Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ സ്‌പെയിൻ കിരീടം നേടുമെന്ന് പ്രവചിച്ചത് പോൾ നീരാളി; ഖത്തറിൽ അർജന്റീന ജയിക്കുമെന്ന് പ്രവചിച്ച് പൂച്ചയും ആമയും പരുന്തും മത്സ്യവുമെല്ലാം; സമൂഹ മാധ്യമങ്ങളിൽ വൈറലായി നിരവധി വീഡിയോകൾ

ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ സ്‌പെയിൻ കിരീടം നേടുമെന്ന് പ്രവചിച്ചത് പോൾ നീരാളി; ഖത്തറിൽ അർജന്റീന ജയിക്കുമെന്ന് പ്രവചിച്ച് പൂച്ചയും ആമയും പരുന്തും മത്സ്യവുമെല്ലാം; സമൂഹ മാധ്യമങ്ങളിൽ വൈറലായി നിരവധി വീഡിയോകൾ

സ്പോർട്സ് ഡെസ്ക്

ദോഹ: ഖത്തർ ലോകകപ്പിന്റെ കലാശപ്പോരിൽ ഞായറാഴ്ച അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടാനിരിക്കെ വിജയികളെ പ്രവചിക്കുന്ന ഒട്ടേറെ വീഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ സ്‌പെയിൻ കിരീടം നേടുമെന്ന് പ്രവചിച്ച പോൾ നീരാളിക്ക് സമാനമായി ഇത്തവണ ഒട്ടേറെ ജന്തുജാലങ്ങളാണ് പ്രവചനത്തിൽ പങ്കാളികളാകുന്നത്.

മുൻ ലോകകപ്പുകളിലെന്ന പോലെ ഇക്കുറിയും നിരവധി പേരാണ് തങ്ങളുടെ വളർത്തു ജീവികളെ കൊണ്ട് വിജയികളെ പ്രവചിപ്പിച്ചിരിക്കുന്നത്. നായ, പൂച്ച, പരുന്ത്, മത്സ്യം, ആമ തുടങ്ങിയവയൊക്കെ വിജയികളെ പ്രഖ്യാപിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രവചിക്കുകയാണ്. മിക്ക ജീവികളും അർജന്റീനയെയാണ് വിജയികളായി പ്രവചിച്ചിരിക്കുന്നത്. ടിക്ടോക്, ട്വിറ്റർ, ഫേസ്‌ബുക്ക്, യൂട്യൂബ് തുടങ്ങിയവയിലൊക്കെ ഇത്തരം പ്രവചന വീഡിയോകൾ കാണാം.

ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ പോൾ നീരാളി നടത്തിയ പ്രവചനങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അക്വാറിയത്തിൽ വെച്ച രണ്ടു ഫിഷ്ബൗളുകളിലും ഫൈനലിൽ കളിക്കുന്ന സ്പെയിനിന്റെയും നെതർലൻഡ്സിന്റെയും കൊടി സ്ഥാപിച്ചു. തുടർന്ന് നീരാളി സ്പെയിനിന്റെ കൊടിയുള്ള ബൗൾ തിരഞ്ഞെടുക്കുകയായിരുന്നു. ഇതേ ടീം തന്നെയാണ് ഫൈനൽ വിജയിച്ച് കിരീടം കൊണ്ടുപോയതും.

രണ്ടു വർഷം ആയുസുള്ളവയാണ് നീരാളികൾ. 2008ൽ പോൾ യു.കെ അക്വേറിയത്തിലാണ് പിറന്നത്. ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ 2010 ഒക്ടോബർ 26 ന് പോൾ സ്വാഭാവിക കാരണങ്ങളാൽ മരിച്ചു. പിന്നീട് പൂച്ചകൾ, ജിറാഫുകൾ, സ്രാവുകൾ, കുരങ്ങുകൾ, നായ്ക്കൾ എന്നിവയൊക്കെ പോളിന്റെ പകരക്കാരാകാൻ ശ്രമിച്ചുവെങ്കിലും അത്രത്തോളം വിജയിച്ചില്ല.

ലോകകപ്പ് കലാശപോരാട്ടത്തിൽ അർജന്റീനയും ഫ്രാൻസും ഞായറാഴ്ചയാണ് ഏറ്റമുട്ടുക. ഞായറാഴ്ച ഇന്ത്യൻ സമയം എട്ടരക്ക് ലുസൈൽ സ്റ്റേഡിയത്തിൽ മത്സരത്തിനിറങ്ങുമ്പോൾ മൂന്നാം കിരീടമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം. ഖത്തർ ലോകകപ്പിലെ അവസാന രാത്രിയും അവസാന അങ്കവുമാണിത്. മെസിയുടെ അർജന്റീനയും എംബാപ്പെയുടെ ഫ്രാൻസും നേർക്കുനേർ വരുമ്പോൾ ലോകകിരീടത്തിലേക്ക് ഒരു ജയം മാത്രമാണ് ദൂരം.

2018 ൽ നേടിയ കിരീടം നിലനിർത്താൻ ഉറച്ചാണ് ഫ്രാൻസ് ഇറങ്ങുന്നത്. അർജന്റീനയെ നേരിടുമ്പോൾ ആത്മവിശ്വാസവും ആശങ്കയുമുണ്ട് ടീമിന്. ഈ ലോകകപ്പിൽ ഇതുവരെ നേരിട്ട ടീമുകൾ പോലെയല്ല അർജന്റീന. കളത്തിന് അകത്തും പുറത്തും കരുത്തരാണ്. മെസി ഫാക്ടറും ദെഷാംപ്സിന് തലവേദനയാകും. അത് ഫ്രഞ്ച് കോച്ച് വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. പ്ലേമേക്കർ റോളിൽ കളിക്കുന്ന മെസി കൂടുതൽ അപകടകാരിയാണെന്നും മെസിക്കെതിരെ കൃത്യമായ പദ്ധതിയുണ്ടെന്നും ദെഷാംപ്സ് പറഞ്ഞു.

മെസി നയിക്കുന്ന മുന്നേറ്റവും ഫ്രഞ്ച് പ്രതിരോധവും തമ്മിലായിരിക്കും പോരാട്ടം. മെസിയെ പൂട്ടിയാലും ടീമിനെ പിടിക്കാനായെന്ന് വരില്ല. ജൂലിയൻ അൽവാരസും എൻസോ ഫെർണാണ്ടാസും അകൂനയും മകലിസ്റ്ററും മോശക്കാരല്ല. ഫ്രാൻസിനെതിരെ ഇറങ്ങുമ്പോൾ പ്രതികാരത്തിന്റെ പോരാട്ടമാണ് അർജന്റീനയ്ക്ക്. പ്രതികാരം പൂർത്തിയായാൽ കിരീടം റോസാരിയോയിലേക്ക് പോകും.

എന്നാൽ എംബാപ്പെയും ജിറൂദും നയിക്കുന്ന മുന്നേറ്റത്തെ തടയുകയാകും അർജന്റീന നേരിടുന്ന വെല്ലുവിളി. വിങ്ങിലൂടെ അതിവേഗം കുതിക്കുന്ന എംബപ്പെയും ക്ലിനിക്കൽ ഫിനിഷിങ് റോളിൽ തിളങ്ങുന്ന ജിറൂദും ഭീഷണിയാണ്. മധ്യനിരയിലെ ഗ്രീസ്മന്റെ പ്രകടനവും നിർണായകമാണ്. ഇതിനൊല്ലാം പരിഹാരം സ്‌കലോണിയുടെ കൈയിലുണ്ടാകും. ലൂസൈലിലെ അവസാന അങ്കം രണ്ട് തുല്യശക്തികളുടെ പോരാട്ടമാണ്. വിജയം മാത്രം ലക്ഷ്യവച്ചെത്തുന്ന പോരാട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP