Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാവനയുടെ മൂന്നാമിടങ്ങൾ

ഭാവനയുടെ മൂന്നാമിടങ്ങൾ

ഷാജി ജേക്കബ്‌

ന്റർനെറ്റ്കാലം, ഭാഷ, കല, സാഹിത്യം, സിനിമ, മാധ്യമം, വിമർശനം തുടങ്ങിയ സാംസ്‌കാരിക മണ്ഡലങ്ങളിൽ/വ്യവഹാരങ്ങളിൽ സൃഷ്ടിച്ച ഭാവപ്രതീതികളും പ്രതീതിഭാവങ്ങളുമാണ് മോഡേണിസത്തിൽ നിന്ന് പോസ്റ്റ് മോഡേണിസത്തിലേക്കുള്ള ഭാവനയുടെ കുതിപ്പായി പൊതുവെ കണക്കാക്കപ്പെടുന്നത്. ദേശീയതകളുടെ അഴിഞ്ഞുപോക്കും ആഗോളവൽക്കരണത്തിന്റെ വ്യവസ്ഥാപനവും; കമ്യൂണിസത്തിന്റെ പെടുമരണവും ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ ഉയിർത്തെഴുന്നേല്പും; രാഷ്ട്രീയമതങ്ങളുടെയും വിപണിദൈവങ്ങളുടെയും പ്രഭാവങ്ങൾക്കൊപ്പം സൈബർ സാങ്കേതികതയുടെയും സ്വത്വസാംസ്‌കാരികതകളുടെയും പ്രളയവും സംഭവിച്ച കാല-ലോകക്രമമെന്ന നിലയിൽ ആധുനികാനന്തരതയെ നാം മനസ്സിലാക്കുകയും ചെയ്യുന്നു. കേരളീയ/മലയാളസന്ദർഭത്തിലേക്കു വന്നാൽ മേല്പറഞ്ഞ ആറു മണ്ഡലങ്ങളിൽ നടന്ന അടിസ്ഥാനപരമായ മാറ്റങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:

          ഭാഷയിൽ, ഇംഗ്ലീഷിന്റെ രണ്ടാം വരവിനൊപ്പം ഭാഷാ എഞ്ചിനീയറിംഗിന്റെയും ഡിജിറ്റൽ സാങ്കേതികതകളുടെയും നവലോകക്രമങ്ങൾ രൂപപ്പെടുന്നു. സന്തോഷ് തോട്ടിങ്ങലിനെപ്പോലുള്ളവരുടെ ഇടപെടലുകൾ പരമ്പരാഗത ഭാഷാ, ഭാഷാശാസ്ത്ര പഠനങ്ങളെ മാറ്റി പ്രതിഷ്ഠിക്കുന്നു.

          കലയിൽ, ബിനാലെ മുതൽ ഡിജിറ്റൽ ആർട്ട് വരെയുള്ളവ പുതിയൊരു ജനകീയ സാംസ്‌കാരികതക്കു രൂപം കൊടുക്കുന്നു. ക്ലാസിക്കൽ കലകൾ ടൂറിസം കലകളായി രൂപ-ഭാവ മാറ്റം നേടുന്നു.

         

സാഹിത്യത്തിൽ, കവിതയും നാടകവുമൊക്കെ തിരോഭവിക്കുകയും ഫിക്ഷന്റെ ഏകാധിപത്യം സംജാതമാകുകയും ചെയ്യുന്നു. ഒരുവശത്ത് പുതിയ കാലത്തെയും ലോകത്തെയും തത്വചിന്താപരമായി വിശദീകരിക്കുന്ന ആനന്ദ് മുതൽ ഇ. സന്തോഷ്‌കുമാർ വരെയുള്ളവരുടെ സാന്നിധ്യം; മറുവശത്ത് പുതിയ കാലത്തിന്റെ പ്രതീതിയാഥാർഥ്യങ്ങളെയും ജൈവരാഷ്ട്രീയങ്ങളെയും ഭാവനാഭൂപടമായി വിന്യസിക്കുന്ന ഒരു നിര എഴുത്തുകാരുടെ സാന്നിധ്യം. എസ്. ഹരീഷ്, വിനോയ് തോമസ്, കെ.വി. പ്രവീൺ, പ്രവീൺ ചന്ദ്രൻ, വിവേക് ചന്ദ്രൻ, യമ, സംഗീത.... എന്നിങ്ങനെ.

          സിനിമയിൽ, നവ-യാഥാർഥ്യത്തിന്റെ ആഖ്യാനകലയും സാങ്കേതിക ഘടകങ്ങളുടെ പ്രാധാന്യവും പുനർവിന്യാസം നേടുന്നതിനൊപ്പം താരസങ്കല്പത്തിന്റെ അപനിർമ്മാണവും നടക്കുന്നു. മോഹൻലാലിൽ നിന്ന് ഫഹദ് ഫാസിലിലേക്കും കെ.ജി. ജോർജിൽ നിന്ന് ദിലീഷ് പോത്തനിലേക്കും മലയാളസിനിമ നടത്തിയ ക്വാണ്ടം ജംപ് ഓർമ്മിക്കുക.

          മാധ്യമരംഗത്ത് അച്ചടിരൂപങ്ങളുടെ തകർച്ചക്കു സമാന്തരമായി ദൃശ്യ, നവ മാധ്യമങ്ങളുടെ വളർച്ച പ്രകടമാകുകയും ഡിജിറ്റൽ ജനാധിപത്യത്തിന്റെ കാലം വരികയും ചെയ്യുന്നു. സാമൂഹ്യമാധ്യമങ്ങളിൽ സ്ത്രീകളാർജ്ജിച്ച സ്വതന്ത്ര കർതൃപദവിയും ശശിതരൂരിന്റെ രാഷ്ട്രീയബിംബവൽക്കരണവും മറ്റും ഉദാഹരണം.

          വിമർശനരംഗത്താകട്ടെ, ഒരുവശത്ത് ദേശീയതാവാദത്തിന്റെയും കോളനിയനന്തരതാവാദത്തിന്റെയും കീഴാളപഠനത്തിന്റെയും ലിംഗപഠനത്തിന്റെയുമൊക്കെ ചുവടുപിടിച്ച് ഇ.വി. രാമകൃഷ്ണൻ മുതൽ ദേവികയും പവിത്രനും വരെയുള്ളവർ ആധുനികതാവാദസാഹിത്യത്തിന്റെ നിരൂപണത്തിലിടപെടുന്നു. മറുവശത്ത് ആഗോളവൽകൃത-നവകൊളോണിയൽ-സാങ്കേതിക സംസ്‌കൃതികളുടെ ഭാവുകത്വം മുൻനിർത്തി ജി. മധുസൂദനൻ മുതൽ രാഹുൽ രാധാകൃഷ്ണൻ വരെയുള്ളവർ ഇടപെടുന്നു.

          ചരിത്രം, സാമൂഹ്യശാസ്ത്രം, നവ സാങ്കേതികവിദ്യ, തത്വചിന്ത, മനോവിജ്ഞാനം, ജാതി-ലിംഗപദവീപഠനങ്ങൾ, രാഷ്ട്രീയസമ്പദ്ശാസ്ത്രം, സൈബർ സാംസ്‌കാരികത.... തുടങ്ങിയവ സമീകരിക്കപ്പെടുന്ന ബഹുസാംസ്‌കാരികവും അന്തർവൈജ്ഞാനികവുമായ കാഴ്ചപ്പാടുകൾ മുൻനിർത്തി ആധുനികാനന്തരവും ആഗോളവൽകൃതവുമായ സാഹിതീയ ചിന്തകളെക്കുറിച്ചുന്നയിക്കപ്പെടുന്ന രാഹുൽ രാധാകൃഷ്ണന്റെ നിരൂപണങ്ങളുടെ പശ്ചാത്തലമിതാണ്.

         

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, സർഗസാഹിത്യരംഗത്തെ തലമുറമാറ്റം പോലൊന്ന് സാഹിത്യവിമർശനരംഗത്ത് പ്രകടമല്ല എന്നതാണ് വസ്തുത. ആധുനികാനന്തര മലയാളസാഹിത്യവിമർശനത്തിന്റെ നവസാങ്കേതിക, നവരാഷ്ട്രീയ ഭാവുകത്വങ്ങളെ സാമാന്യമായി ചർച്ചചെയ്യുന്നതിൽ ജി. മധുസൂദനനും ടി.ടി. ശ്രീകുമാറും ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇവയെ നിരന്തരവും തുടർച്ചയുമായി മുന്നോട്ടുവയ്ക്കുന്ന ഏക നിരൂപകൻ രാഹുൽ രാധാകൃഷ്ണനാണ്. നവകവിതാവിമർശനത്തിൽ സജയ് കെ.വി.യും സന്തോഷ് മാനിച്ചേരിയും പോലെ ചിലരുള്ളപ്പോഴും സാങ്കേതികവിദ്യാനിർണീത(Technology Driven Culture)സംസ്‌കാരത്തിന്റെ സാഹിതീയപാഠങ്ങളെ രാഷ്ട്രീയമായി അപഗ്രഥിക്കുന്ന നിരൂപണഭാവുകത്വം പിന്തുടരാൻ നോവൽ, കഥാരംഗത്ത് രാഹുലല്ലാതെ രണ്ടാമതൊരാളില്ല എന്നതാണ് യാഥാർഥ്യം.

          വിഷയൈക്യം മുൻനിർത്തി മൂന്നു ഭാഗമായി തിരിച്ചിട്ടുള്ള ഇരുപത്തിമൂന്നുപന്യാസങ്ങളുടെ സമാഹാരമാണ് രാഹുലിന്റെ ആദ്യ പുസ്തകമായ 'ഉയിർഭൂപടങ്ങൾ'. ആഗോളവൽകൃതവും ആധുനികാനന്തരവുമായ സാംസ്‌കാരിക സന്ദർഭങ്ങൾ സൃഷ്ടിച്ച സാഹിതീയ ഭാവുകത്വസ്വരൂപങ്ങളിൽ ആറെണ്ണം ചൂണ്ടിക്കാണിക്കുന്ന ആറു ലേഖനങ്ങളും ദേശാന്തരവും ഭാഷാന്തരവുമായ സാഹിത്യബോധങ്ങളിൽ പ്രസക്തമാകുന്ന മേല്പറഞ്ഞ പ്രവണതകൾ മലയാളനോവലിലും കഥയിലും പ്രകടമാകുന്നതിന്റെ സൂചനകൾ നൽകുന്ന ഓരോ ലേഖനവുമുൾപ്പെടെ എട്ടു രചനകളാണ് ഒന്നാം ഭാഗത്തുള്ളത്.

          ഒന്നാം ഭാഗത്തെ ആറ് വിമർശനോപന്യാസങ്ങളിൽ ചൂണ്ടിക്കാണിക്കുന്ന പ്രവണതകൾ മുൻനിർത്തി ആഗോളവൽക്കരണ കാലത്ത് മലയാളത്തിൽ നോവൽഭാവന കൈവരിച്ച ആഖ്യാനത്തിന്റെ മൂന്നാമിടങ്ങളെ ഏഴ് കൃതികൾ ആസ്പദമാക്കിയപഗ്രഥിക്കുന്ന ഏഴ് ലേഖനങ്ങളാണ് രണ്ടാം ഭാഗത്തുള്ളത്.

          സമാനമായ രീതിയിൽ, ആധുനികാനന്തരതയുടെ സാംസ്‌കാരിക രാഷ്ട്രീയങ്ങളിൽ ചിലത് ആധാരമാക്കി മലയാളത്തിൽ ചെറുകഥ കൈവരിച്ച ഭാവുകത്വസാധ്യതകളവലോകനം ചെയ്യുന്ന എട്ട് ലേഖനങ്ങളാണ് മൂന്നാം ഭാഗത്തുള്ളത്.

          ഒന്നാം ഭാഗത്തെ ആറു പഠനലേഖനങ്ങളിൽ രാഹുൽ ചർച്ചചെയ്യുന്ന സാഹിതീയ തത്വങ്ങൾ ഇവയാണ്.

1. എഡ്വേർഡ് സോജ, മൂന്നാമിടം (third space) എന്നു വിളിക്കുന്ന പ്രതീതിപരവും ജൈവികവുമായ ഇടങ്ങളുടെ ഭാവനാഭൂപടവിന്യാസം.

2. ആഗോളവൽക്കരണം, കോളനിയനന്തരവാദം, ആധുനികാനന്തരത എന്നിവയെ രാഷ്ട്രീയത്തിലും ആഖ്യാനപരതയിലും കൂട്ടിയിണക്കുന്ന കാഴ്ചപ്പാടുകൾ.

3. സൈബർ സാങ്കേതികതയും സാമൂഹിക നൈതികതയും തമ്മിലുള്ള ബന്ധത്തെ നോവലെഴുത്തിന്റെ/കഥയെഴുത്തിന്റെ കലയും പ്രത്യയശാസ്ത്രവുമായി സങ്കല്പിക്കുന്നതിന്റെ സാധ്യതകൾ.

4. സ്ഥല, ദേശ ഭാവനകൾ സൃഷ്ടിക്കുന്ന 'സാങ്കേതിക ഇടങ്ങൾ' മുൻനിർത്തി speculative fiction എന്നു വിളിക്കാവുന്ന നോവൽഗണം രൂപംകൊണ്ടതിന്റെ ചർച്ച.

5. അനുഭവം, ഓർമ്മ എന്നിവ നോവലിന്റെ സൗന്ദര്യരാഷ്ട്രീയവും കലാപദ്ധതിയുമായി വികസിച്ചുവന്നതിന്റെ ആധുനികാനന്തരമാനങ്ങളുടെ അവലോകനം.

6. ഭാഷയുടെ രാഷ്ട്രീയവും ആഖ്യാനത്തിന്റെ കലയും പ്രമാണമാക്കി വിവർത്തനത്തിലൂടെയും അല്ലാതെയും സംഭവിക്കുന്ന ഭാഷാന്തര-ദേശാന്തര സാഹിതീയ വ്യാപനങ്ങളുടെ സാംസ്‌കാരിക വിശകലനം.

          രാഹുൽ നേരിട്ടു സൂചിപ്പിക്കുന്നില്ലെങ്കിലും ആഗോളവൽക്കരണത്തെക്കുറിച്ചുള്ള അർജുൻ അപ്പാദുരൈയുടെ വിഖ്യാതമായ 'പഞ്ചപ്രവാഹ'സങ്കല്പനത്തെ (Ethnoscapes, Mediascapes, Techno scapes, Finanscapes, Ideoscapes) ഏറെക്കുറെ പിൻപറ്റുന്നവയാണ് ഈ സാഹിത്യതത്വവിചാരങ്ങൾ എന്നു കാണാം.

മേല്പറഞ്ഞ സാഹിതീയവിചാരങ്ങളെ അന്ധകാരനഴി, ഫ്രാൻസിസ് ഇട്ടിക്കോര, ആളോഹരി ആനന്ദം, ദിശ, തീയുർരേഖകൾ, ചുവന്ന ബാഡ്ജ്, യുവാവായിരുന്ന ഒൻപതുവർഷം എന്നീ നോവലുകളിലേക്കു വ്യാപിപ്പിച്ചുകൊണ്ട് മുഖ്യമായും ഇടം, ആഗോളവൽക്കരണം, ചരിത്രം, അധികാരം, രാഷ്ട്രീയം, ആഖ്യാനം എന്ന ആറ് വ്യവഹാരങ്ങൾക്ക് ആധുനികാനന്തര മലയാളനോവലിൽ കൈവന്ന ഭാവനാജീവിതങ്ങളെ ചർച്ചക്കെടുക്കുകയാണ് രാഹുൽ രണ്ടാം ഭാഗത്ത് ചെയ്യുന്നത്.

ഹിംസ, ജാതി, ഉപഭോഗം, കാലാവസ്ഥാവ്യതിയാനം, കുടിയേറ്റം എന്നീ അഞ്ച് സംപ്രത്യയങ്ങൾക്ക് സമീപകാല ചെറുകഥയിൽ സംഭവിച്ചിട്ടുള്ള രാഷ്ട്രീയവ്യതിയാനം വിശദീകരിക്കുന്ന അഞ്ച് പഠനങ്ങളും പ്രണയം, ഭരണകൂടം, സാമൂഹ്യക്രമം എന്നിവയിൽ പ്രവർത്തിക്കുന്ന അധികാരത്തിന്റെ ജൈവഭൂപടം വിശകലനം ചെയ്യുന്ന മൂന്നു പഠനങ്ങളുമാണ് മൂന്നാം ഭാഗത്ത്.

          മിഷെൽ ഫൂക്കോയുടെ ഹെറ്ററോടോപ്പിയ എന്ന ആശയത്തിൽ നിന്നും ഹെന്റി ലെവ്‌റയുടെ സ്ഥല-ദേശ-ഇട സങ്കല്പനങ്ങളിൽനിന്നും പ്രചോദനം നേടി എഡ്വേർഡ് സോജ വികസിപ്പിച്ച മൂന്നാമിടം എന്ന ഭാവരൂപകം വിശദീകരിച്ചുകൊണ്ട് ആധുനികാനന്തര നോവലിലും കഥയിലും മറ്റും പ്രകടമാകുന്ന പ്രതീതിഇടത്തെക്കുറിച്ചെഴുതുന്നു, ആദ്യലേഖനം. ഈ ഇടത്തിന്റെ ജൈവികവും അജൈവികവുമായ അനുഭവങ്ങളുടെ വാങ്മയമായി പ്രവർത്തിക്കാൻ സാഹിത്യത്തിനു കഴിയുന്നതെങ്ങനെയെന്നാണ് സാഹിത്യവിമർശനം ആരായുന്നത്. അധികാരത്തെയാണ് അവിടത്തെ പരമമായ സാംസ്‌കാരിക രാഷ്ട്രീയമായി വിമർശനം തിരിച്ചറിയുന്നത്. പ്രതീതിലോകങ്ങൾ യഥാർഥ ലോകത്തെക്കാൾ ജൈവികമായി അനുഭൂതമാകുന്ന ഭാവനയുടെ അപഗ്രഥനമായി ഇവ മാറുകയും ചെയ്യുന്നു.

'അക്ഷാംശവും രേഖാംശവും സാങ്കേതികമായിത്തന്നെ കണ്ടുപിടിച്ചുകൊണ്ട് ഒരാളുടെ ഇടം നിശ്ചയിക്കാൻ ഇന്ന് സാധ്യമാണ്. സമയം ഓരോ നിമിഷവും ചലിക്കുന്നതുപോലെ പ്രസ്തുത സ്ഥലത്തിന്റെ സൂക്ഷ്മമായ വ്യത്യാസം ഒപ്പിയെടുക്കുന്നത് ഇപ്പോഴത്തെ അവസ്ഥയിൽ എളുപ്പമാണ്. സ്വയം ചലിക്കാത്ത ഇടത്തിൽ സംഭവിക്കുന്ന സാമൂഹികചലനങ്ങളുടെ മൗലികമായ വ്യാഖ്യാനങ്ങളെ ഭൗമശാസ്ത്രജ്ഞനായ എഡ്‌വാർഡ് സോജ 'മൂന്നാമിടം' (Third Space) എന്ന സങ്കല്പനംകൊണ്ടാണ് വിശദീകരിക്കുന്നത്. അമേരിക്കക്കാരനായ സോജ, ഇടങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളെ സാഹിത്യവുമായി ചേർത്തുവെക്കുന്ന പണ്ഡിതനാണ്. 'ഇട'വുമായി ബന്ധപ്പെട്ട സാഹിത്യസിദ്ധാന്തങ്ങളിൽ സോജയ്ക്കുള്ള പ്രസക്തിയും പങ്കും വലുതാണ്. മൂന്നാമിടമെന്നത് സോജയുടെ കാഴ്ചപ്പാടിൽ എല്ലാ സ്ഥലങ്ങളും ചേർന്ന, ഏകീകരിച്ച ഒരിടമാണ്. എല്ലാവർക്കും എല്ലാ കോണുകളിൽ നിന്നും കാണാൻ സാധിക്കുന്ന, എന്നാൽ അഭ്യൂഹങ്ങളും മിഥ്യാബോധവും പരോക്ഷസൂചനകളും ഗൂഢമായി വിന്യസിച്ചിരിക്കുന്ന ഈ ഇടത്തെ ഭാവനാതീതമായ പ്രപഞ്ചത്തിന്റെ മാതൃകയായി അവരോധിക്കുന്നതിൽ യുക്തിയുണ്ട്. മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്മമാപിനിയായി വർത്തിക്കാൻ സോജ വിഭാവനം ചെയ്ത 'ഇട'ത്തിനു സാധിക്കുന്നു. സ്ഥലം, കാലം, സാമൂഹികത്വം എന്നീ ഘടകങ്ങളെയാണ് ഇതിലേക്കായി സോജ പരിഗണിക്കുന്നത്. ഭൂമിശാസ്ത്രം, ചരിത്രം, സമൂഹം എന്നിവയെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് ഇവയെ അദ്ദേഹം സങ്കല്പിക്കുന്നത്. സ്ഥലം ആണ് കാലത്തെക്കാൾ കൂടുതൽ പ്രത്യാഘാതങ്ങളെ ഒളിപ്പിച്ചുവയ്ക്കുന്നത്. അതിനാൽ ഭൂമിശാസ്ത്രത്തിന്റെ ആകൃതിക്കാണ് ചരിത്രത്തെക്കാളും പ്രാധാന്യം കല്പിക്കേണ്ടത് എന്നാണ് അദ്ദേഹത്തിന്റെ വാദം. സ്ഥലം നിമിത്തങ്ങളെയും അനന്തരഫലങ്ങളെയും സൂക്ഷ്മമായി ഒളിപ്പിക്കുമ്പോൾ അധികാരവും അച്ചടക്കവും സാമൂഹികജീവിതത്തിന്റെ നിഷ്‌കളങ്കമായ ഇടങ്ങളിൽ മുദ്രണം ചെയ്യപ്പെടുകയാണ്. രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും മനുഷ്യന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതിന്റെ രേഖാചിത്രം വരയ്ക്കാൻ ശ്രമിക്കുകയാണ് സോജ. 'മൂന്നാമിട'ത്തിലെ സാമൂഹികത്വമാണ് സോജയുടെ നിരീക്ഷണത്തെ ശ്രദ്ധേയമാക്കുന്നത്. അല്പം കൂടെ വ്യക്തമാക്കിയാൽ, 'ഇടം' എന്ന പ്രത്യയം പ്രതിനിധീകരിക്കുന്നത് പ്രസ്തുത സമൂഹത്തിന്റെയും മനുഷ്യരുടെയും ചലനാത്മകമായ വ്യവഹാരത്തെയാണ്.

          അധിനിവേശാനന്തര സമൂഹത്തിൽ 'മൂന്നാമിടം' എന്ന സങ്കല്പനത്തിന്റെ പ്രസക്തി ഏറെയാണ്. സോജ വിഭാവനം ചെയ്യുന്നതുപ്രകാരം ഒന്നാമിടത്തിനെ ഭൂപടത്തിലും മറ്റും രേഖപ്പെടുത്താനാവും. രണ്ടാമിടമാകട്ടെ സങ്കല്പത്തിലുള്ള പ്രതിനിധാനസ്വഭാവം പ്രദർശിപ്പിക്കുന്ന സ്ഥലമാണ്. അറിയാനും അതിനെക്കുറിച്ചു തർക്കിക്കാനും സാധിക്കുന്ന തരത്തിലുള്ള പ്രകൃതമാണ് പ്രസ്തുത ഇടത്തിന്റേത്. ഇവ രണ്ടും ചേർന്നുകൊണ്ടുള്ള യാഥാർഥ്യവും ഭാവനയും ഏകകാലികമായി പ്രത്യക്ഷമാവുന്ന വേറിട്ട ഇടമാണ് മൂന്നാമത്തേത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഒന്നാമിടത്തിന്റെ അനുഭവങ്ങളെ മനനം ചെയ്യുകയും രണ്ടാമിടത്തിലെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും കോർത്തുവെക്കുകയും ചെയ്യുകയാണ് മൂന്നാമിടം. 'ആധുനികത'യ്ക്കും അധിനിവേശത്തിനും ശേഷമുള്ള സമൂഹത്തിന്റെ വെല്ലുവിളികളെയും ചെറുത്തുനിൽപ്പുകളെയും പ്രതിനിധീകരിക്കുക വഴിമാറ്റത്തിന്റെ രാഷ്ട്രീയത്തിന് കാഹളമൂതുന്നതാണ് മൂന്നാമിടക്കാഴ്ചകൾ. വിശാലമായ വീക്ഷണത്തിൽ, മൂന്നാമിടം എന്നത് ചിന്തയുടെ നവലോകമാണ്. ആശയപ്രകാശനത്തിന്റെ തിട്ടയാണ് 'ഇടം' എന്നു വ്യാഖ്യാനിക്കാറുണ്ട് (The Production of Space-Henry Lefebvre). ഇതോടൊപ്പം പ്രകൃതിദത്തമായ ഇടം നശിച്ചുകൊണ്ടിരിക്കുകയാണെന്നും ഹെൻറി ലെഫെബ നിരീക്ഷിക്കുന്നു. ഇടം (Space) പ്രദാനം ചെയ്യുന്ന വസ്തുക്കൾ (പദാർത്ഥങ്ങൾ), 'ഇട'ത്തെക്കുറിച്ചുള്ള ചിന്തകൾ എന്നിങ്ങനെയുള്ള ഘടകങ്ങളെ അപനിർമ്മിച്ചുകൊണ്ട് മൂന്നാമതൊരു ഇടത്തിന്റെ സാധ്യത തേടുകയായിരുന്നു സോജ. മനുഷ്യരുടെ ഭൂപ്രകൃതി സംബന്ധിച്ചുമുള്ള ആലോചനകൾക്കും ആശയങ്ങൾക്കും വഴിതുറക്കുന്ന ഇടമാണത്. സോജയുടെ അഭിപ്രായത്തിൽ ഇവ ചരിത്രപരവും സാമൂഹികപരവുമായ അടയാളപ്പെടുത്തലുകൾപോലെതന്നെ മുഖ്യവുമാണ്. സാമൂഹികത സ്ഥലസംബന്ധിയായ ചിന്തകൾക്കുമേലെയാണ് സ്ഥിതി ചെയ്യുന്നതെന്ന മാർക്‌സിന്റെ വാദത്തെ അദ്ദേഹം പിന്താങ്ങിയിരുന്നില്ല. അതുകൂടാതെ, സാമൂഹികതയും സ്ഥലവുമായി ബന്ധപ്പെട്ട സങ്കേതങ്ങളും അന്യോന്യം സംഘടിതമായ അവസ്ഥയിലാണെന്ന പക്ഷക്കാരനാണ് സോജ'.

          ഉത്തരാധുനികതയുടെ ഭാവുകത്വസവിശേഷതകൾ രൂപപ്പെടുത്തുന്നതിൽ ആഗോളവൽക്കരണത്തിനുള്ള പങ്കന്വേഷിക്കുന്ന രണ്ടാം ലേഖനം പക്ഷെ ചില വൈരുധ്യങ്ങൾ അകമേ പേറുന്നുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിലാരംഭിച്ചതാണ് ആഗോളവൽക്കരണമെന്ന വാദം ഒരിടത്തു ശരിവയ്ക്കുമ്പോൾ 1980കളിലാരംഭിക്കുന്നതാണത് എന്ന വാദം മറ്റൊരിടത്തു ശരിവയ്ക്കുന്നതിലാണ് ഈ വൈരുധ്യം കുടികൊള്ളുന്നത്. കോളനിയനന്തരവാദത്തെ ആഗോളവൽക്കരണത്തോടും ആധുനികാനന്തരതയോടും കൂട്ടിയിണക്കുന്ന നെഗ്രിയുടെയും ഹാർട്ടിന്റെയും നിരീക്ഷണമാണ് ശ്രദ്ധേയമായ ആശയസ്വാധീനങ്ങളിലൊന്ന്. രാഹുൽ എഴുതുന്നു:

'പ്രാദേശികതലത്തിലെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ ആഗോള ചുറ്റുപാടുകളെ മലയാളസാഹിത്യം രേഖപ്പെടുത്താൻ ആരംഭിച്ചു. ആഗോളീയമായി ചിന്തിച്ചുകൊണ്ട് അതിന്റെ അനുരണനങ്ങൾ പ്രാദേശികാടിസ്ഥാനത്തിലേക്ക് വ്യാപിപ്പിക്കുന്ന വിധത്തിലുള്ള കഥകളും നോവലുകളും മലയാളത്തിൽ ഉണ്ടായി. ഗ്ലോബൽ വില്ലേജ് ആയി കേരളത്തിലെ ഗ്രാമങ്ങൾ പരിണമിക്കുന്നതിന്റെയും പരിസ്ഥിതിക്കും പരിസരത്തിനും നാശം സംഭവിക്കുന്നതിനെയും കുറിച്ചുള്ള ആകുലതകൾ അതോടൊപ്പം സംഭവിച്ചു. അതിരുകളും ഭൂപടങ്ങളും പതുക്കെ ഇല്ലാതാവുകയായിരുന്നു. സാർവലൗകികമായ കാഴ്ചകൾ/കാഴ്ചപ്പാടുകൾ, പ്രാദേശികമായ 'ആഗോള'ചിന്തകൾ, വാണിജ്യക്കരാറുകളുടെയും രാഷ്ട്രീയ ഉടമ്പടികളുടെയും പ്രാദേശിക/ദേശീയ നിലപാടുകൾ എന്നിവ കഥകളുടെയും നോവലുകളുടെയും വിഷയങ്ങളായി. സാർവലൗകികത്വം, ദേശീയത എന്നീ ദ്വന്ദ്വങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് സാഹിത്യം മാറുന്ന ലോകനിയമത്തിനു ഒപ്പമെത്താൻ വെമ്പൽ പൂണ്ടു. സാധാരണക്കാരുടെ ജീവിതപരിവട്ടങ്ങളിൽ കച്ചവടനിയമങ്ങളും കരാറുകളും വരുത്തുന്ന മാറ്റങ്ങളെ യഥാതഥമായും ഭാവനാപരമായും അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ മലയാളത്തിൽ ഉണ്ടായി. ആഗോളീകരണാനന്തര സമൂഹത്തെ മുഖാമുഖം ചെയ്യുന്ന സാഹിത്യപരികല്പനകളും സിദ്ധാന്തങ്ങളും പ്രായോഗികജീവിതത്തിൽ ചലനങ്ങൾ ഉണ്ടാക്കുമോ എന്നും എഴുത്തുകാർ അന്വേഷിക്കാൻ ശ്രമിച്ചു. സാർവലൗകിക-ദേശീയ-പ്രാദേശികതലങ്ങളുടെ അന്തർധാരകളെ സാഹിത്യം വസ്തുനിഷ്ഠവും രാഷ്ട്രീയവും ആയി കാണാൻ തുടങ്ങി. കഥകൾ ഭാവനയിൽ മെനഞ്ഞെടുത്ത സർഗാത്മകരൂപം മാത്രമായി ചുരുങ്ങിയില്ല എന്നർത്ഥം. ഈ പ്രക്രിയയ്ക്ക് സമാന്തരമായി ആഗോളീയമായ സംസ്‌കാരത്തെ അവതരിപ്പിക്കാനുള്ള യത്‌നങ്ങൾ നോവലുകളുടെ ആഖ്യാനഘടന സ്വീകരിച്ചു. അതിനനുസൃതമായി പ്രമേയങ്ങൾ രൂപപ്പെടുകയും കഥാപാത്രങ്ങൾ ഉടൽരൂപം കൈക്കൊള്ളുകയും ചെയ്തുതുടങ്ങി. അങ്ങനെ ആഗോളീയതയും അധികാരവാക്യങ്ങളും നിറഞ്ഞ വഴിയിലേക്ക് സാഹിത്യകൃതികളുടെ പരിസരങ്ങളും രൂപപ്പെടാൻ ആരംഭിക്കുകയായിരുന്നു'.

          സൈബർ സാങ്കേതികതയും സാമൂഹിക നൈതികതയും തമ്മിലുള്ള ബന്ധം ചർച്ചചെയ്തുകൊണ്ട് പ്രതീതിയാഥാർഥ്യങ്ങളുടെ അതിഭാവനാലോകങ്ങൾ അപഗ്രഥിക്കുന്ന മൂന്നാം ലേഖനമാണ് ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ രചനകളിലൊന്ന്. ഡാവ് എഗ്ഗേഴ്‌സ്, പോൾ വിറിലിയോ, ഷുരിത് ബുലേജ തുടങ്ങിയവരുടെ പഠനങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അധീക്ഷണം (surveillance) മുതൽ ഡാറ്റാമൈനിങ് വരെയുള്ളവ വിശദീകരിക്കുന്നു ഇവിടെ രാഹുൽ.

          'വിവരസാങ്കേതികതയും പുറംപണികരാറുകളും വർഗവ്യത്യാസമില്ലാതെ സമൂഹത്തിന്റെ വിവിധ ശ്രേണികളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കാനോ/നിയന്ത്രിക്കാനോ തുടങ്ങിയതോടെ, ആ മേഖലയെ കേന്ദ്രീകരിച്ച സാഹിത്യകൃതികൾ ഉണ്ടായിത്തുടങ്ങി. സാമ്പ്രദായികമായ അർത്ഥത്തിലുള്ള സയൻസ് ഫിക്ഷനുപരിയായി സൈബർ തൊഴിലിടങ്ങളിലേക്ക് എഴുത്തുകാരന്റെ ഭാവന സഞ്ചരിക്കാൻ ആരംഭിച്ചു. കോർപ്പറേറ്റ് ലോകത്തെ അധികാരവ്യവസ്ഥ Flat Hierarchy ആണെന്ന വാദം നിലനിൽക്കെതന്നെ അദൃശ്യമായ ഉടമ-അടിമ വ്യവഹാരത്തിന്റെ സ്വഭാവം അതിൽ കാണാനാവും. ഡേവ് എഗേഴ്‌സ് (Dave Eggers) എഴുതിയ 'ദി സർക്കിൾ' എന്ന നോവൽ ഗൂഗിൾപോലെയൊരു കമ്പനിയുടെ രഹസ്യാത്മകതകളെ തുറന്നുകാണിക്കുന്ന കൃതിയാണ്. രഹസ്യങ്ങൾ കള്ളമാണെന്നും സ്വകാര്യത കൊള്ളയാണെന്നുമുള്ള ആപ്തവാക്യം പിൻതുടരുന്ന The Circle എന്ന ബൃഹത്തായ സ്ഥാപനത്തിന്റെ അധികാരവ്യാപാരങ്ങളെയാണ് നോവലിൽ പ്രതിപാദിക്കുന്നത്. മേ എന്ന യുവതി സർക്കിളിൽ ജോലിചെയ്യാനെത്തുന്ന പശ്ചാത്തലത്തിൽ ആരംഭിക്കുന്ന നോവലിൽ, അവളുടെ സ്വകാര്യതയെ ഹനിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളാണ് ആദ്യദിനം മുതൽ നടന്നുകൊണ്ടിരുന്നത്. ബഹുസ്വരമായ ലോകത്തിന്റെ ഐകദാർഢ്യത്തിനുവേണ്ടിയാണ് തങ്ങൾ നിലനിൽക്കുന്നതെന്ന് പ്രഖ്യാപിക്കുമ്പോൾതന്നെ തൊഴിലാളികളുടെ സ്വകാര്യത കമ്പനിയുടെ പൊതുകാര്യതയാക്കി മാറ്റുന്ന തരത്തിലുള്ള നയങ്ങളാണ് സർക്കിൾ പിന്തുടർന്നിരുന്നത്. മേയുടെ വ്യക്തിപരമായ വിവരങ്ങളെല്ലാം-പാട്ടുകളും ഫോട്ടോകളും ഫോൺ സന്ദേശങ്ങളും-എല്ലാം അവൾക്കു കമ്പനിയുമായി പങ്കുവെക്കേണ്ടിവന്നു. ജോലിക്കു ചേരുന്ന ഓരോ വ്യക്തിയും തന്റെ സ്വകാര്യതയെ തീറെഴുതി കൊടുത്തുകൊണ്ട് മുതലാളിത്തവ്യവസ്ഥ അനുശാസിക്കുന്ന അധികാരഘടനയ്ക്കു മുന്നിൽ മുട്ടുകുത്തുന്ന രംഗമാണ് ഇവിടെ സംജാതമായിട്ടുള്ളത്. കമ്പനിയുടെ ക്ലൗഡ് (Cloud Networking) ശൃംഖലയിൽ എല്ലാ വിവരവും സുരക്ഷിതമാണെങ്കിലും വ്യക്തിപരമായ ഇഷ്ടങ്ഹളും അനിഷ്ടങ്ങളുംവരെ പൊതുയിടത്തു തുറന്നുവയ്‌ക്കേണ്ട അവസ്ഥയാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടത്. ഉത്പാദനവ്യവസ്ഥകളെ പൊതുസമൂഹത്തിൽ അനാവൃതമാക്കാമെങ്കിലും തൊഴിലാളി എന്ന സ്വത്വത്തിന്റെ ബോധവും പ്രതിബോധവും മുതലാളി സ്വന്തമാക്കുന്ന കാഴ്ച വ്യക്തിമൂല്യങ്ങളെ ഉല്ലംഘിക്കുന്നതാണ്.

         

സുതാര്യത എന്ന ആശയം ജീവിതത്തിന്റെ എല്ലാ തലത്തിലും ഉറപ്പിക്കാൻ ശ്രമിക്കുന്ന എല്ലാ വിധത്തിലുമുള്ള രഹസ്യങ്ങളിൽ നിന്നുമുള്ള വിടുതലിലൂടെ മനുഷ്യന്റെ പൂർണാസ്തിത്വമാണ് ഈ നോവൽ ലക്ഷ്യം വയ്ക്കുന്നത്. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലൂടെ ജീവിതം വിളിച്ചുപറയുന്നവന്റെ ശബ്ദം എത്രകണ്ടു സത്യസന്ധമാണെന്ന് ഉറപ്പിക്കാൻ നിർവാഹമൊന്നുമില്ല. എന്നാൽ കൃത്യമായ രീതിയിൽ ജീവനക്കാരുടെ ഓരോ നിമിഷവും സർക്കിളിന്റെ സാങ്കേതികോപകരണങ്ങൾക്ക് ഒപ്പിയെടുക്കാൻ സാധിച്ചിരുന്നു. സർക്കിൾ വികസിപ്പിച്ച 'ട്രൂ യു' എന്ന ആപ്ലിക്കേഷൻ ഇതിനുദാഹരണമാണ്. കേവലം ഒരു യൂസർ ഐഡിയും പാസ്‌വേർഡുംകൊണ്ട് ജിമെയിലിലും സകല സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിലും എല്ലാത്തരം ഓൺലൈൻ വ്യാപാരങ്ങളും നടത്താൻ സാധിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെയാണ് 'സർക്കിൾ' ലോകം കീഴടക്കിയത്. കമ്പോളത്തിലെ കച്ചവടച്ചരക്കായി ഭൂമിയുടെ ആവാസവ്യവസ്ഥയെയും മനുഷ്യരെ സംബന്ധിക്കുന്ന പ്രാഥമികവിവരങ്ങളെയും മാറ്റിയെടുക്കുന്ന ബഹുരാഷ്ട്രകുത്തകകളുടെ അധികാരപ്രമത്തത ഗൂഗിളിലൂടെയും മൈക്രോസോഫ്റ്റിലൂടെയും മറ്റും വ്യക്തമാക്കുന്നുണ്ട്. ഇതിൽ നിന്നും ഒരുപടി കടന്നുകൊണ്ട്, ജീവനക്കാരുടെ അതീവ സ്വകാര്യനിമിഷങ്ങളെപ്പോലും 'ട്രൂ യു'വിലൂടെ ലോകം മുഴുവൻ കാണാമെന്നുള്ള ചതിക്കുഴി ഇവിടെ പതിയിരിക്കുകയാണ്.

          അറിവിന്റെ പല തലത്തിലുള്ള ഉത്പാദനം വിരൽത്തുമ്പിനാൽ നിയന്ത്രിക്കണമെങ്കിൽ അധികാരഘടനയ്ക്ക് ആഴവും പരപ്പും ഉണ്ടാവണം. അത് മനസ്സിലാക്കിയിട്ടെന്ന വിധമായിരുന്നു സർക്കിളിലെ വ്യവസ്ഥിതികൾ. ജ്ഞാനവും അധികാരവും എല്ലായ്‌പോഴും ഒരുമിച്ചു വരുന്നുവെന്ന ഫൂക്കോവിന്റെ നിരീക്ഷണം ശരിവെക്കുന്ന രീതിയിലുള്ള വിനിമയങ്ങളുടെ ക്രമം സർക്കിളിൽ കാണാം. അറിവിന്റെ വിഭജനവും ഉത്പാദനവും അധികാരത്തിന്റെ ഇടനാഴികളിൽ മാത്രമേ വിജയകരമാക്കാൻ സാധിക്കൂവെന്നത് 'ശിക്ഷണവും ശിക്ഷയും' എന്ന കൃതിയിൽ ഫൂക്കോ മുന്നോട്ട് വയ്ക്കുന്ന ആശയമാണ്. സാങ്കേതികത, നൈതികത, മനുഷ്യബോധം എന്നീ ഭുജങ്ങളുള്ള ത്രികോണാകൃതി സർക്കിൾപോലെയുള്ള ബഹുരാഷ്ട്രജ്ഞാനനിർമ്മിതികേന്ദ്രത്തിനുണ്ടെന്നു സങ്കല്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ സാങ്കേതികതയെ സഹായിക്കുന്നതിനുവേണ്ടിയുള്ള നൈതികത മാനുഷികമൂല്യങ്ങളെ പിന്നോട്ടടിക്കുന്നത് ഒട്ടും അഭികാമ്യമല്ല. മനുഷ്യന്റെ പുരോഗതിക്കും സമൂഹത്തിന്റെ വികസനത്തിനും സാങ്കേതികവിദ്യ ഏതെല്ലാം പ്രകാരം സഹായിക്കുമെന്ന വിശകലനത്തിനു പകരം, തൊഴിൽജ്ഞാനംകൊണ്ട് രൂപപ്പെടുത്തിയ സംവിധാനങ്ങൾ തൊഴിലാളികളെ പീഡിപ്പിക്കാൻ ഉപയോഗിക്കുന്നതിന്റെ നൈതികതയെയാണ് ചോദ്യം ചെയ്യേണ്ടത്. സദാസമയവും വിരൽപ്പാടുകളുടെ അകലത്തിൽ ഉണ്ടായിരിക്കണമെന്ന നിബന്ധന ഉള്ളതിനാൽ ശൗചാലയങ്ങളിൽവരെ മൊബൈൽ ഫോണുമായി പോകേണ്ടിവരുന്ന ജീവനക്കാരുടെ പ്രതിനിധിയാണ് മേ.

         

സമൂഹത്തിനെ പ്രതികൂലമായി ബാധിക്കുന്ന സൈബർ മാധ്യമങ്ങളെക്കുറിച്ചുള്ള ഫ്രഞ്ച് ചിന്തകനായ പോൾ വിറിലോയോവിന്റെ 'The Information Bomb' എന്ന കൃതി ശ്രദ്ധേയമാണ്. സൈബർമാധ്യമങ്ങൾ സംജാതമാക്കുന്ന വിനാശത്തെപ്പറ്റിയായിരുന്നു അദ്ദേഹത്തിന്റെ ആകുലതകൾ. എന്നാൽ അറിവുത്പാദനത്തിനു കേൾവി കേട്ട, സാമൂഹികപ്രതിബദ്ധതയുള്ള കോർപ്പറേറ്റ് സ്ഥാപനങ്ങളിലും ജീവനക്കാരുടെ സ്വകാര്യതയെ മാനിക്കുന്നില്ല എന്നത് പ്രതിലോമകരമാണ്. സാങ്കേതികവിദ്യയുടെ അങ്ങേയറ്റത്തെ നാഴികക്കല്ലായി കരുതുന്ന വിവരസാങ്കേതിക കമ്പനികളിൽ നിലനിൽക്കുന്ന ഹാനികരമായ തൊഴിൽ സംസ്‌കാരം, അവിടങ്ങളിലെ ജീവനക്കാരെ സമ്മർദ്ദത്തിന്റെ മുനമ്പിൽ എത്തിക്കുന്നു എന്ന് സ്ഥിതിവിവരക്കണക്കുകൾ സാക്ഷപ്പെടുത്തുന്നു. തൊഴിലിടങ്ങളിൽ പരമ്പരാഗതമായി നിലനിന്നിരുന്ന തൊഴിലാളികളും മേലധികാരികളും തമ്മിലുള്ള സംവേദനവും സംവാദവും സമകാലിക ചുറ്റുപാടുകളിൽ നഷ്ടപ്പെടുന്നത് മനുഷ്യാവകാശധ്വംസനത്തിന്റെ ദൃഷ്ടാന്തമാണ്. തങ്ങൾ വികസിപ്പിച്ച ടെക്‌നോളജി തന്നെ തങ്ങളുടെ സ്വകാര്യതകൾ ഒളിഞ്ഞുനോക്കുന്ന ദുരന്തത്തിന് ഐ ടി തൊഴിലാളികൾ ഇരകളാവുന്ന കഥയാണ് എഗേർസ് വിശദീകരിക്കുന്നത്. വിവരസാങ്കേതികവിദ്യ സാമ്പത്തികാംശങ്ങളിലേക്ക് ചുരുങ്ങുക എന്ന പ്രക്രിയയിൽ ഇരകളുടെ വിലാപത്തിനു പ്രസക്തി ഇല്ല. ലാഭം മാത്രം കണ്ണുവെച്ചുകൊണ്ട് കരുക്കൾ നീക്കുന്ന സൈബർപലകമേൽ മാനവരാശിയുടെ സുസ്ഥിരതയ്ക്ക് എത്ര കണ്ട് സ്ഥാനമുണ്ടാവും എന്നതും ചിന്തിക്കണം.

യഥാർത്ഥജീവിതത്തിൽ പീഡനം അനുഭവിക്കുന്നവരും സമൂഹത്തിന്റെ അരികുവാസികളായി ജീവിക്കുന്നവരും ഉച്ചനീചത്വങ്ങളില്ലാതെ പ്രതീതിലോകത്തെ അധികാരികളാവുന്നത് അസ്വാഭാവിക കാഴ്ചയല്ല. സൈബർസ്ഥലങ്ങളെ ശരീരങ്ങളുടെയും രാഷ്ട്രങ്ങളുടെയും മേലുള്ള അധികാരം സ്ഥാപിക്കാനുള്ള ഉപാധികളാക്കാൻ പറ്റുമെന്നതിന്റെ ഉദാഹരണങ്ങൾ സൈബർ ഭീകരാക്രമണങ്ങളിലൂടെ ബോധ്യപ്പെടുന്നുണ്ട്. ഭരണകൂടവുമായി ഒളിയുദ്ധം നടത്തുന്ന സൈബർ പോരാളികളെ കരുതലോടുകൂടി മാത്രമേ കാണാവൂ എന്ന പാഠമായിരുന്നു വികിലീക്‌സ് സംഭവം ലോകത്തിനു നല്കിയത്. പ്രബലമായ അധികാരകേന്ദ്രത്തിനെ സാമാന്യേന ദുർബലരെന്നു ധരിച്ചിരുന്ന മനുഷ്യർക്കുവരെ വിറളി പിടിപ്പിക്കാനും ഭയപ്പെടുത്താനും സാധിക്കുമെന്ന് ആസ്‌ട്രേലിയക്കാരനായ ജൂലിയൻ അസ്സാഞ്ച് (Julian Assange) വൻശക്തികളെ ബോധ്യപ്പെടുത്തിയതിന് ലോകം മുഴുവൻ സാക്ഷിയാണ്. തീവ്രവാദികളുടെ ആക്രമണങ്ങൾ സാധാരണമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യങ്ങളിൽ ലോകരാഷ്ട്രങ്ങളെയെല്ലാംതന്നെ ഭീതിയുടെ മുൾമുനയിൽ നിർത്താൻ കെല്പുള്ള സൈബർ ഒളിയുദ്ധങ്ങൾ നിയന്ത്രിക്കാൻ സൂക്ഷ്മശ്രദ്ധ ആവശ്യമാണ്. എന്നാൽ ഇതിനു വേറൊരു വശംകൂടിയുണ്ട്. ഒരു വ്യക്തിയെ രാജ്യദ്രോഹിയായി കുറ്റം ചുമത്താനുള്ള സാഹചര്യങ്ങളും സന്ദർഭങ്ങളും ബന്ധപ്പെടുത്തി അയാളെ തുറുങ്കിലടയ്ക്കാനുള്ള വകുപ്പുകൾ പ്രായോഗികമായ ഇന്ന്, അത്തരമൊരു അവസ്ഥ കോർപ്പറേറ്റ് ലോകത്തു സാങ്കേതികകരുക്കളുടെ സഹായത്തോടെ എത്രയും നിസ്സാരമായി നടപ്പിലാക്കാൻ സാധിക്കുമെന്നത് ഭീതിയുണ്ടാക്കുന്ന വസ്തുതയാണ്. ഗൂഗിളിനെപ്പോലെയുള്ള ബഹുരാഷ്ട്ര ഐടി സ്ഥാപനം, നാഷണൽ സെക്യൂരിറ്റി ഏജൻസിക്കു വേണ്ടി അനധികൃത വിവരശേഖരണം നടത്തിയെന്ന എഡ്‌വാർഡ് സ്‌നോഡന്റെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിച്ചിട്ട് കാലം അധികമായില്ല. ഇതിൽനിന്നു വേറിട്ട്, ജോലിചെയ്യുന്ന സ്ഥാപനത്തിൽനിന്നുമുള്ള രഹസ്യവിവരങ്ങൾ കച്ചവടതാത്പര്യങ്ങൾക്ക് കമ്പോളത്തിൽ മറിച്ചുവിൽക്കുന്ന പ്രവണതയും നിലവിലുണ്ട്'.

          നോവലിൽ സ്ഥല, ദേശ ഭാവനകൾ സൃഷ്ടിക്കുന്ന സാങ്കേതിക ഇടങ്ങൾ ആസ്പദമാക്കി speculative fiction എന്ന ഒരു ഗണം രൂപംകൊണ്ടതിന്റെ ചർച്ചയാണ് നാലാം ലേഖനം. നിരവധി നോവലുകൾ മാതൃകയാക്കി ഇരുപതാം നൂറ്റാണ്ടിലുടനീളം ദൃശ്യമായ ഈ ഭാവുകത്വസ്വഭാവം രാഹുൽ വിശദീകരിക്കുന്നു. തുടർന്ന്, അധികാരം, അധിനിവേശം, ആഗോളീകരണം എന്നീ സംവർഗങ്ങളിലൂടെ ഈ നോവൽഗണം/രൂപം മുന്നോട്ടുവയ്ക്കുന്ന ഭാവപ്രതീതികൾ അപഗ്രഥിക്കുകയും ചെയ്യുന്നു.

         

സൽമാൻ റുഷ്ദി, എലീന ഫെറാന്റെ, കെൻസാ ബുറാ ഓയി, ബെഹ്‌റൂസ് ബൂചനി, ആമോസ് ഓസ് തുടങ്ങിയവരുടെ രചനകൾ പിൻപറ്റി അനുഭവം, ഓർമ്മ എന്നിവക്ക് നോവലിന്റെ ആഖ്യാനവുമായി ബന്ധപ്പെട്ട് രൂപം കൊണ്ടിട്ടുള്ള ആധുനികാനന്തര സ്വഭാവങ്ങൾ ചർച്ചചെയ്യുന്നു, അഞ്ചാം ലേഖനം.

          റുഷ്ദി, ഡേവിഡ് ഗ്രോസ്മാൻ, എൻഗൂഗി വാതിയോംഗോ, നബക്കൊഫ്, ബൊലാനോ... തുടങ്ങിയവരുടെ നോവൽസങ്കല്പങ്ങൾ വിശദീകരിച്ചും കൃതികൾ അപഗ്രഥിച്ചും ഭാഷയുടെ രാഷ്ട്രീയവും ആഖ്യാനത്തിന്റെ കലയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കുകയാണ് ആറാം ലേഖനം. വിവർത്തനപ്രക്രിയയിലൂടെ നോവലിനു കൈവരുന്ന ഉപരിജീവിതങ്ങളുടെ ചർച്ചയും ഇവിടെയുണ്ട്. ഒന്നിലധികം ഭാഷകളിലെഴുതുന്നവരുടെ സാഹിത്യജീവിതമാണ് മറ്റൊരു വിഷയം.

          മുഖ്യമായും മരിയോ വർഗസ്സ്‌യോസ, ഓർഹൻ പാമുക്ക് എന്നിവരുടെ നോവൽനിരീക്ഷണങ്ങളെ ആശ്രയിച്ച് ഭാവനയും ആധുനികാനന്തര കാലത്തെ നോവൽരചനാസങ്കേതങ്ങളും തമ്മിലുള്ള ബന്ധം അവലോകനം ചെയ്യുന്നു, അടുത്ത അധ്യായം. ബൊലാനോയെ ഉദ്ധരിച്ചുകൊണ്ട് പുതിയ കാലത്തെ നോവൽ പ്രതിനിധാനം ചെയ്യുന്ന അസ്തിത്വ, ജീവിതസന്ധികളെപ്പറ്റിയും ആഗോളവൽകൃത രാഷ്ട്രീയവ്യവസ്ഥകളെപ്പറ്റിയും രാഹുൽ എഴുതുന്നു:

          'റോബർട്ടോ ബൊലാനോ 2666 എന്ന നോവലിൽ പറയുന്നതുപോലെ, വായനക്കാരുടെ മനസ്സിലേക്ക് തെളിച്ചവും ആഴവും എത്തിക്കുന്ന കൃതികൾ സമകാലത്തിന്റെ ആവശ്യമാണ്. പൊതുവേ സംഘർഷഭരിതമായ ലോകത്തിന്റെ ഗതിവിഗതികളിൽ പൊരുതിനിൽക്കാൻ വായനയിലൂടെ സ്വായത്തമാകുന്ന ആർജവം കൈത്താങ്ങായി നിൽക്കണമെങ്കിൽ മനുഷ്യാവസ്ഥകളെയും ജീവിതത്തെയും ലോകത്തെയും നവീന കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന സാഹിത്യകൃതികൾ ഉണ്ടാകണം. നോവലുകൾ ശ്രദ്ധകേന്ദ്രീകരിക്കണ്ടതും ഗഹനമായി സംബോധനചെയ്യണ്ടതും ഈ ആശയത്തെതന്നെയാണ്. നോവലെഴുത്തിനെപ്പറ്റിയുള്ള ചില സാമാന്യവിചാരങ്ങളിൽ കഥാപാത്രനിർമ്മിതിയും വിശദാംശങ്ങളും ദേശ/രാഷ്ട്ര പശ്ചാത്തലവും എഴുത്തിന്റെ കണിശമായ വീക്ഷണവും, പൊതുവേയുള്ള ചുറ്റുപാടുകളും കടന്നുവരുമെന്നു തീർച്ചയാണ്. വായനയെന്ന വ്യവഹാരത്തിലൂടെ നിർധാരണം ചെയ്യുന്ന ഈ ഘടകങ്ങളെ അക്കാദമികഘടനയിലൂടെ തിട്ടയിലിട്ട് ക്രയവിക്രയം ചെയ്യുന്നത് എപ്പോഴും പ്രാവർത്തികമോ അനിവാര്യമോ അല്ല. ജീവിതത്തിന്റെ നേർകാഴ്ചകളായി സന്ദേഹിച്ചുപോകുന്ന സാമ്യതയോടൊപ്പം ഭാവനാബിംബങ്ങളും ഉള്ളെഴുത്തിലെ അധ്യായങ്ങളായി അവതരിക്കുമ്പോൾ, നോവൽ എന്ന സാഹിത്യരൂപം ഒട്ടൊക്കെ ലക്ഷ്യത്തിലെത്തുന്നു. ആഖ്യാനത്തിലെ ജീവിതങ്ങൾക്ക് എഴുത്തുകാരുടെ ആത്മാംശങ്ങളുടെ ശരിതെറ്റുകളെക്കാൾ അവർ നിവർത്തുന്ന സാങ്കല്പികകമ്പളത്തിന്റെ ഭംഗിയിലും വ്യാപ്തിയിലും വായനക്കാർ ശ്രദ്ധചെലുത്തുന്നത് സ്വാഭാവികമാണ്. എങ്കിലും ആ ഭാവനാസൃഷ്ടമായ ലോകത്തെ വ്യത്യസ്ത ഭൂഭാഗങ്ങളിലായി കെട്ടിനിർത്തിയിരിക്കുന്ന നിത്യജീവിതവ്യവഹാരങ്ങളുടെ തടയണ പൊട്ടിക്കുന്ന കർമമാണ് നോവലുകളിലൂടെ നിവർത്തിക്കപ്പെടുന്നത്. കഥകളിലും ഉപകഥകളിലും എണ്ണമറ്റ കഥാപാത്രങ്ങളിലുമായി ഊറിവരുന്ന നാനാവിധവികാരങ്ങളും വ്യത്യസ്തവും വൈയക്തികവുമായ ചിന്താധാരകളും രാഷ്ട്രീയനോട്ടങ്ങളും പല വിധത്തിലും തലത്തിലുമുള്ള വായനയ്ക്ക് നോവലിനെ പ്രാപ്തമാക്കുന്നു.

         

സ്ഥാനഭ്രംശം വരുന്നവർ, തീക്ഷ്ണമായ ചുറ്റുവട്ടങ്ങളിലൂടെ കടന്നുപോകുന്ന സംഘർഷഭരിതർ, രാഷ്ട്രീയ അടിച്ചമർത്തലിനു വിധേയമായവർ, രാഷ്ട്രീയമായ ഉത്തരവാദിത്വം കാത്തുസൂക്ഷിക്കുന്നവർ, അവകാശങ്ങൾക്കുവേണ്ടി കലാപം നടത്തുന്നവർ, ആത്മഹത്യകൊണ്ട് അശുദ്ധാവസ്ഥയെ കഴുകിക്കളയുന്നവർ എന്നിങ്ങനെ നീളുന്ന പട്ടികയിലെ സ്വഭാവലക്ഷണങ്ങൾ പ്രകടമാക്കുന്നവരെക്കുറിച്ചുള്ള ചില നോവലുകളുടെ അപഗ്രഥനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭൂതകാലത്തിന്റെ കെട്ടുപാടുകൾ ഓർമയിൽനിന്ന് മായാത്തവരും ഓർമകളെ ഉപേക്ഷിച്ചുകൊണ്ട്, പ്രായോഗികമതികളായി വർത്തമാനകാലത്തെ തിക്കുമുട്ടലുകളെ സംബോധന ചെയ്തവരും ഇപ്പറഞ്ഞ നോവലുകളിലുണ്ട്. വഴിപിരിയലുകളും കണ്ടുമുട്ടലുകളുമുണ്ട്. രാഷ്ട്രീയത്തിന്റെ അപചയവും സമൂഹത്തിന്റെ നയങ്ങളെ ആഗോളീകരണം സ്വാധീനിക്കുന്നതിന്റെ അടയാളങ്ങളുമുണ്ട്. ആഗോളീകരണാനന്തരജീവിതത്തിന്റെ സൂക്ഷ്മസ്ഥിതികളും ഫാസിസത്തിന്റെ തിരയിളക്കവും ഉൾപ്രവാഹമാവുന്ന സമകാലനോവലുകളിൽ അധികാരം, ശരീരം, വിപണി എന്നിവയുടെ വിനിമയങ്ങൾ പരിശോധിക്കാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയവും സാംസ്‌കാരികവും സാമൂഹികവും ലിംഗപരവുമായ സന്ദർഭങ്ങളുടെ സമഗ്രരൂപമായി നോവലുകൾ പരിണമിക്കുന്നു. ഉപരിപ്ലവമായ പ്രചാരവേലകൾ കൈവെടിഞ്ഞുകൊണ്ട് സഹിഷ്ണുതയില്ലായ്മയുടെയും വർഗീകരണത്തിന്റെയും സമകാലികപരിസരങ്ങളെ നോവലുകൾ അഭിസംബോധന ചെയ്യേണ്ടതുണ്ട്. അതുവഴി ഇടങ്ങളില്ലാത്തവരുടെ ഇടങ്ങളെ സർഗ്ഗാത്മകമായ ബിംബങ്ങളിലൂടെ അവതരിപ്പിക്കാൻ നോവലിന് കഴിയുന്നു'.

          സൈബർസാങ്കേതികവ്യവസ്ഥ, ഭരണകൂടാധികാരം, പ്രത്യയശാസ്ത്രഹിംസകൾ തുടങ്ങിയവ മുൻനിർത്തി ആധുനികാനന്തര ചെറുകഥയുടെ ഭാവലോകം വിശദീകരിക്കുന്ന ഏഴാം ലേഖനം വാൾട്ടർ ബൻയമിൻ (The story Teller), ജീൻപോൾ സാർത്ര് (What is literature), മിഷെൽ ഫുക്കോ (What is an author) എന്നിവരുടെ രചനകളിൽനിന്നു തുടങ്ങി, സമകാല കഥാസാഹിത്യസിദ്ധാന്തങ്ങൾ വരെ സ്വാംശീകരിക്കുന്നു.

          രണ്ടാം ഭാഗം നോവൽപഠനങ്ങളാണ് എന്നു സൂചിപ്പിച്ചു. ഇ. സന്തോഷ്‌കുമാറിന്റെ 'അന്ധകാരനഴി' വർഗരാഷ്ട്രീയത്തിലും വിപ്ലവപ്രസ്ഥാനങ്ങളിലും വിശ്വാസത്തകർച്ച നേരിടുന്ന മനുഷ്യരുടെ അലിഗറിയോടടുക്കുന്ന ചരിത്രവിഡംബനമാണ്. ഒപ്പം, ഭരണകൂടത്തിന്റെ അധികാരവിപര്യയങ്ങളും ജനാധിപത്യത്തിന്റെ വ്യാജങ്ങളും തുറന്നുകാണിക്കുന്ന രാഷ്ട്രീയവിമർശനവും. സ്വത്വബോധത്തിന്റെയും പൗരാവകാശത്തിന്റെയും മേൽ ജനാധിപത്യഭരണകൂടങ്ങൾ തന്നെ സർവാധിപത്യം സ്ഥാപിക്കുന്ന സമകാലികസാഹചര്യത്തിൽ 'അന്ധകാരനഴി' ഒരു ഓർമ്മപ്പെടുത്തലാണ് എന്ന് രാഹുൽ എഴുതുന്നു.

          ടി.ഡി. രാമകൃഷ്ണന്റെ 'ഫ്രാൻസിസ് ഇട്ടിക്കോര', പതിനഞ്ചാം നൂറ്റാണ്ടിൽ കുന്നംകുളത്തുനിന്ന് യൂറോപ്പിലെത്തി, പതിനെട്ടാം കൂറ്റ് എന്ന പേരിൽ പിൻഗാമികളെ സൃഷ്ടിച്ചും കേരളീയഗണിതത്തിന്റെ സൂത്രവാക്യങ്ങൾ യൂറോപ്പിന് സമ്മാനിച്ചും നവോത്ഥാനചിത്രകലയിലെ ഇതിഹാസനായകരുമായി ചങ്ങാത്തം സ്ഥാപിച്ചും കത്തോലിക്കാ സഭയ്‌ക്കെതിരെ ഒരു അധോലോകം രൂപീകരിച്ചും ജീവിച്ച ഇട്ടിക്കോരയിലൂടെ ആഗോളീകരണത്തിന്റെ മധ്യകാല ജ്ഞാനലോകങ്ങളുടെ യുക്തികളാണ് നോവൽവൽക്കരിച്ചതെന്ന് രാഹുൽ നിരീക്ഷിക്കുന്നു.

          ' 'ഫ്രാൻസിസ് ഇട്ടിക്കോര' എന്ന നോവൽ ചരിത്രപരമായ പലതരം 'വായനയെ' ഉത്പാദിപ്പിക്കുന്നു. ദേശാന്തരഗമനം, ഡയസ്‌പോറ, ആഗോളീയവും അധിനിവേശപരവുമായ 'മൂലധനത്തിന്റെ' വിവിധ രീതിയിലുള്ള സമാഹരണവും വിതരണവും, ഗോത്രാചാരങ്ങൾ, നരവംശശാസ്ത്രം, ഗണിതം, ചിത്രകല എന്നിങ്ങനെയുള്ള വിഭിന്നവും പരസ്പരബന്ധിതവുമായ ശ്രേണികളുടെ മിശ്രിതരൂപമാണ് ഈ നോവൽ. അപകോളനീകരണം/നവകോളനീകരണം, സാമ്രാജ്യത്വം/അധിനിവേശം, തീവ്രവാദം/നരമാംസഭോജനം തുടങ്ങിയ ദ്വന്ദ്വസ്വഭാവങ്ങളിലൂടെ ആഖ്യാനം, അധികാരത്തിന്റെ ആസക്തികളെ സദാ തുറന്നുകാണിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപേ തുടങ്ങിയ കുരുമുളകുവ്യാപാരത്തിന്റെ ഭൂപടം വ്യക്തമായി അടയാളപ്പെടുത്തുന്നതിലൂടെ ആഗോളീകരണത്തിന്റെ പ്രാരംഭവും വികാസവും ഇട്ടിക്കോരയുടെ ജീവിതത്തെ ആസ്പദമാക്കി കൃത്യമായി പരിശോധിക്കാവുന്നതാണ്. അയാളുടെ അനന്തരാവകാശിയായ സേവ്യർ കോരയെ, ഇറാക്ക് യുദ്ധത്തിൽ അമേരിക്കക്കുവേണ്ടി പോരാടുന്ന ഭടനായി ചിത്രീകരിക്കുന്നതുവഴി അധികാരത്തിന്റെ ഇടനാഴികൾ എക്കാലവും ക്രൂരവും നിഗൂഢവും ആണെന്ന് സ്ഥാപിക്കുകയാണ് നോവലിസ്റ്റ്. സോവിയറ്റ് യൂണിയന്റെ പതനം, ധനികരും ദരിദ്രരും തമ്മിലുള്ള വർധിക്കുന്ന വിടവ്, വെള്ളത്തിനും ഊർജസ്രോതസ്സുകൾക്കും വേണ്ടിയുള്ള പോരാട്ടം, ആഗോളതാപനം, അമേരിക്കയുടെ അഹന്തയ്‌ക്കേറ്റ തിരിച്ചടിയായി ഭവിച്ച ന്യൂയോർക്കിലെ ഇരട്ട ഗോപുരാക്രമണം, അതേത്തുടർന്നുള്ള അമേരിക്കൻ സഖ്യകക്ഷികളുടെ ഇറാക്ക് അധിനിവേശം, സദ്ദാം ഹുസ്സൈന്റെ മരണം, ബിൻ ലാദനെ വേട്ടയാടൽ മുതലായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ലോകരാഷ്ട്രീയം എത്രമാത്രം കലുഷവുമായിരുന്നുവെന്നു പറയേണ്ട കാര്യമില്ല. ഇങ്ങനെയുള്ള ചുറ്റുപാടുകൾ പൂർണമായും ആഖ്യാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, അധികാരത്തിന്റെ കോട്ടകൊത്തളങ്ങളിൽ ഇരയുടെ നൈതികതയ്ക്ക് കടലാസുവില പോലുമില്ലെന്ന പ്രതിലോമരാഷ്ട്രീയത്തിന്റെ അച്ചിലാണ് ഇട്ടിക്കോരയും സന്തതിപരമ്പരകളും കാലയാപനം ചെയ്യുന്നത്. ഈ ലോകക്രമത്തിൽ അധിഷ്ഠിതമായ കഥപറച്ചിലിനുള്ള കരുക്കളുടെ പരിവർത്തനവും സംയോഗവുമാണ് (permutations & combinations) 'ഫ്രാൻസിസ് ഇട്ടിക്കോര' '.

          സാറാജോസഫിന്റെ 'ആളോഹരി ആനന്ദം', മതാത്മക ലൈംഗികസദാചാരവ്യവസ്ഥക്കു നേരെ രൂപപ്പെടുത്തുന്ന പ്രതിബോധങ്ങൾകൊണ്ട് രണ്ട് സ്ത്രീകൾ കേരളീയ കത്തോലിക്കാ സഭയിലും കുടുംബഘടനയിലും സൃഷ്ടിച്ച ഭൂകമ്പങ്ങളുടെ ആഘാതമാണ് ആവിഷ്‌ക്കരിക്കുന്നത്. പ്രണയവും ലൈംഗികതയും നിർണയിക്കുന്നതിൽ ലിംഗപദവിക്കുള്ള പരിമിതികളും സാധ്യതകളും ഒരേസമയം പ്രശ്‌നവൽക്കരിക്കുന്ന നോവൽ. ഒരേസമയംതന്നെ ശരീരത്തിന്റെയും ആത്മാവിന്റെയും കാമനാഭൂപടമായി മാറുന്ന രചന. മാറുന്ന കേരളീയസമൂഹത്തിലെ പുതിയ സമവാക്യങ്ങളും അധികാരചിഹ്നങ്ങളും പരാമർശിച്ചുകൊണ്ട് കോസ്‌മൊ പൊളിറ്റൻ രീതികളിലേക്കു നീങ്ങുന്ന മധ്യവർഗമലയാളിയെയാണ് സാറാജോസഫ് പരിചയപ്പെടുത്തുന്നതെന്ന് രാഹുൽ.

         

സി.വി. ബാലകൃഷ്ണന്റെ 'ദിശ', ദൃശ്യമാധ്യമങ്ങളും വിപണിസമ്പദ്‌വ്യവസ്ഥയും നൈതികത നഷ്ടമായ രാഷ്ട്രീയവും മറ്റും മറ്റും ചേർന്ന് സന്ദിഗ്ദ്ധവും സങ്കീർണവുമായ സാമൂഹ്യഘടന സൃഷ്ടിക്കുന്ന കേരളത്തിന്റെ പരിച്ഛേദമാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടാണ് രാഹുൽ ആഖ്യാനത്തിലെ പരീക്ഷണങ്ങൾ മുൻനിർത്തി ഈ നോവലിനെ വിലയിരുത്തുന്നത്. 'കസബ' എന്ന ഇടം കേന്ദ്രീകരിച്ച് ശിഥിലമായ ആഖ്യാനഘടനയിലൂടെ ആഗോളീകരണകാലത്തെ സൈബർസംസ്‌കൃതിയുടെ വ്യവഹാരസംഹിത രചിക്കുകയാണ് ബാലകൃഷ്ണൻ. ലോകം മാറുന്നതിന്റെ അനുരണനങ്ങൾ വിപണിയിലും സമൂഹത്തിലും കുടുംബത്തിലും സൃഷ്ടിക്കുന്ന അവസ്ഥകളുടെ സർഗാത്മക പരിചരണമായി നിരൂപകൻ ഈ കൃതിയെ കാണുന്നു.

          എൻ. പ്രഭാകരന്റെ 'തീയൂർരേഖകൾ', ആധുനികതാവാദ നോവലിന്റെ ആഖ്യാനകല അപനിർമ്മിച്ചുകൊണ്ട് ചരിത്രവും രാഷ്ട്രീയവും പുനർവിഭാവനം ചെയ്ത ഉത്തരാധുനിക നോവലാണ്. ദേശചരിത്രം, രാഷ്ട്രീയവ്യവസ്ഥ, മാനവികത, അധികാരവിമർശനം എന്നിവയെ പത്രപ്രവർത്തനത്തിന്റെയും പുസ്തകരചനയുടെയും ആഖ്യാനകലയിൽ സമീകരിക്കുന്ന ഭാവന: വായിക്കൂ:

          'രാഷ്ട്രീയപ്രസ്ഥാനങ്ങളും മതങ്ങളും ജാതികളും സങ്കുചിതമായി പെരുമാറുന്ന പരിതഃസ്ഥിതിയിൽ അധികാരം അവയുടെ ഭാഗധേയത്തെ നിയന്ത്രിക്കാനും നിർണയിക്കാനും ആരംഭിച്ചു. ആഗോളീകരണത്തിന്റെ പ്രചാരം, ജാതി-മത ചിന്തകളുടെ വർധിച്ച വേർതിരിവുകൾ, പരസ്പരബഹുമാനമില്ലാത്ത രാഷ്ട്രീയ കക്ഷികളും സംഹിതകളും മുതലായ ഘടകങ്ങൾ ഇക്കാലത്ത് സമൂഹത്തെ (സംസ്‌കാരത്തെയും) ആഴത്തിൽ ബാധിച്ചു തുടങ്ങി. സമൂഹത്തിന്റെ സത്തയെതന്നെ ചരക്കുവൽക്കരിക്കാൻ വിപണിക്ക് സാധ്യമായത് മേൽപ്പറഞ്ഞ അംശങ്ങൾകൊണ്ടാണ്. ഇതോടൊപ്പം ആഗോളവിപണിക്ക് പ്രാദേശികതലത്തിൽ കൂടി മേൽക്കോയ്മ ഉണ്ടായിവന്നു. സ്വാഭാവികമായും ദേശ-രാഷ്ട്ര ഗുണകത്തിന് ആധാരശിലയായി വർത്തിക്കേണ്ട പ്രാദേശികതയ്ക്ക് ഏറ്റക്കുറച്ചിൽ സംഭവിക്കുന്നു എന്ന അനുമാനം ശരിവയ്‌ക്കേണ്ടി വരുന്നു. ഇത്തരമൊരു ദശാസന്ധിയിലാണ് 'പ്രാദേശികചരിത്ര'ത്തിന്റെ മാനങ്ങൾക്ക് ഊന്നൽ കൊടുക്കേണ്ടത് എന്ന വിശ്വാസം രൂഢമൂലമാവുന്നത്. ഇതേ അടിസ്ഥാനത്തിലാണ് ഈ നോവൽ കെട്ടിയുയർത്തിയിരിക്കുന്നത്. ഒരു പ്രദേശത്തുള്ളവർ ആത്മഹത്യചെയ്തുകൊണ്ടിരിക്കുക എന്നത് ഒരു കുഴങ്ങിയ പ്രശ്‌നമാണ്. തീയൂരും പരിസരത്തുമുള്ള ഈ പ്രതിസന്ധിയുടെ കാതൽ അറിയാനായി, പ്രസ്തുത പ്രദേശത്തിന്റെ മുൻകാല ചരിത്രാടരുകൾ അന്വേഷിക്കുന്ന പത്രപ്രവർത്തകൻ ആണ് ആഖ്യാനത്തെ മുന്നോട്ടു നയിക്കുന്നത്. 1997 ജനുവരി മുതൽ സെപ്റ്റംബർവരെയുള്ള കാലയളവിൽ പതിനാല് ആത്മഹത്യകളാണ് തീയൂരിൽ നടന്നത്. ഈ ആത്മഹത്യകളെപ്പറ്റി അന്വേഷിക്കാൻ അവിടെയെത്തുന്ന പത്രപ്രവർത്തകൻ 'തീ തിന്നുന്ന ഒരു ഗ്രാമം' എന്ന പേരിലൊരു ഫീച്ചർ തയ്യാറാക്കി. അതിനു ലഭിച്ച ജനശ്രദ്ധ തീയൂരിനെ ആഴത്തിൽ മനസ്സിലാക്കാൻ അയാൾക്ക് പ്രചോദനം നൽകി. അങ്ങനെ 'തീയൂർ രേഖകൾ' എന്ന പുസ്തകരചനയ്ക്ക് അയാൾ ഒരുങ്ങിപുറപ്പെട്ടു. കണ്ടെത്തിയതും ശേഖരിച്ചതും 'സാങ്കല്പിക'വുമായ കാര്യങ്ങൾ വച്ചാണ് അയാൾ അത് എഴുതിത്ത്തീർക്കുന്നത്. ഈവിധത്തിലുള്ള സങ്കേതം നോവലിന്റെ പ്രമേയമായി അവലംബിച്ചുകൊണ്ട് ഉത്തരാധുനികമായ എഴുത്തിന്റെ രീതിശാസ്ത്രം എൻ. പ്രഭാകരൻ ആഖ്യാനത്തിൽ സമന്വയിപ്പിക്കുന്നു.

          സമൂഹത്തിൽ ഉപഭോക്തൃസംസ്‌കാരം എല്ലാ വിധത്തിലും തഴച്ചുവളർന്ന ഒരു സാഹചര്യത്തിലാണ് തീയൂരിൽ ഇത്തരം ദൗർഭാഗ്യങ്ങൾ അരങ്ങേറുന്നത് എന്നോർമ്മിക്കണം. വേഷത്തിലും ഭക്ഷണത്തിലും വിനോദത്തിലും ഒക്കെ പൊതുസമൂഹം പുതിയ വഴികളിലൂടെ നടന്നുതുടങ്ങിയ സമയത്ത് എന്തിനാണ് ഈ ഗ്രാമത്തിൽ ആളുകൾ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നത് എന്ന ചോദ്യത്തെയാണ് അഭിസംബോധന ചെയ്യേണ്ടത്. കേരളത്തിലെ പൊതുസമൂഹത്തെ വിശേഷിച്ചു യുവജനതയെ തൊഴിലില്ലായ്മ അലട്ടുന്ന ഒരു സമയമായിരുന്നു ഇത്. അഭ്യസ്തവിദ്യർക്ക് വേണ്ടത്ര തൊഴിൽസാധ്യത ഇല്ലാത്ത ഒരു കാലഘട്ടം, എന്നാൽ തീയൂരിലെ യുവാക്കളെ ബാധിച്ചതായി കരുതാൻ ന്യായമില്ല. അടിയന്തരാവസ്ഥയുടെ ബാക്കിപത്രമായ നിരാശയും ക്ഷോഭവും അതിനു ശേഷമുള്ള തലമുറ അഭിമുഖീകരിച്ച നവവിപണിയുടെ നിയമങ്ങൾ, ഹിന്ദുദേശീയതയുടെ വർധിച്ച പ്രചാരം, മത/ജാതി/ലിംഗ/വർഗ വിവേചനം, തൊഴിലിനുവേണ്ടിയുള്ള രാജ്യത്തിനകത്തും പുറത്തേക്കുമുള്ള കുടിയേറ്റം എന്നിങ്ങനെയുള്ള ഘടകങ്ങൾ സമൂഹത്തിന്റെ ചരിത്രപരവും സ്വത്വപരവുമായ അവകാശങ്ങളെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. ഇത്തരം പ്രതിഫലനങ്ങൾ രാഷ്ട്രീയബോധ്യമുള്ള എഴുത്തുകാരന്റെ മൂശയിൽ എത്തിയതിന്റെ അനന്തരഫലമാണ് 'തീയൂർ രേഖകൾ'. മനുഷ്യനെ അലട്ടുന്ന പ്രശ്‌നങ്ങൾ രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടാണെന്ന ഉറച്ച ധാരണയിൽ നിന്നുകൊണ്ട് അവയെ നേരിടാനാണ് കഥാപാത്രങ്ങളുടെ പ്രവൃത്തികളിലൂടെ എഴുത്തുകാരന്റെ ശ്രമം. ബിംബങ്ങളുടെ അതിപ്രസരമുള്ള എഴുത്തുരീതിയോടുള്ള വിരക്തി സുനിലിൽ ഉണ്ടാക്കിയ ബോധ്യങ്ങൾ ശ്രദ്ധേയമാണ് (പുറം 198). 'ഭാഷയെ സാമാന്യവ്യവഹാരത്തിന്റെ തലത്തിൽനിന്ന് എത്രത്തോളം അകലേക്ക് കൊണ്ടുപോകുന്നുവോ അത്രത്തോളം ഒരു കൃതി അസത്യപൂർണമായിത്തീരും' എന്ന കാഴ്ചപ്പാട് സാഹിത്യത്തോടുള്ള നോവലിസ്റ്റിന്റെ വികാരമായി കാണാം. സാമാന്യവ്യവഹാരത്തിന്റെ മേശവട്ടത്ത് നിലയുറപ്പിച്ചുകൊണ്ടുള്ള രാഷ്ട്രീയസംവാദത്തിനാണ് എൻ. പ്രഭാകരന്റെ ഉദ്യമം'.

          ഫാസിസത്തിന്റെ പ്രത്യയശാസ്ത്രത്തിനും ഭരണകൂട സർവാധിപത്യത്തിനുമെതിരായ ചെറുത്തുനില്പിന്റെ രാഷ്ട്രീയമാവിഷ്‌ക്കരിക്കുന്ന നോവലായി രാജേഷ്‌വർമയുടെ 'ചുവന്ന ബാഡ്ജി'നെ വിശദീകരിക്കുന്ന ലേഖനമാണ് അടുത്തത്. ജനാധിപത്യത്തിലേക്ക് ഒളിച്ചുകടത്തപ്പെടുന്ന ഫാസിസത്തിന്റെ സൂചകങ്ങളാണ് നോവലിൽ നിറയെ. കെട്ടുകഥകളും അസത്യങ്ങളും ചരിത്രമാണെന്നു ധരിപ്പിക്കുന്ന ഫാസിസത്തിന്റെ രീതിശാസ്ത്രം 'ചുവന്ന ബാഡ്ജ്' ചൂണ്ടിക്കാണിക്കുന്നു.

          കരുണാകരന്റെ 'യുവാവായിരുന്ന ഒൻപത് വർഷം' എന്ന നോവൽ സ്വപ്നങ്ങളിലൂടെ ആഖ്യാനം നിർവഹിക്കുന്ന വേറിട്ടൊരു രചനയാണ്. 'ചുവന്ന ബാഡ്ജി'ലെന്നപോലെ എഴുപതുകളുടെ ചരിത്രപശ്ചാത്തലമാണ് ഈ നോവലിനുമുള്ളത്. കവിയും സ്വപ്നജീവിയുമായ രാമുവിന്റെ രാഷ്ട്രീയജീവിതം ഓർമ്മകളിലൂടെ ഭാവനാത്മകമായി മുന്നേറുന്നു. ബോർ ഹെസിന്റെ ആഖ്യാനകലയുമായി താരതമ്യം ചെയ്തുകൊണ്ട് രാഹുൽ കരുണാകരന്റെ നോവലിനെക്കുറിച്ചെഴുതുന്നു:

          'സ്വപ്നങ്ങളും അനുഭവങ്ങളും അതിനും പുറമെ ഓർമയും ഭാവനയും നിറഞ്ഞാടുന്ന മൂന്നാമതൊരു ഇടവും സൃഷ്ടിക്കുന്ന കരുണാകരന്റെ ആഖ്യാനം ബോർഹസിനെ ഓർമിപ്പിക്കുന്നു. ബോർഹസിന്റെ 'The Other Tiger' എന്ന കവിതയിൽ, സ്വപ്നത്തിൽ ഗംഗാതലത്തിലൂടെ മാനിനെ വേട്ടയാടുന്ന കടുവയെ അദ്ദേഹം സ്വപ്നം കാണുന്നു. ഇതേ കടുവയെ വാക്കുകളിലൂടെ രേഖപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുന്നു. സ്വപ്നങ്ങളിൽ കണ്ടത് വാക്കുകളുടെ വാസ്തുഘടനയിലേക്ക് പരിവർത്തനം ചെയ്യുകയാണ് ബോർഹസ്. അതോടൊപ്പം മൂന്നാമതൊരു കടുവയെക്കൂടി അദ്ദേഹം വിഭാവനം ചെയ്യുന്നുണ്ട്. എല്ലാ സങ്കൽപ്പത്തിനും അപ്പുറത്തായി സ്ഥിതിചെയ്യുന്ന ആ കടുവ വാക്കുകൾക്കും മേലെയാണ്. പ്രവാസജീവിതം നയിക്കാനായി കടൽ കടന്ന രാമു പ്രസ്ഥാനത്തിൽനിന്നും അകന്നുകൊണ്ട് മറ്റൊരു ലോകം കണ്ടെത്തുന്നു. എന്നാലവിടെയും വർധിച്ച തരത്തിൽ സ്വപ്നങ്ങളും ഭാവനയും ഓർമയും അയാളെ കീഴടക്കുന്നു. ബോർഹസിന്റെ കവിതയിൽ വിവരിക്കുന്നതുപോലെ സങ്കൽപ്പത്തിലും സ്വപ്നത്തിലും കാണുന്നതിലുമപ്പുറമെന്തോ നടക്കുമെന്ന ആശങ്ക അയാൾക്കുണ്ടായിരുന്നു കാണുമോ? ഇതുകൂടാതെ 'ഭൂഖണ്ഡങ്ങളിൽനിന്നു ഭൂഖണ്ഡങ്ങളിലേക്ക് പടരുന്ന ഒരു കാറ്റുപോലെ' അയാളുടെ ഭീതിയും വീശിക്കൊണ്ടിരുന്നു. എന്താണ് സംഭവിക്കുക എന്നറിയാത്ത വിധത്തിലുള്ള അനിശ്ചിതാവസ്ഥ അവിടെയും തളം കെട്ടിയിരുന്നു.

Borges and I എന്ന കഥയിൽ ആഖ്യാതാവും ബോർഹസും തമ്മിലുള്ള ബന്ധത്തെ സ്ഥാപിക്കാൻ സ്പിനോസയുടെ ഒരു തത്ത്വത്തെ പരാമർശിക്കുന്നുണ്ട്. ഒരു കല്ല് കല്ലായി നിലനിൽക്കുന്നത് പോലെയും കടുവ കടുവയായി സ്ഥാനമുറപ്പിക്കുന്നത് പോലെയും ആഖ്യാതാവ് ബോർഹസിലാണ് കുടികൊള്ളുന്നത്. അയാളുടെ അസ്തിത്വം ബോർഹസിന്റേതാണ്. പക്ഷേ, അയാളോ ബോർഹസോ ആരാണ് ആഖ്യാതാവ് എന്ന സംശയം അയാൾ ജനിപ്പിക്കുന്നുമുണ്ട്. കരുണാകരന്റെ നോവലിലാകട്ടെ രാമുവിന്റെ അസ്തിത്വം കവിയുടേതാണ്. അയാൾ എന്നും അങ്ങനെയാകാനാണ് ആഗ്രഹിച്ചത്. കരുണാകരന്റെ നോവലിലെ പല കഥാപാത്രങ്ങളുടെയും കാഴ്ചപ്പാട് രാമുവിന്റേതുതന്നെയാകാം. എന്നാൽ ബോർഹസിന്റെ കഥയ്ക്ക് സമാനമായി ആരാണ് ആഖ്യാനകാരൻ എന്ന് പറയാതെ പറയുന്ന ആഖ്യാനതന്ത്രം നോവലിലുണ്ട്. സ്വപ്നങ്ങളിൽ കാണുന്ന തന്റെ അപരവ്യക്തിത്വം സ്വാംശീകരിച്ച് രാമു എന്ന വ്യക്തിയെ വേർതിരിച്ചെടുക്കാൻ രാമു ശ്രമിക്കുന്നുണ്ട്. സാമൂഹികവും സർഗാത്മകവുമായ അയാളുടെ ഇടപെടലുകൾ സ്വപ്നങ്ങളിലൂടെ ദർശിക്കാൻ അയാൾക്ക് സാധിക്കുന്നു. 'കരയിൽനിന്നും കടലിലേക്കുള്ള ദൂരംകൊണ്ട് ആദ്യമായി എന്റെ പാർട്ടിക്കും എന്റെ രാഷ്ട്രീയത്തിനും എന്റെ വിപ്ലവത്തിനും കഴിയാത്തത് എനിക്ക് കഴിഞ്ഞിരിക്കുന്നു. ഞാനെന്റെ കൈകൾ ഇരുവശങ്ങളിലേക്കും വിടർത്തിപ്പിടിച്ചു നടക്കാൻ തുടങ്ങി, കൈക്കുമ്പിളുകളിൽ വെള്ളത്തിന്റെ രണ്ടു കൊച്ചുതടാകങ്ങൾ, അവ കൈയിൽനിന്നും വീണുപോകാതെ പിടിച്ചു, അതിൽ ഒരു തടാകത്തിൽ ഒരു മത്സ്യവും മറ്റേ തടാകത്തിൽ ഒരു ആമയും ഉറങ്ങുന്നു എന്ന് കരുതി. എന്റെതന്നെ രണ്ട് അവതാരങ്ങൾപോലെ' എന്നിങ്ങനെ യഥാർത്ഥ രാമുവിന്റെ പ്രശ്‌നങ്ങളെ സ്വപ്നത്തിലെ രാമു ഏറ്റെടുക്കാൻ തുടങ്ങി. ആഖ്യാതാവായ രാമുവിനോടൊപ്പം ജീവിക്കുന്ന സ്വപ്നത്തിലെ/ഭാവനയിലെ മറുമനുഷ്യൻ ആയ രാമു, ആഖ്യാതാവിന്റെ ജീവിതത്തിൽ വിനിമയങ്ങൾ നടത്തുന്നു. ഇഷ്ടാനിഷ്ടങ്ങളിൽ ഒരേ സാമ്രാജ്യം പങ്കുവെക്കുന്നു. ആഖ്യാനത്തിൽ നടക്കുന്ന, ഈ ഉടൽമാറ്റം വ്യത്യസ്ത രാമുമാരെ നിർമ്മിക്കുന്നു'.

          മൂന്നാം ഭാഗത്തുള്ളത് എട്ട് കഥാപഠനങ്ങളാണ്.

          ആനന്ദിന്റെ മൂന്നു നീണ്ടകഥകളുടെ സമാഹാരമായ 'സംഹാരത്തിന്റെ പുസ്തകം' മുൻനിർത്തി 'ഹിംസയുടെ ജനിതക'മെന്ന പേരിലെഴുതുന്ന പഠനമാണ് ആദ്യം. ഹോട്ടൽക്കാരൻ, തോട്ടക്കാരൻ, തുന്നൽക്കാരൻ എന്നീ മൂന്നു കഥകളിലും സംഹാരത്തിന്റെ ഓരോ തലങ്ങളിലുള്ള ചരിത്രഗാഥകളാണ് ആനന്ദ് അവതരിപ്പിക്കുന്നത്. വേട്ടക്കാരും ഇരകളുമായി വിഭജിതരാകുന്ന, ചിലപ്പോഴെങ്കിലും ആ റോളുകൾ പരസ്പരം വച്ചുമാറുന്ന പ്രത്യയശാസ്ത്രങ്ങളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും. കൊളോണിയൽ കാലം മുതൽ 9/11 അനന്തര കാലം വരെയുള്ള സന്ദർഭങ്ങൾ. സൃഷ്ടിയോളംതന്നെ പഴക്കമുള്ള സംഹാരത്തിന്റെ സൂക്ഷ്മരാഷ്ട്രീയങ്ങൾ. അന്നാഹാരൻടിന്റെയും മറ്റും ചരിത്ര-രാഷ്ട്രീയ പഠനങ്ങളിലെ ചില വീക്ഷണങ്ങൾ പിൻപറ്റുന്ന അവതരണം. ഠഗ്ഗുകളുടെ നീതിശാസ്ത്രവും ഇസ്ലാമിന്റെ ജിഹാദിയും ഫാസിസത്തിന്റെ സംഹാരാത്മക രാഷ്ട്രീയവും ഓരോ രീതിയിൽ ഈ ഹിംസാവിധിയിൽ പങ്കുചേരുന്നു. മതവും ആചാരവും അനുഷ്ഠാനവും വിശ്വാസവും ഭ്രാന്തും രാഷ്ട്രീയവും ധർമ്മവും നിഷ്ഠയും ജീവിതംതന്നെയുമായി മാറുന്ന ഹിംസയുടെ തത്വചിന്തകളവതരിപ്പിക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച കഥാമാലികയാണ് 'സംഹാരത്തിന്റെ പുസ്തകം'. രാഹുൽ ശ്രദ്ധേയമായ നിരവധി നിരീക്ഷണങ്ങൾകൊണ്ട് ഈ വിഷയം സംവാദാത്മകമാക്കുന്നു.

          മലയാളത്തിലെ പ്രസിദ്ധമായ ചില ദലിത്, ദലിത്പക്ഷ, ജാതിബദ്ധ കഥകളിലെ ജാതിരാഷ്ട്രീയത്തെ സൂക്ഷ്മമായി പിന്തുടരുകയും വർഗം മുതൽ വർണം വരെയുള്ള സംപ്രത്യയങ്ങൾ ജാതിസ്വത്വത്തെ പ്രശ്‌നവൽക്കരിക്കുന്നതിൽ നിർവഹിക്കുന്ന പങ്ക് വിശകലനം ചെയ്യുകയുമാണ് രണ്ടാമത്തെ കഥാപഠനത്തിൽ രാഹുൽ. സാറാജോസഫ് , സിതാര, എൻ. പ്രഭാകരൻ, സി. അയ്യപ്പൻ, യമ, സന്തോഷ് ഏച്ചിക്കാനം, ഇ. സന്തോഷ്‌കുമാർ, എസ്. ഹരീഷ്, കെ.ആർ. മീര എന്നിവരുടെ കഥകളാണ് പഠിക്കപ്പെടുന്നത്. ജാതിയെയും വർഗത്തെയും കുറിച്ചുള്ള മാർക്‌സിയൻ സമീകരണങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിക്കൊളായ് ബുഖാറിന്റെയും അവ നിരാകരിക്കുന്ന ആനന്ദ് തെൽതുംബയുടെയും നിലപാടുകൾ പിൻപറ്റിയാണ് ഈ കഥകളുടെ രാഷ്ട്രീയാബോധം നിരൂപകൻ മറനീക്കുന്നത്.

          വിപണിയുടെ ആസക്തികളും ഉപഭോഗത്തിന്റെ ലഹരികളും മൂടൽമഞ്ഞുപോലെ ജീവിതത്തെ പൊതിഞ്ഞുനിൽക്കുന്ന ആഗോളവൽക്കരണത്തിന്റെ രണ്ടു സന്ദർഭങ്ങളെ എൻ. പ്രഭാകരന്റെ 'മായാമയൻ', വിനോയ് തോമസിന്റെ 'ആനന്ദബ്രാന്റൺ' എന്നീ കഥകളുടെ വിശകലനത്തിലൂടെ വ്യാഖ്യാനിക്കുന്നു അടുത്ത ലേഖനം. 1990കളുടെ തുടക്കത്തിൽ പ്രഭാകരനെഴുതിയ കഥയും കാൽനൂറ്റാണ്ടിനുശേഷം വിനോയി എഴുതിയ കഥയും മുന്നോട്ടുവയ്ക്കുന്ന കമ്പോളത്തിന്റെ പ്രത്യയശാസ്ത്രം സമന്വയിപ്പിച്ചുകൊണ്ട് രാഹുൽ എഴുതുന്നു:

          'സമ്പന്നമായ വിദേശരാജ്യത്തോടുള്ള ഭ്രമമാണ്, ദേശമെന്ന ഏകകത്തിന്റെ അതിരുകളെ ലംഘിക്കാൻ നിജേഷിനെ കെല്ലുള്ളവനാക്കുന്നത്. മുതലാളിത്തത്തിന്റെ രീതിശാസ്ത്രത്തോട് ചേർന്നിരിക്കുന്ന ആഗോളനയങ്ങൾ ഉപഭോക്തൃയിടത്തിനെ വിസ്തൃതമാക്കുന്നു എന്നതിൽ തർക്കമില്ല. ഉണ്ണിക്കൃഷ്ണനെ വിപണിയുടെ അടിമയാക്കുന്നതും മറ്റൊന്നല്ലാ. സാമ്പത്തികലാഭത്തിനായി മൂന്നാം ലോകരാഷ്ട്രങ്ങളിലെ മനുഷ്യാദ്ധ്വാനത്തെ ഉപയോഗിക്കുകയും അതുവഴി അവരുടെ ജീവിതനിലവാരം വർധിപ്പിക്കുകയും ചെയ്യുന്നു എന്നത് ആഗോളീകരണത്തിന്റെ ഒരു വശമാണ്. എന്നാൽ മറുവശത്തു കമ്പോളം നിയന്ത്രിക്കുന്ന ക്രമങ്ങളിലേക്ക് ഒരുപറ്റം ആളുകളെ അത് തളച്ചിടുകയും ചെയ്തു. ഉണ്ണിക്കൃഷ്ണനും നിജേഷും ഇവരെ പ്രതിനിധാനം ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാൽ തുല്യത ലക്ഷ്യംവെക്കുകയും എന്നാൽ സാമ്പത്തികമായും സാമൂഹികമായും ശിഥിലീകരണം സംഭവിക്കുകയും ചെയ്യുന്നതിന്റെ സന്ദർഭങ്ങളാണ് ഇവിടെ പരാമർശിച്ച കഥകളിലുള്ളത്. രണ്ടു കഥകൾക്കും ഇടയിലെ ദൂരമായ കാൽ നൂറ്റാണ്ട് ആഗോളീകരണലോകത്തു നിന്ന് ആഗോളീകരണാനന്തരലോകത്തിലേക്കുള്ള യാത്രയെയാണ് വ്യക്തമാക്കുന്നത്'.

          മനുഷ്യയുഗവും കാലാവസ്ഥാവ്യതിയാനവും എന്ന ലേഖനം അംബികാസുതൻ മാങ്ങാടിന്റെ 'നീരാളിയൻ', എസ്. ഹരീഷിന്റെ 'മറവൻ ദ്വീപ് യുദ്ധം' എന്നീ കഥകൾ മുൻനിർത്തി ആഗോളതാപനത്തിന്റെ പാരിസ്ഥിതിക രാഷ്ട്രീയം ചർച്ചചെയ്യുന്നു. അമിതാവ്‌ഘോഷ് മുതൽ ആൻഡ്രു ഹോഫ്മാനും കോർമാക് മക്കാർത്തിയും വരെയുള്ളവരുടെ കൃതികൾ ഭീതിദമാംവിദം തകരുന്ന ആഗോളപാരിസ്ഥിതിക സന്തുലനത്തെക്കുറിച്ചു പങ്കുവയ്ക്കുന്ന ആകുലതകൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മലയാളകഥയിലെ ഈയൊരു രാഷ്ട്രീയത്തെ രാഹുൽ വിശകലനം ചെയ്യുന്നത്.

         

ഇനിയുള്ള മൂന്നു ലേഖനങ്ങളിൽ അധികാരമെന്ന വ്യവഹാരത്തിന്റെ മൂന്നു ജീവിതമണ്ഡലങ്ങളിലെ പ്രയോഗരാഷ്ട്രീയം മുൻനിർത്തിയുള്ള കഥാചർച്ചകളാണ് നിരൂപകൻ നടത്തുന്നത്. 'പ്രണയമെന്ന ഏകാധിപത്യ'ത്തിൽ ബെൽഹൂക്‌സിന്റെയും എലീന ഫെറാന്റെയുടെയും സ്ത്രീപക്ഷ നിലപാടുകൾ മുൻനിർത്തി കെ.ആർ. മീരയുടെ 'ജോർജ് മൂന്നാമൻ തീവണ്ടിയോടിക്കുമ്പോൾ' എന്ന കഥ അപനിർമ്മിക്കുന്നു. ജോർജ് ഫെർണാണ്ടസ് എന്ന രാഷ്ട്രീയനേതാവ് ഓർമ്മയും പ്രജ്ഞയും നഷ്ടമായി മരണക്കിടക്കയിൽ ശയിക്കുമ്പോൾ അയാളെ ശുശ്രൂഷിക്കുന്ന പഴയ കാമുകിയായ നഴ്‌സിന്റെ കഥയാണിത്. എന്താണ് പ്രണയത്തിലെ അധികാരം? വായിക്കൂ:

          'പ്രണയപരാജയത്തിൽ 'ജീവ'നഷ്ടം സംഭവിക്കുന്നത് പുരുഷനോ സ്ത്രീക്കോ അല്ലാ; പുരുഷനുമായി സ്ത്രീയും സ്ത്രീയുമായി പുരുഷനും ചേർന്നുകണ്ട സ്വപ്നങ്ങളുടെ ആഖ്യാനങ്ങളിലാണ് തീമഴ പെയ്യുന്നത്. പ്രണയനദി വ്യസനങ്ങളുടെ സമുദ്രമായി പരിവർത്തനപ്പെടുന്ന കാഴ്ചയാണത് എന്ന് നിസ്സംശയം പറയാം. കെ.ആർ. മീര, 'ഏകാന്തതയുടെ നൂർ വർഷങ്ങൾ' എന്ന കഥയിൽ ആവിഷ്‌കരിക്കുന്ന പ്രണയത്തിൽ, മുഖ്യകഥാപാത്രമായ സത്യനുണ്ടാവുന്ന വെളിപാട് വളരെ പ്രസക്തമാണ്. കാമുകിയായ നൂർ അയാളുടെ ജീവിതത്തിൽ സൃഷ്ടിച്ച നിർവചിക്കാനാവാത്ത വിടവിനെക്കുറിച്ചാണിത്. കാമുകിയുടെ (പരോക്ഷ)സാന്നിധ്യം തട്ടിത്തകർത്ത ഏകാന്തതയെന്ന അഹന്ത അവളില്ലാതാകുന്നതോടെ സത്യനിലേക്കുതന്നെ മടങ്ങിയെത്തി. ഏകാന്തമായ കാഴ്ചകളിൽ ജീവിതം മുന്നോട്ടു നയിക്കാൻ അയാൾക്ക് കൂട്ടാകുന്നത് നൂറിന്റെ ഓർമകളാണ്. ഇവിടെ നേതാവിന്റെ, രാഷ്ട്രീയക്കാരന്റെ, ഭർത്താവിന്റെ, അച്ഛന്റെ അങ്ങനെ വിവിധ രൂപങ്ങളിൽ വേഷമിടുന്ന ജോർജിന് പതിനേഴാം വയസ്സുമുതൽ തന്നെ പ്രണയിക്കുന്ന സ്ത്രീയെ തിരിച്ചറിയാൻ സാധിക്കുന്നില്ല. കോടതിവിധിയുടെ അടിസ്ഥാനത്തിൽ ജോർജിൽ അവകാശം സ്ഥാപിക്കാനെത്തിയ അയാളുടെ ബന്ധുക്കളോട് കയർക്കുമ്പോൾ ആ അറുപത്തിരണ്ടു വയസ്സുകാരിയിൽ കാണപ്പെട്ട അഹന്തയുടെ ചരിത്രം അലിഖിതമാണ്. നാല്പതുകൊല്ലം ജോർജ് ഫെർണാണ്ടസ് എന്ന രാഷ്ട്രീയക്കാരന്റെ ഉയർച്ചതാഴ്ചകളും വെല്ലുവിളികളും പ്രതിസന്ധികളും ഒത്തുതീർപ്പുകളും ദൂരെനിന്നുകൊണ്ട് സാകൂതം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ആഖ്യാതാവിന് ആ കണക്കുകൾ ബോധിപ്പിക്കാൻ ജീവിതത്തിൽ ആരുമില്ല. അയാളുടെ കുടുംബത്തെയും, അയാളുടെ ജീവിതത്തിലെ സ്ത്രീകളെയും അകലെ നിന്നു നോക്കിക്കാണുന്ന അവൾ 'കൈയിലും കാലിലും ചങ്ങലകൾ അലങ്കാരമാക്കി തലയുയർത്തി നടന്നുപോയ ജോർജിനെയോർത്താണ് പിൽക്കാലത്തു ഹൃദയം എല്ലാ ഇല്ലായ്മകൾക്കും ജീവിതത്തിനു മാപ്പുനൽകിയത്'. പ്രണയത്തെ രണ്ടുപേരുടെ ജീവിതവീക്ഷണവുമായി ചേർത്തുവെച്ച ബജ്യൂ അതിനെ നിർമ്മിതിയായി മുന്നോട്ടുവെക്കുന്നു. പ്രണയിക്കുന്ന സ്ത്രീയും പുരുഷനും ഉറ്റുനോക്കുന്ന ലോകകാഴ്ചകൾ ഒന്നാവാതെ വരുമ്പോൾ കൈകൾ കോർത്തുപിടിക്കാൻ അവർക്ക് കഴിയുന്നില്ല. ഇവിടെയാകട്ടെ സ്ത്രീയുടെ പ്രണയം കണ്ടെത്താനാവാതെ പോകുകയും ചെയ്യുന്നു. അവളുടെ സ്മൃതിപഥത്തിൽ അയാളെക്കുറിച്ചുള്ള ഓർമകൾ മാത്രമായി പതിറ്റാണ്ടുകളായി അവൾ ജീവിക്കുകയാണ്. പ്രണയത്തിന്റെ കരുത്ത് ഉരുവം കൊള്ളിക്കുന്ന വ്യവസ്ഥയിൽ കരുക്കളില്ലാതെ അവൾ ഏകാധിപതിയായി തുടരുന്നു. അധിനിവേശം ചെയ്യാൻ രാജ്യങ്ങളോ ഭരിക്കാൻ പ്രജകളോ ഇല്ലാത്ത ലോകത്ത് ഓർമകളുടെ മേൽ അവൾ ആധിപത്യം നടത്തുകയത്രേ.

          ഈ അവസരത്തിൽ, എലെന ഫെറാന്റെ ഉപയോഗിച്ച പദമായ 'frantumaglia'യെ പരാമർശിക്കുന്നത് ഉചിതമാണ്. അമ്മയിൽ നിന്നു ലഭിച്ച, ശിഥിലമായ വികാരങ്ങളുടെ കൂട്ടത്തെ രേഖപ്പെടുത്തുന്ന ഈ വാക്ക് ഫെറാന്റെയുടെ കലങ്ങിമറിഞ്ഞ മാനസികാവസ്ഥയെയും നിരാശയെയും വിഷാദത്തെയും പ്രതിനിധീകരിക്കുന്നു. രാത്രിയുടെ ഇരുട്ടിൽനിന്നും തണുപ്പിൽനിന്നും വിളിച്ചുണർത്താൻ കഴിയുന്ന ഭയപ്പെടുത്തുന്ന വാക്കായി അവർക്ക് അത് അനുഭവപ്പെടുകയാണ്. ആന്തരികസ്വത്വത്തിന് ആഘാതം വരുത്താൻ പ്രാപ്തിയുള്ള അംശമായി തീർന്നുകൊണ്ട് നഷ്ടബോധത്തിന്റെയും ദുഃഖത്തിന്റെയും തീരങ്ങളിലേക്ക് അതു ഫെറാന്റെയെ കൂട്ടിക്കൊണ്ടുപോകുന്നു. സ്‌നേഹത്തിന്റെ ആവശ്യകതയാണ് മനുഷ്യരുടെ അസ്തിത്വത്തിന്റെ കേന്ദ്ര അനുഭവം എന്ന ഫെറാന്റെയുടെ കാഴ്ചപ്പാടും കെ.ആർ. മീരയുടെ ഈ കഥയുടെ വീക്ഷണവും യോജിച്ചുപോകുന്നു. ജോർജിനെ അനുതാപത്തോടെയും അനുഭാവത്തോടെയും കാണുന്ന ആഖ്യാതാവിന്റെ ഏകതാനമായ ജീവിതം ഫെറാന്റെ മങ്ങിയ ചായങ്ങൾകൊണ്ട് പൂർത്തിയാക്കുന്ന ചിത്രങ്ങൾക്കു സമാനമാണ്. ഭൗതികമായ അർത്ഥത്തിൽ ജീവനുള്ളതും അതേസമയം മാനസികമായി മരിച്ചതുമായ പ്രതീതിയിലേക്ക് ആഖ്യാതാവ് എത്തിപ്പെട്ടെന്ന് വേണം കരുതേണ്ടത്. ജോർജിന്റെ ആശുപത്രിയിലെ സാന്നിധ്യത്തോട് പൊരുത്തപ്പെടുന്നതും എളുപ്പമായി തോന്നിയില്ല. ആരും വേവലാതിപ്പെടാനില്ലാത്ത ആഖ്യാതാവിനു രോഗികളെ ശുശ്രൂഷിക്കുക എന്ന കർമത്തിൽ വ്യാപരിക്കുക എന്നതായിരുന്നു മുഖ്യം. ആ നേരത്ത് ഫെറാന്റെ അനുഭവിച്ചതുപോലെ ചലനരഹിതമായ മരച്ചില്ലകൾക്ക് മുകളിൽ വരുന്ന തേനീച്ചക്കൂട്ടത്തിന്റെ സാമീപ്യവും മന്ദഗതിയിലുള്ള ജലാശയത്തിൽ പെട്ടെന്നു വീശുന്ന ചുഴലിക്കാറ്റിന്റെ ആവേഗവും ആഖ്യാതാവിലും ഉണ്ടായിട്ടുണ്ടാവാം.

          പതിനേഴുവയസ്സുകാരിയുടെ ഫ്രോക്കിലെ ഞൊറിവുകൾ നാല്പത്തഞ്ചുവർഷത്തിനിപ്പുറവും പറന്നുയരാൻ ത്രാണിയില്ലാത്തതായി തീരുകയാണോ? അണുപരീക്ഷണകാലത്ത് എല്ലാം തച്ചുതകർക്കാൻ അവൾ ശ്രമിച്ചിരുന്നു. ഇന്ന് ആശുപത്രിമുറിയിൽ അയാളുടെ ജീവിതത്തിലെ രണ്ടു സ്ത്രീകളെ അവൾ അടുത്തു കണ്ടു. ഒരിക്കലും തനിക്കു ലഭിക്കാതെ പോയ സ്‌നേഹം ആവോളം കവർന്നെടുത്ത സ്ത്രീകളുടെ മുന്നിൽ അന്യയെപ്പോലെ പെരുമാറാൻ അവൾക്ക് കഴിഞ്ഞു. വെറും നിലത്ത് വട്ടത്തിലുറപ്പിച്ച കറുത്ത പ്ലാസ്റ്റിക് പാളങ്ങളിൽ ചുവന്ന കളിപ്പാട്ടത്തീവണ്ടി നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ജോർജിനെയാണ് കഥാന്ത്യത്തിൽ അവതരിപ്പിക്കുന്നത്. ഹൃദയഭേദകമായ ഈ രംഗം കാണാനായിട്ടാണോ വർഷങ്ങൾ ത്യാഗങ്ങൾ സഹിച്ചുകൊണ്ട് ആഖ്യാതാവ് കാത്തിരുന്നത് എന്ന ചോദ്യം ബാക്കിയാവുന്നു. എങ്കിലും ഹൂക്‌സ് അടിവരയിട്ടു പറയുന്നതുപോലെ ആത്മസ്‌നേഹമാണ് സ്‌നേഹപൂർവമായ ജീവിതത്തിന്റെ ആധാരം. അങ്ങനെയല്ലെങ്കിൽ സ്‌നേഹിക്കാനുള്ള നമ്മുടെ മറ്റു ശ്രമങ്ങൾ പരാജയപ്പെടുകതന്നെ ചെയ്യും. സ്വയം സ്‌നേഹിക്കുന്നതിലൂടെ, മറ്റൊരാളിൽനിന്ന് ലഭിക്കാൻ എപ്പോഴും ആഗ്രഹിച്ചേക്കാവുന്ന നിരുപാധികമായ സ്‌നേഹം ലഭിക്കാനുള്ള അവസരം നമുക്കുണ്ടാവുമെന്ന ഹൂക്‌സിന്റെ നിഗമനം ആഖ്യാതാവിനും പൂർണമായ തലത്തിൽ ബാധകമാണ്'.

          ജോർജ് ഓർവെല്ലിന്റെയും ഫ്രാൻസ് കാഫ്കയുടെയും കാലത്തും രചനകളിലും നിന്ന് സർവൈലൻസ് കാലത്തേക്കുള്ള മാറ്റത്തെ കരുണാകരന്റെ 'കാഫ്ക', ആർ. ഉണ്ണിയുടെ 'ബാദുഷ എന്ന കാൽനട യാത്രക്കാരൻ' എന്നീ കഥകളുടെ വിശകലനത്തിലൂടെ വ്യക്തമാക്കുകയാണ് 'തിരിച്ചറിയലിന്റെ രാഷ്ട്രീയ'മെന്ന ലേഖനം. ശോശാന സുബോഫിന്റെയും റൊമിലാഥാപ്പറുടെയും നിരീക്ഷണങ്ങൾ ഈ പഠനത്തെ സമഗ്രമാക്കുന്നു. ടി.ടി. ശ്രീകുമാറും അജീഷ്ദത്തനും മറ്റും ഈ വിഷയം മുൻനിർത്തിയെഴുതിയ ലേഖനങ്ങൾ ഓർമ്മിക്കുക. In the Penal Colonyയിലും മറ്റും കാഫ്ക അവതരിപ്പിച്ചതും പിന്നീട് 'Kafkaesqe' എന്നു ഖ്യാതികേട്ടതുമായ ആഖ്യാനരാഷ്ട്രീയത്തിന് ഇന്നുമുള്ള പ്രസക്തിയാണ് രാഹുൽ ചൂണ്ടിക്കാണിക്കുന്നത്. കാഫ്കയെപ്പോലെ മറ്റൊരെഴുത്തുകാരനും മോഡേണിസത്തിലും പോസ്റ്റ് മോഡേണിസത്തിലും ഒരുപോലെ പ്രസക്തി കൈവന്നിട്ടില്ല എന്ന വസ്തുതയും ഇവിടെ ഓർക്കാവുന്നതാണ്. മിലാൻ കുന്ദേരയുടെ ലേഖനങ്ങൾ ഇക്കാര്യം സമർഥിക്കുന്നുമുണ്ടല്ലോ.

          ഭരണകൂടം മുതൽ സാമൂഹ്യസ്ഥാപനങ്ങൾ വരെയുള്ളവ അരികുവൽക്കരിക്കുന്ന വ്യക്തികളെക്കുറിച്ച് അലിഗറിയും സറ്റയറും പാരഡിയുമൊക്കെയായി എഴുതപ്പെട്ട അഞ്ചു കഥകൾ ചർച്ചചെയ്യുന്നു, അടുത്ത ലേഖനം. കഥയിലെ അധികാരത്തെക്കുറിച്ചുള്ള അഞ്ചു ലഘുപന്യാസങ്ങളുടെ സമാഹാരം എന്നുതന്നെ പറയാവുന്നവിധം വിഷയനിഷ്ഠമായ കേന്ദ്രീകരണം ഈ ലേഖനത്തിലുണ്ട്. അയ്മനം ജോൺ, ബിജു സി.പി, എം. കമറുദ്ദീൻ, ജി.ആർ. ഇന്ദുഗോപൻ, ടി.പി. വേണുഗോപാലൻ എന്നിവരുടേതാണ് കഥകൾ. അധികാരത്തിന്റെ പ്രതിജനഭിന്നവും വിചിത്രവുമായ പ്രയോഗമാർഗങ്ങളാണ് പ്രമേയം. വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്ന പ്രതിരോധമാണ് ജീവിതം. രാഹുൽ സംഗ്രഹിക്കുന്നു:

         

'അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്ന ചുറ്റളവിനു പുറത്തുകഴിയുന്നവരുടെ ജീവിതത്തിന്റെ ഉത്കണ്ഠകൾ ശമിക്കുന്നില്ല. അധികാരം മൂലമുള്ള ആന്ധ്യത്തിന്റെ ഇരയായ 'അടിയന്തരാവസ്ഥയിലെ ആന'യിലെ അച്ഛനും, ദാരിദ്ര്യത്തിന് അതിർത്തികളില്ല എന്നു പറയുന്ന 'എലിവാണ'ത്തിലെ മുനിയാണ്ടിയും ജനാധിപത്യത്തിൽ ആർക്കാണ് ആളുകളെ കേറി ഭരിക്കാൻ കഴിയാത്തത് എന്നു ചോദിക്കുന്ന 'പരമാധികാരി'യിലെ പീലിക്കുഞ്ഞും, ഇരുട്ടാണ് യഥാർത്ഥത്തിൽ ഉള്ളതെന്നു വിശ്വസിക്കുന്ന 'കവലയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദ'ത്തിലെ ഓനച്ചനും ''വായിന്റാത്ത്ന്ന് എന്തെങ്കിലും വീണുപോയാ ഏതെങ്കിലും കള്ളിന്റാത്താക്കൂന്ന് പേടിയുള്ളതോണ്ട് ഒന്നും മിണ്ടൂല'' എന്നു പരിതപിക്കുന്ന 'ആനയും തയ്യൽക്കാരനും' എന്ന കഥയിലെ തയ്യൽക്കാരനും പ്രതിനിധാനം ചെയ്യുന്നത് ഒരേ വർഗ്ഗത്തെയാണ്. അരികുജീവിതത്തിന്റെ വൈഷമ്യങ്ങൾ വട്ടമേശചർച്ചയിലെ സന്ധിസംഭാഷണങ്ങൾ വഴി പരിഹരിക്കാൻ സാധിക്കുന്നതിലും അപ്പുറമാണ് എന്നുള്ള മുന്നറിയിപ്പുകൂടിയാണ് മേൽപ്പറഞ്ഞ കഥകൾ.

ഗ്രന്ഥസൂചിക

1. അടിയന്തരാവസ്ഥയിലെ ആന, അയ്മനം ജോണിന്റെ കഥകൾ-കറന്റ് ബുക്‌സ്, തൃശൂർ.

2. കവലയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം-പെലയസ്ഥാനം എന്ന കഥാസമാഹാരം-ഡി.സി. ബുക്‌സ്.

3. പരമാധികാരി-ചതുപ്പ് എന്ന കഥാസമാഹം-ഡി.സി. ബുക്‌സ്.

4. എലിവാണം-കൊല്ലപ്പാട്ടി ദയ എന്ന കഥാസമാഹാരം-ഡി.സി. ബുക്‌സ്.

5. ആനയും തയ്യൽക്കാരനും-കുന്നുംപുറം കാർണിവൽ എന്ന കഥാസമാഹാരം-മാതൃഭൂമി ബുക്‌സ്'.

          അവസാന ലേഖനം കേരളത്തിലേക്കും കേരളത്തിൽനിന്നും ആഗോളവൽക്കരണകാലത്തു സംഭവിക്കുന്ന തൊഴിൽകുടിയേറ്റത്തിന്റെ നരവംശശാസ്ത്രവും രാഷ്ട്രീയവും മുൻനിർത്തിയെഴുതപ്പെട്ട രണ്ടു കഥകളെക്കുറിച്ചാണ്. ഇ.പി. ശ്രീകുമാറിന്റെ 'മാനവവിഭവം', വി എം. ദേവദാസിന്റെ 'ബാബേൽ' എന്നിവയാണ് കഥകൾ. സമകാല കേരളീയസമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക വിശകലനം നടക്കേണ്ട മേഖലകളിലൊന്നാണിത് എന്നതിൽ സംശയമില്ല. പക്ഷെ ഭാവനാഭൂപടത്തിൽ ഇത് എത്രമേൽ തീക്ഷ്ണമായി രേഖപ്പെടുത്തപ്പെടുന്നുണ്ട് എന്നതിൽ സംശയമുണ്ട്.

          മലയാളനോവൽ, കഥാസാഹിത്യങ്ങളിൽ ഇക്കഴിഞ്ഞ മൂന്നുപതിറ്റാണ്ടുകാലത്തു രൂപപ്പെട്ട ഭാവുകത്വ വ്യതിയാനങ്ങളെ ഒട്ടൊക്കെ സമഗ്രവും സൂക്ഷ്മവുമായി പിന്തുടരുന്ന സാംസ്‌കാരിക വിമർശനപഠനങ്ങളുടെ സമാഹാരമാണ് ഉയിർഭൂപടങ്ങൾ. ഇതര ഭാഷകളിൽനിന്നുള്ള നിരവധി സാഹിത്യ, സാഹിത്യേതര ഗ്രന്ഥങ്ങളുടെ പാഠാന്തരസാന്നിധ്യവും അവയിലെ ധാരാളം സങ്കല്പനങ്ങളുടെ സ്വാംശീകരണവും ഈ പഠനങ്ങളെ സയുക്തികവും സംവാദാത്മകവുമാക്കുന്നു. എങ്കിലും രണ്ടു പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ആഗോളവൽക്കരണത്തിന്റെ ചരിത്രവിശകലനത്തിൽ സംഭവിച്ചിട്ടുള്ള വീക്ഷണവ്യതിയാനമാണ് ഒന്ന്. കൊളോണിയലിസത്തെയും ദേശീയതയെയും വ്യവസായാധുനികതയെയും ആഗോളവൽക്കരണമായി വ്യാഖ്യാനിക്കുന്നതിന്റെ സങ്കല്പനപരമായ പരിമിതി ഈ പുസ്തകത്തിലെ ചില പഠനങ്ങളിലുണ്ട്. വിമർശനാവബോധത്തിലെ ഏകതാനതയില്ലായ്മയാണ് രണ്ടാമത്തേത്. ചിതറിപ്പോകുന്ന കാഴ്ചകളും ഭിന്നസൂചനകളിലേക്കും സാധ്യതകളിലേക്കും വഴിപിരിയുന്ന അവതരണവും അവ്യക്തമായ ആശയവിചാരങ്ങളും സൗന്ദര്യാത്മകതയോടുള്ള കടുത്ത വിമുഖതയും രാഹുലിന്റെ നിരൂപണങ്ങളിൽ പൊതുവെ കാണാം. നോവൽ നിരൂപണത്തെയപേക്ഷിച്ച് കഥാനിരൂപണത്തിൽ ഈ പരിമിതികൾ പലതും മറികടക്കാൻ രാഹുലിന് കഴിയുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ.

പുസ്തകത്തിൽനിന്ന്

'ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തം, അന്നത്തെ ലോകജനതയെ ഒരു വിഭ്രാന്തിയിൽ പെടുത്തിയിരുന്നു. ശാസ്ത്രലോകത്തുനിന്നുള്ളതിനെക്കാളും മതവിശ്വാസികളിൽനിന്നായിരുന്നു ഡാർവിന് കൂടുതൽ എതിർപ്പുകൾ നേരിടേണ്ടി വന്നത്. ഡാർവിന്റെ സിദ്ധാന്തം മനുഷ്യർ 'ദിവ്യസൃഷ്ടി' എന്ന് ധരിച്ചവർക്കുള്ള പ്രഹരമായി മാറി. അതേ സമയം ക്വാണ്ടം ഭൗതികത്തിലെ കണ്ടുപിടിത്തങ്ങൾ ഭൗതികശാസ്ത്രജ്ഞന്മാരെവരെ അമ്പരപ്പിക്കുകയും പുതിയ മാതൃകകൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള മൊത്തോത്പാദനം വാഹനനിർമ്മാണരംഗത്തുനിന്ന് മറ്റ് രംഗത്തേക്ക് കടന്നുവന്നതോടെ ഉത്പന്നനിർമ്മാണത്തിലെ സർഗാത്മകത പൂർണ്ണമായും നഷ്ടമാവുകയും മനുഷ്യർ യന്ത്രസമാനരാകുകയും ചെയ്തു. കംപ്യൂട്ടറിന്റെ കടന്നുവരവ് മനുഷ്യരെ തൊഴിൽരംഗത്ത് ആശങ്ക സൃഷ്ടിച്ചു. എന്നാൽ സംഹാരത്തിന്റെ വ്യാഖ്യാനങ്ങളാകട്ടെ എല്ലാ കാലത്തും അന്ധാളിപ്പുകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. ആനന്ദ് എന്ന എഴുത്തുകാരൻ അത്തരമൊരു ആശങ്കയെ ആശയമായി അവതരിപ്പിക്കുകയാണ് സംഹാരത്തിന്റെ പുസ്തകം എന്ന കൃതിയിലൂടെ.

          സമാധാനം നിലനിർത്തുന്നതിന് സംഹാരത്തെക്കുറിച്ചുള്ള ഭയം സമൂഹത്തിൽ നിലനിർത്തണമെന്ന വാശി ചില കേന്ദ്രങ്ങളിലെങ്കിലും ഉണ്ടാവുന്നുണ്ട്. അനേകം പരികല്പനകൾ സ്ഥാപിച്ചുകൊണ്ട് ഒരു വസ്തുത രൂപപ്പെടുന്നത് അസാധാരണമല്ല; വസ്തുത അയാഥാർഥ്യങ്ങളുടെ കൂട്ടമായി മാറുന്നതും സംഭവ്യമാണ്. ഇത്തരം ചെയ്തികൾ നടക്കുന്ന സമൂഹത്തിൽ, മേൽപ്പറഞ്ഞ സമാധാനത്തെക്കുറിച്ചുള്ള യുക്തിയും സ്ഥിതി ചെയ്യുമെന്നത് തീർച്ചയാണ്. പതിനാലാം നൂറ്റാണ്ടുമുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ഹിംസകരുടെ സംഘമായ ഠഗ്ഗുകളുടെ ചരിത്രവും 9/11നെ കുറിച്ചുള്ള വാർത്താശകലങ്ങളും അനാവരണം ചെയ്യുന്നത് കെട്ടുകഥകളുടെ ഒരു ലോകത്തെക്കൂടിയാണ്. ഹിംസയെ സംബന്ധിച്ച വൈരുധ്യാത്മകവും വസ്തുനിഷ്ഠമല്ലാത്തതുമായ വിവരങ്ങൾ ധാരാളമായി പ്രചരിക്കാറുണ്ട്. സാഹിത്യവും മാധ്യമങ്ങളും ഹിംസയുടെ ഉപകരണങ്ങളെപ്പറ്റിയാണ് കൂടുതലും ചർച്ചചെയ്യാറുള്ളത്. എന്നാൽ, പക്ഷഭേദമില്ലാതെ, മറ്റേതൊരു പ്രവൃത്തിപോലെതന്നെ ഹിംസയെ അപഗ്രഥിക്കുന്ന പഠനങ്ങൾ വേറൊരു തലത്തെയാണ് അഭിസംബോധന ചെയ്യുന്നത്.

          അന്യന്റെ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കാവുന്ന സ്ഥിതി ഇടയ്‌ക്കെങ്കിലും ഉണ്ടാകുന്നതുകൊണ്ടാണ് ഈ ലോകം ആവാസയോഗ്യമാവുന്നത്. എങ്കിലും മനുഷ്യൻ കൂടുതൽ വ്യക്തതയോടെ ജനാധിപത്യവൽക്കരിക്കപ്പെടേണ്ടത് സമകാലത്തിന്റെ ആവശ്യമാണ്. ഓരോ വ്യക്തിയും ശരാശരി മൂല്യങ്ങൾ സൂക്ഷിക്കണമെന്ന അവസ്ഥയുണ്ടാവണം. കാരണം ഹിംസ വ്യക്തികളിലും വ്യക്തികളുടെ ചെറുസംഘങ്ങളിലും നിലനിൽക്കുന്നുണ്ട്. സംഹാരം/സംഹരിക്കപ്പെടുക എന്ന പ്രകൃതത്തെയാണ് ആനന്ദ് 'സംഹാരത്തിന്റെ പുസ്തക'ത്തിൽ വ്യക്തമാക്കുന്നത്. വേട്ടയാടുന്നതിന്റെയും വേട്ടയാടപ്പെടുന്നതിന്റെയും രാഷ്ട്രീയവും ദർശനവുമാണ് ഈ സമാഹാരത്തിലെ കഥകളായ 'തോട്ടക്കാര'നിലും 'ഹോട്ടൽക്കാരനി'ലും 'തുന്നൽക്കാരനി'ലും പശ്ചാത്തലമായി വർത്തിക്കുന്നത്. ഓരോരുത്തരിലും ഒരു ഹിംസകൻ/ഹിംസക ഒളിഞ്ഞിരിക്കുന്നുണ്ടെന്നു സ്ഥാപിക്കുന്ന കഥാപാത്രങ്ങളാണ് ഇവയിലുള്ളത്.

          മതത്തിന്റെ പേരിലുള്ള രാഷ്ട്രീയസാധ്യതകളെ എക്കാലവും അധികാരവർഗം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിവേകമില്ലാത്ത ലോകത്തിന്റെ അവസ്ഥ ബോധ്യപ്പെടുത്താനെന്നോണം ആനന്ദ് എഴുതിയ ഈ കഥാസമാഹാരത്തിൽ, ഹിംസ എങ്ങനെയെല്ലാം മനുഷ്യജീവിതവുമായി അടുത്തു പെരുമാറുന്നുവെന്നു ചർച്ചചെയ്യുന്നു. അധികാരം ഉപയോഗിക്കാനുള്ള മോഹം എല്ലാവരിലും ഉണ്ട്; അതുപോലെതന്നെയാണ് സംഹരിക്കാനുള്ള ആന്തരിക തൃഷ്ണയും. ഇതിന്റെ അടിസ്ഥാനത്തിലാണ് ആനന്ദ് കഥാഗാത്രത്തെ മുന്നോട്ടു നീക്കുന്നത്.

വേട്ടക്കാരൻ-ഇര എന്ന സങ്കൽപ്പത്തെ പൊതുവായ അർത്ഥത്തിൽനിന്നും വിഭിന്നമായി ആനന്ദ് വ്യാഖ്യാനിച്ചിരിക്കുന്നു. ഇവിടെ വേട്ടക്കാരനും ഇരയും പരസ്പരം വേഷം മാറുന്ന കഥാപാത്രങ്ങളാണ്. വേട്ടക്കാരനെയും ഇരയേയും വ്യവച്ഛേദിക്കാൻ കഴിയുന്നില്ല എന്നു സാരം. സാധാരണമായ ജീവിത/കഥാ പരിസരങ്ങളിൽ ഇവർ ഏതെല്ലാം മേഖലകളുമായി ഇടപഴകിയാണ് തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത് എന്ന് നിർണ്ണയിക്കാനാവില്ല. കറുപ്പിലും വെളുപ്പിലും പ്രതിഷ്ഠിക്കാവുന്ന സ്വത്വങ്ങളിലാണ് അവർ പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ സംഹാരത്തിന്റെ പുസ്തകത്തിൽ ഇതു തകിടം മറിയുന്നു. വേട്ടക്കാരൻ-ഇര എന്നിവരോടൊപ്പം 'സംഹാരത്തിന്റെ പുസ്തകം' എന്ന ആശയം കഥാപാത്രത്തിനെപോലെ ആഴവും പരപ്പും ഉള്ള ഒരു സങ്കൽപ്പമായി മാറുകയാണ് ഠഗ്ഗുകളുടെ സംഹാരത്തെ നയിക്കുന്ന മൂലഗ്രന്ഥമായ 'സംഹാരത്തിന്റെ പുസ്തകം' 'തോട്ടക്കാരനി'ലെ അദൃശ്യസാന്നിധ്യമാണ്. വേട്ടക്കാരന്റെ നൈതികത സംഹാരത്തിന്റെ പുസ്തകത്തിന്റെ ഉള്ളടക്കത്തിന്റെ പരിണതഫലം ആയി കണക്കാക്കാവുന്നതാണ്. മറ്റൊരു വിധത്തിൽ സംഹാരത്തിന്റെ പുസ്തകം വേട്ടക്കാരൻ, ഇര എന്നീ ഇരകളെ സൃഷ്ടിച്ചിരിക്കുന്നു. വേട്ടക്കാരനെ 'സംഹാരത്തിന്റെ പുസ്തകത്തിന്റെ' ഇരയാക്കി മാറ്റുന്നത് കഥകളിൽ സംഹരിക്കപ്പെടുന്ന ഇരകളാണ്. ഈ ഇരകളാണ് വേട്ടക്കാരൻ എന്ന കർത്തൃത്വത്തെ സൃഷ്ടിക്കുന്നത്. ഈ സംഹാരപ്രവൃത്തികൾ ചെയ്യുകവഴി വേട്ടക്കാരൻ പുസ്തകത്തിന്റെ ഇരയായി മാറുകയാണ്. അതുപോലെ കൊല്ലപ്പെടുന്ന ഇരകൾ വേട്ടക്കാരന് മേൽ അധികാരം സ്ഥാപിക്കുന്നത് അവരുടെ മരണത്തിലൂടെയാണ്. ആനന്ദ് മൂന്നു കഥകളിലും ഈ പ്രശ്‌നത്തെ കൃത്യതയോടെ വിശദമാക്കിയിട്ടുണ്ട്. തോട്ടക്കാരൻ എന്ന കഥാപാത്രം സംഹാരത്തിന്റെ പുസ്തകത്തിന്റെ 'ഇര'യായി മാറിക്കൊണ്ട് വേട്ടക്കാരനാവുകയും, പിന്നീട് ആശുപത്രിയിൽവെച്ച് മരിക്കുകയും ചെയ്യുകയാണ്. ആത്യന്തികമായി 'സംഹാരത്തിന്റെ പുസ്തക'മായിരുന്നു അധികാരകേന്ദ്രം എന്ന് സ്ഥാപിക്കുന്നതിന്റെ പ്രമാണമായി ഇതിനെ കാണാം. ഹോട്ടൽക്കാരന്റെയും തുന്നൽക്കാരന്റെയും മരണം ഇതേ കടങ്കഥയുടെ തുടർച്ചയാണ്. ഇത്തരത്തിൽ അധികാരത്തിന്റെ കേന്ദ്രസ്ഥാനം വഹിക്കുന്ന സംഹാരത്തിന്റെ പുസ്തകത്തെ നിലനിർത്തുന്നത് ഇരകളാണ്. അതിനാൽ സംഹാരത്തിന്റെ പുസ്തകം ഇരകൾ ചേർന്നു സൃഷ്ടിച്ച മറ്റൊരു 'ഇര'യാണ് എന്നും പറയാം'. 

ഉയിർഭൂപടങ്ങൾ
രാഹുൽ രാധാകൃഷ്ണൻ
ഡി.സി. ബുക്‌സ്
2022, 340 രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP