Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്വാർട്ടറിൽ പ്രവേശിക്കുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യം; സെമിയിൽ എത്തി കുറിച്ചത് പുതു ചരിത്രം; ക്രൊയേഷ്യയോട് പൊരുതി വീണതോടെ ഖത്തറിൽ നിന്ന് മടങ്ങുന്നത് നാലാം സ്ഥാനക്കാരായി; രാജ്യത്തിന് പുറത്ത് പിറന്ന 14 പേരുമായി ചരിത്രം കുറിച്ചു; ഫലസ്തീനൊപ്പമെന്ന രാഷ്ട്രീയം നെഞ്ചു വരിച്ച് പ്രഖ്യാപിച്ച അറബ് സൗന്ദര്യം; ബോൾ പൊസിഷനിൽ ശ്രദ്ധിക്കാത്ത 'അറ്റ്‌ലസ് സിംഹങ്ങൾ' ഗോളിച്ചത് പ്രത്യാക്രമണത്തിലൂടെ; മൊറൊക്കോ ഇനി ആഫ്രിക്കൻ വസന്തം

ക്വാർട്ടറിൽ പ്രവേശിക്കുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യം; സെമിയിൽ എത്തി കുറിച്ചത് പുതു ചരിത്രം; ക്രൊയേഷ്യയോട് പൊരുതി വീണതോടെ ഖത്തറിൽ നിന്ന് മടങ്ങുന്നത് നാലാം സ്ഥാനക്കാരായി; രാജ്യത്തിന് പുറത്ത് പിറന്ന 14 പേരുമായി ചരിത്രം കുറിച്ചു; ഫലസ്തീനൊപ്പമെന്ന രാഷ്ട്രീയം നെഞ്ചു വരിച്ച് പ്രഖ്യാപിച്ച അറബ് സൗന്ദര്യം; ബോൾ പൊസിഷനിൽ ശ്രദ്ധിക്കാത്ത 'അറ്റ്‌ലസ് സിംഹങ്ങൾ' ഗോളിച്ചത് പ്രത്യാക്രമണത്തിലൂടെ; മൊറൊക്കോ ഇനി ആഫ്രിക്കൻ വസന്തം

സ്പോർട്സ് ഡെസ്ക്

ദോഹ: നാലു കോടിയിൽ താഴെ ജനസംഖ്യയുള്ള, കറുത്ത വൻകരയുടെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളുമുള്ള മൊറോക്കോ. 26 അംഗ സംഘത്തിൽ 14 പേരും രാജ്യത്തിനു പുറത്ത് പിറന്നവർ. രണ്ടു പേർ സ്പെയിനിൽ, നാലു പേർ നെതർലൻഡ്സിലും ബെൽജിയത്തിലും. രണ്ടു പേർ ഫ്രാൻസിൽ, ഒരാൾ കാനഡയിൽ, ജർമനിയിൽ.... ഈ ടീമാണ് ചരിത്രം രചിക്കുന്നത്. അറബ് സംസാരിക്കുന്ന രാജ്യം ഖത്തറിൽ നിന്ന് തലഉയർത്തി മടങ്ങുന്നു. നാലാം സ്ഥാനക്കാരായി തല ഉയർത്തി... ലോകകപ്പ് ചരിത്രത്തിൽ ആദ്യയാണ് ഒരു ആഫ്രിക്കൻ ടീം സെമിയിൽ എത്തുന്നത്. ഫ്രാൻസിന്റെ വേഗതയ്ക്കും പ്രതിരോധത്തിനും മുന്നിൽ അവർ തളർന്നു. പക്ഷേ ക്രൊയേഷ്യൻ പടയ്ക്ക് മുമ്പിൽ നെഞ്ചുയർത്തി പോരടിച്ചു. അങ്ങനെ ഒരു ആഫ്രിക്കൻ ടീമിന് നാലാം സ്ഥാനം. അത് ലോകകപ്പിൽ പുതു ചരിത്രമാണ്. ആഫ്രിക്കൻ കരുത്തിന് കാൽപ്പന്തു കളിയിൽ മുമ്പോട്ട് കുതിക്കാനുള്ള പ്രചോദനം.



ദേശീയതകൊണ്ട് തീർന്നിരുന്നില്ല, മൊറോക്കോ ക്യാമ്പിലെ പ്രശ്നങ്ങൾ. ദേശീയ ടീമിന്റെ പരിശീലകൻ വലീദ് റഗ്റാഗി എത്തുന്നത് കിക്കോഫിന് മൂന്നു മാസം മുമ്പ് ആഗസ്റ്റിൽ. മറ്റു ടീമുകളെല്ലാം സ്വന്തം ക്യാമ്പ് ഏറെക്കുറെ മുന്നോട്ടുകൊണ്ടുപോയിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക്. മറ്റു രാജ്യങ്ങളിൽ പിറന്ന് അവിടെ കളിച്ചുകൊണ്ടിരിക്കുന്ന 'വിദേശികളെ' ഒരുമിപ്പിച്ചു. തലച്ചോറിൽ നെയ്തെടുത്ത് കാലുകളിൽ നടപ്പാക്കുന്ന ഒരു സൂപ്പർ ഗെയിം. ഓരോ ടീമിനെതിരെയും പുറത്തെടുത്തത് സമാനതകളില്ലാത്ത പോരാട്ട വീര്യം. ആദ്യം ക്രൊയേഷ്യയെ സമനിലയിൽ തുടങ്ങി ടീം ഗ്രൂപിൽ ബെൽജിയം, കാനഡ എന്നിവരെ മുട്ടുകുത്തിച്ച് ഒന്നാമന്മാരായാണ് നോക്കൗട്ടിനെത്തുന്നത്. അവിടെ എതിരാളികളായി ലഭിച്ചത് സ്പെയിൻ. ക്വാർട്ടറിൽ മുഖാമുഖം വരുന്നത് പോർച്ചുഗൽ. അവിടേയും ജയിച്ചു. എന്നാൽ ഫ്രാൻസിനോട് പതറി.

ലോക ഫുട്ബോൾ ഭൂപടത്തിൽ അത്ര വലിയ മേൽവിലാസങ്ങളൊന്നുമില്ലാത്ത മൊറോക്കോ എന്ന ആ കൊച്ചു രാജ്യത്തെ ആ വിജയത്തോടെ ഫുട്ബോൾ ലോകം ശ്രദ്ധിച്ചു തുടങ്ങുകയായിരുന്നു. ഗ്രൂപ്പ് എഫിലെ സമവാക്യങ്ങളെ മുഴുവൻ പൊളിച്ചെഴുതി മൊറോക്കോയുടെ അവിശ്വസനീയ പടയോട്ടം തുടർന്നു. ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം, റഷ്യൻ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യ, ഒപ്പം കരുത്തരായ കാനഡയും.പ്രവചനങ്ങളിലൊന്നും വലുതായി മൊറോക്കൊയുടെ പേരാരും കണ്ടില്ല. പക്ഷേ കളത്തിൽ ലോകം കണ്ടത് മറ്റൊന്നായിരുന്നു. ക്വാർട്ടറിലെത്തുമ്പോൾ ആരും മൊറോക്കോയെ എഴുതിത്ത്ത്ത്ത്തള്ളാൻ തയ്യാറായിരുന്നില്ല. ഒടുക്കം ചരിത്രം വീണ്ടുമാവർത്തിച്ചു. ഒരു ഗോളിന് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തകർത്തെറിഞ്ഞ് ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറുകയായിരുന്നു മൊറോക്കോ.



മൊറോക്കോയുടെ ക്വാർട്ടർ പ്രവേശം തന്നെ ചരിത്രമായിരുന്നു. ക്വാർട്ടറിൽ പ്രവേശിക്കുന്ന നാലാമത്തെ മാത്രം ആഫ്രിക്കൻ രാജ്യമായിരുന്നു മൊറോക്കോ. മൊറോക്കൻ ഫുട്ബോളിന് ഒരു സുവർണ തലമുറയുണ്ടായിരുന്നു. 1986ൽ ആദ്യമായി രാജ്യത്തെ ലോകകപ്പ് പ്രീക്വാർട്ടർവരെയെത്തിച്ച സംഘം. പിന്നീട് ഒന്നരപ്പതിറ്റാണ്ടോളം മങ്ങിപ്പോയവർ. പോർച്ചുഗലിനെതിരായ ചരിത്ര വിജയത്തിന് ശേഷം മൊറോക്കൻ പതാകകൾക്കൊപ്പം ഫലസ്തീൻ പതാകകൾ ഉയർത്തിയാണ് മൊറോക്കൻ താരങ്ങൾ ഫോട്ടോക്ക് പോസ് ചെയ്തത്. രാഷ്ട്രീയ ഉള്ളടക്കമുള്ള പതാകകൾ, ബാനറുകൾ എന്നിവ ഗ്രൗണ്ടിൽ പ്രദർശിപ്പിക്കുന്നതിന് പിഴയടക്കമുള്ള നടപടികൾ ഫിഫയിൽ നിന്ന് ഉണ്ടാകുമെങ്കിലും മൊറോക്കൻ കളിക്കാരും ആരാധകരും തങ്ങളുടെ രാഷ്ട്രീയം ധീരമായി പ്രഖ്യാപിക്കുകയായിരുന്നു ഖത്തറിൽ.

ലൂസേഴ്സ് ഫൈനലിന് മുമ്പ് മൊറോക്കോ എതിരാളികളുടെ ബോൾ പൊസിഷൻ ശരാശരി 75 ശതമാനത്തിനു മുകളിലായിരുന്നു. എന്നിട്ടും അവരെ പിടിച്ചുകെട്ടുന്നതിലായിരുന്നു മൊറോക്കോ പ്രതിരോധത്തിന്റെ മിടുക്ക്. ഉരുക്കുകോട്ട തീർത്ത് എതിരാളികളെ നിരാശരാക്കുന്ന പിൻനിരയിൽ നിന്ന് കൈമാറിക്കിട്ടുന്ന പന്തുകൾ പിടിച്ച് അതിവേഗം നടത്തുന്ന മിന്നൽ ആക്രമണങ്ങളായിരുന്നു ഖത്തറിലെ മൊറോക്കോ സ്പെഷൽ. അത് വിജയം കാണുകയും ചെയ്തു. സെമിയിൽ എതിരാളികളെ കൃത്യമായി പഠിച്ചിറങ്ങിയ ഫ്രാൻസ് വിജയം കണ്ടു. അങ്ങനെ മൊറോക്കോയ്ക്ക് മുമ്പിൽ ഫൈനൽ സ്വപ്നമായി മാറി.

ചരിത്രത്തിലാദ്യമായാണ് മൊറോക്കോ ലോകകപ്പ് ക്വാർട്ടറിൽ പോലും പ്രവേശിച്ചത്. ഇതിനുമുമ്പ് 1986ൽ പ്രീക്വാർട്ടറിൽ എത്തിയതാണ് മൊറോക്കോയുടെ പ്രധാന നേട്ടം. ലോകകപ്പ് ചരിത്രത്തിൽ അവസാന എട്ടിൽ ഇടംപിടിച്ച നാലാമത്തെ ആഫ്രിക്കൻ ടീമായിരുന്നു മൊറോക്കോ. സെമിയിൽ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാൻ 'അറ്റ്‌ലസ് സിംഹങ്ങൾ'ക്ക് കഴിയാതെ വന്നത് ആരാധകരേയും ഞെട്ടിച്ചു. ലോകകപ്പ് എട്ട് ടീമുകളിൽ ഒതുങ്ങിയപ്പോഴാണ് ആഫ്രിക്കൻ കാൽപ്പന്തിന്റെ കരുത്ത് പന്തടക്കമുള്ള മൊറോക്കോ ടീമിലൂടെ ലോകമറിയുന്നത്. മുന്നിലെത്തിയ കരുത്തരെയെല്ലാം മൈതാനാത്ത് മലർത്തിയടിച്ചായിരുന്നു അവരുടെ സെമി വരെയുള്ള കുതിരക്കുതിപ്പ്. സെനഗലും ഘാനയും കാമറൂണുമൊക്കെയായിരുന്നു ഇത്രയും കാലം ആഫ്രിക്കൻ ഫുട്‌ബോളിന്റെ പാടിപ്പതിഞ്ഞ മുദ്രകൾ. ഖത്തറിലെ പോരാട്ടത്തിലൂടെ മൊറോക്കോ എല്ലാം തങ്ങളുടെ വഴിയിലേക്കാക്കുന്നു.

ഇതിന് മുമ്പ് മൂന്ന് ആഫ്രിക്കൻ ടീമുകൾ ലോകകപ്പിന്റെ ക്വർട്ടറിൽ എത്തിയിട്ടുണ്ട്. കാമറൂൺ(1990), സെനഗൽ(2002), ഘാന(2010) എന്നിവരായിരുന്നു ആഫ്രിക്കൻ കരുത്തിലെ മുൻഗാമികൾ. എന്നാൽ അവർക്കാർക്കും നേടിയെടുക്കാനാകാത്ത സെമി ബെർത്താണ് പോർച്ചുഗലിനെ തളച്ച് മൊറോക്കോ നേടിയത്. യൂറോപ്യൻ കരുത്തിനെ ആഫ്രിക്കൻ ഫുട്‌ബോളിന്റെ വന്യ സൗന്ദര്യം വീഴ്‌ത്തിയ കാഴ്ച. ആഫ്രിക്കൻ ടീമാണെങ്കിലും അറബ് രാജ്യമായും അറിയപ്പെടുന്ന മൊറോക്കോ. അതുകൊണ്ടു തന്നെ ദോഹയിലെ ഇഷ്ടടീമുകളിൽ ഒന്നായിരുന്നു മൊറോക്കോ. ആറുതവണയാണ് മൊറോക്കോ ലോകകപ്പ് ഫുട്‌ബോളിനെത്തിയത്. 1970-ൽ പ്രാഥമികഘട്ടത്തിൽ പുറത്തായപ്പോൾ അവർ 14-ാമതായിരുന്നു. 1986-ലാണ് പിന്നീടെത്തിയത്. പ്രീക്വാർട്ടറിൽ അന്ന് അവസാനിച്ചു. 1994, 1998 വർഷങ്ങളിൽ ആദ്യറൗണ്ടിൽ പുറത്തായി. നീണ്ടവർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ശക്തമായ സംഘമായി 2018-ൽ റഷ്യ ലോകകപ്പിനെത്തിയ സംഘം സ്‌പെയിനും പോർച്ചുഗലും ഉൾപ്പെട്ട ഗ്രൂപ്പിൽനിന്ന് നോക്കൗട്ടിലേക്കെത്തിയില്ല. 2022-ൽ ചരിത്രത്തിലാദ്യമായി സെമി ഫൈനലിലേക്കെത്തുമ്പോൾ കളിയിലുമുണ്ടായിരുന്നു പ്രകടമായ മാറ്റം. രണ്ടുതവണ ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻഷിപ്പ്, ഒരോതവണ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്, ഫിഫ അറബ് കപ്പ് എന്നിവ നേടി.

മൊറോക്കോയുടെ ഗാർഡിയോള എന്നു വിളിപ്പേരു കിട്ടിയ റഗ്റാഗിക്കു കീഴിൽ ഇറങ്ങിയ കളിസംഘത്തിലോരോരുത്തരുടെയും മിടുക്ക് കൂടിയായിരുന്നു ഖത്തർ ലോകകപ്പിൽ ടീമിന്റെ സമാനതകളില്ലാത്ത കുതിപ്പ്. ഹകീം സിയെഷ്, നുസൈർ മസ്റൂഇ, സുഫിയാൻ ബൂഫൽ, റുമൈൻ സായിസ്, സകരിയ അബൂഖ്ലാൽ, നായിഫ് അഗ്യൂർഡ്, ജവാദ് അൽയാമിഖ്, അബ്ദുൽ ഹാമിദ് സാബിരി, യൂസുഫ് അന്നസീരി തുടങ്ങി ഓരോരുത്തരും അതിമിടുക്കർ. യൂറോപ്യൻ ലീഗുകളിലെ അനുഭവം ഇവർക്ക് കൂട്ടായപ്പോൾ എതിരാളികളുടെ ചലനങ്ങൾ അവർ തിരിച്ചറിഞ്ഞു. അങ്ങനെ ലൂസേഴ്സ് ഫൈനലിൽ വരെയെത്തി അവരുടെ കുതിപ്പ്. 



കരുത്തുറ്റ പ്രതിരോധമായിരുന്നു ടൂർണമെന്റിൽ മൊറോക്കോയുടെ മുഖമുദ്ര. സെമിയിൽ ഫ്രാൻസിനെ നേരിടാൻ ഇറങ്ങിയപ്പോൾ പ്രതിരോധത്തിനൊപ്പം ആക്രമണവും മൊറോക്കോൻ മിറാക്കിളിലുണ്ടായിരുന്നു. ഫ്രാൻസിനെതിരെ അൽബെയ്ത്തിൽ 2-0ന് മൊറോക്കോയുടെ കണ്ണീർ വീണെങ്കിലും ഹക്കിം സിയെച്ചും അഷ്റഫ് ഹക്കീമിയും ബോനോയുമെല്ലാം രാജ്യത്തിന്റെ താരമായി മാറി. ക്രോയേഷ്യയോട് പൊരുതി കീഴടങ്ങി നാലാം സ്ഥാനവുമായി മടങ്ങുമ്പോഴും ആഫ്രിക്കയുടെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് പുത്തൻ ചിറകുകൾ കിളിർക്കാൻ പാകത്തിലുള്ളതായി അതു മാറുന്നു. ഇനി യൂറോപ്യന്റേയും ലാറ്റിൻ അമേരിക്കയുടേയും മാത്രമാകില്ല കാൽപ്പന്തു കളിയുടെ സാധ്യതകൾ. ആഫ്രിക്കയേയും സൂക്ഷിക്കണം. അതാണ് മൊറോക്കോ പകർന്നു തരുന്ന സന്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP