Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യം ടിഒ സൂരജിലൂടെ കുഞ്ഞാലിക്കുട്ടിയെ ഒതുക്കി; പിന്നെ വഴങ്ങാത്ത മാണിയെ ബാർകോഴയിൽ ഇരുത്തിവെട്ടി; ഇനി ലക്ഷ്യം ഉമ്മൻ ചാണ്ടി തന്നെ; ബാബുവിനെ വീഴ്‌ത്തുന്നത് ഉമ്മൻ ചാണ്ടിയെ നിരായുധനാക്കാൻ; അടൂർ പ്രകാശിനെ ഉപയോഗിച്ച് ബിജു രമേശിലൂടെയുള്ള ചെന്നിത്തലയുടെ യാത്ര ലക്ഷ്യത്തിലേക്ക് അടുക്കുന്നു; അടുത്ത തെരഞ്ഞെടുപ്പിൽ രമേശ് യുഡിഎഫിനെ നയിക്കുമോ?

ആദ്യം ടിഒ സൂരജിലൂടെ കുഞ്ഞാലിക്കുട്ടിയെ ഒതുക്കി; പിന്നെ വഴങ്ങാത്ത മാണിയെ ബാർകോഴയിൽ ഇരുത്തിവെട്ടി; ഇനി ലക്ഷ്യം ഉമ്മൻ ചാണ്ടി തന്നെ; ബാബുവിനെ വീഴ്‌ത്തുന്നത് ഉമ്മൻ ചാണ്ടിയെ നിരായുധനാക്കാൻ; അടൂർ പ്രകാശിനെ ഉപയോഗിച്ച് ബിജു രമേശിലൂടെയുള്ള ചെന്നിത്തലയുടെ യാത്ര ലക്ഷ്യത്തിലേക്ക് അടുക്കുന്നു; അടുത്ത തെരഞ്ഞെടുപ്പിൽ രമേശ് യുഡിഎഫിനെ നയിക്കുമോ?

ബി രഘുരാജ്‌

തിരുവനന്തപുരം: കൂട്ട മോഷണത്തിനിടയിൽ പണം വീതം വയ്ക്കുന്നതിനെ ചൊല്ലി തർക്കം ഉണ്ടായാൽ പിടിയിലാകുന്നത് കള്ളന്മാരെല്ലാരുമാണെന്നത് ലോക തത്വമാണ്. എല്ലാവരും കൂടി ചേർന്ന് കീശ വീർപ്പിച്ച ബാർ കോഴയിൽ മാണിയെ വീഴ്‌ത്തുകയും അത് ബാബുവിന്റെ തലയിൽ ഡെമോക്ലസിന്റെ വാളായി തൂങ്ങുകയും ചെയ്യുമ്പോൾ വ്യക്തമാകുന്നത് കൂട്ടുകച്ചവടത്തിന്റെ കള്ളക്കളികൾ തന്നെ. മാണിയോ ബാബുവോ ബാർ കോഴ കൈപ്പറ്റിയില്ലെന്ന് ആരും വിശ്വസിക്കില്ല എന്നാണ് സത്യം. ജനവികാരം കടുത്തതോടെ ആത്യന്തികമായി ചരട് വലിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലക്ഷ്യത്തോട് അടുക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.

കെപിസിസി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തല എംഎൽഎയായത് ഒരു കാര്യം മനസ്സിലുറപ്പിച്ചാണ്. ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ ഉമ്മൻ ചാണ്ടിയെ നിരായുധനാക്കണം. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ച ചെന്നിത്തല, മന്ത്രിസഭയിൽ ചേരാതെ പാർട്ടി ഭരിച്ചു. എന്നാൽ നാടകീയമായ നീക്കങ്ങളിലൂടെ ഉപമുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് കരുക്കൾ നീക്കി. എല്ലാ ഐ ഗ്രൂപ്പുകാരേയും ഒന്നിപ്പിച്ച് വിശാല ഗ്രൂപ്പുമുണ്ടാക്കി. കെ മുരളീധരനെ കൊണ്ട് പോലും നേതാവെന്ന് അംഗീകരിപ്പിച്ചു. അങ്ങനെ ഗ്രൂപ്പിനുള്ളിലെ ഒന്നാം സ്ഥാനം ചെന്നിത്തല ഉറപ്പിച്ചു. കേരളത്തിന്റെ ഭാവി മുഖ്യമന്ത്രിയായി മാറാൻ പിന്നേയും കടമ്പകളുണ്ടായിരുന്നു. അവയെല്ലാം ചാടിക്കടന്ന് നിയമസഭാ കക്ഷി നേതാവെന്ന സ്ഥാനത്തിന് തൊട്ടടുത്താണ് ചെന്നിത്തല ഇപ്പോൾ. ഘടകകക്ഷികളെ പോലും വരുതിയിലാക്കാനുള്ള ആയുധങ്ങൾ ചെന്നിത്തല ശേഖരിച്ചു കഴിഞ്ഞു.

അതീവ രഹസ്യമായാണ് സൂരജിന്റെ ഓപ്പറേഷൻ നടന്നത്. പൊതുമാരമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് പോലും അറിഞ്ഞില്ല. വകുപ്പ് സെക്രട്ടറിക്കെതിരായി വിജിലൻസ് നീക്കം രഹസ്യമാക്കിയത് മന്ത്രിയേയും ചൊടുപ്പിച്ചു. വീടുകളും ഓഫീസുകളും ഒരേ സമയം വിജിലൻസ് കടത്തി. ഇതിൽ പലതും മുസ്ലിം ലീഗിലെ ഉന്നതരെ കുടുക്കാൻ പോന്ന തെളിവായിരുന്നു. ഇത് കിട്ടിയതോടെ തന്നെ ചെന്നിത്തലയോടുള്ള ലീഗിന്റെ മനോഭാവത്തിൽ മാറ്റം വന്നു. സൂരജും ലീഗ് നേതാക്കളും തമ്മിലുള്ള കച്ചവടത്തിന്റെ രേഖകളാണ് സൂരജിൽ നിന്ന് നടത്തിയത്. ഈ നീക്കങ്ങൾക്ക് ജേക്കബ് തോമസ് സമർത്ഥമായി കരുക്കൾ വീഴ്‌ത്തിയതോടെ വിജിലൻസിന്റെ പ്രതിച്ഛായ ഉയർന്നു. ഇതിന്റെ രാഷ്ട്രീയ നേട്ടം രമേശ് ചെന്നിത്തലയ്ക്കുമായി. ഓപ്പറേഷൻ കുബേര പോലുള്ള പദ്ധതികളും രാഷ്ട്രീയ എതിരാളികളെ വീഴ്‌ത്താൻ സമർത്ഥമായി തന്നെ വിനിയോഗിച്ചു. ഇതിനെല്ലാം മുന്നിൽ നിന്ന് ചെന്നിത്തല നേതൃത്വം നൽകി.

യുഡിഎഫിലെ രണ്ടാം കക്ഷിയാണ് മുസ്ലിം ലീഗ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി കസേരയിലെത്താൻ ലീഗിന്റെ പിന്തുണ അനിവാര്യമാണ്. ലീഗ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയാകട്ടെ ചെന്നിത്തലയോട് താൽപ്പര്യമില്ലാത്ത വ്യക്തിയും. ഉപമുഖ്യമന്ത്രി സ്ഥാനം ചെന്നിത്തലയ്ക്ക് നഷ്ടമാക്കിയത് കുഞ്ഞാലിക്കുട്ടിയുടെ കടുംപിടിത്തം മാത്രമാണ്. അതുകൊണ്ട് തന്നെ ആഭ്യന്തര വകുപ്പിലെത്തിയ ചെന്നിത്തല ആദ്യം ലക്ഷ്യമിട്ടത് കുഞ്ഞാലിക്കുട്ടിയെ. നേരിട്ട് വ്യവസായ മന്ത്രിയെ കുടുക്കാതെ പരോക്ഷമായി സമ്മർദ്ദത്തിലാക്കാനായിരുന്നു ലക്ഷ്യം. അതിന് കണ്ടെത്തിയ വഴിയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനെന്ന ആക്ഷേപമുണ്ടായിരുന്ന പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി ടിഒ സൂരജ്. വിജിലൻസിനെ കൊണ്ട് റെയ്ഡ് കുരുക്കിൽ സൂരജിനെ കുടുക്കി കുഞ്ഞാലിക്കുട്ടിയെ ചെന്നിത്തല നിശബ്ദനാക്കി. ഇതോടെ മുസ്ലിംലീഗിലെ നേതാക്കളെ കുടുക്കാനുള്ള പല തെളിവും ചെന്നിത്തലയുടെ പക്ഷത്തായി.

അതിന് ശേഷം മാണിയെ നോട്ടമിട്ടു. കരുതലോടെ കരുക്കൾ നീക്കി. മാണി ഇടതുപക്ഷത്തേക്ക് പോവുന്നത് തടയുകയായിരുന്നു ലക്ഷ്യം. അതുകൊണ്ട് തന്നെ ബാർ കോഴയിലെ ആരോപണങ്ങൾ ഉമ്മൻ ചാണ്ടി ഉണ്ടാക്കിയതാണെന്ന് വരുത്തുകയും ചെയ്തു. പക്ഷേ എല്ലാം മാണിക്ക് മനസ്സിലായത് പെട്ടെന്നായിരുന്നു. ബിജു രമേശും മന്ത്രി അടൂർ പ്രകാശും തമ്മിലെ ബന്ധവും പുറത്തായി. എല്ലാം രമേശ് ചെന്നിത്തലയും സംഘവും പറഞ്ഞ് പറയിച്ചതാണെന്നും പിസി ജോർജ് ഇവർക്ക് കൂട്ടാണെന്നും മാണി തിരിച്ചറിഞ്ഞു. അതോടെ ഗൂഢാലോചന തിയറി പൊളിഞ്ഞു. മാണി കരുത്തനാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വിധിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇതിന് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്ന് വരുത്താനും ചെന്നിത്തല ശ്രമിക്കുന്നുണ്ട്. ബാർ കോഴയിലെ വിജിലൻസ് കോടതി വിധിക്കെതിരെ റിട്ട് ഹർജി നൽകിയതിന് പിന്നിൽ അഡ്വക്കേറ്റ് ജനറലും മുഖ്യമന്ത്രിയുമാണെന്ന് വരുത്താനാണ് ചെന്നിത്തലയുടെ ശ്രമം.

പൊലീസിന് പുറത്തുള്ള ജേക്കബ് തോമസിനെ വിജിലൻസിൽ എത്തിച്ചതും ചെന്നിത്തലയുടെ ഇടപെടലിലൂടെയാണ്. ഇതിലൂടെ പ്രതിച്ഛായ ഉയർത്തലാണ് ചെന്നിത്തല ലക്ഷ്യമിട്ടതെന്ന് പൊതുവേ വിലയിരുത്തലെത്തി. ഇത് തന്നെയാണ് ജേക്കബ് തോമസും വിചാരിച്ചത്. അതുകൊണ്ട് തന്നെ ടിഒ സൂരജിനെതിരെ സമർത്ഥമായ ഇടപെടൽ ജേക്കബ് തോമസ് നടത്തി. എല്ലാം ഭംഗിയായി തന്നെ മുന്നേറുകയും ചെയ്തു. ബാർ കോഴയുടെ ആദ്യ ഘട്ടത്തിലും ഇതു തന്നെയാണ് സംഭവിച്ചത്. എന്നാൽ കാര്യങ്ങളെല്ലാം തനിക്ക് അനുകൂലമായതോടെ ചെന്നിത്തല കളം മാറ്റി ചവിട്ടി. ജേക്കബ് തോമസിനെ വിജിലൻസിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ ഒപ്പം കൂടി. ജേക്കബ് തോമസ് അങ്ങനെ പൊലീസ് കൺട്രക്ഷൻ കോർപ്പറേഷന്റെ സിഎംഡിയായി ഒതുങ്ങി. ഇവിടെയെല്ലാം തന്റെ പേര് ചീത്തയാകാതെ എല്ലാ്ം ചെയ്യാൻ കഴിഞ്ഞുവെന്നതാണ് ചെന്നിത്തലയുടെ വിജയം.

ബാർ കോഴയിലും ആദ്യ ഘട്ടത്തിൽ ജേക്കബ് തോമസ് ഇടപെട്ടിരുന്നു. സുകേശനെ അന്വേഷണ ഉദ്യോഗസ്ഥനായി നിശ്ചയിച്ചതും ജേക്കബ് തോമസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. ദക്ഷിണമേഖലാ എഡിജിപിയെന്ന നിലയിൽ സുകേശനെ ഉപദേശിക്കാനും അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനും ജേക്കബ് തോമസിന് കഴിഞ്ഞു. സുകേശന്റെ അന്വേഷണത്തെ നന്നായി സ്വാധീനിക്കാനും ആയി. ഇതോടെ ജേക്കബ് തോമസ് മാണിയുടെ കണ്ണിൽ കരടായി. പിസി ജോർജിന്റെ ഗുഡാലോചനാ തിയറി കണ്ടെത്തിയ മാണി അതി ശക്തമായി പ്രതികരിച്ചു. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള ചെന്നിത്തലയുടെ നീക്കങ്ങളെ ഉമ്മൻ ചാണ്ടിയെ ബാധ്യപ്പെടുത്തി. ഇതോടെ ജേക്കബ് തോമസിനെ കൈവിട്ട് ചെന്നിത്തല സെയ്ഫായി. എല്ലാം തീർന്നുവെന്ന് കരുതിയെങ്കിലും ബിജു രമേശ് മാത്രം വഴങ്ങിയില്ല. ഇതിനുള്ള കരുത്ത് കോൺഗ്രസിലെ ഐ പക്ഷമാണ് നൽകിയതെന്നാണ് മാണിയുടേയും തിരിച്ചറിവ്.

ഏതായാലും ലക്ഷ്യത്തിലേക്ക് അടുത്തുവെന്ന് ചെന്നിത്തലയ്ക്ക് അറിയാം. ഇനി വീഴ്‌ത്തേണ്ടത് ഉമ്മൻ ചാണ്ടിയെയാണ്. സോളാർ കേസിൽ കമ്മീഷൻ സിറ്റിങ് പുരോഗമിക്കുന്നു. സർക്കാർ സമ്മതിച്ച ജ്യൂഡീഷ്യൽ കമ്മീഷൻ നിരീക്ഷണങ്ങളിൽ എന്തെങ്കിലുമൊന്ന് ഉമ്മൻ ചാണ്ടിയെ ലക്ഷ്യമിട്ടുണ്ടാകുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ. അതിന് മുമ്പ് എ ഗ്രൂപ്പിന്റെ ചിറകരിയണം. അതിന്റെ ഭാഗമായാണ് കെ ബാബുവിനെതിരെ ബിജു രമേശ് നടത്തുന്ന ആരോപണങ്ങളെന്നാണ് സൂചന. ബാബുവിനെതിരെ കോടതിയിലും പോകും. ഈ കോടതി വിധികളിൽ ബാബുവിനെതിരെ പരമാർശം ഉണ്ടായാൽ എക്‌സൈസ് മന്ത്രിക്കും പിടിയിറങ്ങേണ്ടി വരും. അത് ഉമ്മൻ ചാണ്ടിയെ കൂടുതൽ ദുർബ്ബലനാക്കും. അതിന് ശേഷം ബാർ കോഴയിലെ ആരോപണങ്ങൾ മുഖ്യമന്ത്രിക്ക് നേരെയും തിരിച്ചുവിടും. അഴിമതിയുടെ ആരോപണങ്ങളിൽ കുളിച്ചു നിൽക്കുന്ന ഉമ്മൻ ചാണ്ടിയുടെ മുഖ്യമന്ത്രി പദത്തിലെ തുടർച്ചയെ ഇങ്ങനെ വെട്ടാമെന്നാണ് കണക്ക് കൂട്ടൽ.

തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തോൽവിയും തനിക്ക് അനുകൂലമാണെന്നാണ് ചെന്നിത്തലയുടെ വിലയിരുത്തൽ. നായർ സമുദായം കോൺഗ്രിസനെ കൈവിടുന്നതിന്റെ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലത്തിലുള്ളത്. മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻ ചാണ്ടി നടപ്പാക്കിയ ന്യൂനപക്ഷ പ്രീണനമാണ് ഇതിന് കാരണമെന്നാണ് ചെന്നിത്തലയുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ സവർണ്ണ വിഭാഗത്തെ ഒപ്പം കൂട്ടാൻ നേതൃത്വത്തിലെ മുഖം മാറണം. തൊലിപ്പുറത്തെ ചികിൽസയിലൂടെ തദ്ദേശത്തിലെ തോൽവിയിലെ തിരുത്തൽ സാധ്യമാകില്ലെന്ന ചെന്നിത്തലയുടെ പ്രസ്താവനയും ഈ ലക്ഷ്യത്തോടെയാണ്.

എൻഎസ്എസിന്റെ പിന്തുണയും ഇതിനായി ചെന്നിത്തല ഉറപ്പാക്കിയിട്ടുണ്ട്. ഈ സമർദ്ദമെല്ലാം മുഖ്യമന്ത്രി പദത്തിലേക്ക് തന്നെ എത്തിക്കുമെന്ന് ചെന്നിത്തല കരുതുന്നു. ഉമ്മൻ ചാണ്ടി ദുർബ്ബലനാകേണ്ടത് ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അനിവാര്യതയാണ്. അതുകൊണ്ടാണ് ബാബുവിനെ തകർക്കാനുള്ള പുതിയ നീക്കം. ഇതു ബാബുവിനും അറിയാം. തൃപ്പുണ്ണിത്തറയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ പരാജയവും വലുതാണ്. അതുകൊണ്ടാണ് ബിജു രമേശിനെ കടന്നാക്രമിക്കാൻ ബാബു തയ്യാറായതും. ഇത്തരം നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ തന്നെയാണ് കോൺഗ്രസിലെ എ പക്ഷവും തയ്യാറെടുക്കുന്നത്. ഈ കളികളിൽ മൗനമായിരിക്കും കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ മറുപടി.

വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാർട്ടിയും ബിജെപി മുന്നണിയുമെല്ലാം തനിക്ക് കരുത്താകുമെന്ന് ചെന്നിത്തല തിരിച്ചറിയുന്നു. സവർണ്ണ സമുദായമാണ് കോൺഗ്രസിന്റെ പ്രധാന വോട്ട് ബാങ്ക്. മാണിയും ലീഗുമാണ് ന്യൂനപക്ഷങ്ങളെ അടുപ്പിച്ച് നിർത്തുന്നത്. നായർ സമുദായം കൈവിട്ടാൽ കാര്യങ്ങൾ പ്രതികൂലമാകും. എന്നാൽ ഇത് തിരിച്ചറിയാൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞില്ല. അരുവിക്കര, നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് മോഡൽ കേരളമാകെ വ്യാപിപ്പിക്കാനാകുമെന്ന് കരുതി മുന്നോട്ട് പോയി. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നീക്കത്തെ അവഗണിച്ചു. എന്നാൽ അത് തീർത്തും പരാജയമായി. തദ്ദേശത്തിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടത് അതുകൊണ്ട് മാത്രമാണ്. സവർണ്ണ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞാൽ നിയമസഭയിൽ അമ്പേ പരാജയപ്പെടും. കോൺഗ്രസിന് കുരത്ത് വീണ്ടെടുക്കാൻ ഉമ്മൻ ചാണ്ടിയെ മാറ്റി ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉർത്തിക്കാട്ടണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം.

ഇത് തിരിച്ചറിഞ്ഞാണ് അടുത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ആയിരിക്കുമെന്ന് സുധീരനെ കൊണ്ട് എ പക്ഷം പറയിച്ചത്. എന്നാൽ അതിനെ പൊളിക്കാനും ചെന്നിത്തലയ്ക്കായി. അതിന്റെ അടുത്ത ഘട്ടമായിരുന്നു ബാർ കോഴയിലെ സംഭവവികാസങ്ങൾ. ധാർമികതയാണ് മാണിയുടെ രാജിക്ക് കാരണമെന്ന് വരുത്തുകയും ചെയ്യുന്നു. സോളാർ കമ്മീഷനിൽ നിന്ന് എതിരഭിപ്രായമുണ്ടായാൽ ഉമ്മൻ ചാണ്ടിക്കും അത് ബാധകമാകും. ബിജു രമേശ് കേസുമായി പോവുകയും കെ ബാബുവിനെ സംശയ നിഴലിൽ നിർത്തുകയും ചെയ്താൽ എക്‌സൈസ് മന്ത്രിക്കും സ്ഥാനം പോകും. അങ്ങനെ തിരക്കഥ മുൻക്കൂട്ടിയൊരുക്കിയാണ് ചെന്നിത്തലയുടെ നീക്കങ്ങൾ. ഇതിനെ നേരിടാൻ മറുതന്ത്രങ്ങൾ ഒരുക്കി ഉമ്മൻ ചാണ്ടി രംഗത്ത് വരും. എന്നാൽ ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണമുള്ള ചെന്നിത്തലയെ വെട്ടുക അസാധ്യമാണ്. ഉയർന്നു കേട്ട അഴിമതി കഥകളുടെ നിർണ്ണായക തെളിവുകൾ പലതും ചെന്നിത്തല ശേഖരിച്ചു കഴിഞ്ഞു. കൃത്യമായ സമയത്ത് അവ ഉയർത്തി മുഖ്യമന്ത്രി പദത്തിലേക്ക് നടന്നെത്തുകയാണ് ചെന്നിത്തലുയടെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP