറോക്കോ ആരാധകർ കണ്ടത്. മുന്നോട്ടുകയറിവന്ന ലിവക്കോവിച്ചിന്റെ കയ്യിൽത്തട്ടി പന്ത് ദിശമാറുകയായിരുന്നു.

87ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം മത്തിയോ കൊവാസിച്ചിനും ലഭിച്ചു ഒരു സുവർണാവസരം. ക്രൊയേഷ്യൻ താരങ്ങൾ നടത്തിയ മുന്നേറ്റത്തിനൊടുവിൽ കൊവാസിച്ച് പായിച്ച ഷോട്ട് പോസ്റ്റിൽ ചാരി പുറത്തുപോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP